For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്റെ മറ്റൊരു കരുനീക്കം

  By Staff
  |

  ദിലീപിന്റെ മറ്റൊരു കരുനീക്കം

  സുധീഷ്

  കരിയറില്‍ വളരെ ശ്രദ്ധാപൂര്‍വമായ നീക്കങ്ങള്‍ നടത്തുന്ന നടനാണ് ദിലീപ്. കഥാപാത്രങ്ങള്‍ ഒന്നിനൊന്നു വ്യത്യസ്തമാകുന്നതിന് ദീലീപ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. തനിക്കു ചില തരം വേഷങ്ങള്‍ മാത്രമേ ചേരൂവെന്ന വിമര്‍ശനത്തെ ഈ ശ്രമങ്ങളിലൂടെ നേരിടുക കൂടിയാണ് ദിലീപ്.

  നവാഗത സംവിധായനായ രാജാ ബാബുവിന്റെ ചെസ് എന്ന ചിത്രത്തില്‍ ദിലീപിന്റെ ഒരു വ്യത്യസ്ത മുഖം പ്രേക്ഷകര്‍ക്ക് കാണാം. തട്ടുപൊളിപ്പന്‍ തമാശപ്പടങ്ങളില്‍ നിന്നും ഒരു പ്രതികാര കഥയിലേക്കുള്ള വേഷമാറ്റം. ശരാശരി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചേരുവകളെല്ലാം ഈ ചിത്രത്തിലുണ്ട്. ഒപ്പം പ്രതികാരത്തിന്റെ ചതുരംഗം കളിക്കുന്ന വിജയകൃഷ്ണനായി ദിലീപ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

  അന്ധനായി നടിച്ച് തന്റെ ശത്രുക്കളെ വകവരുത്തുന്ന വിജയകൃഷ്ണന്റെ കഥ പ്രേക്ഷകര്‍ക്ക് രുചികരമാവും വിധത്തില്‍ പാകപ്പെടുത്താന്‍ സംവിധായകന്‍ രാജാബാബുവിനും തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ.തോമസിനും സാധിച്ചിട്ടുണ്ട്. കഥയില്‍ ഉള്‍ക്കാമ്പില്ലെങ്കിലും അവതരണം വ്യത്യസ്തമാക്കി ചെസിനെ വിപണന സാധ്യതയില്‍ മുന്നിലെത്തിക്കുന്ന ചിത്രമാക്കി മാറ്റുന്നതില്‍ രാജാ ബാബു വിജയിച്ചു.

  മുന്‍ ഡിജിപിയായ അച്ഛന്റെ സ്വത്ത് കൈക്കലാക്കുന്നതിനായി അദ്ദേഹത്തെയും അമ്മയെയും ക്രൂരമായി കൊലപ്പെടുത്തിയവരോട് വിജയകൃഷ്ണന്‍ വളരെ ബുദ്ധിപൂര്‍വം പക തീര്‍ക്കുമ്പോള്‍ ചിത്രത്തിന്റെ കഥ പ്രതികാരത്തിന്റെ ചതുരംഗ കളിയാവുന്നു. പൊലീസ് ഓഫീസര്‍മാരായ കരുത്തരായ ശത്രുക്കളോടാണ് വിജയകൃഷ്ണന് ഏറ്റുമുട്ടേണ്ടത്. അതിന് അയാള്‍ തിരഞ്ഞെടുക്കുന്നത് ബുദ്ധിയുടെ മാര്‍ഗമാണ്.

  അച്ഛന്റെയും അമ്മയുടെയും ദാരുണമായ കൊലകള്‍ക്കു ശേഷം ശത്രുക്കളുടെ ആസൂത്രിത പദ്ധതിയുടെ ഭാഗമായി പൊലീസ് കസ്റഡിയില്‍ വിജയകൃഷ്ണന് അതിക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നത്. പൊലീസ് പീഡനത്തില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി വിജയകൃഷ്ണന്‍ നടിക്കുന്നു. പ്രതികാരത്തിന്റെ കരുനീക്കങ്ങള്‍ അവിടെ ആരംഭിക്കുന്നു.

  പ്രതികാരകഥയുടെ പതിവ് നടപടിക്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായി നര്‍മത്തിന്റെ മസാലക്കൂട്ട് ആവശ്യത്തിന് ചേര്‍ക്കാന്‍ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ.തോമസ് ശ്രദ്ധിച്ചിട്ടുണ്ട്. ഹരിശ്രീ അശോകന്റെ കള്ളന്‍ വേഷവും വിജയകൃഷ്ണന്‍ അന്ധനാണെന്ന് ധരിച്ച് അയാള്‍ക്ക് മുന്നില്‍ സലിംകുമാറിന്റെ കഥാപാത്രം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും പതിവ് ദിലീപ് സിനിമകളുടെ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണ്.

  സിഐഡി മൂസയുടെ സംവിധായകനൊഴിച്ച് മറ്റ് മിക്ക അണിയറ പ്രവര്‍ത്തകരും താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിഐഡി മൂസക്കു ശേഷം വില്ലന്‍ വേഷം ചെയ്യാന്‍ ആശിഷ് വിദ്യാര്‍ഥി ഒരിക്കല്‍ക്കൂടി മലയാളത്തിലെത്തി.

  സിഐഡി മൂസയിലെ നായിക ഭാവനയാണ് ചെസിലെയും നായിക. പക്ഷേ എന്തിനാണ് ഇങ്ങനൊരു കഥാപാത്രമെന്ന് പ്രേക്ഷകര്‍ക്കു തോന്നാം. തമിഴിലെ മുന്‍നിര നടിയായ വളര്‍ന്നുകഴിഞ്ഞ ഭാവന ഇത്തരമൊരു വേഷം ചെയ്യാാനാണോ മലയാളത്തിലെത്തിയത്?

  ചിത്രത്തില്‍ ബേണി ഇഷ്യസ് ഈണം പകര്‍ന്ന ഒരു ഗാനം മാത്രമേയുള്ളൂ. അത് ഇമ്പമാര്‍ന്നതാണെന്ന് പറയാനുമാവില്ല.

  കഥയ്ക്കു പിന്നിലെ യുക്തിയെ കുറിച്ച് ചിന്തിക്കാതെ, കണ്ടിരിക്കാവുന്ന ചിത്രമാണോ എന്ന മാനദണ്ഡം മാത്രം മുന്‍നിര്‍ത്തിയേ മലയാളത്തില്‍ ഇന്നിറങ്ങുന്ന ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് കാണാനാവൂ. രണ്ടര മണിക്കൂര്‍ തലച്ചോറിന് അവധി കൊടുക്കാന്‍ തയ്യാറുള്ള പ്രേക്ഷകര്‍ മാത്രമാണ് തിയേറ്ററുകളിലെത്തുന്നത്. അതിന് തയ്യാറായാല്‍ ചെസ് ആദ്യന്തം മുഷിവില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമാണ്.

  ദിലീപ് കരിയറില്‍ ബുദ്ധിപൂര്‍വമായ ഒരു കരുനീക്കം കൂടി ചെസിലൂടെ നടത്തിയിരിക്കുന്നു. താരമൂല്യത്തിന്റെ ഉയര്‍ച്ചകള്‍ക്കായി ഇത്രയും ശ്രദ്ധയോടെ കഥാപാത്രങ്ങളെയും ചിത്രങ്ങളെയും തിരഞ്ഞെടുക്കുന്ന മറ്റൊരു നടന്‍ മലയാളത്തിലില്ല. അതിന്റെ വിളവ് ദിലീപ് കൊയ്യുന്നുമുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും കൂടുതല്‍ താരപ്രഭാവത്തോടെ സൂപ്പര്‍ഹിറ്റുകള്‍ കൊയ്യുമ്പോഴും ജനപ്രിയനടനായി ദിലീപിന് തന്റെ സ്ഥാനം കാത്തുസൂക്ഷിക്കാനാവുന്നത് കരിയര്‍ ഭദ്രമാക്കാനായി അദ്ദേഹം നടത്തുന്ന കരുനീക്കങ്ങള്‍ കൊണ്ടുതന്നെയാണ്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X