ഈ ആകാശത്തിന് കീഴെ മണി മാത്രം

By Staff

ഈ ആകാശത്തിന് കീഴെ മണി മാത്രം
പി.സിദ്ധാര്‍ത്ഥന്‍

സംവിധാനം: വി.എം. വിനു
രംഗത്ത്: കലാഭവന്‍ മണി, ഐ.എം. വിജയന്‍, സിന്ധു മേനോന്‍ തുടങ്ങിയവര്‍
സംഗീതം: എസ്. ബാലകൃഷ്ണന്‍

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കഴിവുകള്‍ ചൂഷണം ചെയ്യപ്പെടുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളായി മാറിയിരിക്കുന്നു കലാഭവന്‍ മണി. ചെയ്യുന്ന വേഷങ്ങളെക്കുറിച്ച് സംവിധായകര്‍ക്കൊപ്പം മണിക്കു തന്നെയും ബോധ്യമുണ്ട് എന്നത് ആ വേഷങ്ങളെ കൂടുതല്‍ മികവുള്ളതാക്കുന്നു.

അന്ധനായ രാമു, കരുമാടിക്കുട്ടന്‍ ഇപ്പോള്‍ പട്ടിപിടുത്തക്കാരന്‍ ഉടുമ്പു വാസുവും... എനിക്ക് കിട്ടുന്ന വേഷങ്ങള്‍ കണ്ടില്ലേ... കലാഭവന്‍ മണിയുടെ ഈ വാക്കുകള്‍ ടെലിവിഷന്‍ സ്ക്രീനിലൂടെ നിങ്ങളുടെ ചെവിയിലേക്കെത്തുമ്പോള്‍ മണിയുടെ മാത്രം പ്രത്യേകതയായ ആ ചിരിയും വന്നലയ്ക്കുകയായി.

കലാഭവന്‍ മണിയെ നായകനെന്ന നിലയില്‍ പ്രതിഷ്ഠിച്ച രണ്ടു കഥാപാത്രങ്ങളാണ് വാസന്തിയും ലക്ഷ്മിയും ഞാനിലെ രാമുവും കരുമാടിക്കുട്ടനും. രണ്ടും വിനയന്‍ ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ വി.എം. വിനു സംവിധാനം ചെയ്ത ചിത്രത്തിലൂടെ മണി മറ്റൊരു കിടിലന്‍ അഭിനയം തന്നെ കാഴ്ചവച്ചിരിക്കുന്നു... പട്ടിപിടുത്തക്കാരന്‍ ഉടുമ്പുവാസുവായി.

ആകാശത്തിലെ പറവകള്‍ കലാഭവന്‍ മണിയുടെ വാസുവിനെ കേന്ദ്രീകരിച്ചു മാത്രം നീങ്ങുന്ന ചിത്രമാണ്. ചന്ദനക്കുന്ന് ഗ്രാമത്തിലെ പേപ്പട്ടി ശല്യം ഇല്ലാതാക്കാന്‍ പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് ദാസപ്പനും (ജഗതി ശ്രീകുമാര്‍), കുട്ടപ്പനും (ഇന്ദ്രന്‍സ്) ചേര്‍ന്നാണ് ഉടുമ്പു വാസുവിനെ കൊണ്ടുവരുന്നത്. പേപ്പട്ടികളെയും വാസുവിനെയും തന്റെ ചിരകാലാഭിലാഷമായ പ്രസിഡണ്ടു പദവിയിലേക്കുള്ള ചവിട്ടുപടിയായാണ് ദാസപ്പന്‍ കണ്ടത്. വര്‍ഗശത്രുവായ രാഘവന്‍ നായരെ (സി.ഐ. പോള്‍) പേപ്പട്ടി ശല്യത്തിന്റെ പേരില്‍ മലര്‍ത്തിയടിക്കുക എന്നതാണ് അയാളുടെ സ്വപ്നം. അവസാനം രാഘവന്‍ നായര്‍ രാജിവച്ചപ്പോള്‍ പ്രസിഡണ്ടിന്റെ കസേരയിലേക്ക് ഓടിവലിഞ്ഞു കയറുന്ന ദാസപ്പന്‍ സമകാലിക രാഷ്ട്രീയസമൂഹത്തെത്തന്നെ പ്രതിനിധാനം ചെയ്യുന്നു.

വാസുവിന്റെ അമ്മ ചെറുപ്പത്തിലേ നായകടിയേറ്റ് മരിച്ചു. അതിനാല്‍ത്തന്നെ ചന്ദനക്കുന്ന് ഗ്രാമത്തിലെ ദേവകിയമ്മയെ (കവിയൂര്‍ പൊന്നമ്മ) അവന്‍ അമ്മയായിത്തന്നെയാണ് കണ്ടത്. ആദ്യം വഴക്കു കൂടിയെങ്കിലും അവിടത്തെ ശ്രിദേവിയുമായി (സിന്ധുമേനോന്‍) അവന്‍ പ്രണയത്തിലുമായി. പട്ടിയെയും പിടിച്ച് അലഞ്ഞു നടന്ന അവന് കുടുംബസുഖം അനുഭവിക്കാനായത് ഈ തറവാട്ടില്‍ നിന്നാണ്.

അച്ഛന്‍ കരുണന്‍ (ദേവന്‍) ഗ്രാമത്തിലെ ചട്ടമ്പിയായ വാളയാര്‍ മാണിക്യത്തിന്റെ (ഐ.എം. വിജയന്‍) കൊലക്കത്തിക്കിരയായതോടെ ശ്രീദേവിയും സഹോദരന്‍ ഉണ്ണിക്കൃഷ്ണനും (അനു ആനന്ദ്) അനാഥരാവുകയായിരുന്നു. കണ്‍മുന്നില്‍വച്ച് അച്ഛന്‍ കൊലചെയ്യപ്പെടുന്നത് കണ്ട് സമനില തെറ്റിയ ഉണ്ണി ഇപ്പോള്‍ മച്ചിന്‍പുറത്ത് ചങ്ങലയില്‍ ബന്ധിതനായി കഴിയുന്നു. വാസുവിന്റെ ശ്രദ്ധാപൂര്‍വമായ പരിചരണത്തോടെ ഉണ്ണി സുഖം പ്രാപിക്കുകയും ചെയ്യുന്നു.

വാളയാര്‍ മാണിക്യം ജയിലില്‍ നിന്ന് തിരിച്ചെത്തി രാഘവന്‍ നായരുമായി കൂട്ടുചേര്‍ന്നതോടെ വാസുവിന്റെയും ദാസപ്പന്റെയും ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചു. 24 മണിക്കൂറിനകം പേപ്പട്ടിശല്യം ഇല്ലാതാക്കുമെന്ന് രാഘവന്‍നായര്‍ക്ക് ഉറപ്പു നല്‍കിപ്പോയ ദാസപ്പന്റെ മാനം രക്ഷിക്കാനായി ഒരു മഴയുള്ള രാത്രിയില്‍ വാസു വീണ്ടും പേപ്പട്ടി വേട്ടയ്ക്കിറങ്ങുന്നു. തന്റെ മേലേക്ക് ചാടിക്കയറിയ പേപ്പട്ടിയെ ഉന്നംവെക്കുന്നതിനു മുമ്പ് വാസുവിന് കടിയേറ്റു.

അതേ രാത്രിയില്‍ത്തന്നെ വെപ്പാട്ടിയുടെ വീട്ടില്‍ നിന്നിറങ്ങിയ മാണിക്യവും വീട്ടില്‍ നിന്ന് എല്ലാവരുടെയും കണ്ണ്വെട്ടിച്ചുപോന്ന ഉണ്ണിയും കാട്ടില്‍വച്ച് അടിപിടികൂടുകയായിരുന്നു. ചെടികള്‍ ഇളകുന്നത് കണ്ട വാസു പേപ്പട്ടിയാണെന്ന് കരുതി വെടിവച്ചപ്പോള്‍ ഉണ്ണിക്കാണ് അതേറ്റത്. അവസരം മുതലാക്കിയ മാണിക്യം കുറ്റം മുഴുവന്‍ വാസുവിന്റെ തലയില്‍ ചാര്‍ത്തി നാടിളക്കിമറിച്ചു.

പൊലീസില്‍ നിന്ന് രക്ഷപ്പെട്ട വാസുവിനെ ദാസപ്പന്‍ നെല്ലറയിലാക്കി രക്ഷിക്കുന്നു. പക്ഷെ പേപ്പട്ടിയുടെ കടിയേറ്റ വാസുവിന് ചികിത്സ കിട്ടാതെ പേ കയറുകയായിരുന്നു. പേയിളകി നെല്ലറയില്‍ നിന്ന് പുറത്തുകടന്ന വാസു മാണിക്യത്തെ കടിച്ചുകൊല്ലുന്നു. തറവാട്ടുമുറ്റത്തുവച്ച് ദേവകിയമ്മ സ്വന്തം തോക്കുകൊണ്ട് വാസുവിനെ വെടിവച്ചു വീഴ്ത്തുന്നതോടെ ചിത്രത്തിന് പരിസമാപ്തി.

പേയിളകിയ വാസുവിനെ ഏറെ തന്മയത്വത്തോടെയാണ് മണി അവതരിപ്പിച്ചിരിക്കുന്നത്. (താനൊരു മിമിക്രിക്കാരനില്‍ നിന്ന് എത്രയോ ഉയര്‍ന്നു എന്ന് പലരെയും അറിയിക്കുക കൂടി മണിയുടെ പ്രകടനത്തിന്റെ പിന്നിലെ ലക്ഷ്യമായിരുന്നോ എന്ന് കരുതേണ്ടിയിരിക്കുന്നു.) മണിയെ മിമിക്രിക്കാരനായോ കോമാളിയായോ ആര്‍ക്കു വേണമെങ്കിലും ചിത്രീകരിക്കാം. എങ്കിലും കഥാപാത്രത്തിന്റെ തന്മയത്വത്തിനു വേണ്ടി ചെളിവെള്ളം കുടിക്കാനും മണ്ണില്‍ നാവിട്ടുരസാനും ഇന്ന് മലയാള സിനിമയില്‍ ഒരു പക്ഷെ മണി മാത്രമേയുള്ളൂ. പേപ്പട്ടിപിടുത്തക്കാരന്‍ പേവിഷബാധയേറ്റ് മരിക്കുമെന്ന് ഏതൊരു പ്രേക്ഷകനും മുന്‍കൂട്ടി കാണാനാവുന്നതേയുള്ളൂ. പക്ഷെ ആകാശത്തിലെ പറവകള്‍ കാണുന്ന പ്രേക്ഷകന് മുന്നില്‍ ക്ലൈമാക്സ് സീനില്‍ മണി കാഴ്ചവച്ച പ്രകടനം ഉണ്ടാകും... ചൂണ്ടിക്കാണിക്കാനായി.

ഐ.എം. വിജയന്‍ അവതരിപ്പിച്ച മാണിക്യം വാസുവിന് ചേര്‍ന്ന വില്ലന്‍ ആയില്ല. വിജയന്റെ താരമൂല്യം വസൂലാക്കുക മാത്രമായിരുന്നു ലക്ഷ്യം എന്ന് കരുതേണ്ടിയിരിക്കുന്നു. ഫുട്ബോളിലെ സിസര്‍കട്ട് സ്റണ്ട് സീനില്‍ ചേര്‍ത്തത് തന്നെ ഇതിന് ഉദാഹരണം. ഭാവപ്രകടനത്തില്‍ തിളങ്ങാനായില്ലെങ്കിലും മണിയുമൊത്തുമുള്ള സംഘട്ടനസീനുകളില്‍ വിജയന്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

എടുത്തു പറയാവുന്ന മറ്റൊരു പ്രകടനം ജഗതിയുടേതാണ്. പകയും അത്യാഗ്രഹവും അവസരവാദവും ഒത്തുചേര്‍ന്ന ഒരു രാഷ്ട്രീയനേതാവിനെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നായികയായെത്തിയ പുതുമുഖം സിന്ധുമേനോന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

പാട്ടുകളില്‍ മണി തന്നെ പാടിയ തങ്കമ്മാ... എന്നതു തന്നെ മികച്ചു നിന്നത്. പ്രേക്ഷകരുടെ താല്പര്യങ്ങള്‍ക്കനുസൃതമായ താളവും ദൃശ്യങ്ങളും ഈ പാട്ടിനെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X