»   » കണ്ടുമറക്കാന്‍ മയിലാട്ടം

കണ്ടുമറക്കാന്‍ മയിലാട്ടം

Posted By:
Subscribe to Filmibeat Malayalam

കണ്ടുമറക്കാന്‍ മയിലാട്ടം
അശോക്

ബാലേട്ടന്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം വി. എം. വിനു ഒരുക്കിയ മയിലാട്ടം നിര്‍മാതാവിന് കാര്യമായ പരിക്കേല്‍ക്കാത്ത വിധം പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ചേരുവകളെല്ലാം ചേര്‍ത്ത് ഒരുക്കിയ ചിത്രമാണ്. തമാശരംഗങ്ങളും ഗ്ലാമര്‍പ്രദര്‍ശനവും സെന്റിമെന്റ്സുമൊക്കെയായി സിനിമയ്ക്ക് അത്യാവശ്യം വേണ്ടതെല്ലാം ഈ ചിത്രത്തിലുണ്ട്. അത്രയേയുള്ളൂ. രണ്ടര മണിക്കൂര്‍ നേരം കഥയുടെ യുക്തിയെ കുറിച്ചൊന്നും ചിന്തിക്കാതെ കാണാന്‍ ഒരു ചിത്രം.

ജയറാം ആദ്യമായി ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. വിരുദ്ധസ്വഭാവമുള്ള രണ്ട് കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ ജയറാമിന് സാധിച്ചിരിക്കുന്നു. കുടുംബ പ്രേക്ഷകര്‍ക്കിടയിലെ ജയറാമിന്റെ സ്ഥാനം ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിനു മയിലാട്ടം ഒരുക്കിയിരിക്കുന്നത്.

പേരുപോലെ തന്നെ ചിത്രം ഒരു തമിഴ് സിനിമയുടെ സെറ്റപ്പിലുള്ള ആട്ടമാണ്. മലയാളത്തിലും തമിഴിലുമൊക്ക പലവട്ടം കൈകാര്യം ചെയ്ത ഒരു പ്രമേയമാണ് ഈ ചിത്രത്തിലുമുള്ളത്. രംഭയുടെ ഗ്ലാമര്‍പ്രദര്‍ശനം, ജഗതിയുടെ കോമഡി നമ്പരുകള്‍ തുടങ്ങിയ ചേരുവകളൊക്കെ ആവശ്യത്തിന് ചേര്‍ത്ത് ഫ്രന്റ് ബെഞ്ച് പ്രേക്ഷകരെ ലക്ഷ്യമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് മയിലാട്ടം.

ചിത്രത്തിന്റെ കഥയിങ്ങനെ: നാട്ടുകാരുടെ പ്രിയങ്കരനാണ് കര്‍ഷകനായ ദേവന്‍ (ജയറാം). മുറപ്പെണ്ണായ മീനാക്ഷി(ഇന്ദ്രജ)യുമായി അയാള്‍ പ്രണയത്തിലാണ്. നല്ലവനെന്ന് പേരുകേട്ട ദേവന് ഒരിക്കല്‍ അപ്രതീക്ഷിതമായി നാട്ടിലെ ഗുണ്ട റിപ്പറുമായി (റിയാസ്ഖാന്‍) ഏറ്റുമുട്ടേണ്ടിവരുന്നു. ആ സംഭവത്തിന് ശേഷം പൊള്ളാച്ചിയിലേക്ക് രക്ഷപ്പെട്ടു. അവിടെ വച്ചാണ് ദേവന്‍ പളനിയെ(ജയറാം രണ്ടാമന്‍) കണ്ടുമുട്ടുന്നത്. കാഴ്ചയില്‍ അസാധാരണമായ രൂപസാദൃശ്യമായിരുന്നു അവര്‍ക്ക്. തങ്ങളുടെ ലക്ഷ്യം നേടുന്നതിന് ദേവന്‍ പളനിയായും പളനി ദേവനായും ആള്‍മാറാട്ടം നടത്തി തങ്ങളുടെ നാടുകളിലേക്ക് തിരിച്ചു.

ആ ആള്‍മാറാട്ടത്തിന് ദേവന് വന്‍വില കൊടുക്കേണ്ടിവന്നു. പളനി നാട്ടില്‍ പല പ്രശ്നങ്ങളുമുണ്ടാക്കുകയും ഒടുക്കം ദേവന്റെ മുറപ്പെണ്ണ് മീനാക്ഷിയെ കൊല്ലുകയും ചെയ്തു. അതേ സമയം ദേവന് പളനിയുടെ ഗ്രാമത്തിലെ എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റാന്‍ പറ്റി. അക്കൂട്ടത്തില്‍ മയില്‍ (രംഭ) എന്ന പെണ്‍കുട്ടിയുമുണ്ടായിരുന്നു. കഥാന്ത്യത്തില്‍ മയിലിനെ അവളുടെ വീട്ടുകാര്‍ ദേവന് വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചു.

സ്ഥാനത്തും അസ്ഥാനത്തുമുള്ള ദ്വയാര്‍ഥപ്രയോഗം ചിത്രത്തിന് ദോഷം മാത്രമേ ചെയ്യൂ. താണ്ഡവം പോലുള്ള ചിത്രങ്ങളെ കുടുംബപ്രേക്ഷകര്‍ തിരസ്കരിക്കാനുള്ള കാരണം അരോചകമായ ദ്വയാര്‍ഥപ്രയോഗമാണെന്നത് ഓര്‍ത്തിരുന്നെങ്കില്‍ സംവിധായകന്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിരില്ലായിരുന്നു. കുടുംബപ്രേക്ഷകരെ തിയേറ്ററുകളില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ മാത്രമേ ദ്വയാര്‍ഥപ്രയോഗത്തിന്റെ അതിപ്രസരം ഉപകരിക്കൂ.

തമിഴില്‍ നിന്ന് നായികയായി രംഭയെ ഇറക്കുമതി ചെയ്തതിന് പിന്നിലെ സംവിധായകന്റെ ഉദ്ദേശ്യമെന്താണെന്ന് വ്യക്തം. ഗാനരംഗങ്ങളിലും മറ്റും രംഭയെ കൊണ്ട് ഒട്ടും ലോഭമില്ലാതെ ഗ്ലാമര്‍പ്രദര്‍ശനം നടത്തിക്കുന്നുണ്ട് സംവിധായകന്‍. പത്തു വര്‍ഷം മുമ്പുള്ള തമിഴ്സിനിമയിലെ ഗാനരംഗങ്ങള്‍ പോലെയാണ് പാട്ടുകള്‍ ചിത്രീകരിച്ചിരിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X