»   » ലാല്‍ ഫാക്ടര്‍

ലാല്‍ ഫാക്ടര്‍

Posted By:
Subscribe to Filmibeat Malayalam

ലാല്‍ ഫാക്ടര്‍
അശോക്

46 സീനുകളില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പരസ്യവാചകത്തിലൂടെയാണ് വാണ്ടഡ് എന്ന ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. അതിഥി വേഷമായുള്ള മോഹന്‍ലാലിന്റെ സിനിമയിലെ സാന്നിധ്യം കച്ചവടപരമായി ചൂഷണം ചെയ്യാനുള്ള ശ്രമം ഏറെക്കുറെ വിജയിച്ചുവെന്നുവേണം പറയാന്‍. ഒരു മോഹന്‍ലാല്‍ ചിത്രമെന്ന നിലയിലാണ് വാണ്ടഡിനെ പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.

പ്രിയദര്‍ശന്റെ സഹസംവിധായകനായ മുരളി നാഗവള്ളി ആദ്യമായി സ്വതന്ത്രസംവിധായകന്റെ കുപ്പായമണിഞ്ഞ് ഒരുക്കിയ വാണ്ടഡ് നാല് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. ഈ ചെറുപ്പക്കാര്‍ ഒരു ഘട്ടത്തില്‍ നേരിടുന്ന പ്രതിസന്ധിയില്‍ അവരുടെ രക്ഷകനായി എത്തുന്ന സിബിഐ ഓഫീസറായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. അതിഥിതാരമാണെങ്കിലും സിനിമയുടെ അവസാന സീനുകളില്‍ കഥാഗതിയെ നിര്‍ണയിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഈ സവിശേഷത ഉപയോഗിച്ച് വാണ്ടഡ് മാര്‍ക്കറ്റ് ചെയ്യാനാണ് ചിത്രത്തിന്റെ അണിയറശില്പികള്‍ ശ്രമിച്ചത്. അതില്‍ അവര്‍ വിജയിച്ചിരിക്കുന്നുവെന്നാണ് ചിത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണം വ്യക്തമാക്കുന്നത്.

അധോലോകത്തിന്റെ വിഹാരകേന്ദ്രമായി കഴിഞ്ഞ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് വാണ്ടഡിന്റെ കഥ നടക്കുന്നത്. ജീവിതസാഹചര്യങ്ങള്‍ അധോലോകത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്ന ചെറുപ്പക്കാരുടെ കഥ വലിയ കുഴപ്പമില്ലാതെ അവതരിപ്പിക്കാന്‍ മുരളി നാഗവള്ളിക്ക് കഴിഞ്ഞിട്ടുണ്ട്.

മിടുക്കനാണെങ്കിലും എസ്ഐ സെലക്ഷന് അഞ്ച് ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ട സ്ഥിതിയിലാണ് ഉണ്ണി (മധു വാര്യര്‍). ഗള്‍ഫിലേക്ക് പറക്കണമെന്ന സ്വപ്നവുമായി നടക്കുകയാണ് നന്ദു (അരവിന്ദര്‍). പണത്തിനായി കഞ്ചാവ് വില്പന വരെ നടത്തുന്ന ചെറുപ്പക്കാരനാണ് മണി (നിഷാന്ത് സാഗര്‍). സുപ്രന് (അനിയപ്പന്‍) വീട്ടില്‍ പല പ്രശ്നങ്ങളുമുണ്ട്. തന്റെ അച്ഛന്റെ ചികിത്സയ്ക്കായി പണം ആവശ്യമുള്ള അനു (സുചിത)വും ഇവരോടൊപ്പം ചേരുന്നു. പണം സ്വരൂപിക്കാനായി ഈ നാല് ചെറുപ്പക്കാരും അധോലോകത്തിലെത്തിപ്പെടുന്നു. കള്ളക്കടത്തും മറ്റുമായി പണം സ്വരൂപിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്കിടയിലേക്കാണ് മുംബൈ പൊലീസ് അന്വേഷിക്കുന്ന അധോലോക രാജാവായ മുഹമ്മദ് ഇബ്രാഹിം (സുഷോവന്‍ ബാനര്‍ജി) എത്തുന്നത്.

പൊലീസ് 75 ലക്ഷം രൂപയാണ് ഇബ്രാഹിമിന്റെ തലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നാല്‍വര്‍ സംഘത്തിന്റെ സഹായത്തോടെ ഒരു കേന്ദ്രമന്ത്രി സഞ്ചരിക്കുന്ന വിമാനം തട്ടിയെടുത്ത് ഇബ്രാഹിം രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ വിമാനത്തില്‍ വച്ച് കഥ മറ്റൊന്നായി. ഇബ്രാഹിമിന്റെ തലക്ക് പ്രഖ്യാപിച്ചിരിക്കുന്ന പണത്തിനായി അവര്‍ അയാളെ തട്ടിക്കൊണ്ടുപോവുന്നു. എന്നാല്‍ പൊലീസിലെ ഇബ്രാഹിമിന്റെ ആളുകള്‍ ഇവരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനിടയിലാണ് നാരായണസ്വാമി (മോഹന്‍ലാല്‍) എന്ന പൊലീസ് ഓഫീസര്‍ ഇവര്‍ക്കിടയിലേക്ക് എത്തുന്നത്.

തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് എളുപ്പം എത്തിച്ചേരാവുന്ന അഭയകേന്ദ്രമാണ് അധോലോകം എന്ന മട്ടിലാണ് ചിത്രത്തിന്റെ കഥ സംവിധായകന്‍ പറയുന്നത്. അതിഭാവുകത്വം നിറഞ്ഞ അവതരണരീതിയാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നതെങ്കിലും ചിത്രത്തിലെ മോഹന്‍ലാലിന്റെ സാന്നിധ്യം സമര്‍ഥമായി ഉപയോഗപ്പെടുത്താന്‍ മുരളിക്ക് കഴിഞ്ഞു.

രാംഗോപാല്‍വര്‍മയുടെ ഹിന്ദി ചിത്രമായ കമ്പനിയിലെ മോഹന്‍ലാലിന്റെ ഐപിഎസ് ഓഫീസര്‍ കഥാപാത്രത്തെ വാണ്ടഡിലെ നാരായണസ്വാമി ഓര്‍മിപ്പിക്കുന്നു. വേഷവിധാനത്തിലും സംസാരശൈലിയിലും കമ്പനിയിലെ കഥാപാത്രത്തെ സംവിധായകന്‍ പുന:സൃഷ്ടിച്ചിരിക്കുകയാണ്. എങ്കിലും മോഹന്‍ലാല്‍ തന്റെ കഥാപാത്രത്തെ ഗംഭീരമാക്കി. മധു വാര്യര്‍, നിഷാന്ത് സാഗര്‍, അരവിന്ദര്‍, അനിയപ്പന്‍, സുചിത എന്നിവര്‍ നല്ല അഭിനയം കാഴ്ചവച്ചു.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രിയദര്‍ശനാണ്. താന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്ക് പ്രിയദര്‍ശന്‍ എഴുതിയിട്ടുള്ള തിരക്കഥകളുടെ നിലവാരം എന്തായാലും ഈ ചിത്രത്തിന്റെ തിരക്കഥയ്ക്കില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X