പുതുമയില്ലായ്മയിലെ പുതുമ... ദിലീപിനൊരു ബ്രേക്ക്

By Staff

പുതുമയില്ലായ്മയിലെ പുതുമ... ദിലീപിനൊരു ബ്രേക്ക്
പി.സിദ്ധാര്‍ത്ഥന്‍

സംവിധാനം: താഹ
രംഗത്ത്: ദിലീപ്, ഹരിശ്രീ അശോകന്‍, നിത്യാ ദാസ് തുടങ്ങിയവര്‍
സംഗീതം: ഔസേപ്പച്ചന്‍

ദിലീപിന് ഏറെ നേട്ടങ്ങള്‍ നല്‍കിക്കൊണ്ടാണ് കഴിഞ്ഞ വര്‍ഷം കടന്നുപോയത്. , തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ഈ നടന് വ്യത്യസ്തതയുള്ള വേഷങ്ങള്‍ ലഭിക്കുകയും അത് ഏറെ തന്മയത്വത്തോടെ അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു.

ഈ വര്‍ഷവും ഈ കുറിയ വലിയ മനുഷ്യന് മികച്ച വേഷങ്ങളാണ് നല്‍കുന്നതെന്ന് ഈ പറക്കും തളിക സൂചിപ്പിക്കുന്നു. ദിലീപിന്റെ ബസ്സുടമ ഉണ്ണിക്കൃഷ്ണന്‍ സമകാലിക ജീവിതത്തിലെ തൊഴില്‍ രഹിതന്റെ പ്രതിനിധിയാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവന്‍ കരഞ്ഞുകൊണ്ടിരിക്കുന്നതും മറ്റും പണ്ടത്തെ ചിത്രങ്ങളുടെ സ്വഭാവം. എന്നാല്‍ ഈ അടിച്ചുപൊളി കാലഘട്ടത്തില്‍ തൊഴില്‍ രഹിതനായാലും വീടില്ലാത്തവനായാലും അവന് കൂളിംഗ് ഗ്ലാസും അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടും തന്നെ വേണം..!

ബസ്സപകടത്തില്‍ മരിച്ച താമരാക്ഷന്‍ പിള്ളയുടെ മകനും താമരാക്ഷന്‍പിള്ള എന്ന പാട്ടബസ്സിന്റെ ഉടമയുമായ ഉണ്ണിക്കൃഷ്ണന്റെ കദനകഥ ഒരു ടെലിവിഷന്‍ അഭിമുഖത്തിലൂടെയാണ് പ്രേക്ഷകര്‍ അറിയുന്നത്. ഉണ്ണിയുടെ ഫ്ലാഷ് ബാക്കിലേക്ക് ഒറ്റ സീന്‍ പോലും കൊണ്ടുപോകാന്‍ സംവിധായകന്‍ താഹ ശ്രമിച്ചില്ല എന്നതു തന്നെ പുതുതലമുറയുടെ ടേസ്റ് അറിഞ്ഞിട്ടാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഒരിറ്റ് വിനോദത്തിനായി തിയേറ്ററിലെത്തുന്നവരില്‍ എത്രപേര്‍ പഴയ കദനകഥ കേട്ട് സഹിക്കും... പ്രത്യേകിച്ചും നമ്മുടെ ടെലിവിഷന്‍ സീരിയലുകള്‍ വേണ്ടത്ര കണ്ണീര്‍മഴ പൊഴിക്കുമ്പോള്‍...

അച്ഛന്റെ മരണശേഷം ഇന്‍ഷുറന്‍സ് തുകയ്ക്കുവേണ്ടി കേസിനുപോയ ഉണ്ണിക്കൃഷ്ണന് ബസ് തന്നെ വിട്ടുകൊടുത്താണ് ബന്ധപ്പെട്ടവര്‍ നഷ്ടപരിഹാരം നല്‍കിയത്. നിനച്ചിരിക്കാതെ ബസ്സുടമയായ ഉണ്ണിക്കൃഷ്ണന്റെ വീടും സ്ഥലവും നഷ്ടപ്പെട്ടത് പിന്നീട് നിമിഷനേരത്തിലായിരുന്നു. ബസ്സിന്റെ റിപ്പയര്‍ വര്‍ക്കുകളായിരുന്നു കാരണം. ഇപ്പോള്‍ അവന്റെ കുടികിടപ്പ് താമരാക്ഷന്‍പിള്ളയിലാണ്. കൂട്ടിന് സുന്ദരനും (ഹരിശ്രീ അശോകന്‍) ചിണ്ടനെലിയുമുണ്ട്.

ആയിടയ്ക്കാണ് ബസന്തിയെന്ന (നിത്യാ ദാസ്) സുന്ദരിക്കുട്ടി ഉണ്ണിയുടെയും സുന്ദരന്റെയും ഉറക്കംകെടുത്തിക്കൊണ്ട് ബസിലെ അന്തേവാസിയായെത്തുന്നത്. ഏറെക്കാലത്തെ ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും ശേഷം സംഭവിക്കേണ്ടത് സംഭവിച്ചു... ബസന്തിക്ക് ഉണ്ണിയെ ഇഷ്ടം... ഉണ്ണിക്കാണെങ്കില്‍ ബസന്തിയെ പെരുത്തിഷ്ടം...

പക്ഷെ താമരാക്ഷന്‍പിള്ളയിലെ വിരുന്നുകാരിയുടെ സസ്പെന്‍സിന് ഏറെ ആയുസ്സുണ്ടായില്ല. പോണ്ടിച്ചേരിയിലെ ആഭ്യന്തരമന്ത്രി ആര്‍.കെ. സന്താനത്തിന്റെ (പി. വാസു) മകള്‍ ഗായത്രി സന്താനമാണ് അവള്‍. മന്ത്രിമന്ദിരത്തിലെ രാഷ്ട്രീയനീക്കങ്ങളില്‍ മനംമടുത്ത് അല്പം ശുദ്ധവായു ശ്വസിക്കാനാണ് അവള്‍ താമരാക്ഷന്‍പിള്ളയിലെത്തിയത്..! പാവം... കേരളത്തിലെ വായു ഏറെ മലിനമായ കാര്യം ഗായത്രിയോ നമ്മുടെ സിനിമാക്കാരോ അറിയുന്നില്ലല്ലോ...

പിന്നീട് എല്ലാം സ്ഥിരം ഫോര്‍മുല... ബസന്തിയെ പോണ്ടിച്ചേരിയിലേക്ക് കൊണ്ടുപോകുന്നു... അവളെ മറക്കാന്‍ കഴിയാത്ത ഉണ്ണി സുന്ദരന്റെയും കൂട്ടരുടെയും സഹായത്തോടെ അവളെ തിരിച്ചുപിടിക്കുന്നു... അതിനിടയില്‍ അല്പം അടിപിടിയും അതിലേറെ നര്‍മ്മവും.... ഈ പറക്കുംതളികക്ക് അതോടെ ശുഭാന്ത്യം.

പുതുമയില്ലായ്മയിലെ പുതുമയാണ് പറക്കും തളികയെ മറ്റു ചിത്രങ്ങളില്‍ നിന്ന് വേര്‍പെടുത്തുന്നത്. സ്ഥിരം പ്രമേയമായ യാദൃച്ഛിക പ്രണയത്തിന് ഒരു ബസ്സിന്റെ പശ്ചാത്തലം സൃഷ്ടിക്കുന്നതിലും ആ ബസ്സിനെത്തന്നെ ചിത്രത്തിലെ പ്രധാന കഥാപാത്രമാക്കുന്നതിലും സംവിധായകനും തിരക്കഥാകൃത്ത് വി.ആര്‍. ഗോപാലകൃഷ്ണനും വിജയിച്ചിരിക്കുന്നു. പ്രണയകഥകളും വീരകഥകളും ഏറെ കണ്ടുമടുത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതും താമരാക്ഷന്‍പിള്ളയുടെ രൂപവും കോലവും തന്നെ.

പാട്ടബസ്സിന്റെ ഓണറായി ഊറ്റംകൊള്ളുന്ന ഉണ്ണിക്കൃഷ്ണനെ സ്വാഭാവികാഭിനയത്തിലൂടെ ദിലീപ് ഏറെ മനോഹരമാക്കി. ഹാസ്യരംഗങ്ങളില്‍ താന്‍ അഗ്രഗണ്യനാണെന്ന സത്യം ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു ദിലീപ്. സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്ന നിലയില്‍ ഹരിശ്രീ അശോകന്റെ സുന്ദരനും പറക്കുംതളികയുടെ പ്രധാനകണ്ണിയാണ്.

പുതുമുഖം നിത്യാദാസിന് ഏറെ അഭിനയത്തിനുള്ള അവസരമൊന്നും ബസന്തി നല്‍കുന്നില്ല. പക്ഷെ തമിഴ് സംവിധായകന്‍ പി. വാസുവിന്റെ പോണ്ടിച്ചേരി മന്ത്രി അഭിനന്ദനമര്‍ഹിക്കുന്നു. ഒരു മന്ത്രിക്കു ചേര്‍ന്ന ഗൗരവവും ഒരു രാഷ്ട്രീയക്കാരന്റെ കുറുക്കുബുദ്ധിയും അതേസമയം ഒരു അച്ഛന് മകളെക്കുറിച്ചുള്ള വ്യാകുലതകളും ആ കഥാപാത്രത്തില്‍ സമന്വയിച്ചിരിക്കുന്നു.

ഗിരീഷ് പുത്തഞ്ചേരി രചിച്ച് ഔസേപ്പച്ചന്‍ ഈണം പകര്‍ന്ന വരികളില്‍ ചുണ്ടില്‍തത്തിനില്‍ക്കുന്നത് എം.ജി. ശ്രീകുമാര്‍ ആലപിച്ച ഈ പറക്കും തളിക, മനുഷ്യനെ കറക്കും തളിക എന്ന പാട്ടുതന്നെ. ചിത്രം കണ്ടിറങ്ങുന്ന മിക്കവരും ഈ വരികള്‍ ഒരിക്കലെങ്കിലും മൂളാതിരിക്കാന്‍ സാധ്യതയില്ല.

അശോകന്‍-താഹ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം ഫൈവ് സ്റാര്‍ ഹോസ്പിറ്റല്‍ എന്ന ചിത്രം താഹ സ്വന്തമായി സംവിധാനം ചെയ്തിരുന്നു. എന്നാല്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിവന്നുപോയ ഈ ചിത്രത്തിനു ശേഷം താഹ ഉണര്‍ന്നെഴുന്നേല്‍ക്കിന്റെ സൂചന കൂടി ഈ പറക്കും തളിക തരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X