പ്രതീക്ഷകള്‍ തകര്‍ത്ത ഉടയോന്‍
പ്രതീക്ഷകള്‍ തകര്‍ത്ത ഉടയോന്‍
സുധീഷ്
ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ നഷ്ടപ്രതാപം തിരിച്ചുപിടിച്ച മോഹന്‍ലാല്‍ വീണ്ടും ടൈപ്പ് സിനിമകളിലൂടെ തിരിച്ചുവരവിന്റെ ഓജസ് നഷ്ടപ്പെടുത്തുകയാണോ? ചന്ദ്രോത്സവത്തിനു പിന്നാലെ ഉടയോനും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തകര്‍ക്കുമ്പോള്‍ ഇങ്ങനെയൊരു ചോദ്യം പ്രസക്തമാവുന്നു.
ഭദ്രനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കിയാണ് ഉടയോന്‍ തിയേറ്ററുകളിലേത്തിയത്. എന്നാല്‍ സ്ഫടികം പോലെ ലാല്‍ ആരാധകര്‍ ശിരസിലേറ്റുന്ന മറ്റൊരു സൂപ്പര്‍ഹിറ്റാവും ഉടയോന്‍ എന്ന കണക്കുകൂട്ടലാണ് തെറ്റുന്നത്. രാവണപ്രഭുവിനു ശേഷം മോഹന്‍ലാല്‍ വീണ്ടും ഇരട്ടക്കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നു.
സ്ഫടികത്തിന്റെ മറ്റൊരു പതിപ്പാണ് ഉടയോന്‍. സ്ഫടികത്തില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഇത്തിരി മാറ്റങ്ങളോടെ പുതിയ വേഷത്തിലും രൂപത്തിലും പുനര്‍ജനിപ്പിച്ചപ്പോള്‍ അത് ശൂരനാട് കുഞ്ഞായി. മകന്റെ താത്പര്യങ്ങളും ഇഷ്ടങ്ങളും മാനിക്കാതെ അവനെ തന്റെ വഴിക്കു തെളിയിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന അച്ഛനെയാണ് സ്ഫടികത്തില്‍ കണ്ടത്. മക്കള്‍ എല്ലാം സ്വന്തമായി നേടിയെടുക്കണമെന്ന് ശഠിക്കുന്ന, തന്നെ പോലെ അവരും വലിയ കര്‍ഷകരാവണമെന്ന് വാശി പിടിക്കുന്ന കുറെ കൂടി വൃദ്ധനായ മറ്റൊരു അച്ഛനെയാണ് ഉടയോനില്‍ കാണുന്നത്. ഈ ശാഠ്യം ഏകമകളെ വിവാഹം ചെയ്യുന്നവന് അഞ്ചേക്കര്‍ തരിശ് ഭൂമി മാത്രം നല്‍കുമെന്നും ജീവിക്കാന്‍ വേണ്ടത് ആ ഭൂമിയില്‍ അധ്വാനിച്ചുണ്ടാക്കിക്കോളമെന്നുമുള്ള വാശിയിലാണ് കുഞ്ഞിനെ കൊണ്ടുചെന്നെത്തിക്കുന്നത്!
സ്ഫടികത്തിലെ അച്ഛന്‍ പറയുന്നത് ഭൂഗോളം തിരിയുന്നത് കണക്കിലാണെന്നാണെങ്കില്‍ ഉടയോനിലെ കര്‍ഷകപിതാവ് അതിലൊരു ഭേദഗതി വരുത്തിയിട്ടുണ്ട്. ഭൂഗോളം തിരിയുന്നത് കണക്കിലല്ല, മണ്ണിലാണ്. കൃഷിയുടെയും മണ്ണിന്റെയും മഹത്വത്തെ കുറിച്ചുള്ള നെടുനെടുങ്കന്‍ ഡയലോഗുകള്‍ ചിത്രത്തില്‍ കുത്തിനിറച്ചിട്ടുണ്ട്. അത് പലപ്പോഴും പ്രേക്ഷകര്‍ക്ക് അരോചകമായി അനുഭവപ്പെടുന്നു. താന്‍ സൃഷ്ടിച്ച ശൂരനാട് കുഞ്ഞ് എന്ന കഥാപാത്രത്തിന്റെ സവിശേഷ വ്യക്തിത്വത്തില്‍ സ്വയം ഭ്രമിച്ചുപോയ സംവിധായകനും തിരക്കഥാകൃത്തുമായ ഭദ്രന്‍ ആ കഥാപാത്രത്തിന് ചുറ്റിലും ചുറ്റിത്തിരിയുന്നതിനിടയില്‍ പ്രേക്ഷകനെ മറന്നുപോയി. പ്രേക്ഷകരില്‍ നിന്ന് അകലെ നില്‍ക്കുന്ന ഡയലോഗുകളാണ് പല രംഗങ്ങളും ഭദ്രന്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.
ശൂരനാട് കുഞ്ഞിന്റെ മകനായ പാപ്പോയിയാണ് മോഹന്‍ലാലിന്റെ രണ്ടാമത്തെ കഥാപാത്രം. അതിമാനുഷവേഷമാടി തിമര്‍ക്കുന്ന വേളയില്‍ മോഹന്‍ലാല്‍ പലവട്ടം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പകര്‍പ്പാണ് പാപ്പോയി. എന്നാല്‍ ശൂരനാട് കുഞ്ഞ് എന്ന കഥാപാത്രത്തിന്റെ പ്രഭാവത്തിനിടയില്‍ പാപ്പോയി പോലും നിഷ്പ്രഭമാവുന്നു. എന്നാല്‍ സഹോദരിയില്‍ നിന്ന് സ്വത്ത് നേരല്ലാത്ത വഴിയില്‍ കൈക്കലാക്കിയ, മക്കള്‍ക്കു സ്വത്ത് വീതിച്ചു നല്‍കാത്ത, മകളുടെ വിവാഹത്തിന് വേണ്ട പണം ചിലവാക്കാന്‍ തയ്യാറല്ലാത്ത, വല്ലാത്ത നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ചും മോഹന്‍ലാല്‍ ആരാധകര്‍ക്ക് സ്വീകരിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്. എഴുപത് പിന്നിട്ട ശൂരനാട് കുഞ്ഞ് അമാനുഷിക സ്വഭാവമുള്ള സംഘട്ടനങ്ങളിലേര്‍പ്പെടുമ്പോള്‍ പ്രേക്ഷകരുടെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ശൂരനാട് കുഞ്ഞിനെ കേന്ദ്രീകരിച്ചു നീങ്ങുന്ന കഥയില്‍ ഒരു വന്‍താരനിരയാണ് അണിനിരക്കുന്നത്. ഇന്നസെന്റ്, നാസര്‍, ജഗതി ശ്രീകുമാര്‍, സലിംഗൗസ്, കലാഭവന്‍ മണി, മനോജ് കെ.ജയന്‍, രാജന്‍ പി. ദേവ്, സിദ്ദിക്ക്, ഷമ്മി തിലകന്‍, ഭീമന്‍ രഘു, മോഹന്‍ജോസ് തുടങ്ങിയ വന്‍താരനിരക്ക് പക്ഷേ ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. മനോജ് കെ. ജയന്റെയും ബിന്ദു പണിക്കരുടെയും കഥാപാത്രങ്ങള്‍ മാത്രമാണ് ശൂരനാട് കുഞ്ഞിന്റെ മായിക പ്രഭാവത്തിലും വേറിട്ട് നില്‍ക്കുന്നത്. ശവപ്പെട്ടി തോമ എന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന ജഗതി ശ്രീകുമാറിന്റെ ദൗത്യം പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതാണ്. എന്നാല്‍ നിലവാരമില്ലാത്ത കോമാളിത്തരങ്ങള്‍ മാത്രമായി ജഗതിയുടെ പ്രകടനമൊതുങ്ങി. (സിനിമയുടെ പല രംഗങ്ങളും വിരസമാണെന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ഭദ്രന്‍ വെട്ടിനീക്കിയ രംഗങ്ങളില്‍ ജഗതി ശ്രീകുമാര്‍ പ്രത്യക്ഷപ്പെടുന്ന രംഗങ്ങളും ഉള്‍പ്പെടുന്നു.)
തെലുങ്ക് നടി ലയയാണ് ചിത്രത്തിലെ നായിക. പാപ്പോയിയുടെ ബസ് മറിഞ്ഞ് വെള്ളത്തില്‍ വീണ നായിക ബസ്സുടമയോട് രോഷത്തോടെ സംസാരിക്കുന്നതും മറ്റും വരവേല്പ് എന്ന ചിത്രത്തിലെ രംഗങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു രംഗം പോലും ഭദ്രന് ഈ ചിത്രത്തിലൊരുക്കാന്‍ കഴിഞ്ഞിട്ടില്ല.
ചിത്രത്തിലെ ഗാനങ്ങളൊന്നും ഇമ്പമുള്ളതല്ല. ഗാനരംഗങ്ങളുടെ ചിത്രീകരണവും ഒട്ടും വ്യത്യസ്തമാക്കാന്‍ ഭദ്രനു സാധിച്ചിട്ടില്ല. ചിത്രത്തിന്റെ കളക്ഷന്‍ കുറയുന്നുവെന്നും മിക്ക രംഗങ്ങളും വിരസമാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ ഭദ്രന്‍ വെട്ടിനീക്കിയ രംഗങ്ങളില്‍ ചക്കരേ എന്നു തുടങ്ങുന്ന ഗാനരംഗവും പെടും.
സ്ഫടികത്തിനു ശേഷം ഭദ്രന്‍ സംവിധാനം ചെയ്ത ഒളിമ്പ്യന്‍ അന്തോണി ആദം പോലെ പ്രേക്ഷകരെ ഒട്ടും പരിഗണിക്കാതെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഉടയോനും. വെള്ളിത്തിരയും ഒളിമ്പ്യനും പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ ഭദ്രന് പ്രേക്ഷകരുടെ രുചിഭേദങ്ങള്‍ക്കനുസരിച്ച് സിനിമയെ സമീപിക്കാനുള്ള കഴിവില്ലെന്ന് വ്യക്തം.


Click it and Unblock the Notifications