For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കമലിന്റെ പരീക്ഷണം

  By Staff
  |

  കമലിന്റെ പരീക്ഷണം
  അശോക്

  സ്വപ്നക്കൂട്, നമ്മള്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കി ഹിറ്റ് തീര്‍ത്ത കമല്‍ തന്റെ ഒടുവിലത്തെ ചിത്രങ്ങളുടെ ശൈലിയില്‍ നിന്നും തീര്‍ത്തും മാറിനില്‍ക്കുകയാണ് മഞ്ഞുപോലൊരു പെണ്‍കുട്ടിയില്‍. ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മനസിലെ ആകുലതകളുടെ കഥ പറയുന്ന ഈ ചിത്രം പ്രമേയപരമായി ധീരമായ ഒരു പരീക്ഷണമാണ്.

  പ്ലസ് വണ്‍ വിദ്യാര്‍ഥിയായ നിധി എസ്. മേനോന്‍ (അമൃതാപ്രകാശ്) ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ബിസിനസുകാരിയായ അരുന്ധതി (ഭാനുപ്രിയ)യാണ് നിധിയുടെ അമ്മ. അനിയത്തി അഞ്ചാം ക്ലാസുകാരി കനി. രണ്ടാനച്ഛനായ മോഹന്‍ (സുരേഷ്കൃഷ്ണ) തന്നോട് കാണിക്കുന്ന സ്നേഹത്തിലും വാത്സല്യത്തിലും മറ്റ് ചില ഉദ്ദേശ്യങ്ങളുണ്ടെന്ന് തിരിച്ചറിയുന്ന അമൃത അയാളെ വെറുക്കുന്നു.

  അമൃതയുടെ അച്ഛന്‍ ഒരു വിനോദയാത്രക്ക് പോവുന്നതിനിടെയാണ് മരിച്ചത്. ആ ദുരന്തത്തിന് ശേഷം അരുന്ധതിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന മോഹന്‍ അവളെയും രണ്ട് മക്കളെയും നന്നായി പരിപാലിച്ചു. എന്നാല്‍ നിധി കൗമാരപ്രായത്തിലേക്ക് കാലൂന്നിയതോടെ മോഹന്‍ അവളെ മറ്റൊരു കണ്ണിലൂടെ കാണാന്‍ തുടങ്ങി. അയാളുടെ നോട്ടത്തിലും സ്പര്‍ശനത്തിലും ദുരുദ്ദേശ്യങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അമൃതക്ക് ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം രണ്ടാനച്ഛനായി.

  മോഹനെ ഏറെ സ്നേഹിക്കുന്ന തന്റെ അമ്മയോട് അമൃതക്ക് ഇക്കാര്യം പറയാനാവുമായിരുന്നില്ല. തന്റെ കൂട്ടുകാരനായ സന്ദീപി(ജയകൃഷ്ണന്‍)നോടാണ് അവള്‍ ആദ്യമായി തന്റെ പ്രശ്നങ്ങളെക്കുറിച്ച് പറയുന്നത്. സന്ദീപിനും ആ പ്രശ്നങ്ങള്‍ക്ക് ഒരു പോംവഴി നിര്‍ദേശിക്കാനായില്ല. തുടര്‍ന്ന് അവര്‍ തങ്ങളുടെ അയല്‍വാസിയായ മാനുവല്‍ അങ്കിളിനെ(ലാലു അലക്സ്) സമീപിച്ചു. മുതിര്‍ന്നവര്‍ക്ക് അയാളെ ഇഷ്ടമല്ലെങ്കിലും കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനാണ് മാനുവല്‍ അങ്കിള്‍. മോഹനെ കൊല്ലണമെന്ന തീരുമാനത്തിലാണ് അവര്‍ എത്തുന്നത്. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങള്‍ തീര്‍ത്തും നാടകീയമാണ്.

  തൊട്ടാല്‍ പൊള്ളുന്ന ഒരു പ്രമേയമാണ് കമല്‍ പുതിയ ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്ന് വ്യക്തം. നഗരത്തിലെ സമ്പന്നരുടെ ജീവിതത്തിലെ മറനീക്കുമ്പോള്‍ അസ്വസ്ഥത സൃഷ്ടിക്കാവുന്ന കാണാപ്പുറങ്ങളാണ് കമല്‍ പ്രമേയമാക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രം എല്ലാ അര്‍ഥത്തിലും ഒരു പരീക്ഷണമാവുന്നു.

  സിനിമയുടെ ക്രാഫ്റ്റ് അറിയാവുന്ന കമലിന്റെ സംവിധാനമികവ് മഞ്ഞുപോലൊരു പെണ്‍കുട്ടിയിലും കാണാം. വളരെ ഭദ്രമായി കഥ പറഞ്ഞ് അവതരിപ്പിക്കുന്നതിന് കമലിന് കഴിഞ്ഞിട്ടുണ്ട്. വളരെ സെന്‍സിറ്റീവായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം പകുതി തീര്‍ത്തും സംഘര്‍ഷഭരിതമാണ്.

  അമൃത, ജയകൃഷ്ണന്‍ എന്നീ രണ്ട് പുതുമുഖങ്ങളാണ് ചിത്രത്തില്‍ നായികാനായകന്‍മാരായി വരുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നിധിയെ അമൃത നന്നായി അവതരിപ്പിച്ചു. ജയകൃഷ്ണനും അഭിനയിക്കാന്‍ അറിയാവുന്ന ഒരു പുതുമുഖമാണ്. ചിത്രത്തിന്റെ കഥാഗതിയെ നിര്‍ണയിക്കുന്ന മാനുവല്‍ അങ്കിള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലാലു അലക്സ് പലപ്പോഴും അമിതാഭിനയത്തിലേക്ക് വഴുതിപ്പോയി.

  സംഗീതസംവിധായകരെ തിരഞ്ഞെടുക്കുന്നതിലും ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിലും പ്രത്യേകശ്രദ്ധ കാട്ടാറുള്ള കമല്‍ ഈ ചിത്രത്തില്‍ അല്‍ഫോണ്‍സിനെയാണ് ഗാനങ്ങള്‍ക്ക് ഈണമൊരുക്കാന്‍ നിയോഗിച്ചിരിക്കുന്ന്. ചിത്രത്തിലെ ഒരു ഗാനം മാത്രമാണ് കേള്‍ക്കാനിമ്പമുള്ളത്. ജലോത്സവത്തിലെന്ന പോലെ മഞ്ഞു പോലൊരു പെണ്‍കുട്ടിയിലും മികച്ച ഗാനങ്ങളൊരുക്കാന്‍ അല്‍ഫോണ്‍സ് പരാജയപ്പെട്ടിരിക്കുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X