twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിന് മറ്റൊരു കീര്‍ത്തിമുദ്ര

    By Super
    |

    കീര്‍ത്തിചക്ര: ചിത്രങ്ങള്‍ ദേശസ്നേഹം വാണിജ്യ സിനിമയ്ക്ക് എന്നും വില്പനമൂല്യമുള്ള വിഭവമാണ്. റോജ, ബോംബെ, സൈന്യം തുടങ്ങിയ ഒരു പിടി ചിത്രങ്ങള്‍ തീവ്രവാദത്തിന്റെയും രാജ്യസ്നേഹത്തിന്റെയും വിരുദ്ധമുഖങ്ങളെ മസാലക്കൂട്ടില്‍ അവതരിപ്പിച്ച് പണം വാരിയിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ കീര്‍ത്തിചക്രയും ആ ജനുസില്‍ പെടുന്ന ചിത്രമാണ്. പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന കശ്മീരിലെ തീവ്രവാദം വില്ലനായും അതിനെ നേരിടുന്ന രാജ്യസ്നേഹത്തിന്റെ ആള്‍രൂപമായ സൈനിക ഓഫീസര്‍ നായകനായും പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പുതുമയല്ല. ഇത്തരമൊരു പ്രമേയത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ഒരു പിടി ചിത്രങ്ങള്‍ പ്രേക്ഷകരുടെ മനസിലേക്കോടി വരും. അതുകൊണ്ടുതന്നെ കീര്‍ത്തിചക്രയ്ക്ക് കഥയില്‍ പുതുമൊന്നും അവകാശപ്പെടാനില്ല. അതേ സമയം പരിചരണത്തില്‍ സിനിമ ഏറെ വ്യത്യസ്തമാണുതാനും.

    തീവ്രവാദികള്‍ക്കെതിരെ നിര്‍ഭയം പോരാടുന്ന മേജര്‍ മഹാദേവന്റെ (മോഹന്‍ലാല്‍) കഥയാണ് കീര്‍ത്തിചക്ര പറയുന്നത്. തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിനിടയില്‍ തന്റെ കുടുംബത്തെ പോലും മഹാദേവന് നഷ്ടപ്പെടുന്നു. രാജ്യത്ത് മതസംഘര്‍ഷം സൃഷ്ടിക്കാനായി കശ്മീരിലെ ഹസ്രത്ബാല്‍ പള്ളി തകര്‍ക്കാനായി കശ്മീരിലെത്തുന്ന അഫ്ഗാനി നവാബിന്റെ കുത്സിതനീക്കങ്ങളെ മഹാദേവനും സംഘവും സമര്‍ത്ഥമായി നേരിടുമ്പോള്‍ ദേശസ്നേഹത്തിന്റെ അലയൊലികളാണ് തിയേറ്ററുകളില്‍ ഉയരുന്നത്.

    തീവ്രവാദികളെ നശിപ്പിക്കുക എന്ന ലക്ഷ്യം ജീവിതവ്രതമാക്കിയ മഹാദേവന്റെ പോരാട്ടം വേഗമേറിയ ഫ്രെയ്മുകളിലൂടെയാണ് മേജര്‍ രവി എന്ന നവാഗത സംവിധായകന്‍ അവതരിപ്പിക്കുന്നത്.

    മോഹന്‍ലാലിന്റെ സഹായിയായി തമിഴ് നടന്‍ ജീവ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. കൃഷ്ണകുമാര്‍ എന്ന സൈനികനായി ഷമ്മി തിലകനും ചിത്രത്തില്‍ തിളങ്ങി. തീവ്രവാദികള്‍ക്ക് ഇരയാകുന്ന മേജര്‍ മഹാദേവന്റെ ഭാര്യയായി ലക്ഷ്മി ഗോപാലസ്വാമി ഏതാനും രംഗങ്ങളില്‍ മാത്രമുണ്ട്.

    ഒരു സമ്പൂര്‍ണ മോഹന്‍ലാല്‍ ചിത്രമാണ് കീര്‍ത്തിചക്ര. അമ്പതു കടന്ന മേജര്‍ മഹാദേവന്റെ സന്ധിയില്ലാത്ത പോരാട്ടം മോഹന്‍ലാല്‍ ഏറെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റേത് ഒരു സൈനിക ഓഫീസര്‍ക്ക് ചേര്‍ന്ന ശരീരഭാഷയാണ്. വൈകാരികമായ രംഗങ്ങളില്‍ മിതത്വം പാലിക്കാനും മോഹന്‍ലാല്‍ പ്രത്യേകശ്രദ്ധ കാട്ടിയിട്ടുണ്ട്.

    സൈനിക ഓഫീസറും അയാളുടെ കീഴില്‍ ജോലി ചെയ്യുന്ന യുവാവും (മോഹന്‍ലാലും ജീവയും) തമ്മിലുള്ള ആത്മബന്ധം സൈനികരുടെ കഥ പറയുന്ന പല ചിത്രങ്ങളിലും നേരത്തെ കണ്ടിട്ടുള്ളതാണ്. ആയുധം മാറ്റിവച്ച് തീവ്രവാദിയായ വില്ലനുമായി കയ്യാങ്കളി നടത്തുന്നതു പോലുള്ള രംഗങ്ങള്‍ക്ക് പ്രേംനസീറിന്റെയും ജയന്റെയും ചില പഴയകാല ചിത്രങ്ങളുടെ നിലവാരമേയുള്ളൂ. ക്ലൈമാക്സില്‍ വില്ലനുമായി സംഭാഷണത്തിലൂടെ ഏറ്റുമുട്ടുന്ന മോഹന്‍ലാലിന്റെ കുറിക്കുകൊള്ളുന്ന വാചകങ്ങള്‍ പ്രേക്ഷകര്‍ കൈയടിയോടെയാണ് സ്വീകരിക്കുന്നത്.

    തന്റെ ആദ്യചിത്രം പ്രതീക്ഷിച്ചതിലും മികച്ചതാക്കാന്‍ സംവിധായകന്‍ മേജര്‍ രവിക്ക് സാധിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, ജീവ, ഷമ്മി തിലകന്‍ എന്നിവരെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് യോജിച്ച താരനിര്‍ണയമായി. തിരുവിന്റെ ക്യാമറ ചലിക്കുന്നത് ചിത്രത്തിന്റെ ഭാവമുള്‍ക്കൊണ്ടാണ്. ചിത്രത്തെ വ്യത്യസ്തമാക്കുന്നതില്‍ തിരുവിന്റെ വേഗമേറിയ ഷോട്ടുകള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജോഷ്വാ ശ്രീധര്‍ ഈണം നല്‍കിയ ഗാനവും മനോഹരമായി.

    Read more about: jeeva mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X