twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാത്രിമഴ - നിരൂപണം

    By Staff
    |

    അതിസുന്ദരമായ സിനിമ. പി ചന്ദ്രമതിയുടെ വെബ്‍സൈറ്റ് എന്ന കഥയെ ആസ്പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴയെ അങ്ങനെ വിശേഷിപ്പിക്കാം.

    കവിതയൊഴുകുന്ന ഫ്രെയിമുകള്‍. കാല്‍പനികഭംഗിയുളള തിരക്കഥ, അതിഭാവുകത്വമില്ലാത്ത അഭിനയം, മനസില്‍ തൊടുന്ന പ്രമേയം. എണ്ണിപ്പറയാന്‍ സവിശേഷതകള്‍ ഏറെയുളള ഒരു കൊച്ചു സിനിമ. സുന്ദരമായ ഒരു ചെറുകഥ സൃഷ്ടിക്കുന്ന തരിപ്പ് കാണികളുടെ കരളില്‍ അവശേഷിപ്പിക്കാന്‍ ലെനിന്‍ രാജേന്ദ്രന്‍ എന്ന പ്രതിഭാധനന് കഴിഞ്ഞിട്ടുണ്ടെന്ന് നിസംശയം പറയാം.

    കഥ പറയാന്‍ ലെനിന്‍ രാജേന്ദ്രന്‍ കാമറയെടുത്തപ്പോഴൊക്കെ നല്ല ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. വചനവും മീനമാസത്തിലെ സൂര്യനും മഴയും ദൈവത്തിന്റെ വികൃതികളുമൊക്കെ നല്ല സിനിമയെ സ്നേഹിക്കുന്നവര്‍ എന്നെന്നും ഓര്‍ക്കുന്നവ. മലയാളത്തിലിപ്പോഴുണ്ടായ നല്ല സിനിമകളുടെ മഴച്ചാറ്റല്‍ നിലയ്ക്കരുതേയെന്ന് നെഞ്ചുരുകി പ്രാര്‍ത്ഥിക്കുകയാണ് പ്രേക്ഷകന്‍.

    ഹരികൃഷ്ണന്റെയും മീരയുടെയും കഥയാണ് രാത്രി മഴ. നൃത്തനിപുണനായ വിനീതിന്, ആ പശ്ചാത്തലത്തിലുളള കഥാപാത്രങ്ങള്‍ കിട്ടിയപ്പോഴൊക്കെ സുന്ദരമായ ഭാവങ്ങള്‍ മലയാളം കണ്ടിട്ടുണ്ട്. മീരയായി സാക്ഷാല്‍ മീരാ ജാസ്മിന്‍.

    ഇരുവരുടെയും ഓര്‍മ്മകളിലൂടെ കഥ പറയുന്ന ശൈലിയും ചിത്രത്തിന്റെ പ്രമേയത്തിന് തീര്‍ത്തും അനുഗുണം. പുതിയ തലമുറയുടെ ജീവിതപശ്ചാത്തലമാണ് ലെനിന്‍ തന്റെ സിനിമയ്ക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. നല്ല സിനിമ പിറക്കണമെങ്കില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുളള കാലം പുനസൃഷ്ടിക്കണമെന്ന് ശഠിക്കുന്ന പാരമ്പര്യത്തിന്റെ മുഖമടച്ചുളള പ്രഹരവും കൂടിയാണ് രാത്രിമഴ.

    ഒരു മാട്രിമോണിയല്‍ വെബ്‍സൈറ്റില്‍ കണ്ട ഹരികൃഷ്ണന്റെ വിവാഹ പരസ്യത്തിനോട് കൗതുകത്തിന് ഒന്നു പ്രതികരിച്ചതാണ് മീര. ഹരിയുടെ മറുപടിയും കിട്ടി. അവര്‍ പരസ്പരം ചാറ്റു ചെയ്തു. ഒരേ തരംഗദൈര്‍ഘ്യത്തില്‍ സംവദിക്കുന്ന മനസുകളാണ് തങ്ങളുടേതെന്ന് തിരിച്ചറിഞ്ഞു. പരിചയം പ്രണയമായി വളര്‍ന്നു. പിന്നീടത് അവരുടെ അസ്ഥിയില്‍ തുളച്ചു കയറി. നേരിട്ട് കണ്ട് ഇടപെട്ടിട്ടില്ലെങ്കിലും ഹരിക്ക് മീരയും മീരയ്ക്ക് ഹരിയും പ്രാണനായി.

    അവര്‍ നേരിട്ടു കാണാന്‍ തീരുമാനിച്ചു. നിശ്ചയിച്ചുറപ്പിച്ച സ്ഥലത്ത് ഹരി എത്തിയില്ല. പലയാവര്‍ത്തി വാര്‍ത്തകളില്‍ കണ്ടതുപോലുളള ഒരു ഇന്റര്‍നെറ്റ് തട്ടിപ്പിന് താനും ഇരയായെന്ന് അവള്‍ കരുതി. എന്തിനാണ് മീരയില്‍ നിന്ന് ഒളിക്കാന്‍ ഹരി ശ്രമിച്ചതെന്നും പിന്നീട് അവരെങ്ങനെ ഒന്നിച്ചെന്നും ലെനിന്‍ രാജേന്ദ്രന്‍ വിശദീകരിക്കുന്നത് ഒരു പ്രതിഭാധനന്റെ കയ്യടക്കത്തോടെയാണ്.

    അടിച്ചു പൊളി ഗായികയെന്ന് പേരെടുത്ത ചിത്രാ അയ്യര്‍ ഡാന്‍സ് സ്ക്കൂള്‍ നടത്തുന്ന മോഹിനിയായി വേഷമിടുന്നു. മോഹിനിയുടെ ഭര്‍ത്താവിന്റെ വേഷം ലാലു അലക്സിനാണ്. നടിയുടെ കുപ്പായം ഏറെയൊന്നും അണിഞ്ഞിട്ടില്ലാത്ത ചിത്ര തന്റെ വേഷം മനോഹരമാക്കിയതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകന് നല്‍കണം. ഏതു വേഷവും അതുല്യമാക്കുന്ന ലാലു അലക്സ് രാത്രിമഴയിലും ആ പതിവ് ആവര്‍ത്തിച്ചു.

    മനുഷ്യബന്ധങ്ങളുടെ ലോലവും അതേസമയം ഒട്ട് സങ്കീര്‍ണവുമായ ഭാവങ്ങളെ തികഞ്ഞ കയ്യടക്കത്തോടെ വെളളിത്തിരയില്‍ അവതരിപ്പിച്ച രാത്രിമഴ നല്ല സിനിമയെ സ്നേഹിക്കുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ചിത്രമാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X