For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് അനുകരണത്തിന്റെ വെട്ടം

  By Staff
  |

  ഇത് അനുകരണത്തിന്റെ വെട്ടം

  അശോക്

  വെട്ടത്തിലൂടെ മലയാളത്തില്‍ ഒരു പുതിയ സംവിധായക-താരജോഡി ജനിക്കുകയാണ്: പ്രിയദര്‍ശന്‍-ദിലീപ്. തമാശ സിനിമകളുടെ അമരക്കാരനായ പ്രിയദര്‍ശന്‍ ജനപ്രിയ നായകനായ ദിലീപിനെ നായകനാക്കി ഒരുക്കിയ ഈ ചിത്രത്തില്‍ പക്ഷേ പുതുമകളൊന്നുമില്ല. ഒരു പതിവ് പ്രിയന്‍ ചിത്രത്തിലെ തമാശ കോലാഹലങ്ങളാണ് ഈ ചിത്രത്തിലും ഒരുക്കിയിരിക്കുന്നത്. ആവര്‍ത്തനം കൊണ്ട് ചിലപ്പോഴെല്ലാം അത് വിരസമാവുന്നുമുണ്ട്.

  പ്യാര്‍ തൊ ഹോനാ ഹി ഥാ എന്ന ഹിന്ദി ചിത്രം അനുകരിച്ചാണ് പ്രിയദര്‍ശന്‍ വെട്ടം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതിയില്‍ പ്യാര്‍ തൊ ഹോനാ ഹിഥായിലെ പല രംഗങ്ങളും അതേ പടി പകര്‍ത്തിവച്ചിരിക്കുകയാണ് പ്രിയന്‍. ചിത്രം റീമേക്കാണെന്ന മുന്നറിയിപ്പൊന്നുമില്ലെന്നിരിക്കെ, പ്യാര്‍ തൊ ഹോനാ ഹിഥാ കണ്ട പ്രേക്ഷകര്‍ ആ സൂപ്പര്‍ ഹിറ്റ് ഹിന്ദി ചിത്രത്തിലെ പല രംഗങ്ങളും അതേ പടി മലയാളത്തില്‍ കാണേണ്ട ഗതികേടാണ് അനുഭവിക്കുന്നത്.

  നായകന്‍ മോഷ്ടിച്ച വജ്രമാല പൊലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി നായികയുടെ ബാഗില്‍ തിരുകിവയ്ക്കുന്നതും പിന്നീട് അത് തിരികെയെടുക്കുന്നതിനായി നായകന്‍ നായികയെ പിന്തുടരുന്നതുമെല്ലാം ഹിന്ദി ചിത്രത്തിലെ രംഗങ്ങളുടെ തനിപ്പകര്‍പ്പാണ്. ഹിന്ദി ചിത്രങ്ങള്‍ കാണുകയേ ചെയ്യാത്തവരാണ് മലയാള പ്രേക്ഷകര്‍ എന്നൊരു ധാരണ പ്രിയനെ പോലൊരു സൂപ്പര്‍ സംവിധായകനുണ്ടോ എന്ന് തോന്നും വെട്ടത്തിലെ ആദ്യ പകുതിയിലെ പല രംഗങ്ങളും കണ്ടാല്‍.

  ഹിന്ദി ചിത്രത്തിലെ രംഗങ്ങള്‍ പലതും അതേ പടി പകര്‍ത്തിയ ആദ്യപകുതിയാണ് രണ്ടാം പകുതിയേക്കാള്‍ ഭേദം എന്നതാണ് കൗതുകരമായ സംഗതി. ആദ്യപകുതിയില്‍ ദിലീപ് നിറഞ്ഞുനില്‍ക്കുന്ന തമാശരംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് രസം പകരുന്നുണ്ട്. എന്നാല്‍ രണ്ടാം പകുതിയില്‍ പ്രേക്ഷകന്‍ എപ്പോള്‍ ചിരിക്കണം, എവിടെ ചിരിക്കണം എന്ന ആശയക്കുഴപ്പത്തിലാണ്. ആളുകള്‍ പരസ്പരം തെറ്റിദ്ധരിക്കുന്നതിലൂടെയാവുന്ന തമാശരംഗങ്ങള്‍ പ്രിയന്റെ പല ചിത്രങ്ങളിലും ഇതിന് മുമ്പ് കണ്ടിട്ടുള്ളതാണ്. എന്നാല്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഏറിയതു മൂലം കഥാപാത്രങ്ങളുണ്ടാക്കുന്ന ബഹളങ്ങളിലെ തമാശ ആസ്വദിക്കാനാവാതെ നട്ടംതിരിയേണ്ട സ്ഥിതിയിലാണ് രണ്ടാം പകുതിയില്‍ പ്രേക്ഷകര്‍.

  ചൂതുകളിയിലൂടെ ഉള്ളതെല്ലാം തുലച്ച് നാട് വിട്ട് മോഷ്ടാവായി മാറിയ ഗോപാലകൃഷ്ണനെയും (ദിലീപ്) തന്റെ കാമുകന്റെ വിവാഹം മുടക്കാനായി പോവുന്ന വീണയെയും (മൈഥിലി) കേന്ദ്രീകരിച്ചാണ് വെട്ടത്തിന്റെ കഥ പുരോഗമിക്കുന്നത്. (പ്യാര്‍ തൊ ഹോനാ ഹിഥായില്‍ അജയ് ദേവ്ഗണും കാജലുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.) കോടികള്‍ വിലമതിക്കുന്ന ഒരു സ്പാനിഷ് വജ്രമാല മോഷ്ടിച്ച ഗോപാലകൃഷ്ണന്‍ എന്ന ഗോപു പൊലീസിന്റെ പിടിയില്‍ പെടാതിരിക്കാനായി അത് വിമാനത്തില്‍ കൂടെ യാത്ര ചെയ്യുന്ന വീണയുടെ ബാഗില്‍ നിക്ഷേപിക്കുന്നു. വിമാനമിറങ്ങിയതിന് ശേഷം അത് തിരികെയെടുക്കാനുള്ള ഗോപുവിന്റെ ശ്രമങ്ങള്‍ ഒന്നൊന്നായി പരാജയപ്പെടുന്നു. തുടര്‍ന്ന് ഗോപു വീണയെ പിന്തുടരുന്നു.

  തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്യാനൊരുങ്ങുന്ന ഫെലിക്സിനെ തേടിയാണ് വീണ പോവുന്നത്. പിണക്കത്തിനൊടുവില്‍ ഇണങ്ങിയ വീണയോടൊപ്പം ഗോപുവും കൂടുന്നു. ഫെലിക്സ് തന്നെ യഥാര്‍ഥത്തില്‍ സ്നേഹിച്ചിരുന്നില്ലെന്ന് അറിയുന്നതോടെ നായകനും നായികയും ഒന്നിക്കുന്നതിന് കളമൊരുങ്ങുന്നു.

  ചിരി സൃഷ്ടിക്കുന്നതിനായി അസംഖ്യം കഥാപാത്രങ്ങളെയാണ് പ്രിയന്‍ പടച്ചുവിട്ടിരിക്കുന്നത്. ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, നെടുമുടി വേണു, ജനാര്‍ദനന്‍, കലാഭവന്‍ മണി, ജഗദീഷ് തുടങ്ങിയ ഒരു പിടി താരങ്ങളാണ് ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ നിറഞ്ഞുനില്‍ക്കുന്നത്. വിവാഹം നടക്കുന്ന സ്ഥലത്ത് ഈ കഥാപാത്രങ്ങള്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ കണ്ട് ആശയക്കുഴപ്പം മൂത്ത സ്ഥിതിയാലാണ് പ്രേക്ഷകന്‍.

  പ്രിയന്റെ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സിബി കെ. തോമസ്-ഉദയ്കൃഷ്്ണ ടീമാണ്. ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ റണ്‍വെ, സിഐഡി മൂസ എന്നിവ രചിച്ച സിബി കെ. തോമസ്-ഉദയ്കൃഷ്ണ വെട്ടത്തില്‍ എഴുതിയുണ്ടാക്കിയ രംഗങ്ങള്‍ക്ക ് പക്ഷേ പുതുമയേതുമില്ല.

  10 വര്‍ഷത്തിന് മുമ്പത്തെ മോഹന്‍ലാലാണ് ദിലീപെന്ന് പ്രിയന്‍. അക്ഷരാര്‍ഥത്തില്‍ വെട്ടം അത് ശരിവയ്ക്കുന്നു. പക്ഷേ 10 വര്‍ഷം മറ്റൊരു നടന്‍ എങ്ങനെയായിരുന്നോ അത് അതേ പടി പുന:സൃഷ്ടിക്കുന്നതിലാണോ ഒരു മുന്‍നിര നായകന്റെ മിടുക്ക് എന്ന ചോദ്യം അവശേഷിക്കുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X