For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാമുണ്ട്... പക്ഷെ ഒന്നുമില്ല

  By Staff
  |

  എല്ലാമുണ്ട്... പക്ഷെ ഒന്നുമില്ല

  പി.സിദ്ധാര്‍ത്ഥന്‍

  സംവിധാനം: സത്യന്‍ അന്തിക്കാട്

  രംഗത്ത്: കുഞ്ചാക്കോ ബോബന്‍, ശ്രീനിവാസന്‍, ഇന്നസെന്റ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സംയുക്താവര്‍മ്മ, അസിന്‍ തുടങ്ങിയവര്‍

  സംഗീതം: ജോണ്‍സണ്‍

  പലിശക്കാരന്‍ ഭാര്‍ഗവന്‍... 25 വര്‍ഷം മുമ്പ് നാടുവിട്ടുപോയ നരേന്ദ്രന്റ സ്ഥലം വിമാനത്താവളം നിര്‍മ്മിക്കാനായി ഏറ്റെടുക്കുന്നു എന്നറിഞ്ഞ ശേഷം വില്ലേജ് ഓഫീസര്‍ക്ക് കൈക്കൂലി കൊടുത്ത് സ്വന്തമാക്കിയ വിരുതന്‍. നരേന്ദ്രന്റെ മകന്‍ ജയകാന്തന്‍ ആ സ്ഥലത്തിന് അവകാശിയായെത്തുന്നതോടെ ഭാര്‍ഗവന് ഇരിക്കപ്പൊറുതിയില്ലാതായി. ആദ്യം അവനെ വരുതിയിലാക്കാനായിരുന്നു ശ്രമം. ഒരുവിധം അത് സാധിച്ചെങ്കിലും ഭാര്‍ഗവന്‍ അടങ്ങിയിരുന്നില്ല. അവന്റെ അമ്മാവന്‍ ബാലകൃഷ്ണന്‍ നമ്പ്യാരെക്കൊണ്ടു തന്നെ ജയകാന്തനെതിരെ വേഷം കെട്ടിച്ചു. എന്നാല്‍ ജയകാന്തന് തുണയായി പഞ്ചായത്ത് പ്രസിഡന്റ് വിനോദിനി തന്നെ രംഗത്തെത്തിയതോടെ ഭാര്‍ഗവന്റെ കുതന്ത്രങ്ങളെല്ലാം പാളി.

  തന്റെ കഥയില്‍ തനിക്കു മാത്രമായി ഒരു കോമാളിവേഷം എന്നും ശ്രീനിവാസന്‍ ഒരുക്കിവെക്കാറുണ്ട്. നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയില്‍ ആ വേഷം ഭാര്‍ഗവന്റേതാണ്. ജയകാന്തനെയും വില്ലേജ് ഓഫീസറെയും അമ്മാവനെയും എല്ലാം വേഷം കെട്ടിക്കുന്ന കഥാപാത്രം. എന്നത്തെയും പോലെ ശ്രീനിവാസന്‍ ഭംഗിയായിത്തന്നെ ഈ വേഷം അവതരിപ്പിക്കുകയും ചെയ്തു.

  മുണ്ടും ഷര്‍ട്ടും മാത്രമണിഞ്ഞ് കുഞ്ചാക്കോ ബോബന്‍ ആദ്യമായെത്തിയിരിക്കുകയാണ്... ജയകാന്തനായി. അമ്മ നഷ്ടപ്പെട്ട ജയകാന്തന്‍... അച്ഛന്‍ രോഗശയ്യയിലായ ജയകാന്തന്‍... തറവാട്ടില്‍ തിരിച്ചെത്തുന്ന ജയകാന്തന്‍... പഞ്ചായത്ത് പ്രസിഡണ്ടിന് മുന്നില്‍ കോപ്രായങ്ങള്‍ കാട്ടുന്ന ജയകാന്തന്‍... ഇത്തരമൊരു വേഷം തനിക്കിണങ്ങും എന്ന് ചാക്കോച്ചന്‍ തെളിയിച്ചിരിക്കുന്നു.

  പഞ്ചായത്ത് പ്രസിഡണ്ട് വിനോദിനി പരുത്തിപ്പാറ പഞ്ചായത്തിനെ ശരിക്കും ഭരിക്കുകയാണ്. അനീതി എവിടെക്കണ്ടാലും, അത് പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതായാലും വേണ്ടില്ല, വിനോദിനി എതിര്‍ത്തിരിക്കും... ഔദ്യോഗികമായി നടപടിയെടുത്തിരിക്കും... പഞ്ചായത്ത് ചട്ടങ്ങള്‍ വിനോദിനിക്ക് കാണപ്പാഠമാണ്. പ്രസിഡണ്ട് സ്ഥാനം വനിതക്ക് സംവരണം ചെയ്തുപോയതു കൊണ്ടു മാത്രം വൈസ് പ്രസിഡണ്ടായിപ്പോയ അക്ഷരാഭ്യാസമില്ലാത്ത സഹപ്രവര്‍ത്തകനെതിരെയും വിനോദിനിക്ക് ചട്ടങ്ങള്‍ ആയുധമാണ്. സഫലമാകുന്നില്ലെങ്കിലും ജയകാന്തനോടൊരു പ്രേമവും വിനോദിനി സ്വകാര്യമായി സൂക്ഷിക്കുന്നു. സംയുക്താവര്‍മ്മയില്‍ നിന്നും മലയാളികള്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ലാത്തൊരു കഥാപാത്രമാണ് വിനോദിനി. അഭിനയിച്ചു തകര്‍ക്കാനൊന്നുമില്ലെങ്കിലും സംയുക്ത വേഷം ഭംഗിയായി ചെയ്തിരിക്കുന്നു.

  വിമാനത്താവളം പഞ്ചായത്ത് വിഷയമല്ലെന്നറിഞ്ഞിട്ടും പ്രസിഡണ്ടിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷനേതാവ് വെള്ളിക്കാല. പരുത്തിപ്പാറയിലെ പഞ്ചായത്ത് രാഷ്ട്രീയത്തിന് കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ പ്രതിച്ഛായയുണ്ടാക്കിക്കൊടുക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട് ഈ മഹാന്‍. തന്റെ കാര്യസാധ്യത്തിനായി പഞ്ചായത്ത് യോഗത്തില്‍ കയ്യാങ്കളിക്ക് നേതൃത്വം കൊടുക്കാനും ഇയാള്‍ തയ്യാറാണ്. പ്രശസ്തനാവുക എന്നത് വെള്ളിക്കാലയുടെ ഒരു ദൗര്‍ബല്യമാണ്. ബോംബേറില്‍ പരിക്കേറ്റ ജയകാന്തനെ ആശുപത്രിയിലെത്തിച്ച് അവിടെവച്ച് ഫോട്ടോഗ്രാഫര്‍ക്കു വേണ്ടി പോസ് ചെയ്യുന്നുണ്ട് ഇഷ്ടന്‍. മറ്റൊരിക്കലാകട്ടെ അതേ ജയകാന്തനെ ജീവിക്കുന്ന രക്തസാക്ഷിയായി വാഴിച്ച് പ്രകടനം നടത്താന്‍ വരെ ആത്മാര്‍ത്ഥത കാണിക്കുന്നു ഈ രാഷ്ട്രീയകോമരം. ഇന്നസെന്റിന്റെ സ്വതസിദ്ധമായ നര്‍മ്മവും അഭിനയശേഷിയും വെള്ളിക്കാലയെ മികച്ചു നിര്‍ത്തുന്നു.

  ഏറെക്കാലത്തിനു ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒത്തുചേര്‍ന്നപ്പോള്‍ വ്യക്തിത്വമാര്‍ന്ന കഥാപാത്രങ്ങള്‍ ഒരിക്കല്‍ക്കൂടി ഉണ്ടായി എന്നതില്‍ രണ്ടുപക്ഷമില്ല. പക്ഷെ രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരം സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മുഖത്ത് തെളിച്ചമില്ല. സത്യന്‍-ശ്രീനിവാസന്‍ ചിത്രത്തില്‍ നിന്ന് അവര്‍ പ്രതീക്ഷിച്ചതെന്തോ അതിതിലില്ല.

  അതെ തിരക്കഥയുടെ ആത്മാവറിയുന്ന ശ്രീനിവാസന് ഈ ചിത്രത്തില്‍ അതിന്റെ കെട്ടുറപ്പ് സൂക്ഷിക്കാനായില്ല. ഏച്ചുകെട്ടിയ തമാശകളാണ് ചിത്രമാസകലം. ഗ്രാമത്തിന്റെ നന്മയില്‍ നിന്ന് ശ്രീനിവാസന്‍ കണ്ടെടുത്തിരുന്ന നര്‍മ്മം ഈ ചിത്രത്തിലില്ല. ഓരോ അഭിനേതാക്കളുടെയും വ്യക്തിഗത പ്രകടനങ്ങളൊഴിച്ചാല്‍ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയില്‍ ഒന്നും തന്നെയില്ല.

  ദൈവസഹായം എന്ന പേരില്‍ പാര്‍ത്ഥിപനെ സത്യനും ശ്രീനിയും കൂടി ഈ ചിത്രത്തിലേക്ക് കെട്ടിയെഴുന്നള്ളിച്ചത് എന്തിനാണ്? തമിഴ് ചിത്രങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് അകന്നതാണ് എന്ന് ആ നടനില്‍ക്കൂടി കാണിക്കാനോ? അല്ലെങ്കില്‍ ജീപ്പ് പിടിച്ചു നിര്‍ത്തുന്നതും തേങ്ങ കൈകൊണ്ട് പൊട്ടിക്കുന്നതുമായുള്ള രംഗങ്ങള്‍ എന്തിനായിരുന്നു?

  മുല്ലനേഴി-ജോണ്‍സണ്‍ കൂട്ടുകെട്ടിന്റെ ഗാനങ്ങള്‍ സന്ദര്‍ഭങ്ങള്‍ക്ക് ചേര്‍ന്നതായി. ഗാനദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ തനിക്കുളള മികവ് സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിലും കാണിക്കുന്നുണ്ട്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X