twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിന് ഒരു ചാന്തുപൊട്ട്

    By Staff
    |

    ദിലീപിന് ഒരു ചാന്തുപൊട്ട്
    സുധീഷ്

    മലയാളത്തില്‍ ഇതുവരെ ആരും കൈവയ്ക്കാത്ത പ്രമേയ പരിസരത്തിലേക്കാണ് ചാന്തുപൊട്ട് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. ചിരിയുണ്ടാക്കാന്‍ നപുംസക വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില കഥാപാത്രങ്ങളെ മലയാളത്തില്‍ കണ്ടിട്ടുണ്ടെങ്കിലും നപുസംകങ്ങളുടെ കഥ ഇതുവരെ മലയാളത്തില്‍ ആരും പറഞ്ഞിട്ടില്ല. ആ അര്‍ഥത്തില്‍ പുതുമയേറിയ സംരംഭമാണ് ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട്.

    ക്ലൈമാക്സിന് തൊട്ടുമുമ്പു വരെ നപുംസകമായി പ്രത്യക്ഷപ്പെടുന്ന നായകന്‍ തീര്‍ച്ചയായും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പുതിയൊരു കാഴ്ചയാണ്. അതും ദിലീപിനെ പോലൊരു ജനപ്രിയനായകനാണ് ഏതാണ്ട് സിനിമയിലുടനീളം നപുംസക വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മലയാളത്തില്‍ ആരും ഇതു വരെ പറയാത്ത പ്രമേയം അവതരിപ്പിക്കുന്നതിന് ലാല്‍ ജോസും ദിലീപും ധൈര്യം കാട്ടിയിരിക്കുന്നു. അതിന് അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

    പെണ്‍കുട്ടിയെ പോലെ വളര്‍ത്തപ്പെട്ട രാധാകൃഷ്ണന്റെ കഥയാണ് ചാന്തുപൊട്ട് പറയുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം കൂട്ടുകൂടി വളര്‍ന്ന രാധ എന്ന രാധാകൃഷ്ണന്‍ (ദിലീപ്) മുതിര്‍ന്നപ്പോള്‍ ഒരു പെണ്ണിനെ പോലെയാണ് പെരുമാറിയത്. സമൂഹം നപുംസകമായി മുദ്ര കുത്തിയ അവന് എല്ലായിടത്തു നിന്നും പരിഹാസമാണ് ഏറ്റുവാങ്ങേണ്ടിവന്നത്.

    ആകസ്മികമായി നടന്ന ഒരു കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോകേണ്ടിവന്ന രാധയുടെ അച്ഛന്‍ ദിവാകരന്‍ (ലാല്‍) ജയില്‍വാസത്തിനു ശേഷം തിരിച്ചുവന്നപ്പോള്‍ ആണും പെണ്ണുമല്ലാതായി തീര്‍ന്ന മകനെയാണ് കാണുന്നത്. മകന്റെ ഈ സ്ഥിതി അയാളെ വല്ലാതെ സങ്കടപ്പെടുത്തി.

    ഇതിനിടയിലാണ് രാധയുടെ കൂട്ടുകാരിയായ മാലു (ഗോപിക) അവനുമായി പ്രണയത്തിലാകുന്നത്. തന്റെ മകള്‍ ഒരു നപുംസകവുമായി പ്രണയത്തിലാണെന്നറിഞ്ഞ അവളുടെ അച്ഛന്‍ (രാജന്‍ പി.ദേവ്) രാധയെ അപകടപ്പെടുത്താനുള്ള ശ്രമം നടത്തി. നാട്ടിലെ റൗഡിയായ കുമാരന്‍ (ഇന്ദ്രജിത്ത്) ഇതിന് കൂട്ടുനിന്നു. കടലില്‍ അബോധാവസ്ഥയില്‍ മരണത്തിലേക്ക് അടുക്കുന്ന സ്ഥിതിയിലെത്തിയ രാധയെ ഫ്രെഡ്ഢി (ബിജു മേനോന്‍) എന്നയാള്‍ രക്ഷപ്പെടുത്തി. അയാളോടൊപ്പം ഗോവയിലേക്ക് പോയ രാധ അവിടെ വച്ചാണ് തന്റെ അച്ഛനെ കുമാരന്‍ കൊലപ്പെടുത്തിയെന്നും മാലു തന്റെ കുട്ടിയെ പ്രസവിച്ചെന്നും അറിയുന്നത്. അതോടെ അവന്‍ നാട്ടിലേക്ക് തിരിച്ചു.

    ബെന്നി പി. നായരമ്പലത്തിന്റെ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന നാടകത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് നാടകത്തില്‍ നിന്ന് കടം കൊണ്ട പ്രമേയമെന്ന നിലയില്‍ ചില പരിമിതികളുണ്ട്. ഏതാനും സൂപ്പര്‍ഹിറ്റുകള്‍ക്ക് തിരക്കഥയെഴുതിയിട്ടുള്ള ബെന്നി ചാന്തുപൊട്ടിനായി എഴുതിയ തിരക്കഥ കെട്ടുറപ്പ് പോര. ക്ലൈമാക്സ് അന്തിമവിജയം നായകന്റേത് എന്ന സ്ഥിരം ഫോര്‍മുലയ്ക്കൊപ്പിച്ച് തട്ടിക്കൂട്ടിയതാണ്.

    ദിലീപ് തന്നെയാണ് ചാന്തുപൊട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്. നപുംസകത്തിന്റെ വേഷപ്രകടനങ്ങളില്‍ ദിലീപ് ഗംഭീരമായിട്ടുണ്ട്. നന്നായി ഹോംവര്‍ക്ക് ചെയ്തതിന്റെ മികവാണ് ദിലീപ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ പ്രകടമാക്കുന്നത്. പെണ്ണിനെ പോലെ പെരുമാറുന്ന രാധാകൃഷ്ണന്‍ എന്ന പുരുഷനായി ദിലീപ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. നടനെന്ന നിലയില്‍ ദിലീപ് ഏറെ മുന്നോട്ടുപോയിരിക്കുന്നു എന്ന് തെളിയിക്കുന്ന ചിത്രമാണ് ചാന്തുപൊട്ട്.

    ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രം ഒരുക്കുന്നതിലുള്ള മികവ് ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് മുതലുള്ള ചിത്രങ്ങളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ചാന്തുപൊട്ടും ലാല്‍ ജോസിന്റെ സംവിധാന മികവ് പ്രകടിപ്പിക്കുന്ന ചിത്രമാണ്. പ്രേക്ഷകരെ രസിപ്പിക്കാന്‍ അപ്രതീക്ഷിതമായ വഴിത്തിരിവുകളൊരുക്കുന്നതിലും മറ്റും തിരക്കഥാകാരന്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും ലാല്‍ ജോസ് കഥയോട് നീതി പുലര്‍ത്തുന്ന സംവിധാന ശൈലിയാണ് കൈകൊണ്ടിരിക്കുന്നത്.

    വില്ലനായി ഇന്ദ്രജിത്ത് തകര്‍പ്പന്‍ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. ദിലീപിന്റെ അച്ഛനായി അഭിനയിക്കുന്ന ലാലും നായിക ഗോപികയും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു.

    ലാല്‍ ജോസിന്റെ മുന്‍ചിത്രങ്ങളിലേതു പോലെ ഏറെ ഇമ്പമാര്‍ന്ന ഗാനങ്ങളല്ല ചാന്തുപൊട്ടിലുള്ളത്. കടലിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ പറയുന്ന ചിത്രത്തില്‍ അഴകപ്പന്റെ മനോഹരമായ ഛായാഗ്രഹണത്തിലൂടെ കടലോരഭംഗി നിറഞ്ഞുനില്‍ക്കുന്നുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X