For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര്‍ഥവത്തായ സിനിമാക്കാഴ്ച

By Staff
|

അര്‍ഥവത്തായ സിനിമാക്കാഴ്ച

അശോക്

ഇത്തവണത്തെ ഓണത്തിന് നവാഗത സംവിധായകനായ ബ്ലെസ്സി മലയാള സിനിമാ പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത് തീര്‍ത്തും അര്‍ഥവത്തും കലാസമ്പന്നവുമായ ഓണക്കാഴ്ചയാണ്. അതിഭാവുകത്വവും കെട്ടുക്കാഴ്ചയും നിറഞ്ഞുനില്‍ക്കുന്ന സിനിമാഭാസങ്ങള്‍ തിയേറ്ററുകളില്‍ നിന്ന് അകറ്റിനിര്‍ത്തിയ, നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകരെ വീണ്ടും തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ കാഴ്ച എന്ന ചിത്രത്തിന് കഴിഞ്ഞിരിക്കുന്നു.

പത്മരാജന്‍ മുതല്‍ ലോഹിതദാസ് വരെ ഏതാനും സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ബ്ലെസ്സി ആദ്യചിത്രം സംവിധാനം ചെയ്തത്. സിനിമ എന്ന മാധ്യമത്തില്‍ തനിക്ക് നല്ല കൈയടക്കമുണ്ടെന്ന് തെളിയിച്ചുകൊണ്ടാണ് ബ്ലെസ്സി കാഴ്ച ഒരുക്കിയിരിക്കുന്നത്.

കെട്ടുക്കാഴ്ചകള്‍ മാത്രമാവുന്ന സിനിമയെ വീണ്ടും ജീവിതത്തിന്റെ നേര്‍ക്കാഴ്ചയിലേക്ക് തിരിച്ചുനിര്‍ത്തുവാന്‍ ബ്ലെസ്സിക്ക് ഈ ചിത്രത്തില്‍ സാധിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ആഴവും പരപ്പും അനുഭവപ്പെടുത്തുന്ന കഥാസന്ദര്‍ഭങ്ങളും സിനിമയുടെ സാധ്യതകള്‍ തുറന്നുകാട്ടുന്ന ദൃശ്യങ്ങളും ഒരുക്കിയാണ് ബ്ലെസ്സി കാഴ്ചയെ ഒരു നല്ല ചലച്ചിത്രാനുഭമാക്കി മാറ്റുന്നത്.

ഒരു ഇടവേളക്ക് ശേഷം മലയാളത്തിലുണ്ടായ തീര്‍ത്തും യഥാതഥ സ്വഭാവമുള്ള ചിത്രമാണ് കാഴ്ച. ബന്ധങ്ങളിലെ അസാധാരണത്വത്തെയും സ്നേഹത്തിന്റെ ആഴത്തെയും അനുഭവിപ്പിക്കുന്ന ചിത്രം. തീര്‍ത്തും സാര്‍ഥകമായ കലാസംരംഭമെന്ന നിലയില്‍ ഒരു നവാഗത സംവിധായകന് അഭിമാനിക്കാവുന്ന ചിത്രം.

പവന്‍ എന്ന ഗുജറാത്തി ബാലനും മാധവന്‍ എന്ന കുട്ടനാട്ടുകാരനുമാണ് കാഴ്ചയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഇരുവരും തമ്മിലുള്ള അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയാണ് കാഴ്ച പറയുന്നതും കാട്ടിത്തരുന്നതും.

ഉത്സവപ്പറമ്പുകളിലും മേളകളിലും പതിനാറ് എംഎം സിനിമ കാണിച്ചുനടക്കുന്ന ഫിലിം ഓപ്പറേറ്ററായ മാധവന്‍ (മമ്മൂട്ടി) ഒരു ഉത്സവപ്പറമ്പില്‍ വച്ചാണ് പവനെ (യാഷ്) കണ്ടുമുട്ടുന്നത്. അവന്റെ അനാഥത്വത്തില്‍ മനസലിഞ്ഞ മാധവന്‍ അവനെയും ഒപ്പം കൂട്ടി. ക്രമേണ അവന്‍ മാധവന്റെയും അയാളുടെ കുടുംബത്തിന്റെയും കണ്ണിലുണ്ണിയായി.

പവനെ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കാമെന്ന് തിരിച്ചറിഞ്ഞ സ്ഥലത്തെ ഒരു രാഷ്ട്രീയനേതാവിന്റെ കുതന്ത്രങ്ങള്‍ മാധവന്റെ കുടുംബത്തിന്റെ ഊഷ്മളമായ സ്നേഹത്തില്‍ നിന്നും അകറ്റി പവനെ ജുവനൈല്‍ ഹോമിലാണ് കൊണ്ടുചെന്നെത്തിച്ചത്. അവനെ ഏതുവിധേനയും പുറത്തുകൊണ്ടുവരണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ മാധവന്‍ നിയമത്തിന്റെ വഴിതേടി. ഒടുവില്‍ ജുവനൈല്‍ ഹോമില്‍ നിന്നും മോചിപ്പിക്കപ്പെട്ട പവനെ മാധവനും ഒരു സര്‍ക്കാര്‍ പ്രതിനിധിയും ചേര്‍ന്ന് ഗുജറാത്തിലെത്തിക്കുന്നു. ജീവിതത്തിന്റെ സാന്ദ്രാനുഭവങ്ങള്‍ കാട്ടിത്തരുന്ന ഒരന്ത്യത്തിലേക്കാണ് ഈ ചിത്രത്തിന്റെ കഥ തുടര്‍ന്ന് പ്രേക്ഷകനെ നയിക്കുന്നത്.

പവനെ അവതരിപ്പിക്കുന്ന യാഷ് എന്ന ഗുജറാത്തി ബാലന്‍ അസാധാരണമായ അഭിനയ നൈപുണ്യം പ്രകടിപ്പിച്ച് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഒരു മികച്ച ചിത്രത്തിലെ നായകകഥാപാത്രത്തെ തന്മയത്വത്തോടെ മമ്മൂട്ടി അവതരിപ്പിച്ചു. മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിക്കുന്ന പത്മപ്രിയ അന്യഭാഷയില്‍ നിന്നെത്തുന്ന ഒരു നടിയുടെ പരിചയക്കുറവ് ഒട്ടും പ്രകടിപ്പിക്കുന്നില്ല.

കുട്ടനാടന്‍ ജീവിതത്തിന്റെ മനോഹരമായ ദൃശ്യമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തുവാന്‍ ശ്രദ്ധ കാട്ടുകയും കഥാസന്ദര്‍ഭങ്ങളെ പ്രേക്ഷകന്റെ മനസില്‍ അക്ഷരാര്‍ഥത്തില്‍ വ്യത്യസ്തമായ സിനിമാകാഴ്ചയാക്കി മാറ്റുകയും ചെയ്ത ബ്ലെസ്സി സിനിമ വെറും കഥപറച്ചിലാണെന്ന് കരുതുന്ന സംവിധായകര്‍ക്കിടയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു. കഥയ്ക്കൊപ്പം ദൃശ്യങ്ങളിലുള്ള ഈ ഊന്നല്‍ പ്രശംസനീയമാണ്. സംവിധായകന്റെ ഉള്ളറിഞ്ഞ് അഴകപ്പന്‍ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ബ്ലെസ്സിയാണ്. ഇടക്ക് ഇഴയുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിലും ജീവിതത്തിന്റെ നേരിനോട് ചേര്‍ന്നുനില്‍ക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കാന്‍ തിരക്കഥയില്‍ ബ്ലെസ്സിക്ക് സാധിച്ചിട്ടുണ്ട്. മോഹന്‍സിതാര ഈണം പകര്‍ന്ന ഗാനങ്ങളും സിനിമയുടെ ഉള്ളടക്കവുമായി ചേര്‍ന്നുനില്‍ക്കുന്നതായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more