For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നരസിംഹം നരനായപ്പോള്‍

  By Staff
  |

  നരസിംഹം നരനായപ്പോള്‍

  അവിനാഷ്

  ഈ നായകന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ്. ദേവാസുരത്തിലും നരസിംഹത്തിലും രാവണപ്രഭുവിലും പ്രേക്ഷകര്‍ കണ്ട ദേവന്റെയും അസുരന്റെയും അമാനുഷിക അവതാരത്തിന്റെയും പരിവേഷങ്ങളണിഞ്ഞ സൂപ്പര്‍ നായകന്‍ ഇവിടെ വെറും നരനായെത്തുന്നുവെന്ന് മാത്രം.

  ഫ്യൂഡല്‍ മാടമ്പിയില്‍ നിന്നും അച്ഛന്റെ ശത്രുക്കളെ നേരിടുന്ന അധോലോക നായകനില്‍ നിന്നും നരസിംഹ ലീലകളാടുന്ന അതിമാനുഷികനില്‍ നിന്നും മുള്ളന്‍കൊല്ലി വേലായുധനിലേക്ക് ഏറെ ദൂരമില്ല. പേരിലും പരിസരത്തിലും പച്ചമനുഷ്യനെന്ന പരിവേഷത്തിലും മാത്രം മാറ്റം. മറ്റെല്ലാം പഴയതു പോലെ. ഹീറോയിസത്തിന്റെ മറ്റൊരു വീരഗാഥ ചമയ്ക്കുന്ന ഈ നരനും യഥാര്‍ഥ നരനല്ല. നരന്റെ പരിവേഷം മാത്രമുള്ള സെല്ലുലോയ്ഡ് നായകന്‍ മാത്രം. സ്ക്രീനിലെ വീരസാഹസ തിമര്‍പ്പുകള്‍ക്കു മാത്രമായി സൃഷ്ടിക്കപ്പെട്ട നായകന്‍.

  കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ പ്രാധാന്യമില്ലാത്ത, നായകന്‍ തിമര്‍ത്താടുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ ലാല്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ജോഷി സംവിധാനം ചെയ്ത നരന്‍ എന്ന ചിത്രവും ആ ജനുസില്‍ പെടുന്നു.

  ഇവിടെ കഥയില്ല. പ്രമുഖതാരങ്ങള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്ക് ജീവനില്ല. ഉള്ളത് മോഹന്‍ലാല്‍ എന്ന മെഗാതാരം മാത്രം. മുള്ളന്‍കൊല്ലി എന്ന വേലായുധന്‍ എന്ന പേരില്‍ ലാല്‍ നടത്തുന്ന ഹീറോയിസം മാത്രം.

  മീശമാധവനില്‍ ചേക്ക് എന്ന ഗ്രാമത്തിന്റെ കഥ പറഞ്ഞ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് സമാനമായ ഒരു ഗ്രാമാന്തരീക്ഷവും കഥാപാത്രങ്ങളെയുമാണ് നരനില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ചേക്ക് എന്ന ഗ്രാമത്തിനും അവിടുത്ത ജനങ്ങളുടെ പ്രിയങ്കരനായ മീശമാധവനും പകരം മുള്ളന്‍കൊല്ലി എന്ന ഗ്രാമവും അവിടത്തെ ഹീറോയായ വേലായുധനും. മീശമാധവനില്‍ ഗ്രാമാന്തരീക്ഷത്തിന്റെ പച്ചപ്പും ഗ്രാമത്തിന്റെ നിര്‍ദോഷങ്ങള്‍ പേറുന്ന കഥാപാത്രങ്ങളുമൊക്കെയായി ഒരു കാര്‍ണിവല്‍ ചിത്രത്തിനുള്ള തിരക്കഥയാണ് രഞ്ജന്‍ പ്രമോദ് രചിച്ചത്. എന്നാല്‍ അതുപോലെ സുഗമമായി മുന്നോട്ടുപോകുന്ന കഥയും കഥാന്തരീക്ഷവും സൃഷ്ടിക്കാന്‍ നരനില്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

  ഒരു പ്രളയദിനം പുഴയിലൂടെയൊഴുകിയെത്തിയ അജ്ഞാതയായ സ്ത്രീ പ്രസവിച്ചിട്ടു പോയ വേലായുധനെയും അവനെ വളര്‍ത്തി വലുതാക്കിയ മുള്ളന്‍കൊല്ലിയുടെയും കഥയാണ് നരന്‍ പറയുന്നത്. മുള്ളന്‍കൊല്ലിയില്‍ ഇന്ന് വേലായുധന്‍ പ്രഖ്യാപിച്ചിരിക്കുന്ന ചട്ടങ്ങളുണ്ട്. നാട് നേരെ വഴിക്കു തന്നെ പോകുന്നുവെന്ന് ഉറപ്പുവരുത്താന്‍ വേലായുധന്‍ കൊണ്ടുവന്ന ചില നിയമങ്ങള്‍. അത് ലംഘിക്കാന്‍ വേലായുധന്‍ ആരെയും അനുവദിക്കില്ല. ആര്‍ക്കെങ്കിലും അത് ലംഘിക്കണമെന്നുണ്ടെങ്കില്‍ വേലായുധനെ തല്ലി തോല്പിക്കണം. അതിന് ആര്‍ക്കും സാധ്യവുമല്ല.

  കേളപ്പന്‍ (ഇന്നസെന്റ്) എന്ന തന്റെ സന്തതസഹചാരിയുടെ മകള്‍ ലീലയുടെ (ഭാവന) വിവാഹ ആലോചനകളുടെ പേരില്‍ കേള്‍ക്കേണ്ടിവന്ന പഴികള്‍ വേലായുധനെ വല്ലാതെ വേദനിപ്പിച്ചു. കേളപ്പന്റെ രണ്ടു മക്കളെയും വേലായുധന്‍ വച്ചോണ്ടിരിക്കുകയാണെന്ന അപവാദം നാട്ടില്‍ പരന്നതോടെ വേലായുധനെ എടുത്തുവളര്‍ത്തിയ വലിയ നമ്പ്യാര്‍ (മധു) അതിന് ഒരു പ്രതിവിധി നിര്‍ദേശിച്ചു- വേലായുധന്‍ ലീലയെ വിവാഹം ചെയ്യുക, അതിന് മുമ്പ് കള്ളുകുടിയും തല്ലും നിര്‍ത്തി തന്റെ പേരുദോഷം കളയുക.

  വേലായുധന്‍ തല്ല് നിര്‍ത്തിയതോടെ അവനെ തേടി ശത്രുക്കളെത്തി. വലിയ നമ്പ്യാരുടെ മരുമകനും വേലായുധന്റെ ശത്രുവുമായ ഗോപിനാഥന്‍ നമ്പ്യാര്‍ (സിദ്ദിക്ക്) നിയോഗിച്ച ഗുണ്ടകള്‍ വേലായുധനെ മര്‍ദിച്ച് നടക്കാന്‍ പോലുമാവാത്ത സ്ഥിതിയിലാക്കി.

  വേലായുധന്‍ തല്ല് നിര്‍ത്തിയതോടെ അവന്റെ ചട്ടങ്ങള്‍ മുള്ളന്‍കൊല്ലിയില്‍ പാലിക്കപ്പെടാതെയായി. അതോടെ ആ ഗ്രാമം അരാജകത്വത്തിന്റെ നാളുകളിലേക്ക് വഴുതിവീണു. തന്റെ പഴയ കാമുകിയായ ജാനകി (ദേവയാനി)യുടെയും മകളുടെയും ആത്മഹത്യക്കും വലിയ നമ്പ്യാരുടെയും മരണത്തിനും ഉത്തരവാദി ഗോപിനാഥന്‍ നമ്പ്യാരാണെന്നറിഞ്ഞതോടെ വേലായുധന്‍ വലിയ നമ്പ്യാര്‍ക്ക് കൊടുത്ത വാക്ക് ലംഘിച്ചു. അവന്‍ വീണ്ടും പഴയ വേലായുധനായി. എല്ലാ നാട്ടുകാരുടെയും മുമ്പില്‍ വച്ച് അവന്‍ ഗോപിനാഥന്‍ നമ്പ്യാരോട് പക തീര്‍ത്തു.

  പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥയോ ഉള്ളില്‍ തട്ടുന്ന കഥാസന്ദര്‍ഭങ്ങളോ ഈ ചിത്രത്തിലില്ല. എല്ലാ കഥാപാത്രങ്ങളും മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന ഹീറോയ്ക്കു മുന്നില്‍ ആത്മാവില്ലാത്ത കോലങ്ങള്‍ മാത്രമായി തീരുന്നു. മോഹന്‍ലാല്‍ എന്ന നടനെ മാത്രം മുന്നില്‍ കണ്ട് തിരക്കഥയൊരുക്കുന്നതിനിടയില്‍ കരുത്തുള്ള കഥയും ശക്തമായ കഥാപാത്രങ്ങളും സൃഷ്ടിക്കുന്നതില്‍ തിരക്കഥാകൃത്ത് തീര്‍ത്തും പരാജയപ്പെട്ടു. രസകരമായ വഴിത്തിരിവുകളിലൂടെ പ്രേക്ഷകരെ മടുപ്പിക്കാതെ നോക്കാനും തിരക്കഥാകൃത്തിന് കഴിഞ്ഞില്ല.

  വേലായുധന്റെ വീരസാഹസിക കൃത്യങ്ങളുടെ കടുംവര്‍ണം നിറഞ്ഞ രംഗങ്ങള്‍ മാത്രമുള്ള ആദ്യപകുതിയില്‍ നിന്നും രണ്ടാം പകുതിയിലേക്കെത്തുമ്പോള്‍ ചിത്രം വല്ലാതെ ഇഴയുന്നതാണ് കാണുന്നത്. ഇനിയാരെയും അടിക്കില്ലെന്നും കള്ള് കുടിക്കില്ലെന്നും വ്രതമെടുക്കുന്ന വേലായുധന്‍ ഗുണ്ടകളുടെ മര്‍ദനമേറ്റ് ഒറ്റക്കാലനായി മുടന്തുന്നതോടെ സിനിമയും മുടന്താന്‍ തുടങ്ങുന്നു. അതുവരെ മോഹന്‍ലാല്‍ എന്ന താരത്തിന്റെ പ്രകടനം ഒന്നു കൊണ്ടുമാത്രം മുന്നോട്ടുപോവുന്ന സിനിമ രണ്ടാം പകുതിയില്‍ വല്ലാതെ ഇഴയുന്നതാണ് കാണുന്നത്. അപ്രതീക്ഷിതമായ ട്വിസ്റുകളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പരാജയപ്പെടുന്ന സംവിധായകന്‍ വളരെ സാധാരണവും പ്രവചനീയവുമായ ക്ലൈമാക്സ് രംഗത്തിലൂടെയാണ് ചിത്രം അവസാനിപ്പിക്കുന്നത്.

  ഏതാനും വര്‍ഷങ്ങളായി മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റുകള്‍ മോഹന്‍ലാല്‍ എന്ന നടന്റെ പ്രകടനത്തിനു മാത്രമായി ഒരുക്കുന്ന ചിത്രങ്ങളാണെന്ന പ്രത്യേകതയുണ്ട്. നരസിംഹത്തിലും രാവണപ്രഭുവിലും ബാലേട്ടനിലും മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരം മാത്രമേയുള്ളൂ. (അക്കൂട്ടത്തില്‍ വേറിട്ടുനിന്നത് നടനെന്ന നിലയില്‍ മോഹന്‍ലാല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രങ്ങളിലൊന്നായ ഉദയനാണ് താരം മാത്രം) നരനും സൂപ്പര്‍താരത്തിനു മാത്രമായുള്ള ചിത്രമാണ്.

  തന്റെ ആരാധകരെ എല്ലാ തരത്തിലും തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ച വച്ചിരിക്കുന്നത്. തനിക്കു വേണ്ടി മാത്രമായി ഒരുക്കിയ ഈ ഓണച്ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ മോഹന്‍ലാലിന് കഴിഞ്ഞിട്ടുണ്ട്.

  ക്രോണിക് ബാച്ചിലറിലും ഉദയനാണ് താരത്തിലും മനോഹരമായ ഗാനങ്ങളൊരുക്കിയ ദീപക് ദേവിന് നരനിലെ ഗാനങ്ങളില്‍ കാതിന് ഇമ്പം പകരുന്ന ഈണം ചമയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. പൊള്ളാച്ചിയുടെയും ഹൊഗനക്കലിന്റെയും ദൃശ്യഭംഗി ക്യാമറയിലേക്ക് ആവാഹിച്ച ഷാജിയുടെ ഛായാഗ്രഹണം പ്രശംസയര്‍ഹിക്കുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X