വീര്യം പോയ പഴയ വീഞ്ഞ്

By Staff

വീര്യം പോയ പഴയ വീഞ്ഞ്
അശോക്

ബാലേട്ടന് ശേഷം ഹിറ്റുകളൊന്നും ക്രെഡിറ്റിലില്ലാത്ത മോഹന്‍ലാല്‍ ഒരു തിരിച്ചുവരവിനുള്ള ശ്രമമാണ് നാട്ടുരാജാവിലൂടെ നടത്തുന്നത്. ബാലേട്ടന്റെ തിരക്കഥാകൃത്തായ ടി. എ. ഷാഹിദിന്റെ തിരക്കഥ. സംവിധാനം ഷാജി കൈലാസ്. പേരു പോലെ തന്നെ മറ്റൊരു വീരനായകവേഷം. വീണ്ടും അമാനുഷിക വേഷം എടുത്തണിഞ്ഞാല്‍ വിജയിക്കുമോ എന്ന് തീര്‍ച്ചയില്ലാത്തതു കൊണ്ടാവണം വീരനായകന്റെ പരാക്രമങ്ങള്‍ക്ക് പശ്ചാത്തലമായി അല്പം തീവ്രനിറത്തില്‍ തന്നെ ഫാമിലി സെന്റിമെന്റ്സ്.

തന്റെ കരിയര്‍ഗ്രാഫ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് ഒരു ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ലാല്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പഴയ മണിച്ചിത്രത്താഴിനെ ഓര്‍മിപ്പിക്കുന്ന വിസ്മയത്തുമ്പത്തിലും ഒട്ടേറെ ലാല്‍ ചിത്രങ്ങളില്‍ നിന്നുള്ള ചില ചേരുവകള്‍ ചുരണ്ടിയെടുത്ത് ഉണ്ടാക്കിയ ബാലേട്ടനിലും ഇപ്പോള്‍ മറ്റൊരു നരസിംഹമാവാന്‍ നാട്ടുരാജാവിലും അഭിനയിക്കാന്‍ ലാല്‍ നിന്നു കൊടുക്കുന്നത്. അനുകരുണങ്ങള്‍- അന്തസ്സാരത്തില്‍ പഴയ ചിത്രങ്ങളില്‍ നിന്ന് ഏറെ പിറകില്‍ നില്‍ക്കുന്ന അനുകരണങ്ങള്‍- തന്നെ വളരാന്‍ സഹായിക്കുകയല്ല ചെയ്യുന്നതെന്ന് നമ്മുടെ മെഗാതാരം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് തന്നെയാണ് ഷാജി കൈലാസ് വീണ്ടും വിറ്റ് കാശ് കൊയ്യാന്‍ ഉപയോഗിക്കുന്നത്. പക്ഷേ വീഞ്ഞിന് പഴയ വീര്യമില്ല. അതുകൊണ്ടാണ് ആദ്യദിവസങ്ങളില്‍ കണ്ട ജനത്തിരക്ക് പിന്നീട് തിയേറ്ററുകളില്‍ ഇല്ലാതെ പോയത്.

നാട്ടുരാജാവിലെ പുലിക്കാട്ടില്‍ ചാര്‍ളിയായുള്ള മോഹന്‍ലാലിന്റെ നില്പും നടപ്പും സംഭാഷണരീതിയുമെല്ലാം നരസിംഹത്തിലെ ഇന്ദുചൂഡന്റേതു തന്നെ. എന്നാല്‍ സ്വയം അനുകരിച്ചപ്പോള്‍ ലാല്‍ പഴയ കഥാപാത്രത്തോളം വന്നതുമില്ല. മീശ വീണ്ടും മുകളിലോട്ട് പിരിച്ചുവച്ചിരിക്കുന്ന വീരനായകന്റെ ലീലാവിലാസങ്ങള്‍ കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന ആശങ്ക കൊണ്ടാവണം പശ്ചാത്തലത്തില്‍ അമ്മയും ഭാര്യയും അമ്മൂമ്മയുമായി കുറെ വൈകാരിക രംഗങ്ങള്‍ കുത്തിനിറച്ചിരിക്കുന്നത്.

അനുകരണത്തിന്റെ ഈ തുടര്‍ച്ച പ്രേക്ഷകരെ വല്ലാതെ മടുപ്പിക്കുന്നതാണ്. ബാലേട്ടനിലെ ബാലേട്ടാ, ബാലേട്ടാ എന്ന ഗാനത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ ചിത്രത്തിലെ രാജാവേ.. എന്ന് തുടങ്ങുന്ന ഗാനം. ചിത്രത്തിലുടനീളം ഇങ്ങനെ നരസിംഹത്തെയും ബാലേട്ടനെയും ഓര്‍മിപ്പിക്കുന്ന പല മുഹൂര്‍ത്തങ്ങളും കാണാം.

ചിത്രത്തിന്റെ കഥ ഇങ്ങനെ പോവുന്നു: നാട്ടിലെ മാടമ്പിയും താന്തോന്നിയുമായ പുലിക്കാട്ടില്‍ മാത്തച്ചന്റെ മകനാണ് ചാര്‍ലി. അച്ഛന്‍ ചെയ്തുകൂട്ടിയ പാപങ്ങള്‍ക്ക് കടം വീട്ടുന്ന മകന്‍. അച്ഛന്‍ അനാഥമാക്കിയ കുടുംബത്തിലെ അംഗമായ മണിക്കുട്ടനെ ചാര്‍ലി ഒരു കൂടപ്പിറപ്പിനെ പോലെ കൂടെ കൊണ്ടുനടക്കുന്നു. അച്ഛന്റെ ക്രൂരതയ്ക്കിരയായ ഒരു ഹിന്ദു കുടുംബത്തിലെ പെണ്‍കുട്ടിയെ ഭാര്യയാക്കുന്നു. ഇങ്ങനെ അച്ഛന്‍ ചെയ്തുവച്ചതിനെല്ലാം കടം തീര്‍ക്കാന്‍ ശ്രമിക്കുന്ന ചാര്‍ലിയെ ശത്രുക്കള്‍ തേടിയെത്തുകയാണ്. അവരെ ഒതുക്കാന്‍ അയാള്‍ കൈക്കരുത്ത് ഉപയോഗിക്കുന്നു. ഇങ്ങനെയാണ് നാട്ടുരാജാവിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ദ്വന്ദ്വമുഖം.

നരസിംഹം, ആറാം തമ്പുരാന്‍ എന്നീ ചിത്രങ്ങളിലേതു പോലെ ഈ ചിത്രത്തിലും മോഹന്‍ലാലിന്റെ ചില നമ്പറുകളുണ്ട്. ശത്രുവുമായി ഏറ്റുമുട്ടുമ്പോള്‍ ഒരു കൈയിലെ മോതിരമൂരി മറ്റേ കൈയിലിടുക, മുന്‍ചിത്രങ്ങളില്‍ സവാരിഗിരി, പോ മോനോ ദിനേശാ എന്നൊക്കെയുള്ള നമ്പര്‍ പോലെ അവര്‍ക്കൊന്നുമറിയില്ല കാരണം അവര്‍ കുട്ടികളാണ് എന്ന് ഇടയ്ക്കിടെ പറയുന്നുണ്ട് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍. എന്നാല്‍ ഈ മാനറിസങ്ങള്‍ അത്ര കണ്ടങ്ങ് ലാല്‍ ആരാധകരില്‍ ഏശുന്നുമില്ല.

ചിത്രത്തിലെ ഷോട്ടുകള്‍ ഒരുക്കിയിരിക്കുന്ന രീതി നരസിംഹം, ആറാം തമ്പുരാന്‍ എന്നീ ചിത്രങ്ങളില്‍ നാം കണ്ടുമടുത്ത ഷാജി കൈലാസിന്റെ പതിവുരീതി തന്നെ. ചിത്രത്തില്‍ എം. ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനങ്ങളെല്ലാം ആദ്യത്തെ തവണ കേള്‍ക്കുമ്പോള്‍ തന്നെ പഴയ ചില ഗാനങ്ങളെ ഓര്‍മിപ്പിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X