അയുക്തി നിറഞ്ഞ സത്യം

By Staff

അയുക്തി നിറഞ്ഞ സത്യം
അശോക്

ഒന്നിനു പിറകെ ഒന്നായി സിനിമ പടച്ചുകൂട്ടാറുള്ള വിനയന്‍ താരങ്ങളും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം മൂത്ത് മലയാള സിനിമാ നിര്‍മാണം പ്രതിസന്ധിയിലായപ്പോഴും വെറുതെയിരുന്നില്ല. താരങ്ങളുടെ കൂട്ടത്തിലെ കരിങ്കാലികളെ ചാക്കിട്ടുപിടിച്ച്, താരസംഘടനയെ വെല്ലുവിളിച്ച് അദ്ദേഹം ഒരു സിനിമ കൂടി പടച്ചുണ്ടാക്കി. ആ ചിത്രമാണ് ഇപ്പോള്‍ സത്യം എന്ന പേരില്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്.

സത്യത്തില്‍ നായകനായി അഭിനയിക്കുന്നതിന് താരസംഘടനയായ അമ്മയോട് എതിരിട്ട പൃഥ്വിരാജ് താരങ്ങളുടെ കൂട്ടത്തില്‍ തനിക്ക് തന്റേതായൊരു മേല്‍വിലാസമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. സൂപ്പര്‍താരങ്ങളെ ഇടയ്ക്കിടെ വെല്ലുവിളിക്കുന്നത് വിനോദമാക്കുകയും സത്യം പോലുള്ള സിനിമകള്‍ പടച്ചുവിടുകയും ചെയ്യുന്ന വിനയനും ശ്രമിക്കുന്നത് സിനിമാക്കൂട്ടത്തില്‍ വേറിട്ടൊരു മേല്‍വിലാസത്തിനാണ്. പക്ഷേ സത്യം പോലുള്ള സിനിമകള്‍ മലയാള സിനിമയെന്ന പേരില്‍ പുറത്തുവരുമ്പോള്‍ നല്ല ചില സിനിമകളുടെ പേരില്‍ മലയാള സിനിമയ്ക്ക് ഉള്ള മേല്‍വിലാസമാണ് നഷ്ടപ്പെടുന്നത്.

യുക്തിയെന്നത് വിനയന്റെ സിനിമാക്കഥകളില്‍ പ്രതീക്ഷിക്കാനേ പാടില്ല. അയുക്തിയും അതിഭാവുകത്വവും കുത്തിനിറച്ച് ഒരുക്കിയിരിക്കുന്ന, പ്രേക്ഷകനോട് പല്ലിളിച്ചുകാട്ടുന്ന മറ്റൊരു സിനിമാഭാസമാണ് സത്യം എന്ന ചിത്രവും.

ചിത്രത്തിന്റെ കഥ ഇങ്ങനെ പോകുന്നു: പൊലീസ് ഹെഡ് കോണ്‍സ്റബിളായിരുന്ന അയ്യപ്പന്‍നായരുടെ (തിലകന്‍) മകനാണ് സഞ്ജീവ് കുമാര്‍ (പൃഥ്വിരാജ്). നല്ലവനായ അയ്യപ്പന്‍നായരെ കൈക്കൂലി കേസില്‍ കുടുക്കി പൊലീസ് സര്‍വീസില്‍ നിന്ന് ഡിസ്മിസ് ചെയ്യിച്ചത് ഇപ്പോള്‍ സിറ്റി പൊലീസ് കമ്മിഷണര്‍ കസേരയിലിരിക്കുന്ന മുകുന്ദന്‍ മേനോന്‍ (ആനന്ദരാജ്) ആണ്.

അയ്യപ്പന്‍നായരുടെ കുടുംബത്തെ പീഡിപ്പിക്കുന്നത് തുടരുന്ന മുകുന്ദന്‍ മേനോന്‍ സഞ്ജീവ്കുമാറിന്റെ എസ്ഐ സെലക്ഷന്‍ തടയാന്‍ ശ്രമിക്കുന്നു. എന്നാല്‍ വിഘ്നങ്ങളെ അതിജീവിച്ച സഞ്ജീവ്കുമാറിനെ പുതിയതായി കമ്മിഷണര്‍ സ്ഥാനത്തെത്തിയ ഉദ്യോഗസ്ഥന്‍ (ലാലു അലക്സ്) സഹായിക്കുന്നു. തുടര്‍ന്ന് പൊലീസ് സേനയില്‍ കയറിപ്പറ്റുന്ന സഞ്ജീവ് കുറ്റവാളികളെയും അനീതി കാണിക്കുന്നവരെയും ഇടിച്ചുനിരത്തുന്ന പതിവുകാഴ്ച തന്നെ. ഇതിനിടയില്‍ ഗാനരംഗങ്ങളില്‍ ഗ്ലാമര്‍ കാണിച്ച് പ്രേക്ഷകരെ ഇക്കിളിപ്പെടുത്താന്‍ സോന (പ്രിയാമണി) എന്ന കഥാപാത്രവുമുണ്ട്.

വിനയന് മാത്രം പടച്ചുവിടാവുന്ന ചില സവിശേഷ മുഹൂര്‍ത്തങ്ങളുണ്ട് ഈ ചിത്രത്തില്‍. ഉദാഹരണങ്ങള്‍: പൊലീസ് ഇന്‍സ്പെക്ടറായി സെലക്ഷന്‍ കിട്ടുന്നതിന് സിറ്റി പൊലീസ് കമ്മിഷണറുടെ കസേരയില്‍ ഇരിക്കുന്ന പൊലീസ് ഓഫീസര്‍ ഒരു വിഘ്നമാണെന്ന് മനസിലാക്കുന്ന നായകന്‍ അയാളെ പൊക്കിയെടുത്ത് ഒരു പഴയ കെട്ടിടത്തില്‍ പൂട്ടിയിടുകയും മറ്റുള്ളവരെ അറിയിക്കുന്നതിനായി താന്‍ തീര്‍ഥാടനത്തിന് പോവുകയാണന്ന് കാണിക്കുന്ന ഒരു കത്ത് അയാളില്‍ നിന്ന് എഴുതിവാങ്ങിക്കുകയും ചെയ്യുന്നു! ഉന്നത പൊലീസുദ്യോഗസ്ഥര്‍ സന്നിഹിതരായിരിക്കെ നമ്മുടെ നായകന്‍ എസ്ഐ സഞ്ജീവ്കുമാര്‍ വിദേശയാത്ര കഴിഞ്ഞുവരുന്ന മന്ത്രിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി അതില്‍ നിന്ന് കള്ളക്കടത്ത് സാധനങ്ങള്‍ കണ്ടെടുക്കുന്നു. തുടര്‍ന്ന് നായകന്റെ നീണ്ട ഒരു പ്രസംഗവും!

പൊലീസ് വേഷങ്ങള്‍ ചെയ്യുന്നതോടെ ആക്ഷന്‍ ഹീറോയുടെ കസേരയില്‍ കയറി ഇരിക്കാമെന്നാണ് സിനിമയിലെ സങ്കല്പം. എസ്ഐ സഞ്ജീവ്കുമാറായി അഭിനയിക്കുന്ന പൃഥ്വിരാജ് അത്തരമൊരു ശ്രമത്തിലാണ്. പൃഥ്വിരാജ് വളര്‍ന്നുവരുന്ന ഒരു നല്ല നടനാണ്. പക്ഷേ വിനയനെ പോലുള്ള സാഹസികന്‍മാരുടെ കൈയിലെ പാവയായാണ് ഈ നടന്‍ ഇനിയും തന്റെ അഭിനയശേഷി വിനിയോഗിക്കാന്‍ പോവുന്നതെങ്കില്‍ ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തോട് നമുക്ക് സഹതപിക്കാനേ നേരമുണ്ടാവൂ.

ചിത്രത്തില്‍ പ്രിയാമണി എന്ന തമിഴ് നടിയുടെ ഗ്ലാമര്‍ പ്രദര്‍ശനത്തിനും കുഴച്ചിലിനും മാത്രമായി ഒരുക്കിയിരിക്കുന്ന ഗാനരംഗങ്ങളുണ്ട്. ഒരു ഗാനം തമിഴ് ചിത്രമായ കാക്ക കാക്ക..യില്‍ സൂര്യയും ജ്യോതികയും പ്രത്യക്ഷപ്പെടുന്ന ഗാനരംഗത്തിലെ ഷോട്ടുകള്‍ വലിയ വ്യത്യാസമൊന്നും വരുത്താതെ പകര്‍ത്തിയതാണ്. ദി ഒമന്‍ അടിച്ചുമാറ്റി വെള്ളിനക്ഷത്രമുണ്ടാക്കിയ വിനയനില്‍ നിന്നും ഇത്തരം കലാപരിപാടികള്‍ ഒട്ടും അപ്രതീക്ഷിതമല്ല.

ആക്ഷന്‍ എന്ന പേരില്‍ കമ്പ്യൂട്ടര്‍ ഗിമ്മിക്സ് ഉപയോഗിച്ചുള്ള അതിശയോക്തി നിറഞ്ഞ രംഗങ്ങളാണ് വിനയന്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പൃഥ്വിരാജിന്റെ ആക്ഷന്‍, മോഹന്‍ലാലിന്റെ ആക്ഷന്‍ സിനിമകളും മമ്മൂട്ടിയുടെ പൊലീസ് സിനിമകളും കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് ആക്ഷനായി അനുഭവപ്പെടുന്നുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X