ദിലീപ്, എന്തിനീ വാശി?
ദിലീപ്, എന്തിനീ വാശി?
സുധീഷ്
ദിലീപ് ആക്ഷന്‍ ഹീറോയായേ അടങ്ങൂയെന്ന വാശിയിലാണെന്നു തോന്നുന്നു. റണ്‍വേക്കു ശേഷം ഒരിക്കല്‍ കൂടി അധോലോക നായകന്റെ വേഷം കെട്ടിയ ദിലീപിന്റെ ഡോണ്‍ പക്ഷേ പ്രേക്ഷകരെ തീര്‍ത്തും നിരാശപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഷാജി കൈലാസുമായി ചേര്‍ന്ന് ഗുണ്ട എന്നൊരു ചിത്രം നേരത്തെ ദിലീപ് ആലോചിച്ചിരുന്നതാണ്. അത് ദിലീപിന്റെ തന്നെ ക്ഷേമം കണക്കിലെടുത്ത് ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഷാജി കൈലാസ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ആക്ഷന്‍ ഹീറോ ഇമേജാണ് തനിക്ക് ക്ഷേമം കൊണ്ടുവരികയെന്ന തെറ്റിദ്ധാരണയിലാണെന്നു തോന്നുന്നു ദിലീപ്.
ഷാജി കൈലാസ് ഒരു പ്രതാപകാലത്തിന്റെ നിഴലിലാണ്. ഏകലവ്യന്‍, കമ്മിഷണര്‍, ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ മെഗാഹിറ്റ് ആക്ഷന്‍ ത്രില്ലറുകളുടെ ശ്രേണിയില്‍ വരുന്ന ഒരു ചിത്രവും ഇപ്പോള്‍ അദ്ദേഹത്തിന് ഒരുക്കാന്‍ കഴിയുന്നില്ല. പഴയ സിനിമകളുടെ ചേരുവകള്‍ ചേര്‍ത്ത് തട്ടിക്കൂട്ടുന്നവയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍.
ദിലീപിനെ നായകനാക്കി ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്ത ഡോണും പഴയ ചിത്രങ്ങളുടെ നിഴലില്‍പ്പെടുന്ന ഒരു ചിത്രമാണ്. ഉസ്താദ്, ആറാം തമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളെ ഓര്‍മപ്പെടുത്തുന്ന പല മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തിലുണ്ട്.
എട്ടുവയസില്‍ തന്റെ അച്ഛനമ്മമാരുടെ കൊലയാളിയെ കൊലപ്പെടുത്തിയ ഉണ്ണികൃഷ്ണന്‍ (ദിലീപ്) വളര്‍ന്നപ്പോള്‍ അധോലോക നായകനായ സലാം ആയി മാറുന്നതിന്റെ കഥയാണ് ഡോണ്‍ പറയുന്നത്.
കൊച്ചിയിലെ തുറമുഖ പ്രദേശത്തെ തന്റെ സാമ്രാജ്യത്തിനുടമയായ ബാബ (ലാല്‍)യെ കൊല്ലാനുള്ള ശത്രുക്കളുടെ ശ്രമത്തില്‍ നിന്ന് ഉണ്ണിക്കൃഷ്ണന്‍ അദ്ദേഹത്തെ രക്ഷിച്ചു. അതോടെ ഉണ്ണി ബാബയ്ക്ക് പ്രിയപ്പെട്ടവനായി.
ഉണ്ണിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ബാബ അവന്റെ പേര് സലാം എന്ന് മാറ്റി. പതുക്കെ സലാം ബാബയുടെ വലംകൈയായി. ബാബയുടെ സാമ്രാജ്യത്തില്‍ അയാള്‍ ഒരു പ്രധാന കണ്ണിയായി.
പക്ഷേ ബാബയെ വകവരുത്താന്‍ ശത്രുക്കള്‍ ശ്രമിച്ചുകൊണ്ടിരുന്നു. കൊച്ചിയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്ന സംഘമാണ് ബാബയുടെ പ്രധാന ശത്രുക്കള്‍. ബാബയെ അനന്തിരവന്‍ (ഷമ്മി തിലകന്‍) കൊലപ്പെടുത്തുകയും കൊല നടത്തിയത് സലീമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു.
കൊലക്കേസില്‍ പ്രതിയായി ജയിലിലെത്തിയ സലാം അവിടെ വച്ച് തന്റെ പഴയ കൂട്ടാളികളെ കാണുന്നു. അതോടെ സലാം വീണ്ടും ഉണ്ണികൃഷ്ണനായി മാറി. തുടര്‍ന്ന് അവര്‍ക്കൊപ്പം ചേര്‍ന്ന് ഉണ്ണികൃഷ്ണന്‍ പ്രതികാര നിര്‍വഹണം നടത്തുന്നു.
ജെ.പള്ളശേരിയുടെ തിരക്കഥ ഒട്ടും ഇഴയടുപ്പമില്ലാത്തതാണ്. സംസ്കൃതശ്ലോകം ഉദ്ധരിക്കുന്ന ഷാജി കൈലാസ് സിനിമകളിലെ പതിവ് വില്ലനെ ഈ ചിത്രത്തിലും കാണാം. ആക്ഷന്‍ ഹീറോയായി മാറാന്‍ മീശ പിരിച്ചും മസില്‍ പെരുപ്പിച്ചും ദിലീപ് കാട്ടുന്ന കസര്‍ത്തുകള്‍ പ്രേക്ഷകന്റെ സഹതാപം പിടിച്ചുപറ്റാന്‍ ഉതകുന്നതാണ്. ഈ കസര്‍ത്തൊന്നുമില്ലാതെ തന്നെ മലയാളി പ്രേക്ഷകരുടെ ജനപ്രിയ താരമാണ് താനെന്നും അയലത്തെ പയ്യന്‍ ഇമേജിനു ചേര്‍ന്ന വേഷങ്ങളാണ് തനിക്ക് ഇണങ്ങുകയെന്നും ദിലീപ് ഇനിയെങ്കിലും തിരിച്ചറിയാതെ പോവരുത്.


Click it and Unblock the Notifications