പതാക എന്ന പാതകം
ഒരു പിടി സൂപ്പര്‍ഹിറ്റുകള്‍ തന്റെ കരിയറില്‍ എഴുതിച്ചേര്‍ത്ത സുരേഷ് ഗോപി മൂന്ന് വര്‍ഷത്തോളം വീട്ടിലിരിക്കേണ്ടി വന്നതും പിന്നീട് അപ്രതീക്ഷിതമായി തിരിച്ചുവരവ് നടത്തിയതും മലയാളത്തില്‍ സമാനതകളില്ലാത്ത ഒരു സൂപ്പര്‍സ്റാര്‍ എപ്പിസോഡാണ്. പക്ഷേ അനുഭവങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊള്ളാന്‍ ഭാവമില്ലെങ്കില്‍ പഴയ ചരിത്രം ആവര്‍ത്തന സ്വഭാവത്തോടെ അദ്ദേഹത്തെ തേടിയെത്താന്‍ അധികം വൈകില്ല.
മുഖത്തെ വക്രിച്ച ഭാവങ്ങളും കൈകാലുകള്‍ കൊണ്ടുള്ള ഗോഷ്ടിയും സ്കൂള്‍ വിദ്യാര്‍ത്ഥി സിനിമാസ്റൈലില്‍ പാഠമുരുവിടുന്നതു പോലെ എങ്ങുമെത്താത്ത നീളന്‍ ഡയലോഗ് കസര്‍ത്തും മടുത്തിട്ടാണ് പ്രേക്ഷകന്‍ ഒരു ഘട്ടത്തില്‍ സുരേഷ് ഗോപി വീട്ടിലിരിക്കുന്നതാണ് നല്ലത് എന്ന് വിധിച്ചത്. അക്കാലയളവില്‍ ഒരൊറ്റ സുരേഷ് ഗോപി ചിത്രവും സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായില്ല. ആക്ഷന്‍ ഹീറോയുടെ ആവര്‍ത്തിത ഭാവങ്ങള്‍ അത്രകണ്ട് പ്രേക്ഷകര്‍ക്ക് മടുത്തിരുന്നു.
തിരിച്ചുവരവിന് ശേഷം ഒന്നോ രണ്ടോ ഹിറ്റുകളിലൂടെ സജീവമാവുകയും സൂപ്പര്‍താര സിംഹാസനം തിരിച്ചുപിടിക്കുകയും ചെയ്ത സുരേഷ് ഗോപി പഴയ അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിച്ചില്ലേയെന്ന സന്ദേഹമാണ് പതാകനല്‍കുന്നത്. പ്രേക്ഷകര്‍ കേട്ടു മടുത്ത നെടുങ്കന്‍ ഡയലോഗുകള്‍... സൂപ്പര്‍താരത്തിന്റെ വക്രഭാവങ്ങള്‍...ഇതിനൊക്കെ പുറമെ പ്രേക്ഷകന്റെ ആസ്വദാനബോധത്തെ വെല്ലുവിളിക്കുന്ന ഒരു കഥയും.
ലൈംഗികാപവാദ കേസില്‍ കുടുങ്ങിയ മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഇമേജെന്ന കാക്കയെ കുളിപ്പിച്ച് കൊക്കാക്കാന്‍ വേണ്ടിയാണ് പതാക എന്ന സിനിമ പടച്ചുവിടുന്നതെന്നും കേരളത്തിലെ തിയേറ്ററുകളില്‍ പാറിക്കളിക്കാന്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പതാകയെത്തുമെന്നുമായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ട്. പക്ഷേ സിനിമ പൂര്‍ത്തിയാക്കാനായത് വളരെ വൈകിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചിത്രത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും അതിനാല്‍ ഇനിയുള്ള കാലം അത് പെട്ടിയില്‍ തന്നെ കിടക്കുമെന്നുമായിരുന്നു പിന്നെ കേട്ടത്. എന്നാല്‍ അപ്രതീക്ഷിതമായി പതാക ഓണത്തിന് സുരേഷ് ഗോപി ചിത്രമായി തിയേറ്ററുകളിലെത്തി.


Click it and Unblock the Notifications