twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക്കല്‍ പൊലീസിന് കണ്ടെത്താവുന്ന നേര്

    By Staff
    |

    ലോക്കല്‍ പൊലീസിന് കണ്ടെത്താവുന്ന നേര്
    അവിനാഷ്

    ഒരു കുറ്റാന്വേഷണ കഥാപാത്രവുമായി നാലാം തവണയുമെത്തുമ്പോള്‍ പതിവു സസ്പെന്‍സ് സിനിമകളില്‍ നിന്ന് വിഭിന്നമായി ചിലതൊക്കെ ഒരുക്കാനായില്ലെങ്കില്‍ ആ ചിത്രം വേണ്ടത്ര സ്വീകരിക്കപ്പെട്ടുവെന്നു വരില്ല. അതുമനസിലാക്കിയാണ് കെ.മധു-എസ്.എന്‍.സ്വാമി ടീം സിബിഐ സിനിമാ പരമ്പരയിലെ നാലാമത്തെ ചിത്രമായ നേരറിയാന്‍ സിബിഐക്ക് ഇതിവൃത്തം കണ്ടെത്തിയത്.

    സേതുരാമയ്യര്‍ സിബിഐ എന്ന മൂന്നാമത്തെ സിബിഐ ചിത്രം കഴിഞ്ഞ വര്‍ഷമെത്തിയത് രണ്ടാമത്തെ സിബിഐ ചിത്രമിറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷമാണ്. പ്രേക്ഷകര്‍ ശിരസിലേറ്റിയ സിബിഐ ഓഫീസര്‍ സേതുരാമയ്യര്‍ എന്ന കഥാപാത്രം വീണ്ടുമെത്തിയപ്പോള്‍ ആ ചിത്രത്തെയും പ്രേക്ഷകര്‍ സ്വീകരിച്ചു. ഒരു വര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ വീണ്ടും ആ കഥാപാത്രമെത്തുമ്പോള്‍ മറ്റു സിബിഐ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായ അന്തരീക്ഷമൊരുക്കാനാണ് കെ.മധു-എസ്.എന്‍.സ്വാമി ടീം ശ്രമിച്ചത്.

    അതീന്ദ്രീയശക്തികളുടേതെന്നു കരുതപ്പെടുന്ന വിളയാട്ടങ്ങള്‍ക്കു പിന്നിലെ നേരറിയുകയാണ് ഇത്തവണ സേതുരാമയ്യരുടെ ദൗത്യം. തീര്‍ത്തും അസ്വാഭാവികമെന്നു തോന്നിപ്പിക്കുന്ന ഒരു കൊലപാതകത്തിനു പിന്നിലെ പൊരുളറിയാന്‍ സേതുരാമയ്യരെത്തുമ്പോള്‍ വളരെ ശക്തമായ ഒരു അന്വേഷണകഥയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

    ദുരൂഹകള്‍ ചൂഴ്ന്നുനില്‍ക്കുന്ന കണിമംഗലം കോവിലകത്തു നടക്കുന്ന ഒരു കൊലപാതകത്തെ കേന്ദ്രീകരിച്ചാണ് സേതുരാമയ്യരുടെ അന്വേഷണം. കോവിലകത്തെ അംഗമായ അനിത(ഗോപിക)യോടൊപ്പം അവിടെയെത്തുന്ന കൂട്ടുകാരി മൈഥിലി (സംവൃത)യുടെ കൊലക്കു പിന്നില്‍ ചില അതീന്ദ്രിയശക്തികളാണെന്ന വിശ്വാസത്തിനു പിന്നിലെ നേരു കണ്ടെത്താനാണ് സേതുരാമയ്യര്‍ ശ്രമിക്കുന്നത്.

    കണിമംഗലം കോവിലത്തെ അംഗങ്ങളും അവിടേക്ക് മന്ത്രവാദത്തിനായി കൊണ്ടുവരുന്ന താന്ത്രികന്‍ കാപ്രയും അവിടെ നടന്ന കൊലക്കു പിന്നില്‍ അതീന്ദ്രിയമായ ഏതോ ശക്തിയാണെന്ന് വിശ്വസിക്കുമ്പോള്‍ ആ വിശ്വാസത്തെ നേരിടാനാണ് സേതുരാമയ്യരെത്തുന്നത്. മണിച്ചിത്രത്താഴില്‍ മോഹന്‍ലാലിന്റെ ഡോ.സണ്ണി നടത്തുന്നതു പോലുള്ള ചില വിശദീകരണങ്ങളും കാപ്രയുമായുള്ള വാക്പോരുമൊക്കെയായി സേതുരാമയ്യര്‍ ആ വിശ്വാസത്തെ നേരിടുകയാണ്.

    കുറ്റവാളി ആരാണെന്നത് പ്രേക്ഷകര്‍ക്ക് ഒരു തരത്തിലും ഊഹിക്കാന്‍ കഴിയരുതെന്നതാണ് സസ്പെന്‍സ് സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനമെന്നാണ് വിശ്വാസം. ആ വിശ്വാസത്തിന് അനുസരിച്ചുള്ള ക്ലൈമാക്സാണ് കെ.മധു-എസ്.എന്‍.സ്വാമി ടീം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ആ ക്ലൈമാക്സ് സിനിമയുടെ അതുവരെയുള്ള മൂഡിന് നിരക്കാത്തതായി. ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയാവുന്ന ഒരു കേസിന് അമാനുഷിക പരിവേഷം നല്‍കാന്‍ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ഏറെ മിനക്കെട്ടിട്ടുണ്ട്.

    കണിമംഗലം കോവിലകത്തുണ്ടായ പല അസാധാരണ സംഭവങ്ങളുടെയും പശ്ചാത്തലമാണ് മൈഥിലിയുടെ കൊലയ്ക്കു പിന്നിലും അമാനുഷിക ശക്തിയാണെന്ന വിശ്വാസത്തിന് ആധാരം. മൈഥിലി കൊലക്കേസ് അന്വേഷിക്കുന്ന സിബിഐ അവിടെ നടന്ന മറ്റൊരു അസ്വാഭാവിക മരണവും കൊലപാതകമാണെന്നു കണ്ടെത്തുന്നു. എന്നാല്‍ അവിടെ നടന്നുവെന്ന് പറയുന്ന മറ്റു പല അസ്വാഭാവിക സംഭവങ്ങളെ കുറിച്ചും തിരക്കഥാകൃത്ത് മൗനം പാലിക്കുന്നു. പ്രേതമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മുറിയിലെത്തിയ പൊലീസ് നായ വിഭ്രാന്തി കാണിക്കുന്നതും ആ മുറിയില്‍ കിടന്നുറങ്ങിയ ഐപിഎസ് ഓഫീസര്‍ താനറിയാതെ വീടിന്റെ ചായ്പ്പിലെത്തിയതുമായ സംഭവങ്ങള്‍ക്ക് സേതുരാമയ്യരിലൂടെ തിരക്കഥാകൃത്ത് നല്‍കുന്ന വിശദീകരണവും വ്യക്തമോ തൃപ്തികരമോ അല്ല.

    യാതൊരു അസ്വാഭാവികതയുമില്ലാത്ത ഒരു കൊലപാതകത്തിന് അസ്വാഭാവികമായ സാഹചര്യങ്ങളൊരുക്കി അത് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കുക എന്ന മിനക്കേടിനാണ് എസ്.എന്‍.സ്വാമി ഒരുങ്ങിപുറപ്പെട്ടിരിക്കുന്നത്. കഥയിലെ സസ്പെന്‍സില്‍ മാത്രം സിനിമയെ കെട്ടിയിടുന്ന കുറ്റാന്വേഷണ സിനിമകളുടെ പരിമിതിയാണ് ഇത്.

    ഒട്ടും പുരോഗമിക്കാത്ത ഒരു സംവിധാന ശൈലിയാണ് കെ.മധുവിന്റേത്. സിബിഐ ഡയറിക്കുറിപ്പില്‍ നിന്നും നേരറിയാന്‍ സിബിഐയിലെത്തുമ്പോഴും മധുവിന്റെ സംവിധാനശൈലിയില്‍ യാതൊരു മാറ്റങ്ങളുമില്ല. കണിമംഗലത്തെ വേലക്കാരനെ സിബിഐ ഉദ്യോഗസ്ഥര്‍ നേരിടുന്നതു പോലുള്ള രംഗങ്ങളില്‍ സംവിധായകന്റെ പരിമിതികള്‍ പ്രകടമാണ്.

    അഞ്ചോളം പ്രമുഖ കമ്പനികളുടെ പരസ്യങ്ങളാണ് സിനിമയില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെടുന്നത്. ടിവി സീരിയലുകള്‍ക്കിടയിലെ പരസ്യങ്ങള്‍ പോലെയെത്തുന്ന ഈ കമേഴ്സ്യല്‍ ബ്രെയ്ക്ക് വല്ലാതെ അരോചകമായിട്ടുണ്ട്. മമ്മൂട്ടി സിബിഐ ഓഫീസറായി മാത്രല്ല, ചില പരസ്യങ്ങളുടെ മോഡലായി കൂടിയാണ് ഈ ചിത്രത്തില്‍ വേഷമിടുന്നത്.

    സിബിഐ സിനിമാ പരമ്പരയില്‍ ഇനിയൊരു അഞ്ചാം ഭാഗം കൂടിയുണ്ടാവുമോ? അങ്ങനെയൊരു നീക്കത്തിനു മുമ്പ് ഓണസിനിമകളുടെ ഹിറ്റ്ചാര്‍ട്ടില്‍ ഈ ചിത്രം മൂന്നാം സ്ഥാനത്താണെണ വസ്തുത കെ.മധു-എസ്.എന്‍.സ്വാമി ടീമിന് കണക്കിലെടുത്തേ പറ്റൂ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X