പുതുമയില്ലാത്ത ഗ്രീറ്റിംഗ്സ്
പുതുമയില്ലാത്ത ഗ്രീറ്റിംഗ്സ്
മനോജ്
തന്റെ പതിവുശൈലിയില്‍ നിന്ന് മാറി ഷാജുണ്‍ കാര്യാല്‍ കോമഡി ട്രാക്കില്‍ ഒരുക്കിയ ചിത്രമാണ് ഗ്രീറ്റിംഗ്സ്. ഹാസ്യം അവതരിപ്പിക്കുന്നതില്‍ വിജയമായ ജയസൂര്യയെയാണ് തന്റെ ആദ്യത്തെ കോമഡി പരീക്ഷണത്തില്‍ ഷാജുണ്‍ കാര്യാല്‍ നായകനാക്കിയിരിക്കുന്നത്.
പഴയ ഹിറ്റ് ചിത്രങ്ങളെ ഓര്‍മിപ്പിക്കാത്ത കഥാഘടനയുള്ള പുതുമയുള്ള സിനിമകള്‍ മലയാളത്തില്‍ ഇപ്പോള്‍ അപൂര്‍വസംഭവമാണ്. ഗ്രീറ്റിംഗ്സിലും പ്രേക്ഷകര്‍ അത്തരമൊരു അപൂര്‍വസംഭവം പ്രതീക്ഷിക്കേണ്ടതില്ല. കിലുക്കം, ഇഷ്ടം തുടങ്ങിയ ചിത്രങ്ങളുടെ കഥയെ ഓര്‍മിപ്പിക്കുന്നതാണ് മണി ഷൊര്‍ണൂര്‍ തിരക്കഥ എഴുതിയ ഗ്രീറ്റിംഗ്സിന്റെ പ്രമേയം.
സുഹൃത്തുക്കളെ പോലെ കഴിയുന്ന ഒരച്ഛന്റെയും മകന്റെയും കഥയാണ് ഗ്രീറ്റിംഗ്സ്. ജയസൂര്യയും ഇന്നസെന്റുമാണ് നമ്മുടെ മുന്നിലെത്തുന്ന ഈ മകനും അച്ഛനും. ഈ അച്ഛനെയും മകനെയും പ്രേക്ഷകര്‍ നേരത്തെ കണ്ടിട്ടുള്ളതാണ്. ഇഷ്ടത്തില്‍ ദിലീപും നെടുമുടിവേണുവും അവതരിപ്പിച്ച കഥാപാത്രങ്ങളെ മാതൃകയാക്കിയാണ് ജയസൂര്യയുടെയും ഇന്നസെന്റിന്റെയും ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. നിഗൂഢമായ ചില രഹസ്യങ്ങളുമായി അവരുടെയിടയിലേക്ക് വരുന്ന ശീതള്‍ എന്ന കഥാപാത്രം കിലുക്കത്തില്‍ രേവതി അവതരിപ്പിച്ച കഥാപാത്രത്തെയും ഓര്‍മിപ്പിക്കുന്നു.
നഗരത്തിലെ ഒരു കോളനിയില്‍ താമസിക്കുന്ന ചില കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഗോപനും അരവിന്ദഫക്ഷനുമാണ് അവരില്‍ രണ്ടുപേര്‍. ഗോപനും (ജയസൂര്യ) അരവിന്ദാക്ഷനും (ഇന്നസെന്റ്) അച്ഛന്റെയും മകന്റേതുമായ അകലങ്ങളൊന്നുമില്ല. അവര്‍ക്കിടയില്‍ രഹസ്യങ്ങളില്ല. എല്ലാ തുറന്നുപറയും.
അവരുടെ അടുത്ത വീടുകളിലാണ് വേര്‍പിരിഞ്ഞുകഴിയുന്ന അഭിഭാഷക ദമ്പതികള്‍ (സിദ്ദിക്കും ഗീതയും) താമസിക്കുന്നത്. അവരുടെ മകന്‍ ദില്ലിയിലാണ്. അച്ഛനമ്മമാര്‍ വീണ്ടും ഒന്നിക്കാതെ താന്‍ തിരികെ നാട്ടിലേക്ക് മടങ്ങില്ലെന്ന വാശിയിലാണ് അവന്‍.
ദില്ലിയില്‍ നിന്നും ശീതള്‍ (കാവ്യാമാധവന്‍) പേയിംഗ് ഗസ്റായി താമസിക്കാന്‍ ഗോപന്റെയും അരവിന്ദാക്ഷന്റെയും വീട്ടിലെത്തുന്നതോടെ അവരുടെ ജീവിതത്തില്‍ ചില സംഭവങ്ങള്‍ക്ക് തുടക്കമായി. പതുക്കെ ഗോപനും ശീതളും പ്രണയത്തിലായി. അഭിഭാഷക ദമ്പതികളെ ഒന്നിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുക്കുകയാണ് തുടര്‍ന്ന് അവര്‍. തുടര്‍ന്നുള്ള കഥയും സംഭാഷണങ്ങളുമെല്ലാം തീര്‍ത്തും പ്രവചനീയമായ ഒരു ഗതിയിലാണ്.
ഇടവേളക്ക് ശേഷം ചിത്രം വല്ലാതെ ഇഴഞ്ഞുനീങ്ങുന്നുണ്ട്. സലിംകുമാറും ഇന്നസെന്റും ജയസൂര്യയുമെല്ലാം ചേര്‍ന്നുള്ള കോമഡി രംഗങ്ങള്‍ ശരാശരിയ്ക്കും താഴെയാണ്. രവീന്ദ്രന്‍ സംഗീതം നല്‍കിയ ഗാനങ്ങളൊന്നും കേള്‍ക്കാന്‍ ഇമ്പമുള്ളതല്ല.


Click it and Unblock the Notifications