For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്ലാസ്മേറ്റ്സ്: ക്രാഫ്റ്റിന്റെ കരുത്ത്

  By Staff
  |

  കഥയും അത് പരിചരിക്കുന്ന സംവിധായകനും തിരക്കഥാകൃത്തുമാണ് സിനിമക്ക് പരമപ്രധാനം. അത്ഭുതവിജയം നേടിയ ലാല്‍ ജോസിന്റെ ക്ലാസ്മേറ്റ്സ് അക്കാര്യം വീണ്ടും ഓര്‍മിപ്പിക്കുന്നു. ചില ചിട്ടവട്ടങ്ങളില്‍ കുടുങ്ങിപ്പോയ മലയാള സിനിമയില്‍ പുതുമയും ശക്തിയുമുള്ള ചിത്രങ്ങള്‍ ഇനിയുമുണ്ടാവുമെന്ന പ്രതീക്ഷയും ക്ലാസ്മേറ്റ്സ് നല്‍കുന്നു.

  ക്ലാസ്മേറ്റ്സ് ഒരു പരീക്ഷണ ചിത്രമാണ്. സൂപ്പര്‍താര സാന്നിധ്യമില്ല. ഏതെങ്കിലും ഒരു താരത്തെ മാത്രം കേന്ദ്രീകരിച്ച് നീങ്ങുന്ന കുറ്റിയില്‍ കെട്ടിയ പശുവല്ല ഈ ചിത്രം. ഒരു നവാഗത തിരക്കഥാകൃത്ത് പകരുന്ന ഫ്രെഷ്നസ് ചിത്രത്തിലുടനീളമുണ്ട്. കഥ പറയുന്ന ശൈലിക്ക് പുതുമയുണ്ട്. ഫ്ലാഷ്ബാക്കും അതിനുള്ളിലെ ഫ്ലാഷ്ബാക്കുമായി സിനിമയുടെ ഘടന തന്നെ ആസ്വാദ്യമായ ഒരു അനുഭവമായി മാറുന്നു. യുവതാര നിരയില്‍ മികച്ച ചില അഭിനേതാക്കളുണ്ടെന്ന് ഈ ചിത്രം കാട്ടിത്തരുകയും ചെയ്യുന്നു.

  ലാല്‍ ജോസ് ഈ ചിത്രത്തിലൂടെ മലയാള സിനിമക്ക് പകരുന്നത് പുതിയൊരു ഊര്‍ജമാണ്. നാലോ അഞ്ചോ കഥാപാത്രങ്ങളിലൂടെ മുന്നോട്ടുപോകുന്ന ഒരു ചിത്രം മലയാള സിനിമക്ക് സങ്കല്പിക്കാന്‍ പോലുമാവാത്ത വിധം സൂപ്പര്‍താരങ്ങള്‍ക്കു വേണ്ടി മാത്രമായി സിനിമകള്‍ പടച്ചുവിടുന്ന ഒട്ടും ആരോഗ്യകരമല്ലാത്ത അന്തരീക്ഷത്തിലാണ് ലാല്‍ ജോസ് ക്ലാസ്മേറ്റ്സ് എന്ന പരീക്ഷണത്തിന് മുതിര്‍ന്നത്. അതിന് ലാല്‍ ജോസ് കാട്ടിയ ചങ്കൂറ്റത്തെ പ്രശംസിച്ചേ മതിയാവൂ.

  തുറുപ്പുഗുലാന്‍മാരും ഡോണുകളും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന മലയാള സിനിമയില്‍ സൂപ്പര്‍താരങ്ങളുടെ ഫാന്‍സിഡ്രസ് കണ്ടുമടുത്ത് ചെടിച്ചിരിക്കുന്ന പ്രേക്ഷകനു മുന്നിലാണ് ക്ലാസ്മേറ്റ്സുമായി ലാല്‍ ജോസ് എത്തിയത്. പ്രേക്ഷകരില്‍ ഒരു തരം മാന്ത്രികതരംഗം ഉണ്ടാക്കാന്‍ മാത്രമുള്ള കരുത്ത് ക്ലാസ്മേറ്റ്സിന്റെ തിരക്കഥയ്ക്കും ക്രാഫ്റ്റിനുമുണ്ട്. രണ്ടര മണിക്കൂര്‍ സമയത്തിനിടയില്‍ ഒരിക്കല്‍ പോലും പ്രേക്ഷകനെ സിനിമയില്‍ നിന്ന് അകറ്റാത്ത വിധം ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് ലാല്‍ ജോസ് ഒരുക്കിയത്.

  കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ മിക്കതും യാഥാര്‍ത്ഥ കാമ്പസുമായി ഏറെ അകലം പാലിക്കുന്ന ഡ്രാമകളാണ്. അതേ സമയം ചാമരം പോലുള്ള ചിത്രങ്ങള്‍ കാമ്പസിന്റെ പശ്ചാത്തലത്തില്‍ ചില അസാധാരണ ബന്ധങ്ങളുടെ കഥയാണ് പറഞ്ഞത്. യാഥാര്‍ത്ഥ്യ പ്രതീതിയുള്ള കാമ്പസ് ലോകം ക്ലാസ്മേറ്റ്സില്‍ ഒരുക്കിയിട്ടുണ്ട്. വളരെ ഭദ്രമായ ചില സസ്പെന്‍സുകളാണ് ക്ലാസ്മേറ്റ്സിന്റെ ക്രാഫ്റ്റിന് ബലമേകുന്നത്.

  സുകുമാരനും താരാ കുറുപ്പും തമ്മിലുള്ള പ്രണയം (ഇരുവരും പരസ്പരം പ്രണയം വെളിപ്പെടുത്തുന്ന രംഗം വല്ലാതെ പൈങ്കിളിയായപ്പോള്‍ പ്രേക്ഷകര്‍ കൂവാനും മറക്കുന്നില്ല.), പെണ്‍കുട്ടികളുടെ പിന്നാലെ നടക്കുന്ന കാമദേവന്‍ പയസ്, സ്വന്തം രാഷ്ട്രീയജീവിതം ഭദ്രമാക്കാന്‍ കുരുട്ടുബുദ്ധികള്‍ ഉപയോഗിക്കുന്ന സതീശന്‍ കഞ്ഞിക്കുഴി എന്ന രാഷ്ട്രീയനേതാവ്, അതിനിടയില്‍ ആരും അറിയാതെ പോവുന്ന മറ്റ് രണ്ട് നിരുപദ്രവികളുടെ പ്രണയബന്ധം.... കാമ്പസ് ജീവിതത്തില്‍ പലരും കണ്ടിരിക്കാവുന്ന ചില ഏടുകള്‍ തന്നെയാണ് ഈ ചിത്രത്തില്‍ തെളിയുന്നത്. അതിന് മുഖ്യധാരാ സിനിമയുടെ വര്‍ണച്ചാര്‍ത്തുകള്‍ കൂടിയായപ്പോള്‍ പ്രേക്ഷകരില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ദൃശ്യവിരുന്നാക്കി മാറ്റാന്‍ ലാല്‍ ജോസിന് കഴിഞ്ഞു.

  സുകുമാരനായി പൃഥ്വിരാജും പയസായി ഇന്ദ്രജിത്തും മികച്ച അഭിനയമാണ് കാഴ്ച വച്ചത്. തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും പൃഥ്വിരാജ് ക്ലാസ്മേറ്റ്സിലെത്തുമ്പോള്‍ ഏറെ വളര്‍ന്നിരിക്കുന്നു. ഗായകനായ മുരളിയായി നരേനും റസിയയായി രാധികയും വേറിട്ടുനിന്നു. യുവതാരങ്ങള്‍ക്കിടയില്‍ തങ്ങളുടേതായ സ്ഥാനമുറപ്പിക്കാന്‍ കഴിവുള്ള രണ്ട് അഭിനേതാക്കള്‍.

  നവാഗതനായ ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥ കരുത്തുള്ളതാണ്. ചിത്രത്തിലെ സസ്പെന്‍സ് ഭദ്രമായി നിലനിര്‍ത്താനും കാമ്പസിന്റെ ചൂടും ചൂരുമുള്ള രംഗങ്ങളൊരുക്കാനും ജെയിംസ് ആല്‍ബര്‍ട്ടിന് കഴിഞ്ഞു. അലക്സ് പോള്‍ ഈണമിട്ട് വയലാര്‍ ശരത്ചന്ദ്രവര്‍മ എഴുതിയ ഗാനങ്ങള്‍ ഇമ്പമാര്‍ന്നതാണ്. ചിത്രത്തിന്റെ നൊസ്റാള്‍ജിക് മൂഡിന് ചേര്‍ന്നതായി ഈ ഗാനങ്ങള്‍. രാജീവ് രവിയുടെ ക്യാമറ ചിത്രത്തിന്റെ മികച്ച ക്രാഫ്റ്റിന് പിന്നിലെ മറ്റൊരു ഘടകമാണ്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X