For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേജര്‍ രവി നിഷ്കളങ്കനല്ല

  By Staff
  |

  ‍കാര്‍ഗില്‍ യുദ്ധത്തിന്റെ കാണാപ്പുറങ്ങളിലേയ്ക്ക് കാമറ തിരിക്കാന്‍ മേജര്‍ രവിയ്ക്ക് കഴിഞ്ഞില്ലെങ്കിലെന്ത്, ഇന്നേവരെ മലയാളി കാണാത്ത പശ്ചാത്തലത്തില്‍ ത്രസിപ്പിക്കുന്ന ഒരു യുദ്ധചിത്രമൊരുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

  മൈനസ് നാല്‍പതു വരെ താഴുന്ന അന്തരീക്ഷ ഊഷ്മാവില്‍ ഹിമാലയത്തിന്റെ നിഗൂഡഭീകരതകള്‍ പേറുന്ന കാര്‍ഗില്‍ പ്രദേശത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍ നേടിയ യുദ്ധവിജയത്തിന്റെ കഥയാണ് കുരുക്ഷേത്ര. 1999ല്‍ പാകിസ്താനുമായി നടന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ മലയാള സിനിമാവിഷ്കരണമാണ് മേജര്‍ രവി നടത്തുന്നത്.

  ഹിമാലയത്തിലേയ്ക്ക് സാഹസിക സഞ്ചാരം നടത്തുന്നവര്‍ക്കല്ലാതെ സാധാരണ മലയാളികള്‍ക്ക് തീര്‍ത്തും അപരിചിതമായ പ്രദേശമാണ് കാര്‍ഗില്‍. അവിടെയൊരുക്കിയ സിനിമാ കാഴ്ച പ്രേക്ഷകര്‍ക്ക് പുതിയൊരു നയനവിരുന്നാകുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.

  കാര്‍ഗിലില്‍ ചിത്രീകരിക്കുന്ന മലയാള സിനിമ കാണാന്‍ പ്രേക്ഷകര്‍ അതുകൊണ്ടു തന്നെ ആവേശം കൊളളും. കുറേ അറിവുകള്‍ നമുക്ക് ഈ ചിത്രം തരുന്നുണ്ട്. കത്തുവായനയും ബാരക്കുകളിലെ തമാശയുമൊക്കെ ഒരു പട്ടാള ചിത്രത്തിനും ഒഴിവാക്കാനാവില്ലെന്നും ഈ ചിത്രം തെളിയിക്കുന്നു. സൈനിക പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമകള്‍ എത്രയോ ആവര്‍ത്തിച്ച രംഗങ്ങള്‍ മേജര്‍ രവിയ്ക്കും ഒഴിവാക്കാനാവുന്നില്ല.

  കൊല്ലപ്പെട്ട പട്ടാളക്കാരുടെ ശവശരീരം കാണിച്ചാണ് അവശേഷിക്കുന്നവരില്‍ യുദ്ധവീര്യം കുത്തിച്ചെലുത്തുന്നതെന്ന് എവിടെയോ കേട്ടിട്ടുണ്ട്. രാജ്യസ്നേഹിയായ പട്ടാളക്കാരന്‍ എന്നത് ഒരു മിത്താണ്. കൂട്ടുകാരന്റെ ചേതനയറ്റ ശവശരീരം കാണുമ്പോഴുണ്ടാകുന്ന പകയും പ്രതികാരവാഞ്ചയുമാണ് ശത്രുവിനെ കൊന്നുതളളാന്‍ ഒരോ പട്ടാളക്കാരനെയും പ്രേരിപ്പിക്കുന്നത്. പട്ടാളക്കാരന്റെ മനശാസ്ത്രം നാമറിയുന്നതിനേക്കാള്‍ നിഗൂഡമാണ്.

  കാര്‍ഗില്‍ യുദ്ധത്തിന്റെ കൃത്യമായ രാഷ്ട്രീയവും അതില്‍ നിന്ന് അന്താരാഷ്ട്ര ആയുധ വിപണിയുടെ ഗൂഡലക്ഷ്യങ്ങളും ഈ ചിത്രത്തില്‍ തിരയുന്നവര്‍ വല്ലാതെ നിരാശരാകും. പര്‍വേശ് മുഷാറഫാണ് ചിത്രത്തിലെ വില്ലന്‍. മുഷാറഫിനു വേണ്ടിയാണ് തങ്ങള്‍ യുദ്ധം ചെയ്യുന്നതെന്ന് പാകിസ്താന്‍ പട്ടാളക്കാര് പറയുന്നതായി ചിത്രീകരിച്ചതില്‍ സംവിധായകന്റെ ലക്ഷ്യം സ്പഷ്ടമാണ്. കേണല്‍ മഹാദേവനും സംഘവും യുദ്ധം ചെയ്യുന്നത് രാജ്യത്തിനു വേണ്ടി. പാകിസ്താന്‍ പട്ടാളക്കാര്‍ യുദ്ധം ചെയ്യുന്നത് പര്‍വേശ് മുഷാറഫെന്ന പട്ടാളമേധാവിയ്ക്കു വേണ്ടി.

  കൊല്ലപ്പെടുന്ന ഇന്ത്യന്‍ പട്ടാളക്കാരുടെ ശവശരീരം പാക് സേന വികൃതമാക്കുന്നതും കേണല്‍ മഹാദേവന്‍ മൃതദേഹങ്ങളോട് ആദരവോടെ പെരുമാറുന്നതുമെല്ലാം കൃത്യമായ സൂചനകള്‍ തരുന്നുണ്ട്. യുദ്ധനന്മയുടെ വിളനിലമാണ് മഹാദേവന്‍. മുഷാറഫിന് വേണ്ടി യുദ്ധം ചെയ്യുന്നവരോ പ്രാകൃതമായ മാനസിക നിലയുളളവരും.

  അതിര്‍ത്തി തര്‍ക്കവും യുദ്ധവും വ്യാജഏറ്റുമുട്ടലുകളും ഭീകരവേട്ടയുമൊക്കെ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ എങ്ങനെയാണ് തങ്ങളുടെ ലക്ഷ്യസാധ്യത്തിനായി ഉപയോഗിക്കുന്നതെന്ന് പൊതുസമൂഹം തിരിച്ചറിയുന്ന വേളയിലാണ് കുരുക്ഷേത്ര റിലീസ് ചെയ്യപ്പെടുന്നത്. കേണല്‍ മഹാദേവന്‍ യുദ്ധം ചെയ്യുന്നത് രാജ്യത്തിനു വേണ്ടിയും, പാകിസ്താന്‍ പട്ടാളക്കാര്‍ യുദ്ധം ചെയ്യുന്നത് മുഷാറഫിനു വേണ്ടിയുമെന്ന സംവിധായകന്റെ സൂചന നടപ്പു സാഹചര്യത്തില്‍ എത്രത്തോളം ഏല്‍ക്കുമെന്ന് കണ്ടറിയണം. ഫാസിസത്തിന്റെ വിഷമുനകള്‍ പതിയിരിക്കുന്ന അക്രമാസക്തമായ ദേശീയത കൊണ്ട് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ രാഷ്ട്രീയ നേതൃത്വം മടിക്കുന്നില്ലെന്ന് നാം കൂടുതല്‍ കൃത്യമായി തിരിച്ചറിയുമ്പോള്‍ മേജര്‍ രവി നടത്തുന്ന യുദ്ധാഖ്യാനത്തിലേറെയും അസത്യമാണെന്ന് പറയേണ്ടി വരുന്നു.

  അടുത്ത പേജില്‍


  ബന്ധപ്പെട്ട വാര്‍ത്തകള്‍


  കുരുക്ഷേത്ര ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X