For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യുദ്ധത്തിന്റെ പിന്നാമ്പുറക്കാഴ്ചകള്‍

  By Staff
  |

  കുരുക്ഷേത്ര - നിരൂപണം - 2

  ഇന്ത്യയും പാകിസ്താനും തമ്മിലുളള തര്‍ക്കം നിതാന്തമായി തുടരേണ്ടത് ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. അതിനുമപ്പുറം അന്താരാഷ്ട്ര ആയുധ ലോബിയുടെ ആവശ്യമാണ്. ഒന്നേകാല്‍ ലക്ഷം കോടിയും കടന്ന് കുതിക്കുന്ന പ്രതിരോധ ബജറ്റ് ഒരു രാഷ്ട്രീയ സൂചനയും തരുന്നില്ലെന്നാണോ മേജര്‍ രവി കരുതുന്നത്?

  അമ്പത്തിയേഴായിരം കോടിയുടെ ആയുധങ്ങള്‍ ഈ വര്‍ഷം വാങ്ങാനുദ്ദേശിക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി പി ചിദംബരം ബജറ്റ് അവതരണ വേളയില്‍ വെളിപ്പെടുത്തി. 126 പുതിയ യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, മിസൈലുകള്‍ അങ്ങനെ പോകുന്നു ലക്ഷ്യം. സേനയ്ക്കു വേണ്ട ആയുധങ്ങള്‍ യഥാസമയം ലഭ്യമാകുന്നതിന് പണമില്ലായ്മ പ്രശ്നമാകരുതെന്നാണ് ഉദാരമനസ്കനായ ധനമന്ത്രി പറഞ്ഞത്. യുദ്ധഭീതിയും അക്രമാസക്തമായ ദേശീയതയും ജനതയില്‍ നിറഞ്ഞില്ലെങ്കില്‍ ഈ ചെലവിന് എന്ത് ന്യായീകരണം?

  കരാര്‍ നല്‍കുന്ന പുതിയ ആയുധങ്ങള്‍ വെടിപ്പുരയിലെത്തുമ്പോഴേയ്ക്കും പഴഞ്ചനാകുന്നത് മറ്റൊരു തലവേദന. ഓര്‍ഡര്‍ നല്‍കുന്ന ആയുധങ്ങള്‍ വെടിപ്പുരയിലെത്തുമ്പോഴേയ്ക്കും സാങ്കേതിക വിദ്യ മാറുന്നു. പഴകിയ സാങ്കേതിക വിദ്യയുമായി യുദ്ധരംഗത്തെത്തുന്നത് ആത്മഹത്യാപരം. അതിനാല്‍ എപ്പോഴും നമ്മുടെ കൈകളിലുണ്ടാകേണ്ടത് ഏറ്റവും പുതിയ ആയുധങ്ങള്‍. ഏറ്റവും പുതിയ ആയുധങ്ങളെന്നത് മറ്റൊരു മിത്താണ്. ഏറ്റവും പുതിയ ആയുധം വാങ്ങിയ ശേഷം ആയുധം വാങ്ങല്‍ അവസാനിപ്പിക്കാമെന്ന് കരുതാനാവില്ല. അനുനിമിഷം സാങ്കേതിക വിദ്യ മാറിക്കൊണ്ടേയിരിക്കും. വാങ്ങലും തുടര്‍ന്നു കൊണ്ടേയിരിക്കും.

  പുതിയ ആയുധങ്ങള്‍ക്കു വേണ്ടിയുളള പരക്കം പാച്ചിലുകള്‍ എങ്ങുമെത്താതെ മുന്നേറുമ്പോള്‍ ചിരിക്കുന്നത് ആരെന്ന് കാര്‍ഗില്‍ യുദ്ധ പശ്ചാത്തലത്തില്‍ മേജര്‍ രവി അന്വേഷിക്കുന്നില്ല. ആര്‍ക്കു വേണ്ടിയാണ് യുദ്ധങ്ങള്‍ സംവിധാനം ചെയ്യപ്പെടുന്നത് എന്ന മൗലികമായ ചോദ്യത്തിന് ഈ ചിത്രം ഉത്തരം പറയുന്നില്ല. അതിതീവ്ര ദേശീയതയെക്കുറിച്ചുളള വാചകമടിയില്‍ ആ ചോദ്യം മുക്കിക്കളയാനാണ് തിരക്കഥാകൃത്തു കൂടിയായ സംവിധായകന്റെ ശ്രമം.

  ആയുധ വിപണി ഉറപ്പു നല്‍കുന്ന കമ്മിഷന്റെ വലിപ്പം സംസ്ഥാന ബജറ്റുകളുടെ പല മടങ്ങാണ്. ചോദ്യം ചെയ്യാനാരും കടന്നു ചെല്ലാത്ത അതിവിശാലമായ ഒരു അധോലോക സാമ്രാജ്യത്തിന്റെ സൃഷ്ടിയാണ് ഓരോ യുദ്ധവും. പട്ടാളക്കാരന്റെ രാജ്യസ്നേഹത്തെക്കുറിച്ചുളള പൈങ്കിളി ഒലിപ്പീരുകള്‍ കൊണ്ട് അതിനെ മറച്ചു വെയ്ക്കാന്‍ ശ്രമിക്കുവര്‍ക്ക് ഈ അധോലോകത്തെ തൊടാനാവില്ല. അഥവാ തൊട്ടാല്‍, പിന്നീടൊരിക്കലും യുദ്ധ പശ്ചാത്തലത്തില്‍ ചിത്രങ്ങളെടുക്കാന്‍ അവരുടെ മുന്നില്‍ സൈനിക മേഖലകള്‍ തുറക്കപ്പെടുകയുമില്ല.

  യുദ്ധങ്ങളുടെ പിന്നാമ്പുറം ഈ ചിത്രം വെളിപ്പെടുത്തുന്നേയില്ല. സൈനിക മേധാവിത്വത്തിന്റെയും രാഷ്ട്രീയ നേതാക്കന്മാരുടെയും പ്രസ് റിലീസിനെ തിരക്കഥയാക്കുകയാണ് സംവിധായകന്‍. രാഷ്ട്രീയക്കുറുക്കന്മാരുടെ കാലാള്‍പ്പട മാത്രമാണ് പട്ടാളക്കാരെന്ന നഗ്നസത്യം സിനിമ മറച്ചു വെയ്ക്കുന്നു. ഏതു രാജ്യത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെ ചതുരംഗപ്പലകയിലെ വെറും കരുക്കളാണ് പട്ടാളക്കാര്‍‍‍. അവര്‍ തമ്മിലുളള വെറും സംഘട്ടനം മാത്രമാണ് യുദ്ധമെന്ന് വ്യാഖ്യാനിച്ച് യുദ്ധത്തിന്റെ രാഷ്ട്രീയം വല്ലാതെ ചുരുക്കാന്‍ മേജര്‍ രവി ശ്രമിക്കുന്നു. അതല്ല സത്യമെന്ന് പൗരന്‍ വീണ്ടും വീണ്ടും തിരിച്ചറിയുന്നു.

  വില്ലനും നായകനും തമ്മിലുളള നേര്‍ക്കുനേര്‍ സംഘട്ടനം ചിത്രീകരിച്ചതും തിരക്കഥയിലെ പാളിച്ചയെന്നേ പറയാനാകൂ. എട്ടു കോടിയോളമാണത്രേ ചിത്രത്തിന്റെ ചെലവ്. തീയേറ്ററിലെത്തുന്നവരെ തീവ്രദേശാഭിമാന വികാരത്തിന്റെ പരകോടിയിലെത്തിച്ച് ഈ മുടക്കുമുതല്‍ തിരിച്ചു പിടിക്കാമെന്ന് സംവിധായകന്‍ കരുതുന്നു. കേരളം പോലുളള ഠവട്ടത്തില്‍ നിന്ന് എട്ടുകോടി മുടക്കിയ ചിത്രം ലാഭം നേടണമെങ്കില്‍ തിരക്കഥ വല്ലാതെ പൈങ്കിളിവത്കരിക്കപ്പെട്ടേ മതിയാകൂ. മേജറെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  മുസ്ലിങ്ങളുടെ സ്വത്വ സംഘര്‍ഷത്തെക്കുറിച്ചുളള അസംബന്ധ സൂചനകളും ഈ ചിത്രത്തിലുണ്ട്. ഇന്ത്യന്‍ മുസ്ലിമാണ് താനെന്ന് ആവര്‍ത്തിച്ചു പറയുന്ന നായകനായിരുന്നു മുന്‍കാലങ്ങളില്‍ ദേശീയ മുസ്ലീമിന്റെ പതാക വഹിച്ചിരുന്നത്. എഫ്ഐആര്‍ എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ മുഹമ്മദ് സര്‍ക്കാര്‍ എന്ന കഥാപാത്രത്തെ ഓര്‍ക്കുക.

  കുരുക്ഷേത്രയില്‍ സിദ്ധിഖിന്റെ കഥാപാത്രം അതും നിരസിക്കുന്നു. ഇന്ത്യന്‍ മുസ്ലിം എന്നല്ല, ഇന്ത്യന്‍ പട്ടാളക്കാരന്‍ എന്ന് തന്നെ സംബോധന ചെയ്യാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. സംവിധായകന്റെ മനസ് വിചാരണ ആവശ്യപ്പെടുന്ന രംഗമാണ് ഇത്.

  ഒരു മുസ്ലിമിന് അവന്റെ സ്വത്വം പറഞ്ഞ് ആദരവ് പിടിച്ചു പറ്റുക അസാധ്യമാണത്രേ, ഇന്ത്യയില്‍. മുസ്ലിം എന്നു പറയാന്‍ പാടില്ല. പറയുന്നെങ്കില്‍ ഇന്ത്യന്‍ മുസ്ലിമെന്ന് പറയണമെന്നായിരുന്നു കുറെക്കാലം മുമ്പുവരെ സിനിമയിലെ നടപ്പു ന്യായം. ഇപ്പോഴതും പറയുന്നില്ല. സൈനികരായ മുസ്ലിങ്ങള്‍ക്കു പോലും തങ്ങള്‍ മുസ്ലിങ്ങളാണെന്ന് തുറന്നു പറയാന്‍ കഴിയുന്നില്ല. വിശേഷണ പദങ്ങളില്ലെങ്കില്‍ അവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുമത്രേ!

  ഹിന്ദുവിന് ഈയൊരു ഗതികേടില്ല. ഇന്ത്യന്‍ ഹിന്ദുവെന്ന് തെളിയിക്കേണ്ട ബാധ്യത ഹിന്ദുവിനില്ല. ഞാന്‍ ഹിന്ദുവല്ല, ഇന്ത്യന്‍ പട്ടാളക്കാരനാണെന്ന് ഒരു ഹിന്ദുവിനും പറയേണ്ടി വരുന്നില്ല. വെറും മുസ്ലിമെന്ന് പറഞ്ഞാല്‍ പാകിസ്താന്‍കാരനെന്നാണ് അര്‍ത്ഥമെന്ന് മേജര്‍ രവി സ്ഥാപിക്കുന്നു. ഇന്ത്യാക്കാരാണ് തങ്ങളെന്ന് മുസ്ലിങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിട്ട് ആരെയാണ് തങ്ങളുടെ അസ്ഥിത്വം ബോധിപ്പിക്കേണ്ടത്? സംഘപരിവാറിനെയോ?

  ഏതു വിധത്തില്‍ നോക്കിയാലും അക്രമാസ്തമായ ദേശീയതയുടെ വിഷപ്പല്ലുകള്‍ തെളിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് കുരുക്ഷേത്ര. കീര്‍ത്തിചക്രയില്‍ ഒളിച്ചു വെയ്ക്കാന്‍ ശ്രമിക്കുന്നത് കുരുക്ഷേത്രത്തില്‍ തെളിഞ്ഞു വരുന്നു. ഒരു സോദ്ദോശ പട്ടാളക്കഥയല്ല, കുരുക്ഷേത്ര. മേജര്‍ രവി നിഷ്കളങ്കനുമല്ല.

  മുന്‍പേജില്‍

  ബന്ധപ്പെട്ട വാര്‍ത്തകള്‍


  കുരുക്ഷേത്ര ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X