twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുവാക്കള്‍ക്ക് വേണ്ടാത്ത ഫെസ്റിവല്‍

    By Staff
    |

    യുവാക്കള്‍ക്ക് വേണ്ടാത്ത ഫെസ്റിവല്‍
    മനോജ്

    നമ്മള്‍, സ്വപ്നക്കൂട് എന്നീ ചിത്രങ്ങളുടെ വന്‍വിജയത്തെ തുടര്‍ന്ന് മലയാളത്തില്‍ യുവതരംഗം അലതല്ലുന്നുവെന്ന പ്രതീതിയുണര്‍ന്ന സമയത്ത് യുവനായകരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരു പിടി ചിത്രങ്ങള്‍ ഒരുങ്ങിയിരുന്നു. അക്കൂട്ടത്തില്‍ പെട്ടതാണ് ജോസ് തോമസിന്റെ യൂത്ത് ഫെസ്റിവല്‍. പക്ഷേ യുവാക്കളുടെ തിയേറ്ററിലേക്കുള്ള ഘോഷയാത്ര ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ കള്ളാ കള്ളാ കൊച്ചുകള്ളാ.. പാട്ടും കാമ്പസ് പ്രണയകഥയുമൊക്കെയായി ഇറങ്ങിയ ഈ ചിത്രത്തിന് ബോക്സോഫീസില്‍ മൂക്കും കുത്തി വീഴാനാണ് വിധി.

    ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രം റ്ിലീസ് ചെയ്യുന്നതിന് മുമ്പു തന്നെ ജോസ് തോമസിന്റെ യൂത്ത് ഫെസ്റിവലിനെ കുറിച്ചുള്ള അറിയിപ്പ് വന്നതാണ്. ഫോര്‍ ദി പീപ്പിള്‍ വന്‍വിജയം നേടിയതു കൊണ്ടാവണം ആ ചിത്രത്തിലേതിനു പോലുള്ള പാട്ടും പാട്ടുരംഗങ്ങവുമൊക്കെ ഈ ചിത്രത്തിലുമുണ്ട്. യുവാക്കള്‍ തിയേറ്ററില്‍ നൃത്തമാടുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു പരസ്യവാചകം തന്നെ. ഫോര്‍ ദി പീപ്പിള്‍ ഗാനങ്ങള്‍ക്കൊപ്പം യുവാക്കള്‍ തിയേറ്ററുകളില്‍ നൃത്തമാടിയതിനെ അനുസ്മരിപ്പിക്കുന്ന പരസ്യവാചകം. എല്ലാം കൊണ്ടും കാമ്പസ് കുമാരന്‍മാരെയും യുവാക്കളെയും ലക്ഷ്യമിട്ടിറങ്ങിയ ഒരു ചിത്രം. പക്ഷേ ജോസ് തോമസിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിപ്പോയി ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനം.

    ശക്തമായ ഒരു കഥയോ മികച്ച അവതരണമോ ഇല്ലെങ്കില്‍ ഒരു ചിത്രവും വിപണിയില്‍ വാഴില്ല. ത്രസിപ്പിക്കുന്ന പാട്ടുകളുടെയും നൃത്തരംഗങ്ങളുടെയും ചേരുവയുണ്ടായാലും ആകര്‍ഷകമായ കഥയും കഥപറച്ചിലുമില്ലാത്ത ഒരു ചിത്രത്തെയും പ്രേക്ഷകര്‍ അംഗീകരിക്കില്ല. യുവാക്കളുടെ ഉത്സവം എന്നൊക്കെ ഓരോ ട്രെന്റിന്റെ പോക്കു കണ്ട് പരസ്യവാചകം നല്‍കാമെന്നു മാത്രം. തിയേറ്ററില്‍ യുവാക്കളുടെ ഉത്സവമുണ്ടാവണമെങ്കില്‍ ചിത്രം കണ്ടിരിക്കാമെന്ന് അവര്‍ക്കു തോന്നണം. ആ തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ കഴിയാത്തതു തന്നെയാണ് യൂത്ത് ഫെസ്റിവലിന്റെ പരാജയ കാരണം.

    മെക്കാനിക്കായ ശിവന്‍ (എബി കുഞ്ഞുമോന്‍), ധനിക കുടുംബത്തില്‍ പിറന്ന കോളജ് വിദ്യാര്‍ഥി അര്‍ജുന്‍ (സിദ്ധാര്‍ഥ്) , അര്‍ജുന്‍ പ്രണയിക്കുന്ന പാര്‍വതി (ഭാവന), ഇവരുടെ ജീവിതത്തില്‍ പിന്നീട് കടന്നുവരുന്ന അമൃത (മീനാക്ഷി) എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. അര്‍ജുന്‍ പ്രണയിക്കുന്ന പാര്‍വതിയോട് ശിവനും പ്രണയമുണ്ട്. ശിവന്റെ മുറപ്പെണ്ണാണ് പാര്‍വതി. ആ ത്രികോണ പ്രണയകഥയില്‍ ഒരു വഴിത്തിരിവുണ്ടാക്കി കടന്നുവരികയാണ് അമൃത.

    കണ്ടുപഴകിയ പ്രമേയം തന്നെയാണ് യൂത്ത് ഫെസ്റിവലിലേത്. ചിത്രത്തിന്റെ ക്ലൈമാക്സ് ആവട്ടെ തമിഴ് ചിത്രം കാതല്‍ കൊണ്ടേനില്‍ നിന്നും അതേ പടി പകര്‍ത്തിവച്ചിരിക്കുകയാണ്.

    സലിംകുമാറും സി. ഐ. പോളുമൊക്കെയായി ചിത്രത്തില്‍ ചിരിയുണര്‍ത്താന്‍ ചില മുഹൂര്‍ത്തങ്ങള്‍ കുത്തിനിറച്ചിട്ടുണ്ട്. പക്ഷേ അതൊന്നും നിലവാരമുള്ള നര്‍മത്തിലേക്ക് ഉയര്‍ന്നില്ല. എബി കുഞ്ഞുമോന്‍ മലയാളത്തില്‍ ഇതാദ്യമായാണ്. തരക്കേടില്ലാത്ത അഭിനയം എബി കാഴ്ചവച്ചപ്പോള്‍ സിദ്ധാര്‍ഥ് നിരാശപ്പെടുത്തി. നമ്മള്‍ പോലെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ തുടക്കമിട്ട സിദ്ധാര്‍ഥ് നടനെന്ന നിലയില്‍ മുന്നോട്ടുപോവുന്ന കാര്യത്തില്‍ ഒരു പരുങ്ങലിലാണെന്ന് തോന്നുന്നു.

    എം. ജയചന്ദ്രന്‍ ഈണം പകര്‍ന്ന കള്ളാ കള്ളാ കൊച്ചുകള്ളാ.. എന്നു തുടങ്ങുന്ന പാട്ട് സൂപ്പര്‍ഹിറ്റായിട്ടുണ്ട്. ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത് ഈ പാട്ടാണ്. പക്ഷേ യുവാക്കളെ ആകര്‍ഷിച്ച ഈ പാട്ടിനൊന്നും ചിത്രത്തെ രക്ഷിക്കാനായില്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X