twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടുംബഭാരവും പേറി കല്ലുകൊണ്ടൊരു പെണ്ണ്...

    By Staff
    |

    കുടുംബഭാരവും പേറി കല്ലുകൊണ്ടൊരു പെണ്ണ്...

    സംവിധാനം: ശ്യാമപ്രസാദ്
    രംഗത്ത്: വിജയശാന്തി, സുരേഷ് ഗോപി, മുരളി, ദിലീപ് തുടങ്ങിയവര്‍
    സംഗീതം: ഇളയരാജ

    ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷമാണ് സുരേഷ് ഗോപിയും വിജയശാന്തിയും ഒന്നിച്ച കല്ലുകൊണ്ടൊരു പെണ്ണ് പ്രദര്‍ശനത്തിനെത്തിയത്. അഗ്നിസാക്ഷിയിലൂടെ ശ്രദ്ധേയനായ യുവസംവിധായകന്‍ ശ്യാമപ്രസാദിന്റെ ആദ്യത്തെ ചലച്ചിത്രം കൂടിയായിരുന്നു കല്ലുകൊണ്ടൊരു പെണ്ണ്.

    ഗള്‍ഫില്‍ നഴ്സായി ജോലി നോക്കുന്ന സീത (വിജയശാന്തി) യാണ് കല്ലുകൊണ്ടൊരു പെണ്ണിലെ കേന്ദ്ര കഥപാത്രം. രണ്ടു സഹോദരന്മാരും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് സീത.

    സീത ജോലി നോക്കുന്ന ആശുപത്രിയിലെ ഡോക്ടറാണ് സുരേഷ് (സുരേഷ് ഗോപി). കുടുംബഭാരം പേറുമ്പോഴും ഇത്തിരി സാന്ത്വനവും സമാധാനവും സീതയ്ക്ക് ലഭിച്ചിരുന്നത് സുരേഷില്‍ നിന്നായിരുന്നു. എന്നാല്‍ കുടുംബത്തിനുവേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറായ സീതയ്ക്ക് കാമുകനായ സുരേഷിനെയും ഒരവസരത്തില്‍ മറക്കേണ്ടി വന്നു.

    സീതയുടെ മൂത്ത സഹോദരന്‍ ഹരിദാസനും (മുരളി) ഭാര്യ അംബികയും രണ്ടു കുട്ടികളും സഹോദരി രാജിയും അനുജന്‍ വേണു (ദിലീപ്) വുമാണ് വീട്ടിലെ അംഗങ്ങള്‍. ഈ കുടുംബത്തിന്റെ നിത്യവൃത്തി നടന്നു പോകുന്നത് സീത അയയ്ക്കുന്ന കാശു കൊണ്ടാണ്.

    കുടുംബത്തിന്റെ ഭാരം ചെറുപ്പത്തില്‍ തന്നെ തോളിലേറ്റിയ സീത തന്നെയാണ് സഹോദരി രാജിയെ വിവാഹം ചെയ്തയക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയതും. നല്ലൊരു സര്‍ക്കാര്‍ ജോലി ഉണ്ടെങ്കിലും തനിക്ക് ഗള്‍ഫിലേക്ക് ഒരു വിസ ശരിയാക്കണമെന്നാണ് മോഹനചന്ദ്രന്‍ (മണിയന്‍ പിള്ള രാജു) സ്ത്രീധനമായി സീതയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

    സഹോദരിയുടെ വിവാഹത്തിനായി സീത നാട്ടിലേക്ക് പുറപ്പെടാനിരിക്കെ ഗള്‍ഫ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. അതോടെ സീതയെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ലാതായി. അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന അമ്മയും കുഞ്ഞും എന്ന അടിക്കുറിപ്പോടു കൂടി പുറത്തിറങ്ങിയ പത്രത്തിലൂടെയാണ് അവര്‍ വീണ്ടും സീതയെ കാണുന്നത്.

    യുദ്ധത്തിനു ശേഷം കുഞ്ഞിനോടൊത്ത് നാട്ടില്‍ തിരിച്ചെത്തിയ സീതയ്ക്ക് പിന്നീട് ഒട്ടേറെ വിഷമതകളിലൂടെ കടന്നു പോകേണ്ടി വന്നു.

    അഗ്നിസാക്ഷിയോളമില്ലെങ്കിലും വ്യത്യസ്തത കൊണ്ട് തനിക്കേറെ ചെയ്യാനുണ്ടെന്ന് ശ്യാമപ്രസാദ് ഈ ചിത്രത്തിലൂടെ തെളിയിച്ചു.

    സീതയുടെ വേഷത്തില്‍ വിജയശാന്തിയും ഡോ. സുരേഷായി സുരേഷ് ഗോപിയും നല്ല പ്രകടനമാണ് നടത്തിയത്. ഹരിദാസനെ അവതരിപ്പിച്ച മുരളിയും വേണുവിനെ അവതരിപ്പിച്ച ദിലീപും സാമാന്യം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സ്ത്രീധനമോഹിയായ സ്ഥിരം കഥാപാത്രമാണെങ്കിലും മണിയന്‍ പിള്ള രാജുവിന്റെ മോഹനചന്ദ്രന്‍ മികവു പുലര്‍ത്തി. വേണുവിന്റെ സുഹൃത്തും ഡ്രൈവറുമായി എപ്പോഴും നില കൊള്ളുന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹരിശ്രീ അശോകന്റേതാണ് മറ്റൊരു എടുത്തുപറയത്തക്ക പ്രകടനം.

    എസ്.എല്‍. പുരത്തിന്റെ നാടകത്തെ ആധാരമാക്കിയാണ് കല്ലുകൊണ്ടൊരു പെണ്ണിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. നിര്‍മ്മാതാവ് ജി. ജയകുമാര്‍ തന്നെയാണ് തിരക്കഥ രചിച്ചിട്ടുള്ളതും. ടി.എ. റസാഖിന്റെയും ശശിധരന്‍ ആറാട്ടുവഴിയുടെയും സംഭാഷണങ്ങള്‍ ചിത്രത്തിന്റെ ഒഴുക്കിനനുസരിച്ചുള്ളതായി. ഇളയരാജ ഈണം പകര്‍ന്ന ഒ.എന്‍.വിയുടെ ഗാനങ്ങളും മികവു പുലര്‍ത്തി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X