twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാതിവഴിയില്‍ നഷ്ടപ്പെട്ട സസ്പെന്‍സ്

    By Staff
    |

    പാതിവഴിയില്‍ നഷ്ടപ്പെട്ട സസ്പെന്‍സ്

    സംവിധാനം: ജി.എസ്. വിജയന്‍
    രംഗത്ത്: സുരേഷ് ഗോപി, ബിജു മേനോന്‍, താബു തുടങ്ങിയവര്‍
    സംഗീതം: ശരത്

    ആനവാല്‍ മോതിരം, സാഫല്യം എന്നീ ചിത്രങ്ങളിലൂടെ കഴിവു തെളിയിച്ച ജി.എസ്. വിജയനും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ബി. ഉണ്ണിക്കൃഷ്ണനും ഒത്തുചേര്‍ന്നപ്പോള്‍ പ്രേക്ഷകന് പ്രതീക്ഷിക്കാന്‍ കൂടുതലുണ്ടായിരുന്നു. എന്നാല്‍ പാതിവഴിയില്‍ വെച്ച് കഥമറന്ന് ആട്ടം തുടങ്ങുന്ന സസ്പെന്‍സ് ത്രില്ലറായി മാറുകയാണ് സുരേഷ് ഗോപി നായകനായ കവര്‍സ്റോറി.

    ചിത്രത്തിന്റെ ശില്പികള്‍ അവകാശപ്പെട്ടിരുന്നതുപോലെ തന്നെ ജാസ്മിന്‍ (താബു) എന്ന പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് സിനിമ തുടങ്ങുന്നത്. കമ്പ്യൂട്ടര്‍ എഞ്ചിനീയറായി നഗരത്തിലെത്തുന്ന ജാസ്മിന് ആദ്യത്തെ കൂട്ട് ലഭിക്കുന്നത് ജസ്റിസ് മേനോനില്‍ (നെടുമുടി വേണു) നിന്നാണ്. അച്ഛന്റെയും നല്ലൊരു സുഹൃത്തിന്റെയും പരിലാളന ജാസ്മിന് ജസ്റിസ് മേനോനില്‍ നിന്നു ലഭിച്ചു.

    എന്നാല്‍ ഒരു ക്രിസ്തുമസ് ദിവസം ജസ്റിസ് മേനോന്‍ തന്റെ മുറിയില്‍ അജ്ഞാതനായ അക്രമിയുടെ വെടിയേറ്റുമരിക്കുന്നു. കോണ്ടാക്ട് ലെന്‍സ് തട്ടിവീണുപോയതിനെത്തുടര്‍ന്ന് ജസ്റിസിന്റെ മുറിയില്‍ തപ്പിത്തടഞ്ഞെത്തുന്ന ജാസ്മിന്റെ കൈകള്‍ ചോരയിലാണ് പതിക്കുന്നത്. വാതിലിലേക്ക് നോക്കിയ അവള്‍ക്ക് കൊലയാളിയെ അവ്യക്തമായി മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ.

    ജസ്റിസിന്റെ മരണം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്ന് മുക്തയാകും മുമ്പ് ജാസ്മിന്റെ മുമ്പില്‍ വെച്ചുതന്നെ മേനോന്റെ ഉറ്റസുഹൃത്തും മുന്‍ ഡിജിപിയുമായ ആര്‍.വി. തമ്പുരാനും (റിസബാവ) വെടിയേറ്റുവീഴുന്നു. ഇതോടെ അസിസ്റന്റ് കമ്മീഷണര്‍ ആനന്ദ് (ബിജുമേനോന്‍) അടക്കമുള്ള പൊലീസുകാര്‍ ജാസ്മിന്റെ പിന്നാലെയായി.

    ആനന്ദിന്റെ ചോദ്യശരങ്ങളില്‍ നിന്ന് ജാസ്മിനെ രക്ഷപ്പെടുത്തുന്നത് ട്രൂവിഷന്‍ ചാനലിന്റെ മുഖ്യറിപ്പോര്‍ട്ടറായ വിജയ് (സുരേഷ് ഗോപി) ആണ്. ട്രൂവിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍കൂടിയാണ് അദ്ദേഹം. അപാരമായ ന്യൂസ് സെന്‍സുള്ള ആള്‍. തന്നെ പൊലീസുകാരുടെ ഇടയില്‍ നിന്ന് രക്ഷപ്പെടുത്തിയ ആളെ ജാസ്മിന്‍ പ്രേമിക്കുന്നത് സ്വാഭാവികം മാത്രം.

    എന്നാല്‍ ഒരിക്കല്‍കൂടി തന്റെ കോണ്ടാക്ട് ലെന്‍സ് നഷ്ടപ്പെട്ടപ്പോള്‍ ജാസ്മിന്‍ കൊലയാളിയെ കണ്ടെത്തുന്നു. ആ കൊലയാളി ജാസ്മിന് അത്രയും പ്രിയപ്പെട്ട ഒരാളായിരുന്നു. അതോടെ സിനിമയിലെ സസ്പെന്‍സ് അവസാനിക്കുന്നു. അതും ഒന്നാം പകുതിയുടെ അവസാനത്തോടെ. സിനിമയുടെ പ്രവര്‍ത്തകര്‍ ഇതൊരു മുഴുനീള സസ്പെന്‍സ് ത്രില്ലറാണെന്ന് അവകാശപ്പെടുന്നതുകൊണ്ട് ഈ അവലോകനത്തില്‍ ആ സസ്പെന്‍സിന്റെ കെട്ടഴിക്കാന്‍ ഞങ്ങള്‍ മുതിരുന്നില്ല. അതിനാല്‍ ഇനി മുതല്‍ യഥാര്‍ത്ഥ കൊലയാളിയെ കൊലയാളി എന്നു മാത്രം പരാമര്‍ശിക്കുന്നു.

    വര്‍ഷങ്ങള്‍ക്കു മുമ്പ് മാതാപിതാക്കള്‍ നഷ്ടപ്പെട്ടവനാണ് കൊലയാളി. സാമൂഹ്യപ്രതിബദ്ധതയുള്ളപത്രപ്രവര്‍ത്തകനായ മാധവന്‍ (എന്‍.എഫ്. വര്‍ഗ്ഗീസ്) ആയിരുന്നു കൊലയാളിയുടെ അച്ഛന്‍.

    ഒരിക്കല്‍ രാഷ്ട്രീയ നേതാവ് ഐസക് തോമസിന്റെയും (സിദ്ദിഖ്) അബ്കാരി സച്ചിദാനന്ദന്റെയും പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഒരു പെണ്‍കുട്ടി മാധവന്റെ വീട്ടിലെത്തുന്നു. നേതാവിന്റൈ സഹായത്തോടെ അവിടെ പെണ്‍വാണിഭം നടക്കുകയാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ മാധവനിലെ പത്രപ്രവര്‍ത്തകന്‍ ഉണര്‍ന്നു. തന്റെ ജ്വാലയില്‍ ഉടന്‍ തന്നെ അദ്ദേഹം അച്ചുകള്‍ നിരത്തി.

    അതിനു മാധവന്‍ കൊടുക്കേണ്ടിവന്ന വില വളരെ വലിയതായിരുന്നു. ഐസക് തോമസും സച്ചിദാനന്ദനും ഡിജിപി ആര്‍.വി. തമ്പുരാനും ചേര്‍ന്ന് മാധവന്റെ ഭാര്യയെയും പെണ്‍കുട്ടിയെയും പെണ്‍വാണിഭക്കേസില്‍ കുടുക്കി. ജസ്റിസ് മേനോനെ സ്വാധീനിച്ച് അവരെ ജയിലിലയക്കുകയും ചെയ്തതോടെ മാധവന്റെ ഭാര്യ ജീവനൊടുക്കി. പ്രതികാരത്തിനു മുതിര്‍ന്ന മാധവനെ പൊലീസ് കോണ്‍സ്റബിള്‍ ചന്ദ്രന്‍ നായരുടെ (ടി.പി. മാധവന്‍) കൈകള്‍ കൊണ്ട് ഐസക് തോമസ് വകവരുത്തി.

    ചന്ദ്രന്‍നായര്‍ നടത്തിയ കുമ്പസാരത്തിലാണ് കൊലയാളി ഇക്കാര്യങ്ങള്‍ അറിയുന്നത്. പിന്നീടുണ്ടായ പ്രതികാരാിയിലാണ് ജസ്റിസ് മേനോനും ആര്‍.വി. തമ്പുരാനും കൊല്ലപ്പെട്ടത്. അതിനിടെ കമ്മീഷണര്‍ ആനന്ദ് കൊലയാളി ആരാണെന്ന് കണ്ടുപിടിച്ചു. എന്നാല്‍ വിദഗ്ധനായ കൊലയാളി ആനന്ദിനെ കബളിപ്പിച്ച് സച്ചിദാനന്ദനെയും ഐസക് തോമസിനെ കൊല്ലുന്നു. പിന്നീട് നിയമത്തിനു മുന്നില്‍ കീഴടങ്ങുകയും ചെയ്യുന്നു.

    നക്സലൈറ്റ് വര്‍ഗീസിന്റെ മരണത്തെ സംബന്ധിച്ച് പൊലീസ് കോണ്‍സ്റബിള്‍ നടത്തിയ വെളിപ്പെടുത്തല്‍ സിനിമയിലും പ്രമേയമാക്കി എന്നതാണ് കവര്‍സ്റോറിയുടെ ഏക പ്രത്യേകത. അല്പം എരിവും പുളിയും ചേര്‍ക്കാന്‍ പെണ്‍വാണിഭവും ചിത്രത്തില്‍ സ്ഥാനം നേടി.

    സുരേഷ് ഗോപിയുടെ വിജയിന് പ്രതീക്ഷിച്ച നിലാവരത്തിലേക്കുയരാന്‍ സാധിച്ചില്ല. തന്തയും തള്ളയുമില്ലാത്ത ധാര്‍മിക രോഷം കൊളളുന്ന സ്ഥിരം നായകവേഷം (നായിക തന്നെ ഇക്കാര്യം പറയുന്നുണ്ട്) തന്നെയാണ് കവര്‍സ്റോറിയിലും സുരേഷ് ഗോപിക്ക്. ബിജുമേനോന്റെ അസിസ്റന്റ് കമ്മീഷണര്‍ക്കും വ്യത്യസ്തത പുലര്‍ത്താന്‍ കഴിഞ്ഞില്ല.

    താബുവിന്റെ ജാസ്മിനില്‍ ഒട്ടേറ നിഗൂഢതകളുണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൊട്ടിഘോഷിച്ചിരുന്നുവെങ്കിലും ഒന്നും കാണാനായില്ല. എന്നു മാത്രമല്ല രണ്ടാം പകുതിക്ക് ശേഷം ആ കഥാപാത്രം വെറുമൊരു കാഴ്ചവസ്തുവും ആയിപ്പോയി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X