twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെറും മായക്കാഴ്ചകള്‍

    By Staff
    |

    വെറും മായക്കാഴ്ചകള്‍

    സുധീഷ്

    സന്തോഷ് ശിവന്റെ സിനിമകള്‍ പ്രേക്ഷകന് ദൃശ്യാനുഭവമാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ സന്തോഷ് ശിവന്‍ തന്നെയാണ് താന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെയും ഛായ നിര്‍വഹിക്കാറുള്ളത്. സംവിധായകന്റെ നിരീക്ഷണപാടവവും ഛായാഗ്രാഹകന്റെ സാങ്കേതിക മിടുക്കും ഒന്നു ചേരുമ്പോള്‍ സന്തോഷ് ശിവന്‍ ചിത്രങ്ങള്‍ ദൃശ്യസമൃദ്ധിയുടെ അസാധാരണമായ അനുഭവം പകരുന്നു.

    സംവിധായകനിലൂടെ പ്രവര്‍ത്തിക്കുന്ന ഛായാഗ്രാഹകന്റെ മികവ് ടെററിസ്റ്, അശോക തുടങ്ങിയ സന്തോഷ് ശിവന്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ളതാണ്. അത്തരമൊരു സമ്പന്നമായ ദൃശ്യാനുഭവം പകരാന്‍ സന്തോഷ് ശിവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളചിത്രമായ അനന്തഭദ്രം എന്ന ചിത്രത്തിനും കഴിഞ്ഞിട്ടുണ്ട്.

    മലയാളത്തിലെ പതിവുകളില്‍ നിന്ന് മാറിയുള്ള ഒരു ഹൊറര്‍ ചിത്രമാണിത്. മന്ത്രതന്ത്രങ്ങളും ആഭിചാരവും നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തില്‍ അതിന് അനുസരിച്ചുള്ള ദൃശ്യസീക്വന്‍സുകള്‍ ഒരുക്കാന്‍ സന്തോഷ് ശിവന് കഴിഞ്ഞിട്ടുണ്ട്. ദൃശ്യമികവ് പുലര്‍ത്തുന്നുവെങ്കിലും ഒരു മികച്ച ചിത്രമാണ് അനന്തഭദ്രം എന്ന് പറയാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമെന്നു തോന്നുന്നില്ല.

    ഫ്രെയ്മുകളുടെ ഭംഗി സിനിമയിലുടനീളം തുടിച്ചുനില്‍ക്കുന്നുവെങ്കിലും അതിനപ്പുറത്തേക്ക് സിനിമയുടെ അനുഭവം വളര്‍ത്താന്‍ സന്തോഷ് ശിവനായിട്ടില്ല. മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ച നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന് ഒരു മൂന്നാം കിട പൈങ്കിളി നോവലിന്റെ നിലവാരത്തിനപ്പുറത്തേക്കെത്താന്‍ കഴിഞ്ഞിട്ടില്ല. നോവല്‍ രചയിതാവായ സുനില്‍ പരമേശ്വരന്‍ തന്നെ ഒരുക്കിയ തിരക്കഥയ്ക്ക് വെച്ചുകെട്ടലുകളുടെ ഒരു പൈങ്കിളി സിനിമ ഒരുക്കാനേ കഴിഞ്ഞിട്ടുള്ളൂ.

    ദൃശ്യങ്ങളിലാണ് സംവിധായകനെന്ന നിലയില്‍ സന്തോഷ് ശിവന്റെ പ്രധാന ഊന്നല്‍. കൈകാര്യം ചെയ്യുന്ന പ്രമേയത്തിന് അദ്ദേഹം രണ്ടാം സ്ഥാനമേ നല്‍കുന്നുള്ളൂവെന്ന് വ്യക്തമാക്കുന്നതാണ് അനന്തഭദ്രം പോലൊരു സിനിമ. മുത്തശിക്കഥകളോടും യക്ഷിക്കഥകളോടുമൊക്കെയുള്ള താത്പര്യം കൊണ്ടാണ് ഇത്തരമൊരു പ്രമേയം ആസ്പദമാക്കിയുള്ള സിനിമ ചെയ്യാന്‍ തയ്യാറായത് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ മലയാളത്തില്‍ തന്നെ ഇറങ്ങിയിട്ടുള്ള ഭാര്‍ഗവീനിലയം, എന്ന് സ്വന്തം ജാനകിക്കുട്ടി, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ മികച്ച ഫാന്റസികളില്‍ നിന്നും സന്തോഷ് ശിവന്റെ സിനിമക്ക് വലിയ ദൂരമുണ്ട്.

    പ്രേക്ഷകനെ ചെടിപ്പിക്കുന്ന ഒരു മൂന്നാം കിട പൈങ്കിളി കഥ വച്ച് സിനിമയൊരുക്കിയ സന്തോഷ് ശിവന് സിനിമയുടെ ദൃശ്യഭംഗി മാത്രമേ നല്‍കാനുള്ളൂ. മികച്ചൊരു ഫാന്റസിചിത്രമൊരുക്കാന്‍ അത് പോര. മികച്ച ഗാനങ്ങള്‍, മനോഹരമായ ഗാനചിത്രീകരണം, മികച്ച സെറ്റുകള്‍ എന്നിവയുണ്ടായിട്ടും സിനിമ അതു മാത്രമായി ഒതുങ്ങുകയാണ്. വെറും മായക്കാഴ്ചകളുടേതായി ഒരു ചിത്രം.

    മനോജ് കെ.ജയന്‍, കലാഭവന്‍ മണി, പൃഥ്വിരാജ് തുടങ്ങിയവരുടെ അഭിനയം എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ചു മനോജ് കെ.ജയന്‍. ദിഗംബരന്‍ എന്ന കഥാപാത്രമായി മനോജ് കെ.ജയന്‍ ഗംഭീരമായ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ബോളിവുഡ് നായിക റിയാ സെന്നിനെ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് ശരീരപ്രദര്‍ശനത്തിനു വേണ്ടി മാത്രമാണെന്ന തോന്നലാണുണ്ടാക്കുന്നത്.

    സന്തോഷ് ശിവന്റെ ഛായാഗ്രഹണത്തിനൊപ്പം തന്നെ ശ്രീകര്‍പ്രസാദിന്റെ എഡിറ്റിംഗും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ചിത്രത്തിലെ സാങ്കേതിക പൂര്‍ണതയില്‍ ശ്രീകര്‍പ്രസാദിന്റെ എഡിറ്റിംഗിന് പ്രധാന പങ്കുണ്ട്. എന്നാല്‍ സാങ്കേതിക പൂര്‍ണത മാത്രം കൊണ്ട് ഒരു മികച്ച ചിത്രമുണ്ടാവില്ലെന്നതിന്റെ ഉദാഹരണമാണ് അനന്തഭദ്രം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X