twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോക്കര്‍: ഹൃദയസ്പര്‍ശിയായ അവതരണം

    By Staff
    |

    ജോക്കര്‍: ഹൃദയസ്പര്‍ശിയായ അവതരണം

    സംവിധാനം: ലോഹിതദാസ്
    രംഗത്ത്: ദിലീപ്, നിഷാന്ത് സാഗര്‍, മന്യ തുടങ്ങിയവര്‍
    സംഗീതം: മോഹന്‍ സിതാര

    ഭൂതക്കണ്ണാടിക്കു ശേഷം ശരാശരിയോ അതില്‍ താഴെയോ ആയ ചിത്രങ്ങളുടെ നിലവാരത്തില്‍ നിന്ന് മുന്നോട്ടുപോവാന്‍ ജോക്കറിലൂടെ ലോഹിതദാസിന് സാധിച്ചിരിക്കുന്നു. തിരക്കഥയുടെ ഭദ്രതയും സംവിധാനത്തിലെ ഇഴയടുപ്പവുമാണ് ജോക്കറിനെ ഒരു നല്ല ചിത്രമാക്കുന്നത്. ഒരു സിനിമയെന്ന നിലയില്‍ നവീനമായ പരിചരണരീതി വ്യത്യസ്തമാക്കിയ ഭൂതക്കണ്ണാടിയോളം വരില്ലെങ്കിലും കച്ചവടസിനിമയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കിരീടവും തനിയാവര്‍ത്തനവും പോലെ ഒരു മികച്ച ചിത്രം സൃഷ്ടിക്കാന്‍ ലോഹിതദാസിന് കഴിഞ്ഞിരിക്കുന്നു.

    തകര്‍ച്ചയെ നേരിടുന്ന റോയല്‍എന്ന സര്‍ക്കസ് കമ്പനിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന കുറെ സര്‍ക്കസ് കലാകാരന്മാരുടെ ദു:ഖങ്ങളും ദുരിതങ്ങളും ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കാന്‍ ലോഹിതദാസിന് സാധിച്ചിട്ടുണ്ട്.

    പ്രതാപമുള്ള പഴയകാലത്തെ കുറിച്ച് മാത്രം പറയാനുള്ള ഗോവിന്ദന്‍ (ടി.എസ്.രാജു) ആണ് സര്‍ക്കസ് കമ്പനിയുടെ ഉടമ. കടത്തിലുഴലുന്ന അയാള്‍ അനുദിനം തകര്‍ച്ചയിലേക്ക് പോവുന്ന സര്‍ക്കസ് കമ്പനി എങ്ങനെ നടത്തികൊണ്ടുപോവും എന്നറിയാതെ വിഷമിക്കുകയാണ്.

    താന്‍ എടുത്തുവളര്‍ത്തിയ തമ്പിലെ കോമാളിയായ ബാബു (ദിലീപ്)വിന് മകളായ കമല (മന്യ) യെ വിവാഹം കഴിച്ചുകൊടുക്കും എന്ന് അയാള്‍ ഇടക്കിടെ പറയാറുണ്ട്. അവര്‍ കമ്പനി നടത്തികൊണ്ടുപോവണം എന്നാണ് അയാളുടെ ആഗ്രഹം. ബാബുവും കമലയും പ്രണയബദ്ധരുമാണ്.

    ദൈനംദിന കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്ന ആ സര്‍ക്കസ് കൂടാരത്തിന്റെ പതിവ്ജീവിതത്തിലേക്ക് കടന്നുവരുന്ന സുധീര്‍ മിശ്ര (നിഷാന്ത് സാഗര്‍) ആ കമ്പനിയെ തന്നെ മാറ്റിമറിക്കുന്നു. ഗോവിന്ദന്റെ ശിഷ്യനും റോയല്‍ സര്‍ക്കസ് കമ്പനിയില്‍ ബാല്യകാലം കഴിച്ചിട്ടുള്ളയാളുമാണ് സുധീര്‍. മികച്ച സര്‍ക്കസ് അഭ്യാസിയായ സുധീര്‍ മിശ്ര കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. പുതുമയേറിയ ഇനങ്ങളും മറ്റും ചേര്‍ത്ത് ആ കമ്പനിയെ സുധീര്‍ മിശ്ര തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുന്നു.

    കമ്പനി പച്ചപിടിച്ചുവന്നതോടെ ഗോവിന്ദന്റെ മനസും മാറുന്നു. കമലയെ സുധീറിന് വിവാഹം ചെയ്തുതരാമെന്ന് അയാള്‍ വാഗ്ദാനം നല്‍കുന്നു. തന്റെ ബാല്യകാലത്തെ കൂട്ടുകാരിയായ കമലയെ വിവാഹം ചെയ്യണമെന്ന് സുധീറിനും ഏറെ മോഹമുണ്ട്.

    ഇതിനിടെ സുധീര്‍ സ്ത്രീലമ്പടനും ചതിയനുമാണെന്ന് ബാബു മനസിലാക്കുന്നു. ആ കമ്പനിയിലെ സര്‍ക്കസുകാരിയായ വനജ (അനില) യും സുധീറും നേരത്തെ പ്രേമത്തിലായിരുന്നു. തന്നെ ചതിച്ചതിനു ശേഷം സുധീര്‍ മുങ്ങിക്കളയുകയായിരുന്നുവെന്ന് വനജ ബാബുവിനോട് പറയുന്നു. നേരത്തെ പല സ്ത്രീകളുമായും അയാള്‍ക്ക് ബന്ധമുണ്ടായിരുന്നു.

    കമലയെ സുധീറിന് വിവാഹം കഴിച്ചുകൊടുക്കാന്‍ ഗോവിന്ദന്‍ ശ്രമിക്കുന്നുവെങ്കിലും താന്‍ ബാബുവിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് അവള്‍ പറയുന്നു. ഇത് സുധീറിനെ കുപിതനാക്കുന്നുവെങ്കിലും സ്നേഹം പിടിച്ചുവാങ്ങാനാവുന്നതല്ലെന്ന് തിരിച്ചറിയുന്ന അയാള്‍ മാനസാന്തരപ്പെടുന്നു. താന്‍ പ്രേമിച്ച് ഉപേക്ഷിച്ച വനജയെ വിവാഹം ചെയ്യാന്‍ അയാള്‍ തയാറാവുന്നു.

    എന്നാല്‍ അതും ചതിയനായ അയാളുടെ മറ്റൊരു നമ്പറാണെന്ന് കരുതുന്ന വനജ ട്രിപ്പീസ് റിംഗില്‍ വെച്ച് സുധീറിനെ താഴെവീഴ്ത്തുന്നു. തന്നെ വിവാഹം ചെയ്യാന്‍ അയാള്‍ ആഗ്രഹം പ്രകടിപ്പിച്ചത് ആത്മാര്‍ഥമായിട്ടായിരുന്നുവെന്ന് വനജ പിന്നീട് മനസിലാക്കുന്നുവെങ്കിലും ഒരു പുതിയ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സുധീറിന് കഴിഞ്ഞില്ല. വീഴ്ചയുടെ ആഘാതത്തില്‍ അയാള്‍ മരിക്കുന്നു.

    സര്‍ക്കസ് കൂടാരത്തിലെ ജീവിതത്തില്‍ അലിഞ്ഞുതീര്‍ന്ന ചില കഥാപാത്രങ്ങളുടെ ചിത്രണവും ജോക്കറിനെ ഹൃദയസ്പര്‍ശിയാക്കുന്നുണ്ട്. ഏതുനേരവും കോമാളിയുടെ ചമയങ്ങള്‍ അണിഞ്ഞിരിക്കുന്ന തന്റെ ഐറ്റം എപ്പോഴാണെന്ന് ഇടക്കിടെ ചോദിച്ചുകൊണ്ടിരിക്കുന്ന മാനസികനില തെറ്റിയ വൃദ്ധനായ അബൂക്ക (ബഹദൂര്‍) മറക്കാനാവാത്ത കഥാപാത്രമാണ്.

    ഗാനരംഗങ്ങളാണ് ഈ ചിത്രത്തിന്റൈ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ഈണം പകര്‍ന്ന മോഹന്‍ സിതാര നല്ല ചില ഗാനങ്ങള്‍ തീര്‍ത്തു.

    തന്റെ കഥാപാത്രത്തെ ഭദ്രമാക്കാന്‍ ദിലീപിന് കഴിഞ്ഞു. ജീവിതത്തിലെ ദൈന്യതകള്‍ക്കിടയില്‍ ചിരിച്ചുകാണിക്കേണ്ടി വരുന്ന കോമാളിയുടെ വേഷം ദിലീപത്തിന്റെ അഭിനയജീവിതത്തിന് മുതല്‍ക്കൂട്ടാണ്. പുതുമുഖത്തിന്റെ പതര്‍ച്ചകളില്ലാതെ മന്യയും നിഷാന്ത്സാഗറും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X