twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോമഡിയിലെ മമ്മൂട്ടി ശൈലി

    By Staff
    |

    കോമഡിയിലെ മമ്മൂട്ടി ശൈലി

    സുധീഷ്

    തനിക്ക് കോമഡി ചെയ്യാനറിയില്ലെന്ന വിമര്‍ശനത്തെ കോട്ടയം കുഞ്ഞച്ചന്‍, മറവത്തൂര്‍ കനവ്, അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ തന്റേതായ ശൈലിയിലൂടെ മമ്മൂട്ടി നേരിട്ടിട്ടുണ്ട്. ഈ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ കോമഡി ശൈലി പ്രേക്ഷകരെ രസിപ്പിച്ചിട്ടുമുണ്ട്. ആ ചിത്രങ്ങളുടെ ജനുസിലാണ് നവാഗതനായ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം എന്ന ചിത്രത്തിന്റെയും സ്ഥാനം.

    കുഞ്ഞച്ചനിലും മറവത്തൂര്‍ കനവിലും കോട്ടയം ഭാഷയിലെ ഡയലോഗുകളിലൂടെയാണ് മമ്മൂട്ടി കോമഡി സൃഷ്ടിച്ചതെങ്കില്‍ രാജമാണിക്യത്തില്‍ മമ്മൂട്ടി കഥാപാത്രം ആദ്യന്തം തിരുവനന്തപുരം ഭാഷയിലാണ് സംസാരിക്കുന്നത്. മമ്മൂട്ടി ആദ്യമായാണ് തിരുവനന്തപുരം ഭാഷ സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. ചിലപ്പോഴൊക്കെ ഡയലോഗ് പ്രസന്റേഷനില്‍ കൊച്ചുപ്രേമനെ ഓര്‍മിപ്പിക്കുന്നു(!!)ണ്ടെങ്കിലും മമ്മൂട്ടിയുടെ ഈ കോമഡി സംരംഭവും പ്രേക്ഷകര്‍ക്ക് രുചിട്ടിട്ടുണ്ട്. നിറഞ്ഞ സദസിലോടിക്കൊണ്ടിരിക്കുന്ന ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

    കൂളിംഗ് ഗ്ലാസും അഴകിയ വേഷവുമായി മമ്മൂട്ടി ഇതിനു മുമ്പും പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത്തരം വേഷങ്ങളോട് മമ്മൂട്ടിക്ക് പ്രത്യേക ആഭിമുഖ്യമുണ്ടെന്ന് തോന്നുന്നു. കാഴ്ചയില്‍ പ്രേക്ഷകന്റെ മനസിലേക്കിറങ്ങുന്ന അഭിനയം കാഴ്ച വച്ച മമ്മൂട്ടി തന്നെയാണ് ഇത്തരം പൊറാട്ടു വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. അതെന്തു തന്നെയായാലും അത്തരം വേഷങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നുവെന്ന ന്യായീകരണം മമ്മൂട്ടിക്കുണ്ട്. രാജമാണിക്യത്തെയും പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നു. രണ്ടേ കാല്‍ മണിക്കൂര്‍ ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ചിത്രം തന്നെയാണ് രാജമാണിക്യം.

    കര്‍ണാടകയിലെ ബെല്ലാരിയിലെ പോത്തുക്കച്ചവടക്കാരനും ധനികനുമായ രാജമാണിക്യമായി മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത് സിനിമ തുടങ്ങി ഇരുപതോളം മിനുട്ടുകള്‍ക്കു ശേഷമാണ്. തുടര്‍ന്നങ്ങോട്ട് സിനിമയില്‍ മമ്മൂട്ടിയുടെ പ്രകടനം മാത്രമാണ് നിറഞ്ഞുനില്‍ക്കുന്നത്.

    ചിത്രത്തിന്റെ കഥാന്തരീക്ഷം ഇങ്ങനെ: രാജരത്നംപിള്ള (സായികുമാര്‍) എന്ന വ്യവസായ പ്രമുഖന്‍ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് രണ്ടാമതൊരു വിവാഹം ചെയ്തു. ആദ്യത്തെ ഭാര്യയില്‍ അയാള്‍ക്കൊരു മകനുണ്ട്- രാജശെല്‍വം (മനോജ് കെ.ജയന്‍). രണ്ടാമത്തെ ഭാര്യയില്‍ റാണി (സിന്ധു മേനോന്‍) എന്ന മകളുമുണ്ടായി.

    പിള്ളയുടെ രണ്ടാമത്തെ ഭാര്യക്കു മറ്റൊരു മകനുണ്ട്. അത് പിള്ളയില്‍ നിന്നും അവര്‍ മറച്ചുവച്ചെങ്കിലും അക്കാര്യം അയാള്‍ പിന്നീട് മനസിലാക്കി. ബെല്ലാരി രാജയായി അറിയപ്പെടുന്ന രാജമാണിക്യം (മമ്മൂട്ടി) ആണ് ഇന്ന് അവന്‍.

    രാജരത്നംപിള്ള മരിച്ചപ്പോള്‍ മക്കളായ രാജശെല്‍വവും റാണിയും സ്വത്തിനു വേണ്ടി തര്‍ക്കമായി. എന്നാല്‍ വില്പത്രത്തില്‍ എഴുതിവച്ചിരുന്നത് ഇങ്ങനെയാണ്- അടുത്ത 25 വര്‍ഷം ഈ സ്വത്തുക്കള്‍ ബെല്ലാരി രാജ നോക്കിനടത്തണം. അങ്ങനെ ബെല്ലാരി രാജ ആ നാട്ടിലെത്തുന്നതോടെയുണ്ടാവുന്ന രസകരമായ സംഭവവികാസങ്ങളാണ് രാജമാണിക്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.

    രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ തിരക്കഥയാണ് ഈ ചിത്രത്തിന്റെ ബലം. നവാഗത സംവിധായകന്റെ പരിമിതികളൊന്നും കാണിക്കാതെ ചിത്രം ഒരു അടിമുടി എന്റര്‍ടെയ്നറായി ഒരുക്കാന്‍ അന്‍വര്‍ റഷീദീന് കഴിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി വിജയങ്ങള്‍ കൊയ്യുന്ന മമ്മൂട്ടിയുടെ ക്രെഡിറ്റില്‍ ഒരു ഹിറ്റ് കൂടി എഴുതിചേര്‍ക്കുന്നു രാജമാണിക്യം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X