For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബപ്രേക്ഷകര്‍ക്ക് മറ്റൊരു മാമ്പഴക്കാലം

  By Staff
  |

  കുടുംബപ്രേക്ഷകര്‍ക്ക് മറ്റൊരു മാമ്പഴക്കാലം

  മനോജ്

  കേട്ടുപഴകിയ കഥ പുതുമയാര്‍ന്ന രീതിയിലൂടെ അവതരിപ്പിച്ചുവെന്നതാണ് മാമ്പഴക്കാലത്തെ കണ്ടിരിക്കാവുന്ന ഒരു ചിത്രമാക്കി മാറ്റുന്നത്. പല സിനിമകളിലും കണ്ടതും കേട്ടതുമായ കഥാസന്ദര്‍ഭങ്ങളാണ് ചിത്രത്തിലുള്ളതെങ്കിലും അതിനെ ഒതുക്കത്തോടെയും വഴക്കത്തോടെയും വിരസത തോന്നിപ്പിക്കാതെ അവതരിപ്പിച്ചു ഫലിപ്പിക്കുന്നതില്‍ സംവിധായകന്‍ ജോഷിയും തിരക്കഥാകൃത്ത് ടി. എ. ഷാഹിദും വിജയിച്ചിരിക്കുന്നു. അതുതന്നെയാണ് മാമ്പഴക്കാലത്തിന് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഒരു ചിത്രമെന്ന വിശേഷണം നല്‍കാന്‍ അര്‍ഹമാക്കുന്നത്.

  വീരനായക കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തുവെന്ന തോന്നലുണ്ടായ ഘട്ടത്തിലാണ് മോഹന്‍ലാല്‍ ബാലേട്ടനിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയം തിരിച്ചുപിടിച്ചത്. ബാലേട്ടനിലേതു പോലെ മറ്റൊരു തിരിച്ചുവരവ് നടത്തുകയാണ് മോഹന്‍ലാല്‍ മാമ്പഴക്കാലത്തിലൂടെ. ബാലേട്ടന് ശേഷം മൂന്നോളം ചിത്രങ്ങളുടെ പരാജയത്തിന് ശേഷം നാട്ടുരാജാവില്‍ വീണ്ടും മീശ പിരിച്ചുവച്ച മോഹന്‍ലാല്‍ മാമ്പഴക്കാലത്തിലെ ചന്ദ്രേട്ടനിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട ലാലേട്ടനായി തിരിച്ചെത്തുകയാണ്. ആ തിരിച്ചുവരവ് തന്മയത്വമുള്ളതാക്കാന്‍ മോഹന്‍ലാലിന് ഈ ചിത്രത്തിലുടനീളം കഴിഞ്ഞിട്ടുണ്ട്.

  ബാലേട്ടന്‍ എന്ന കഥാപാത്രത്തിലൂടെ ഒരു നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാലിനെ വീണ്ടും കുടുംബമധ്യത്തില്‍ പ്രതിഷ്ഠിച്ച തിരക്കഥാകൃത്തായ ടി. എ. ഷാഹിദ് തന്നെയാണ് ഈ ചന്ദ്രേട്ടനെയും സൃഷ്ടിച്ചിരിക്കുന്നത്. ചന്ദ്രേട്ടന്‍ പലപ്പോഴും ബാലേട്ടനെ ഓര്‍മിപ്പിക്കുന്നുണ്ട്. കഥാസന്ദര്‍ഭങ്ങളിലുമുണ്ട് രണ്ട് ചിത്രങ്ങളും തമ്മില്‍ ചില സാദൃശ്യങ്ങള്‍. ബാലേട്ടന്റെ തുടര്‍ച്ചയാണ് ഈ ചന്ദ്രേട്ടനും. എങ്കിലും കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരനാവും ഈ ചന്ദ്രേട്ടനും. അതിന് വേണ്ടതെല്ലാം ഈ ചിത്രത്തിന്റെ കഥാഗതിയില്‍ ഒരുക്കിയിട്ടുണ്ട്.

  പ്രാരാബ്ധങ്ങളുടെ നടുവില്‍ ജീവിതം ഒരു കരകടുപ്പിക്കാനാവാതെ അച്ഛന്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ തലയിലേറ്റേണ്ടിവന്നു ചന്ദ്രന്. കുടുംബത്തെ കരകയറ്റാനായി ഗള്‍ഫിലേക്ക് പോയ ചന്ദ്രന്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് പണമുണ്ടാക്കിയത്. കുടുംബത്തിലെ എല്ലാവരെയും ഒരു കരയ്ക്കടുപ്പിക്കാന്‍ ചന്ദ്രന് കഴിഞ്ഞു. പക്ഷേ കുടുംബത്തിന് വേണ്ടിയുള്ള ജീവിതത്തിനിടയില്‍ ചന്ദ്രന്‍ തന്റെ ജീവിതത്തെ കുറിച്ച് ഓര്‍ക്കാതെ പോയി. നാല്പത്തിയൊന്നാമത്തെ വയസിലും അയാള്‍ അവിവാഹിതനായി കഴിയുകയാണ്.

  ഒരു ദിവസം ചന്ദ്രന് അനുജന്‍മാരില്‍ നിന്നും ഒരു ഫോണ്‍സന്ദേശം ലഭിച്ചു. അമ്മക്ക് സുഖമില്ലെന്നായിരുന്നു ഫോണ്‍ സന്ദേശത്തിന്റെ ഉള്ളടക്കം. ചന്ദ്രനെ വിവാഹം കഴിപ്പിക്കുന്നതിനായി നാട്ടിലെത്തിക്കുന്നതിനായാണ് അനുജന്‍മാര്‍ അങ്ങനെയൊരു സന്ദേശം അയച്ചത്.

  നാട്ടില്‍ അവധിക്ക് എത്തിയപ്പോഴാണ് ചന്ദ്രേട്ടന്‍ തന്റെ പഴയ കാമുകിയായ ഇന്ദിര (ശോഭന)യെ കണ്ടുമുട്ടുന്നത്. പത്ത് ദിവസത്തെ അവധിക്കായി മകളോടൊപ്പം നാട്ടിലെത്തിയതായിരുന്നു ഇന്ദിര. ഇന്ദിരയോട് ചന്ദ്രന്‍ കാണിക്കുന്ന താത്പര്യം വീട്ടില്‍ തെറ്റിദ്ധരിക്കപ്പെട്ടു. അത് അവിചാരിതമായ ചില സംഭവങ്ങളാണ് ചന്ദ്രന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്.

  ഒട്ടും പുതുമയില്ലാത്തെ ഈ കഥയിലൂടെ ഹൃദ്യമായ അവതരണരീതിയാല്‍ കുടുംബപ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു സിനിമയാണ് ജോഷിയും ഷാഹിദും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. ബാലേട്ടനിലേതു പോലെ മോഹന്‍ലാലിന്റെ അച്ഛനായി നെടുമുടി വരുന്നതും അച്ഛന്റെ മരണം മകനില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ ഏല്പിക്കുന്നതും മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി കവിയൂര്‍ പൊന്നമ്മയുടെ മകനാവുന്നതും പഴയ സിനിമകളെ ഓര്‍മിപ്പിക്കുന്ന സന്ദര്‍ഭങ്ങളാണ്. പക്ഷേ പ്രേക്ഷകരെ കഥയോട് അടുപ്പിക്കുന്ന അവതരണരീതി വ്യത്യസ്തതയായി ഈ ചിത്രത്തിലുണ്ട്.

  ശോഭന ഒരു നീണ്ട ഇടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തുകയാണ്. ശോഭനയും മകളായി അഭിനയിച്ച സനുഷയും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു.

  ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, സുധീഷ്, കലാഭവന്‍ മണി, ഷമ്മി തിലകന്‍, ഹരിശ്രീ അശോകന്‍, ബൈജു, പൂര്‍ണിമ, വിഷ്ണു, സുജാ കാര്‍ത്തിക, മങ്കാ മഹേഷ് തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഗിരീഷ് പുത്തഞ്ചേരി രചിച്ച് എം. ജയചന്ദ്രന്‍ ഈണം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇമ്പമാര്‍ന്നതാണ്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X