twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചന്ദ്രന്റെ ചലച്ചിത്ര അന്വേഷണം

    By Staff
    |

    ചന്ദ്രന്റെ ചലച്ചിത്ര അന്വേഷണം
    മനോജ്

    സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളോട് അര്‍ഥവത്തായി പ്രതികരിക്കാനുള്ള ചലച്ചിത്രശ്രമങ്ങളാണ് ആലീസിന്റെ അന്വേഷണങ്ങള്‍ തൊട്ടുള്ള ടി. വി. ചന്ദ്രന്റെ ഓരോ സിനിമയും. കഥാവശേഷന്‍ എന്ന ചിത്രവും അവയുടെ തുടര്‍ച്ചയാണ്.

    സമൂഹത്തിന്റെ കാപട്യങ്ങളെയും നാട്യങ്ങളെയും നിശിതമായി വിമര്‍ശിക്കാനും കപടശീലങ്ങളാല്‍ മുന്നോട്ടുപോവുന്നൊരു ലോകത്തില്‍ സത്യസന്ധനായി ജീവിക്കാനാവാത്തതിന്റെ വൈയക്തിക പ്രതിസന്ധികള്‍ ആവിഷ്കരിക്കാനുമാണ് ചന്ദ്രന്‍ കഥാവശേഷനില്‍ ശ്രമിച്ചിട്ടുള്ളത്. ജീവിച്ചിരിക്കുന്നതിന്റെ നാണക്കേട് തീര്‍ക്കാന്‍ ആത്മഹത്യ ചെയ്യുന്ന ഗോപിനാഥമേനോന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതസന്ദര്‍ഭങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോവുന്ന ചന്ദ്രന്‍ ജീവിച്ചിരിക്കാന്‍ ഒട്ടും കൊള്ളാത്ത ഒരു സമൂഹത്തിലാണ് നാം കഴിയുന്നതെന്ന സത്യവും സന്ദേശവുമാണ് ഈ ചിത്രത്തിലൂടെ കൈമാറുന്നത്.

    തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിന്റെ കാരണമെന്തെന്ന അന്വേഷണത്തിലൂടെ കടന്നുപോവുന്ന ഒരു സ്ത്രീയുടെ കഥ പറയുന്ന ആലീസിന്റെ അന്വേഷണങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന അവതരണരീതിയാണ് ചില വ്യത്യസ്തതകളോടെ ചന്ദ്രന്‍ കഥാവശേഷനിലും അനുവര്‍ത്തിക്കുന്നത്. ഗോപിനാഥമേനോന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്ന് അന്വേഷിക്കുന്ന അയാളുമായി കല്യാണമുറപ്പിച്ചിരുന്ന എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ രേണുകാമേനോന്റെ അന്വേഷണങ്ങളിലൂടെയാണ് സിനിമ കടന്നുപോവുന്നത്. പൂര്‍ണമായും ഫ്ലാഷ്ബാക്കിലൂടെ, പരസ്പരപൂരകങ്ങളായ ഫ്ലാഷ്ബാക്ക് രംഗങ്ങളിലൂടെ കഥ പറയുന്ന രീതി.

    ജീവിച്ചിരിക്കുന്നതിനിടയില്‍ സാമൂഹികപ്രശ്നങ്ങളോട് കൃത്യമായി പ്രതികരിച്ചിരുന്നൊരു വ്യക്തിയായിരുന്നു ഗോപിനാഥമേനോന്‍. അയാളുടെ കാഴ്ച്ചപ്പാടിലൂടെ ഇതള്‍വിരിയുന്ന നമ്മുടെ വര്‍ത്തമാനസമൂഹത്തിന്റെ ചില ചന്ദ്രന്‍ ഷോട്ടുകളാണ് ചിത്രത്തിലുടനീളം. ഡാനിയിലും മറ്റും കണ്ട ആക്ഷേപഹാസ്യത്തിന്റെ തീവ്രത ഈ ചിത്രത്തിലും പ്രേക്ഷകരെ അനുഭവിപ്പിക്കാന്‍ ചന്ദ്രന്‍ ശ്രമിച്ചിട്ടുണ്ട്.

    ഗോപിനാഥമേനോന്റെ ഭൂതകാലം അയാളെ അടുത്തറിയാവുന്ന പലരുടെ കാഴ്ച്ചപ്പാടുകളിലൂടെയാണ് അവതരിപ്പിക്കുന്നത്. ഫ്ലാഷ്ബാക്കുകളുടെ ഒരു സങ്കലനമാണ് ചിത്രം. ക്രമമില്ലാത്തെ ഓര്‍മകളെ ഒന്നുചേര്‍ക്കുന്ന ഈ രീതി പ്രേക്ഷകരില്‍ നിന്നും അതീവശ്രദ്ധയുള്ള ആസ്വാദനം ആവശ്യപ്പെടുന്നുണ്ട്.

    ആദ്യമായി ഒരു സമാന്തരസിനിമയില്‍ ദിലീപ് ഭാഗഭാക്കാവുന്നുവെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. അനൂപിനോടൊപ്പം ചിത്രം നിര്‍മിക്കുകയും ചെയ്തിരിക്കുന്ന ദിലീപ് ഗോപിനാഥമേനോന്‍ എന്ന കഥാപാത്രത്തെ വളരെ സ്വാഭാവികതയോടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. കോമഡിചിത്രങ്ങളുടെ ആവര്‍ത്തനങ്ങള്‍ക്കിടയില്‍ ദിലീപിന് തീര്‍ച്ചയായും ഒരു വഴിമാറ്റമാണ് ഈ ചിത്രം.

    ഒരു പതിവ് ആര്‍ട്സിനിമയുടെ രീതിയില്‍ നിന്നും വ്യതിചലിക്കാനും ചന്ദ്രന്‍ ഈ ചിത്രത്തില്‍ ശ്രമിച്ചിട്ടുണ്ട്. ഗാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതും മറ്റും ചന്ദ്രന്റെ മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പരിചരണരീതിയാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു.

    ചന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനുകാലികപ്രശ്നങ്ങളോട് തീവ്രമായി പ്രതികരിക്കുന്ന സംഭാഷണശകലങ്ങള്‍ ബോധപൂര്‍വം തന്നെ ചന്ദ്രന്‍ തിരക്കഥയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

    ഗോപിനാഥമേനോന്റെ ആത്മഹത്യയുടെ കാരണം അന്വേഷിക്കുന്ന രേണുകാമേനോനായി അഭിനയിക്കുന്നത് ജ്യോതിര്‍മയിയാണ്. തന്റെ കഥാപാത്രത്തെ മികവോടെ അവതരിപ്പിക്കാന്‍ ജ്യോതിര്‍മയിക്ക് കഴിഞ്ഞിട്ടുണ്ട്. ജനാര്‍ദനന്‍, മുരളി മേനോന്‍, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, കൊച്ചിന്‍ ഹനീഫ, സലിംകുമാര്‍, ഇന്ദ്രന്‍സ് തുടങ്ങിയ ഒരു നീണ്ട താരനിര തന്നെയുണ്ട് ചിത്രത്തില്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X