»   » വീണ്ടും കറുത്ത ലോകത്തിന്റെ കഥ

വീണ്ടും കറുത്ത ലോകത്തിന്റെ കഥ

Posted By:
Subscribe to Filmibeat Malayalam

വീണ്ടും കറുത്ത ലോകത്തിന്റെ കഥ
മനോജ്

മലയാളത്തിലെ പുതിയ സിനിമകളുടെ കഥകളില്‍ പ്രേക്ഷകര്‍ ഇപ്പോള്‍ പുതുമയൊന്നും തേടാറില്ലെന്ന് തോന്നുന്നു. കണ്ടുപഴകിയ പ്രമേയങ്ങള്‍ തന്നെ പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കാനാണ് ലബ്ധപ്രതിഷ്ഠരായ സംവിധായകരും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കണ്ടിരിക്കാന്‍ കൊള്ളാമെന്നൊരു തോന്നലുണ്ടാക്കുന്ന, അവതരണത്തില്‍ ഇത്തിരി വ്യത്യസ്തതയൊക്കെയുള്ള ചിത്രങ്ങളെ പ്രേക്ഷകര്‍ കൈയും നീട്ടി സ്വീകരിക്കുന്നുവെന്നാണ് അനുഭവം.

രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബ്ലാക്കിന്റെ കഥയും മറിച്ചല്ല. കണ്ടുപഴകിയ അധോലോക ബന്ധങ്ങളുടെ കഥ പറയുന്ന ബ്ലാക്കിന്റെ പ്രമേയത്തിന് ഒട്ടും പുതുമയില്ല. എന്നാല്‍ അവതരണത്തില്‍ ഇത്തിരി പുതുമകളും വ്യത്യസ്തതയുമൊക്കെയുണ്ട്. പിന്നെ കണ്ടിരിക്കാന്‍ കൊള്ളാവുന്നൊരു ചിത്രമെന്നൊരു തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കാനും സാധിക്കുന്നുണ്ട്. അതൊക്കെ കൊണ്ടുതന്നെയാണ് റംസാന്‍-ദീപാവലി ചിത്രങ്ങളില്‍ ഏറ്റവും മികച്ച വിജയം ബ്ലാക്കിന് നേടാനാവുന്നത്.

അധോലോകത്തിന്റെയും അതിനെ നേരിടാനൊരുങ്ങുന്ന പൊലീസിന്റെയും കഥ പലവട്ടം പല ഭാഷകളില്‍ പറഞ്ഞുകഴിഞ്ഞതാണ്. ബ്ലാക്കില്‍ കൊച്ചിയിലെ അധോലോകമാണ് പശ്ചാത്തലം. വയലന്‍സ് മുതലുള്ള ഏതാനും സിനിമകള്‍ക്ക് കൊച്ചിയിലെ അധോലോകം പശ്ചാത്തലമായതാണ്. പക്ഷേ ആ ചിത്രങ്ങളില്‍ നിന്നൊക്കെ ബ്ലാക്ക് അവതരണത്തിലെ പുതുമ കൊണ്ട് വ്യത്യസ്തമാവുന്നു. ചിത്രത്തെ വിജയമാക്കാന്‍ രഞ്ജിത്തിന് സാധിച്ചതും പഴയ വീഞ്ഞിനെ പുതിയ കുപ്പിയില്‍ നന്നായി ഒരുക്കാന്‍ കഴിഞ്ഞുവെന്നതിലാണ്.

മമ്മൂട്ടി അവതരിപ്പിക്കുന്ന കാരക്കാമുറി ഷണ്‍മുഖം ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പരുക്കനായ, മനുഷ്യത്വം തൊട്ടുതീണ്ടാത്ത അധാേേലോക നായകന്റെ മാനസിക പരിവര്‍ത്തനത്തിന്റെ കഥയാണ് ബ്ലാക്ക് പറയുന്നത്.

അനാഥനായ ഷണ്‍മുഖം അധോലോക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഡെവിള്‍ കാര്‍ലോസ് പടവീടന്റെ (ലാല്‍) വലംകൈയാണ്. പടവീടന് വേണ്ടി ഷണ്‍മുഖം പല ക്രൂരകൃത്യങ്ങളും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഇരുവരും തമ്മില്‍ ഉരസുന്നു.

നഗരത്തിലെ അധോലോകത്തെ ഒതുക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ (ബാബു ആന്റണി) നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എസ്ഐ അശോക് (റഹ്മാന്‍). അശോക് അധോലോകത്തിന് ഭീഷണിയാവുമെന്ന് വന്നപ്പോള്‍ പടവീടന്‍ അയാളെ കൊല്ലുന്നു. പടവീടന്റെ സഹായിയായ പാപ്പാളി സാബു (നിയാസ്) ഒരു തമിഴനെ കൊലക്കേസില്‍ പ്രതിയാക്കുന്നു. തമിഴന്റെ ഭാര്യയായ ആനന്ദ (ശ്രേയ റെഡ്ഢി) തന്റെ ഭര്‍ത്താവിനെ രക്ഷിക്കാനായി ഷണ്‍മുഖത്തെ സമീപിക്കുന്നുവെങ്കിലും അയാള്‍ക്ക് അത് സാധിക്കുന്നില്ല.

ഇതിനിടയിലാണ് തന്നെ തല മൂത്ത പാര്‍ട്ടി സഖാവ് ഏല്പിച്ച പെണ്‍കുഞ്ഞ് തന്റെ മകളാണെന്ന് ഷണ്‍മുഖന്‍ മനസിലാക്കുന്നത്. അതോടെ തന്റെ മകളുടെ സംരക്ഷണമായി ഷണ്‍മുഖന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. പാപ്പോളി സാബുവിനെ കൊല്ലുമെന്ന് ഷണ്‍മുഖന്‍ വെല്ലുവിളിക്കുന്നു. പാപ്പോളി സാബുവിനെ മറ്റൊരോ കൊല്ലുന്നു. അയാളെ കൊന്നത് ഷണ്‍മുഖനാണെന്ന് തെറ്റിദ്ധരിച്ച പടവീടന്‍ ഷണ്‍മുഖനെതിരെ തിരിയുകയും അയാളുടെ മകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തന്നെ വളര്‍ത്തിയ അധാേേലോകം തനിക്കെതിരെ തിരിഞ്ഞുവെന്ന് മനസിലാക്കിയ ഷണ്‍മുഖന്‍ തന്റെ ശത്രുക്കളെ ഇല്ലാതാക്കുന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് തുടര്‍ന്ന് കഥ മുന്നോട്ടുപോവുന്നത്.

ഒട്ടേറെ കഥാപാത്രങ്ങളെ കോര്‍ത്തിണക്കി കഥ പറയുന്ന രഞ്ജിത്ത് അവതരണത്തില്‍ പുതുമ വരുത്തിയെങ്കിലും കഥ പറയാന്‍ വിഷമിക്കുന്നതായി തോന്നുന്ന ചില ഘട്ടങ്ങളുണ്ട് ചിത്രത്തില്‍. ഒന്നാം പകുതി വളരെ ഭംഗിയായി ഒരുക്കിയ രഞ്ജിത്തിന് രണ്ടാം പകുതിയില്‍ ആ മികവ് പുലര്‍ത്താനായിട്ടില്ല.

ചിത്രത്തിന്റെ അവതരണത്തിന് അധാേേലോക ബന്ധങ്ങളുടെ കഥ പറയുന്ന ഹിന്ദി സിനിമകളെയാണ് രഞ്ജിത്ത് മാതൃകയാക്കിയിരിക്കുന്നത്. ഷോട്ടുകള്‍ തിരഞ്ഞെടുക്കുന്നതിലും വെളിച്ചക്രമീകരണത്തിലുമൊക്കെ രഞ്ജിത്ത് സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്. സൂപ്പര്‍താര ചിത്രമായ രാവണപ്രഭുവില്‍ ഒരു മികച്ച സംവിധായകന്റെ സാന്നിധ്യം അറിയിക്കാന്‍ രഞ്ജിത്തിന് സാധിച്ചിട്ടില്ലെങ്കില്‍ തന്റെ നാലാമത്തെ ചിത്രത്തിലെത്തുമ്പോഴേക്കും ക്രാഫ്റ്റ് കുറെയൊക്കെ സ്വായത്തമാക്കാന്‍ രഞ്ജിത്തിന് സാധിച്ചിട്ടുണ്ട്.

കാഴ്ചയിലെ കുട്ടനാടുകാരനായി മികച്ച പ്രകടനം കാഴ്ച വച്ച മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഒരു വേഷപ്പകര്‍ച്ചയാണ് ബ്ലാക്കില്‍ കാണുന്നത്. പരുക്കന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ മുഖത്ത് ആവശ്യത്തില്‍ കൂടുതല്‍ ഗൗരവവും മസിലുപിടുത്തവും വരുത്തുന്നത് മമ്മൂട്ടിക്ക് ഈ ചിത്രത്തിലും ഒഴിവാക്കാനായിട്ടില്ലെങ്കിലും കഥാപാത്രത്തെ മൊത്തത്തില്‍ നന്നായി അവതരിപ്പിക്കാന്‍ സൂപ്പര്‍താരത്തിന് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്ക് മാത്രമിണങ്ങുന്ന ഒരു കഥാപാത്രവുമാണ് ഷണ്‍മുഖന്‍.

ഡെവിള്‍ കാര്‍ലോസ് പടവീടനായി ലാല്‍ തിളങ്ങുക തന്നെ ചെയ്തു. ശ്രേയ റെഡ്ഢിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. റഹ്മാന്റെ രണ്ടാം വരവും ശ്രദ്ധേയമായി.

അമല്‍ നീരദ് എന്ന പുതുമുഖ ഛായാഗ്രാഹകന്‍ അവതരണത്തില്‍ പുതുമക്ക് ശ്രമിക്കുന്ന സംവിധായകന്റെ മനസറിഞ്ഞ് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. എല്‍. ഭൂമിനാഥന്‍ എഡിറ്റിംഗില്‍ പരീക്ഷണങ്ങള്‍ക്ക് ശ്രമിച്ചിട്ടുണ്ട്.

ചിത്രത്തില്‍ ഒരു പാട്ട് മാത്രമേയുള്ളൂ. അത് ആവശ്യമുള്ളതുമല്ല. അമ്പത്തൊമ്പത് കൊമ്പന്‍മാരുടെ പൂരം എന്ന് തുടങ്ങുന്ന ഗാനം ടിവി ചാനലുകളെ ലക്ഷ്യമിട്ടൊരുക്കിയതാണെന്ന് തോന്നുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X