twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോഹി വീണ്ടും നിരാശപ്പെടുത്തി

    By Staff
    |

    തന്റെ കരിയറില്‍ ബ്രേക്കുകള്‍ നല്‍കിയ സംവിധായകനാണ് ലോഹിതദാസെന്നും പുതിയ ചിത്രം മറ്റൊരു ബ്രേക്കായിരിക്കുമെന്നും ചക്കരമുത്ത് പുറത്തിറങ്ങും മുമ്പ് ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ ദിലീപ് പ്രതീക്ഷിച്ചതു പോലൊരു ബ്രേക്ക് നല്‍കാന്‍ ഈ ചിത്രത്തിലൂടെ ലോഹിതദാസിന് സാധിച്ചില്ല.

    ജീവിതവുമായി ഇഴയടുപ്പമുള്ള കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമാണ് ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രങ്ങളിലേക്ക് പ്രേക്ഷകരെ അടുപ്പിച്ചിട്ടുള്ളത്. എന്നാല്‍ ചക്കരമുത്തിലെ പൊട്ടനെ പോലൊരു കഥാപാത്രത്തെ ജീവിതത്തിലെവിടെയും കാണാനാവില്ല. സിനിമയില്‍ മാത്രം കാണാനാവുന്ന ഒരു പൊട്ടനാണ് ഈ ചിത്രത്തിലെ അരവിന്ദന്‍.

    സംവിധായകനായതിനു ശേഷം തന്റെ ആദ്യകാല സിനിമകളില്‍ നിന്നും ലോഹിതദാസ് ബഹുദൂരം പിറകോട്ട് പോവുകയാണ്. ഒന്നുകില്‍ താന്‍ തന്നെ എഴുതിവച്ച പല സിനിമകളിലെയും കഥകളെയും മുഹൂര്‍ത്തങ്ങളെയും ഓര്‍മിപ്പിക്കുന്ന മറ്റൊരു തിരക്കഥ. അല്ലെങ്കില്‍ ചക്രം പോലുള്ള തിയേറ്ററിലെത്തുന്ന പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന സൃഷ്ടികള്‍. ചക്കരമുത്ത് അഥവാ ചക്കരപ്പൊട്ടന്‍ ആവട്ടെ തന്റെ പഴയ സിനിമകളുടെ വാര്‍പ്പില്‍, ഒരു സംവിധായകനോട് പ്രേക്ഷകരില്‍ സഹതാപം ജനിപ്പിക്കും വിധം തട്ടിക്കൂട്ടിയ ഒരു പൊട്ടന്‍ചിത്രമാണ്.

    ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും സ്ഥാനം മലയാള സിനിമയില്‍ ഇന്നെവിടെയാണ്? കിരീടവും തനിയാവര്‍ത്തനവും ദശരഥവും പോലെ തിരക്കഥയുടെ ക്രാഫ്റ്റിംഗിന്റെ മികവില്‍ ഒരു പിടി ചിത്രങ്ങള്‍ നല്‍കിയ ലോഹിതദാസ് സ്വയം ചിന്തിച്ചുനോക്കുന്നത് അദ്ദേഹത്തിനും മലയാള സിനിമക്കും ഒരു പോലെ നല്ലതാണ്.

    തിളക്കം, കുഞ്ഞിക്കൂനന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുകയും എന്നാല്‍ ആ കഥാപാത്രങ്ങളുടെ അരികിലൊന്നുമെത്താതിരിക്കുകയും ചെയ്യുന്ന ഒരു വിചിത്രകഥാപാത്രമാണ് ഈ ചിത്രത്തിലെ അരവിന്ദന്‍ (ദിലീപ്). നിഷ്കളങ്കത മുഖമുദ്രയായിരിക്കുകയും അത് മറ്റുള്ളവര്‍ക്ക് തമാശയാവുകയും ചെയ്യുന്ന ചിലരെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണാന്‍ കഴിയുമെങ്കിലും അരവിന്ദന്‍ സിനിമയില്‍ മാത്രം കാണാനാവുന്ന അപൂര്‍വജന്മമാണ്. കിരീടവും തനിയാവര്‍ത്തനവും രചിച്ച ലോഹിതദാസിന്റെ തൂലികയില്‍ നിന്നാണ് ഇങ്ങനൊരു കഥാപാത്രം പിറവികൊണ്ടിരിക്കുന്നത്!

    നിഷ്കളങ്കനായ അരവിന്ദന് അനിത(കാവ്യാമാധവന്‍)യോട് വലിയ സ്നേഹമാണ്. പ്രേമം തന്നെ. എന്നാല്‍ അവന്‍ അത് അനിതയോട് പറയുന്നില്ല. ഒരു പ്രത്യേക സാഹചര്യത്തില്‍ അവന്‍ തന്റെ മനസിലുള്ളത് വെളിപ്പെടുത്തുമ്പോഴാവട്ടെ അവള്‍ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവള്‍ ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട ബാംഗ്ലൂരിലെ ജീവന്‍ ജോര്‍ജ് (ജിഷ്ണു) എന്നൊരാളെ പ്രണയിക്കുന്നുണ്ട്. വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ അവരുടെ പ്രണയസാഫല്യത്തിന് കൂട്ടുനിന്നത് അരവിന്ദനാണ്. എന്നാല്‍ ജീവന്‍ ഒരു ചതിയനാണെന്ന് അനിത മനസിലാക്കുന്നതോടെ കഥയില്‍ പുതിയ വഴിത്തിരിവ്.

    ഈ ചക്കരപ്പൊട്ടന്‍ കഥ പറയുമ്പോള്‍ പ്രേക്ഷകന്റെ മനസില്‍ തൊടുന്ന ഒരു മുഹൂര്‍ത്തം പോലും ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന് ഒരുക്കാനായിട്ടില്ല. ഗാനരംഗങ്ങളിലും മറ്റും സംവിധാനം എന്നതു തനിക്കു പറ്റിയ പണിയേയല്ല എന്ന് ലോഹിതദാസ് പിന്നെയും പിന്നെയും ആവര്‍ത്തിച്ചുപ്രഖ്യാപിക്കുന്നുണ്ട്.

    അരവിന്ദന്‍ എന്ന അസ്വാഭാവിക കഥാപാത്രം പ്രേക്ഷകരില്‍ ഒരു സഹതാപവും ജനിപ്പിക്കുന്നില്ല. എന്നാല്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ച ദിലീപിനോട് അരവിന്ദന്‍ എന്ന പൊട്ടനാവാന്‍ അദ്ദേഹം നടത്തുന്ന വൃഥാവ്യായാമം കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് സഹതാപം തോന്നുന്നുണ്ട്. വയറു വീര്‍പ്പിച്ചും മുഖം കൊണ്ട് ഗോഷ്ടി കാട്ടിയും കേള്‍ക്കുന്നവര്‍ക്ക് മനസിലാവാത്ത വിധം സംഭാഷണങ്ങള്‍ പറഞ്ഞും ചക്കരപ്പൊട്ടനെ അവതരിപ്പിക്കാന്‍ ദിലീപ് വല്ലാതെ പാടുപെട്ടിട്ടുണ്ട്. ദിലീപിന്റെ അമിതാഭിനയവും ലോഹിതദാസിന്റെ എങ്ങും തൊടാത്ത സ്ക്രിപ്റ്റുമാവുമ്പോള്‍ പല രംഗങ്ങളും അരോചകമാവുകയാണ്.

    ഇന്ന് സിനിമയുടെ ചിത്രീകരണത്തിലും പ്രമേയസ്വീകരണത്തിലും പുതുരീതികള്‍ അന്വേഷിക്കപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതിനിടയില്‍ ചക്കരമുത്ത് പോലുള്ള തട്ടിക്കൂട്ടലുകള്‍ കാലത്തിന് ചേരാത്ത ചിത്രങ്ങളാണ്. ഭൂതകണ്ണാടി പോലുള്ള മികച്ച സിനിമയൊരുക്കിയ ലോഹിതദാസിനെ പോലുള്ള സംവിധായകര്‍ അത് സ്വയം തിരിച്ചറിഞ്ഞാല്‍ ഇത്തരം തട്ടിക്കൂട്ടലുകളുടെ എണ്ണം കുറയുകയെങ്കിലും ചെയ്യും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X