പ്രേക്ഷകര്‍ സ്വീകരിച്ച നരിമാന്‍

By Staff

പ്രേക്ഷകര്‍ സ്വീകരിച്ച നരിമാന്‍

സസ്പെന്‍സിന് ജീവനില്ലെങ്കിലും ചടുലമായ സംഭാഷണങ്ങളും കഥാഗതിയുടെ വേഗതയും ഒരു ചിത്രത്തെ വിജയമക്കാമെന്നാണ് കെ. മധുവിന്റെ നരിമാന്‍ തെളിയിക്കുന്നത്. സിബിഐ ഡയറിക്കുറിപ്പ് പോലുള്ള മലയാളത്തിലെ എക്കാലത്തെയും മികച്ച സസ്പെന്‍സ് ചിത്രങ്ങളിലൊന്നിന്റെ സംവിധായകനായ കെ. മധുവിന് ഒരു നല്ല സസ്പെന്‍സ് ചിത്രമെടുത്തു എന്ന് നരിമാനിലൂടെ അഭിമാനിക്കാനാവില്ല. പക്ഷേ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന മറ്റു പല മേമ്പൊടികളിലൂടെയും പ്രേക്ഷകനെ കൊണ്ട് ചിത്രം സ്വീകരിപ്പിക്കാന്‍ മധുവിന് സാധിച്ചു.

സസ്പെന്‍സ് നിലനിര്‍ത്താനാവുന്നില്ലെങ്കിലും ആക്ഷന്‍ സിനിമയില്‍ മുമ്പ് കണ്ടിട്ടില്ലാത്ത ചില വിഷയങ്ങളിലേക്ക് എത്തിനോക്കുന്നു ഈ ചിത്രം. ജുഡീഷ്യറി ചിലപ്പോഴൊക്കെ സത്യം തെളിയിക്കാനാവാതെ പരാജയപ്പെടാമെന്ന് തെളിയിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കാണിക്കുന്ന വേലകള്‍ ഈ ചിത്രത്തിന് പുതുമ നല്‍കുന്നു. സുരേഷ് ഗോപി പല വട്ടം ചെയ്ത പൊലീസ് വേഷത്തിന്റെ ആവര്‍ത്തനം പ്രേക്ഷകന് മടുക്കാത്തത് ഈ പുതുമ മൂലമാണ്.

യഥാര്‍ഥത്തില്‍ നരിമാന്‍ ഒരു സസ്പെന്‍സ് ചിത്രമല്ല. അവസാനം വരെ കുറ്റവാളി ആരാണെന്ന ഉദ്വേഗം പ്രേക്ഷകനിലുണ്ടെങ്കിലും അത് വെളിപ്പെടുത്തപ്പെടുമ്പോള്‍ പതിവ് സസ്പെന്‍സ് ചിത്രങ്ങളിലേതു പോലെ തീര്‍ത്തും അപ്രീതിക്ഷിതനായ ഒരു വ്യക്തിയെ കുറ്റവാളിയായി നിര്‍ത്തി ചിത്രം പ്രേക്ഷകനെ ഞെട്ടിക്കുന്നില്ല. നേരത്തെ കണ്ട കുറ്റവാളികള്‍ തന്നെ പിന്നെയും കുറ്റവാളികളായി മുന്നില്‍ വരുന്നു. എന്നാല്‍ സസ്പെന്‍സിന് അപ്പുറം മറ്റ് ചിലതാണ് ഈ സിനിമക്ക് പറയാനുള്ളതെന്ന് സംവിധായകനും തിരക്കഥാകൃത്തും വ്യക്തമാക്കുന്നു.

ഒരു കൊലപാതകകേസില്‍ പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ മനുവിനെ രക്ഷപ്പെടുത്താനായി കേസിനെ കുറിച്ച് നരിമാന്‍ നടത്തുന്ന പുനരന്വേഷണമാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. തന്റെ ജ്യേഷ്ഠന്റെയും ഭാര്യയുടെയും കൊലപാതകത്തിന് ഉത്തരവാദിയായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മനു ശിക്ഷ നടപ്പാക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജയില്‍ ചാടി. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നരിമാന്‍ കേസ് പുനരന്വേഷണം നടത്തുന്നത്.

സിഐ ഗോപിപിള്ളയും അഡ്വ. സേതുലക്ഷ്മിയും നരിമാന്റെ സഹായത്തിനായുണ്ട്. പ്രതികളായ അഡ്വ. പത്മനാഭന്‍തമ്പി, അബ്കാരി കോണ്‍ട്രാക്ടര്‍ കൊച്ചുനാരായണന്‍, എസ്. ഫിലിപ്പോസ് തോമസ്, മുസ്തഫ എന്നിവരാണ് കുറ്റവാളികളെന്ന് നരിമാന്‍ അന്വേഷണത്തില്‍ കണ്ടുമുട്ടുന്നു. പക്ഷേ തെളിവില്ലാത്തതു കാരണം കോടതി ഇവരെ വെറുതെ വിടുന്നു.

അതുകൊണ്ടൊന്നും നരിമാന്‍ അടങ്ങുന്നില്ല. ജുഡീഷ്യറിയുടെ ദൗര്‍ബല്യങ്ങള്‍ പുറത്തുകൊണ്ടുവരാനായി നരിമാന്‍ ഒരു വ്യാജകേസുണ്ടാക്കുന്നു. കൊലക്കേസിലെ പ്രതികളെ തന്നെ ഈ വ്യാജകേസിലെ പ്രതികളാക്കി അവരെ കോടതിക്കു മുന്നില്‍ കൊണ്ടുവരുന്നു. ഇവര്‍ കുറ്റവാളികളാണെന്ന് കോടതി വിധിക്കുന്നു. എന്നാല്‍ താന്‍ കെട്ടച്ചമച്ച വ്യാജകേസാണ് ഇതെന്ന് നരിമാന്‍ വെളിപ്പെടുത്തുന്നതോടെ കോടതിയുടെ ദൗര്‍ബല്യങ്ങള്‍ വെളിപ്പെടുന്നു. തെളിവുകളെ മാത്രം ആശ്രയിച്ച് വിധി നടപ്പാക്കുന്ന കോടതിക്ക് തെറ്റുപറ്റിയെന്ന് നരിമാന്‍ കോടതിയെ ബോധ്യപ്പെടുത്തുന്നു. ചിത്രത്തിന്റെ അന്ത്യത്തില്‍ മനുവിനെ കുറ്റവിമുക്തനാക്കുന്നു.

തന്റെ പതിവ് തട്ടുപൊളിപ്പന്‍ ശൈലിയില്‍ സുരേഷ് ഗോപി നരിമാനെ ഗംഭീരമാക്കുന്നുണ്ട്. ഒപ്പം സുരേഷ്ഗോപിയുടെ പൊലീസ് വേഷം പ്രേക്ഷകര്‍ക്ക് മടുത്തിട്ടില്ലെന്ന് ഈ ചിത്രം തെളിയിക്കുന്നു. മനുവായെത്തുന്നത് വിജയകുമാറാണ്. സിഐ ഗോപിപിള്ളയെ ജഗദീഷും സേതുലക്ഷ്മിയെ സംയുക്താ വര്‍മയും അവതരിപ്പിക്കുന്നു.

എസ്. എന്‍. സ്വാമിയുടെ തിരക്കഥ വേണ്ടത്ര ഭദ്രമല്ല. എങ്കിലും ചിത്രത്തില്‍ സംവിധായകന്‍ നിലനിര്‍ത്തിയ വേഗത അതിനെ അതിജീവിക്കാന്‍ സഹായിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X