twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മടുപ്പിക്കുന്ന മറ്റൊരു വിനയന്‍ ചിത്രം കൂടി

    By Staff
    |

    മടുപ്പിക്കുന്ന മറ്റൊരു വിനയന്‍ ചിത്രം കൂടി

    സുധീഷ്

    കഥാമോഷണ വിവാദം സംവിധായകന്‍ വിനയനോടൊപ്പം എന്നുമുണ്ട്. ബോയ്ഫ്രന്റ് എന്ന ചിത്രവും അത്തരമൊരു വിവാദം സൃഷ്ടിച്ചിരുന്നു. ദി ഒമന്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നും വെള്ളിനക്ഷത്രമുണ്ടാക്കിയ വിനയന്‍ ഇത്തവണ റാം എന്ന തമിഴ് സിനിമയിലാണ് പുതിയ ചിത്രത്തിന്റെ ത്രെഡ് കണ്ടെത്തിയത്.

    റാം എന്ന ചിത്രത്തില്‍ യൗവനം വിടാത്ത അമ്മയും കൗമാരപ്രായക്കാരനും ബുദ്ധിവൈകല്യവുമുള്ള മകനും തമ്മിലുള്ള അസാധാരണ ബന്ധമാണ് ചിത്രീകരിച്ചത്. ഒട്ടും അസ്വാഭാവികത തോന്നാത്ത വിധം വളരെ ഭംഗിയായി റാമില്‍ ആ ബന്ധം സംവിധായകന്‍ അവതരിപ്പിച്ചിരുന്നു. യൗവനം കടന്നിട്ടില്ലാത്ത അമ്മയും കൗമാരപ്രായക്കാരനായ മകനും തമ്മിലുള്ള ബന്ധം എന്ന ആശയമാണ് റാമില്‍ നിന്നു വിനയന്‍ കടമെടുത്തിരിക്കുന്നത്. വികലമായ കോമഡിയുടെയും പ്രേക്ഷകനെ വല്ലാതെ ചെടിപ്പിക്കുന്ന ഒരു കുറ്റാന്വേഷണ കഥയുടെയും പശ്ചാത്തലത്തില്‍ ആ ആശയം പ്രതിഷ്ഠിച്ച് പുതിയൊരു സിനിമാഭാസം സൃഷ്ടിച്ചിരിക്കുകയാണ് വിനയന്‍.

    കോളജിലെ ഹീറോയായ രമേശന്‍ നന്ദിനിയുടെ ഒരേയൊരു മകനാണ്. മന്ത്രി നടേശന്‍ നന്ദിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇപ്പോഴും കേസ് നിലനില്‍ക്കുന്നുണ്ട്. ക്രിക്കറ്റ് പ്രതിഭയായ മണിക്കുട്ടന് ഉപഹാരം സമ്മാനിക്കാന്‍ ഒരിക്കല്‍ കോളജിലെത്തിയത് മന്ത്രി നടേശനാണ്. അവിടെ നന്ദിനിയെ കണ്ട നടേശന്‍ അവരെ തന്റെ പ്രസംഗത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചു.

    ഇത് കേട്ടുനിന്ന രമേശന് സഹിക്കാനായില്ല. മന്ത്രി സമ്മാനിച്ച ക്രിക്കറ്റ് ബാറ്റ് കൊണ്ടുതന്നെ അവന്‍ അയാളെ ആക്രമിച്ചു. ബഹളമയമായ അന്തരീക്ഷത്തില്‍ പൊലീസിനെ വെട്ടിച്ച് അവന്‍ അവിടെ നിന്നും രക്ഷപ്പെട്ടു.

    ഈ സംഭവത്തിനു ശേഷം മന്ത്രി നടേശന്‍ കൊല്ലപ്പെട്ടു. രമേശനാണ് അത് ചെയ്തതെന്ന് ഏവരും സംശയിച്ചു. പൊലീസ് രമേശനെ തിരയാന്‍ തുടങ്ങി. അന്വേഷണത്തിനായി സിറ്റി പൊലീസ് കമ്മിഷണര്‍ കര്‍ത്തായെത്തി. കൊലപാതക അന്വേഷണമാണ് കര്‍ത്തായുടെ ജോലിയെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കുക എന്നതാണ് ഈ കഥാപാത്രത്തിന്റെ ദൗത്യം! എങ്കിലും കൊലക്കു പിന്നിലെ രഹസ്യം കണ്ടെത്താന്‍ ഈ കോമാളി പൊലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞു.

    സിനിമാലോകത്ത് നിലനില്‍ക്കുന്ന ഫോര്‍മുലകളെയും പൊള്ളയായ സങ്കല്പങ്ങളെയും തന്റെ സിനിമകളിലൂടെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യാറുള്ള സംവിധായകനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍. എന്നാല്‍ നടനെന്ന നിലയില്‍ ഏത് കോമാളി വേഷം ചെയ്യാനും ശ്രീനി തയ്യാറെന്നതാണ് വിരോധാഭാസം. സംവിധായകനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും സിനിമയിലെ മാമൂലുകളെ പരിഹസിക്കാറുള്ള ശ്രീനിയെന്ന നടനില്‍ നിന്ന് കൂടി അത്തരം ചില വിവേകങ്ങള്‍ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നുണ്ട്. ശ്രീനിവാസന്‍ അവതരിപ്പിച്ച പൊലീസ് കമ്മിഷണര്‍ ഇടിയന്‍ കര്‍ത്താ എന്ന കഥാപാത്രത്തെ കണ്ടതുകൊണ്ടാണ് ഇത്രയും പറയേണ്ടിവന്നത്.

    അനുകരണവും പ്രേക്ഷകരെ മടുപ്പിക്കാത്ത വിധം ചെയ്യാമെന്ന് മലയാളത്തിലെ ചില സംവിധായകര്‍ തന്നെ തെളിയിച്ചിട്ടുണ്ട്. അതിന് പോലും കഴിയാത്ത സംവിധായകനാണ് താനെന്ന് വിനയനും നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. റാമില്‍ ശരണ്യയും പുതുമുഖ നടനും അമ്മയും മകനുമായി പ്രേക്ഷകരെ സ്പര്‍ശിക്കുന്ന കഥാപാത്രങ്ങളായി മാറിയെങ്കില്‍ ആ ആശയം കടം കൊണ്ട വിനയന്‍ അത് വല്ലാതെ വികലമായാണ് ബോയ്ഫ്രണ്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. മണിക്കുട്ടന്‍ എന്ന കോളജ് കുമാരന്റെ അമ്മയായി ലക്ഷ്മി ഗോപാലസ്വാമിയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതാരാണെന്ന് മകനെ പറ്റി ആരെങ്കിലും ചോദിക്കുമ്പോള്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കഥാപാത്രം പറയുന്നത് ബോയ്ഫ്രന്റ് ആണെന്നാണ്!

    കായംകുളം കൊച്ചുണ്ണിയായി അഭിനയിച്ചതിന്റെ അനുഭവപരിചയത്തില്‍ സിനിമയിലെത്തിയ മണിക്കുട്ടന് ടിവി സീരിയലില്‍ നിന്ന് ഒട്ടും മുന്നോട്ടുപോവാനായിട്ടില്ല. കൊച്ചുണ്ണിയായി മണിക്കുട്ടന്‍ കാഴ്ചവച്ച മികച്ച അഭിനയം സിനിമയില്‍ ആവര്‍ത്തിക്കാനുമായിട്ടില്ല.

    യേശുദാസ് അതിഥിതാരമായി എത്തുന്ന രംഗങ്ങളൊക്കെ സിനിമയില്‍ വല്ലാതെ മുഴച്ചുനില്‍ക്കുന്നുണ്ട്. എം.ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനങ്ങളും ഒട്ടും ഇമ്പമുള്ളതല്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X