twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അതിഭാവുകത്വമില്ലാത്ത ചിത്രം

    By Staff
    |

    സമകാലീനമായ രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന സിനിമകള്‍ സൂപ്പര്‍താര വിളയാട്ടത്തിന്റെ അതിഭാവുകത്വത്തിലേക്ക് വഴുതിവീഴാറാണ് പതിവ്. പ്രമേയത്തോടുള്ള ആത്മാര്‍ത്ഥതയേക്കാള്‍ സൂപ്പര്‍താരത്തിന്റെ വായില്‍ നെടുങ്കന്‍ ഗീര്‍വാണങ്ങള്‍ തള്ളിക്കയറ്റുന്നതിലായിരിക്കും ഇത്തരം ചിത്രങ്ങളുടെ തിരക്കഥകളില്‍ പ്രാധാന്യം നല്‍കുക.

    മാധ്യമങ്ങളില്‍ വിവാദം സൃഷ്ടിച്ച രാഷ്ട്രീയ പ്രശ്നങ്ങളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ കഥ മെനഞ്ഞെടുക്കുകയും ഫലത്തില്‍ അതുമായൊന്നും യാതൊരു ബന്ധവുമില്ലാത്ത കെട്ടുകഥകളിലൂടെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയുമാണ് ഇത്തരം സിനിമകളുടെ രീതി. എന്നാല്‍ ശ്രീനിവാസനെ നായകനാക്കി വി.എം.വിനു സംവിധാനം ചെയ്യുകയും ടി.ദാമോദരന്‍ തിരക്കഥ എഴുതുകയും ചെയ്ത യെസ് യുവര്‍ ഓണര്‍ അതിഭാവുകത്വത്തിലേക്ക് വഴുതിമാറാതെ, നീതിയും അനീതിയും തമ്മിലുള്ള യുദ്ധത്തിന്റെ കഥ പറയുന്നു. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വലിയ അകലം പാലിക്കാതെ, കുറെക്കൂടി സത്യസന്ധമായി സമൂഹത്തെ നോക്കിക്കാണാന്‍ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

    പ്രമുഖ അഭിഭാഷകനായ വേണുഗോപാലിന്റെ (ഇന്നസെന്റ്) കീഴില്‍ 12 വര്‍ഷമായി ജൂനിയര്‍ വക്കീലായി കഴിയുന്നയാളാണ് രവിശങ്കര്‍ (ശ്രീനിവാസന്‍). ജൂനിയര്‍ വക്കീലാണെങ്കിലും തന്റെ വേലക്കാരനെ പോലെയാണ് ഓരോ ജോലികള്‍ വേണുഗോപാല്‍ രവിശങ്കറിനെ കൊണ്ടു ചെയ്യിക്കുന്നത്. എല്ലാം സഹിച്ച് രവിശങ്കര്‍ എന്നെങ്കിലും തന്റെ സമയം തെളിയുമെന്ന പ്രതീക്ഷയില്‍ വേണുഗോപാലിന്റെ ജൂനിയറായി തുടരുന്നു.

    എന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍ രവിശങ്കര്‍ തന്റെ ഉള്ളില്‍ അമര്‍ത്തിയിരിക്കുന്ന മുഴുവന്‍ രോഷവും പുറത്തെടുക്കുന്നു. വേണുഗോപാലുമായി ഇടഞ്ഞ രവിശങ്കര്‍ ജഡ്ജി മുകുന്ദന്റെ (തിലകന്‍) സഹായത്തോടെ പബ്ലിക് പ്രോസിക്യൂട്ടറുടെ സ്ഥാനത്തെത്തുന്നു. ഡിഎഫ്ഒ സാറ ഷെട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസാണ് രവിശങ്കറിനു മുന്നില്‍ ആദ്യമെത്തുന്നത്.

    അധികാരത്തിന്റെ ഉന്നതങ്ങളിലിരുന്ന് അഴിമതിയും നെറികേടും കാണിക്കുന്ന രാഷ്ട്രീയനേതാക്കളെ സംരക്ഷിക്കാന്‍ എന്ത് മാര്‍ഗവും തേടുന്ന വേണുഗോപാല്‍ മുന്‍ മന്ത്രി ജോണ്‍ വര്‍ഗീസിന്റെ (സായികുമാര്‍) അടുത്തയാളാണ്. ജോണ്‍ വര്‍ഗീസിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന വേണുഗോപാലും അതിനെതിരെ പോരാടുന്ന രവിശങ്കറും കോടതി മുറിയില്‍ ഏറ്റുമുട്ടുന്നു.

    എന്ത് അനീതിയും അഴിമതിയും ചെയ്താലും ജനത്തിനു മുന്നില്‍ ഞെളിഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയനേതാക്കള്‍ക്കിടയിലെ ചെന്നായ്ക്കളും അവരെ സംരക്ഷിക്കാന്‍ നിയമത്തെ ഏത് തരത്തിലും വളച്ചൊടിക്കുന്ന കറുത്ത കോട്ടിട്ട ദുര്‍ഭൂതങ്ങളും ചേര്‍ന്നുള്ള ഒരു മാഫിയ നമ്മുടെ സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഈ ചിത്രത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെ ചിത്രീകരിക്കാന്‍ തിരക്കഥാകൃത്ത് ടി.ദാമോദരന് സാധിച്ചിട്ടുണ്ട്. അതിദീര്‍ഘമായ കോടതി രംഗങ്ങള്‍ പോലും വിരസതയില്ലാതെ ഒരുക്കാന്‍ സംവിധായകന്‍ വി.എം.വിനു ശ്രദ്ധിച്ചിട്ടുണ്ട്.

    ശ്രീനിവാസന്‍ ഈ ചിത്രത്തിലെ മുഖ്യകഥാപാത്രമായി അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും ചിത്രത്തിലെ പല രംഗങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും ഒരു ശ്രീനിവാസന്‍ സ്റൈല്‍ കാണാം. സാമൂഹിക ഗൗരവമുള്ള ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണെങ്കിലും വളരെ ലളിതമാണ് ചിത്രത്തിന്റെ ഘടന. നര്‍മരസ പ്രധാനമായ മുഹൂര്‍ത്തങ്ങളിലൂടെ ചില സത്യങ്ങള്‍ പറയുന്ന രീതി സിനിമയില്‍ അവലംബിച്ചിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്.

    അഭിഭാഷകനായ രവിശങ്കര്‍ എന്ന കഥാപാത്രം ശ്രീനിവാസന്റെ കൈയില്‍ ഭദ്രമാണ്. രവിശങ്കറുടെ ഭാര്യ മായയായി അഭിനയിച്ച പത്മപ്രിയയും അനായാസമായി തന്റൈ വേഷം കൈകാര്യം ചെയ്തു. നെഗറ്റീവ് റോളില്‍ പ്രത്യക്ഷപ്പെടുന്ന ഇന്നസെന്റിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X