twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതുമയൊന്നുമില്ലാത്ത ആനമുറ്റത്തെ ആങ്ങളമാര്‍

    By Super
    |

    കൂട്ടുകുടുംബങ്ങളിലെ സ്പര്‍ദ്ധയും സ്വത്തിനുള്ള ആര്‍ത്തിയും മലയാള സിനിമക്ക് പുതുമയുള്ള പ്രമേയമൊന്നുമല്ല. എന്നാല്‍ പലപ്പോഴും കൂട്ടുകുടുംബങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ തരക്കേടില്ലാ വിജയവും നേടിയിട്ടുണ്ട്. വാത്സല്യം തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.

    ഈ കാരണത്താല്‍ തന്നെയാകാം നവാഗതനായ അനില്‍ മേടയിലും ആനമുറ്റത്തെ ആങ്ങളമാര്‍ എന്ന തന്റെ ചിത്രത്തിന് കൂട്ടുകുടുംബം തന്നെ പ്രമേയമായെടുത്തത്. ആനമുറ്റം തറവാട്ടില്‍ വല്ല്യമ്മയുടെ (ഫിലോമിന) വാക്കുകള്‍ക്ക് എതിര്‍വാക്കില്ല. ഇവര്‍ക്ക് രണ്ട് അനുജത്തിമാര്‍ ഉണ്ട്. വല്യമ്മയ്ക്ക് രാമകൃഷ്ണന്‍ (ജഗതി ശ്രീകുമാര്‍), മറ്റൊരു സഹോദരിക്ക് (വത്സലാ മേനോന്‍) രാജിവന്‍ (ജഗദീഷ്) എന്നിവര്‍ മക്കളായുണ്ട്. ഇളയ സഹോദരിക്ക് (ബിന്ദു പണിക്കര്‍) മക്കളൊന്നുമില്ല.

    വല്ല്യമ്മയ്ക്ക് ഒരു സഹോദരനുണ്ടായിരുന്നു - ശിവശങ്കരമേനോന്‍ (നെടുമുടി വേണു). 22 വര്‍ഷങ്ങള്‍ക്കു മുമ്പ് തറവാട് വിട്ടുപോയി അന്യമതത്തില്‍ പെട്ട പെണ്ണിനെ വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് വല്ല്യമ്മ ഇങ്ങനെയൊരു സഹോദരനില്ല എന്നു തന്നെ തീര്‍ച്ചയാക്കിയിരിക്കുകയാണ്.

    ആനമുറ്റം തറവാടിന് നിയന്ത്രണമുള്ള ഒരു ക്ഷേത്രമുണ്ട്. ഇവിടെ അഞ്ചു വര്‍ഷത്തിലൊരിക്കലാണ് ഉത്സവം നടക്കുക. ഈ ഉത്സവത്തിന് വിളക്കെടുക്കുന്ന ആളായിരിക്കും അടുത്ത അഞ്ചു വര്‍ഷത്തേക്ക് തറവാട്ടു കാരണവര്‍. ആചാരപ്രകാരം ഇപ്രാവശ്യം വിളക്കെടുക്കേണ്ടത് ശിവശങ്കരമേനോനാണ്. തിരിച്ചുവരില്ലെന്ന് തന്നെ എല്ലാവരും കരുതിയ ശിവശങ്കരമേനോന്‍ ഒരു രാത്രിയില്‍ തറവാട്ടിലെത്തുന്നു. താന്‍ വിളക്കെടുക്കാന്‍ വരുമെന്ന് തറവാട്ടില്‍ പ്രഖ്യാപിച്ച ശേഷം അയാള്‍ തിരിച്ചുപോവുകയും ചെയ്യുന്നു.

    എന്നാല്‍ പിന്നീട് ശിവശങ്കരമേനോന്‍ മരണമടഞ്ഞു എന്ന വാര്‍ത്തയാണ് ആനമുറ്റത്തെത്തുന്നത്. അതോടെ വിളക്കെടുക്കാന്‍ ആഗ്രഹമുള്ളവര്‍ തമ്മില്‍ സ്പര്‍ദ്ധ തുടങ്ങുകയും ചെയ്തു. വല്ല്യമ്മയ്ക്ക് തന്റെ മകന്‍ രാമകൃഷ്ണന്‍ വിളക്കെടുക്കണമെന്നാണാഗ്രഹം. അടുത്ത സഹോദരിക്കാകട്ടെ മകന്‍ രാജീവന്‍ എടുക്കണമെന്നും. ഇളയ സഹോദരിക്ക് മക്കളില്ലാത്തതിനാല്‍ താന്‍ തന്നെ വിളക്കെടുക്കുമെന്ന് അവരുടെ ഭര്‍ത്താവും (സ്ഫടികം ജോര്‍ജ്ജ്) പ്രഖ്യാപിച്ചു.

    ഇതോടെ തറവാട്ടില്‍ ജോത്സ്യനെ കൊണ്ടുവന്നു. ജോത്സ്യവിധി പ്രകാരം വിളക്കെടുക്കാനുള്ള അര്‍ഹത രാജീവനായിരുന്നു. രാജീവന്‍ വിളക്കെടുക്കുന്നതിനെ രാമകൃഷ്ണന്‍ അനുകൂലിക്കുകയും ചെയ്തു. അപ്പോഴാണ് ജയലക്ഷ്മി എന്ന ലക്ഷ്മിമേനോന്‍ (മാതു) ആനമുറ്റത്തെത്തുന്നത്. താന്‍ ശിവശങ്കരമേനോന്റെ മകളാണെന്നും അച്ഛന്‍ മരിച്ചതിനാല്‍ തനിക്കാണ് വിളക്കെടുക്കാന്‍ അര്‍ഹതയെന്നും അവകാശപ്പെട്ടുകൊണ്ടായിരുന്നു ലക്ഷ്മിയുടെ വരവ്.

    ലക്ഷ്മി ആരെന്ന് കണ്ടുപിടിക്കാന്‍ രാജീവനും രാമകൃഷ്ണനും ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ മറ്റൊരു കഥാപാത്രം കൂടി രംഗത്തെത്തുന്നു -മമതാ മേനോന്‍ (ശ്രീജയ). താനാണ് ശിവശങ്കരമേനോന്റെ മകളെന്നായിരുന്നു മമതയുടെ അവകാശവാദം. യുദ്ധം ലക്ഷ്മിയും മമതയും തമ്മിലായതോടെ രാജീവനും രാമകൃഷ്ണനും വഴി പിരിഞ്ഞു. രാജീവന്‍ ലക്ഷ്മിയുമായും രാമകൃഷ്ണന്‍ മമതയുമായും പ്രേമത്തിലായി.

    എന്നാല്‍ അവസാന നിമിഷം ഇളയ സഹോദരിയുടെ ഭര്‍ത്താവിന്റെ ജാരസന്തതിയാണ് മമത എന്ന് വെളിവാകുന്നു. സംബന്ധക്കാരനായ തനിക്ക് തറവാട്ടവകാശം ലഭിക്കാന്‍ അയാള്‍ നടത്തിയ കരുനീക്കങ്ങളായിരുന്നു മമതയുടെ വരവിനു പിന്നില്‍. അച്ഛന്റെ ഭീഷണിയെത്തുടര്‍ന്നാണ് താന്‍ ഈ കടുംകൈ ചെയ്തതെന്ന് പറഞ്ഞ് മമത തടിയൂരുകയും ചെയ്യുന്നു. പിന്നീട് ഒരു സാധാരണ പടത്തിന്റെ ക്ലൈമാക്സ്.

    മലയാളത്തില്‍ പുതുതായെത്തുന്ന സംവിധായകരൊന്നും ക്ലൈമാക്സ് ഒരുക്കുന്നതില്‍ വിജയകരമല്ലെന്നാണ് തോന്നുന്നത്. ഒരു കൂട്ടത്തല്ലും കുറച്ച് ചിരിക്കാനുള്ള വകയും ചേര്‍ത്താല്‍ ക്ലൈമാക്സായെന്നാണ് ഇന്നും മിക്ക സംവിധായകരും കരുതുന്നത്. ആ ചിന്ത തന്നെയാണ് അനില്‍ മേടയിലിനും എന്ന് ചിത്രം തെളിയിക്കുന്നു.

    ലക്ഷ്മി മേനോനായെത്തി മാതു നടത്തിയ തിരിച്ചുവരവ് ചിത്രത്തിന്റെ എടുത്തു പറയാവുന്ന നേട്ടമാണ്. ജഗദീഷിനും ജഗതിക്കും ചിത്രത്തില്‍ പ്രധാനവേഷങ്ങളാണെങ്കിലും അവരുടെ കഴിവിനെ വേണ്ടവിധത്തില്‍ വിനിയോഗിക്കാന്‍ സംവിധായകനു കഴിഞ്ഞില്ല. കൈതപ്രത്തിന്റെ വരികള്‍ക്ക് ഈണം ചിട്ടപ്പെടുത്തിയത് രവീന്ദ്രനാണെങ്കിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല.

    Read more about: jagathi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X