twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡാര്‍ലിംഗ് ഡാര്‍ലിംഗ്: ടിപ്പിക്കല്‍ രാജസേനന്‍ ചിത്രം

    By Staff
    |

    ഡാര്‍ലിംഗ് ഡാര്‍ലിംഗ്: ടിപ്പിക്കല്‍ രാജസേനന്‍ ചിത്രം

    സംവിധാനം: രാജസേനന്‍
    രംഗത്ത്: ദിലീപ്, വിനീത്, കാവ്യാ മാധവന്‍ ശ്രീജയ തുടങ്ങിയവര്‍
    സംഗീതം: ഔസേപ്പച്ചന്‍

    പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും ഒരു ടിപ്പിക്കല്‍ രാജസേനന്‍ ചിത്രമാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്. നര്‍മ്മവും സെന്റിമെന്റ്സും എല്ലാം ഒത്തുചേര്‍ന്ന ഒരു കുടുംബ ചിത്രം. കൂടെ ഒരു നായികയും രണ്ടു നായകരും കൂടിയാകുമ്പോള്‍ യുവഹൃദയങ്ങളെ കീഴടക്കാന്‍ ചേര്‍ന്ന എല്ലാ വിഭവങ്ങളുമായി.

    ത്രികോണ പ്രേമവും ഹാസ്യവും നര്‍മ്മവും ഒന്നും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പുതുമയൊന്നമല്ല. അത് അറിഞ്ഞുകൊണ്ടു തന്നെയാണ് രാജസേനന്‍ ഡാര്‍ലിംഗ് ഡാര്‍ലിംഗ് തയ്യാറാക്കിയിരിക്കുന്നത്. തന്റെ പക്കലുള്ളതിനെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ അനുഭവവേദ്യമാക്കുക എന്നതാണ് രാജസേനന്‍ ഈ ചിത്രത്തില്‍ മുഴുവന്‍ അവലംബിച്ചിരിക്കുന്ന മാര്‍ഗ്ഗം.

    പാലക്കല്‍ വലിയ കുറുപ്പിന്റ (സി.ഐ. പോള്‍) മകനായ സുഭാഷ് ചന്ദ്രബോസ് (വിനീത്) സുഹൃത്തായ മണിക്കുട്ടനു (ശരത്) വേണ്ടി സരസു എന്ന പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു വരുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. പാലക്കല്‍ വലിയ കുറുപ്പിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ ഉണ്ണിത്താന്റെ (ജനാര്‍ദ്ദനന്‍) മകളാണ് സരസു. സരസുവിന്റെ കല്യാണ ദിവസത്തിന്റെ തലേന്നാണ് കൊച്ചുകുറുപ്പ് ഉറ്റ സുഹൃത്തിനു വേണ്ടി ഈ സാഹസം ചെയ്തത്.

    എന്നാല്‍ ഉണ്ണിത്താനും സംഘവും കൊച്ചുകുറുപ്പിനെയും സരസുവിനെയും കൈയോടെ പിടിച്ചു. അതോടെ സരസുവിനെ സ്നേഹിക്കുന്നത് കൊച്ചുകുറുപ്പാണെന്ന് നാട്ടില്‍ പാട്ടായി. കൂടെ ഇരുകുടുംബങ്ങളും തമ്മില്‍ ശത്രുക്കളുമായി. കല്യാണം മുടങ്ങിയതിനെത്തുടര്‍ന്ന് മകളെ കൊച്ചുകുറുപ്പിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ഉണ്ണിത്താന്‍ ശ്രമങ്ങളും തുടങ്ങി.

    സ്നേഹിതന്റെ കാമുകിയെ കെട്ടേണ്ടിവരുമെന്ന ഘട്ടം വന്നപ്പോള്‍ കൊച്ചുകുറുപ്പ് മുങ്ങി. ബാംഗ്ലൂരില്‍ അടിപൊളിയായി ജീവിക്കുന്ന സുഹൃത്ത് അനിയന്‍ കുട്ടിയുടെ (ദിലീപ്) അടുത്തേക്കാണ് കൊച്ചുകുറുപ്പിന്റെ ഒളിച്ചോട്ടം. പെണ്‍കുട്ടികളെ ലൈനടിക്കുക എന്നതാണ് അനിയന്‍കുട്ടിയുടെ പ്രധാന ജോലി. ഇതിന് സഹായിയായി നില്‍ക്കുന്നത് കുടുംബക്കാരനായ അപ്പച്ചനും (ജഗതി).

    ഒരിക്കല്‍ അനിയന്‍ കുട്ടി പത്മജ (കാവ്യാ മാധവന്‍) എന്നൊരു പെണ്‍കുട്ടിയെ കണ്ടുമുട്ടി. അതോടെ എല്ലാ പെണ്‍കുട്ടികളെയും മറന്ന് ഇവള്‍ തന്നെ തന്റെ ജീവിതപങ്കാളി എന്ന് അനിയന്‍കുട്ടി അങ്ങ് വിചാരിക്കുകയും ചെയ്തു. ആയിടയ്ക്കാണ് പത്മജയുടെ ആന്റിയെ (സുകുമാരി) അനിയന്‍കുട്ടിയുടെ കാര്‍ ഇടിക്കുന്നത്. അനിയന്‍കുട്ടി കാര്‍ നിര്‍ത്താതെ ഓടിച്ചുപോയപ്പോള്‍ അതുവഴി വന്ന കൊച്ചുകുറുപ്പ് ആന്റിയെ ആശുപത്രിയില്‍ എത്തിക്കുന്നു.

    ഇതോടെ പത്മജയും കൊച്ചുകുറുപ്പും തമ്മിലുള്ള ബന്ധത്തിനു തുടക്കമായി. പരസ്പരം കാണാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഫോണില്‍കൂടി അവര്‍ നിരന്തരം സംസാരിക്കാന്‍ തുടങ്ങി. ഒരു പ്രത്യേക സാഹചര്യത്തില്‍ അനിയന്‍കുട്ടി എന്നാണ് തന്റെ പേരെന്ന് കൊച്ചു കുറുപ്പ് കള്ളം പറഞ്ഞു. താനിഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് കൊച്ചുകുറുപ്പിന്റെ മനം കീഴടക്കിയതെന്ന് അറിഞ്ഞ അനിയന്‍കുട്ടി ഇവരെ തമ്മില്‍ പിരിക്കാനുള്ള ശ്രമം തുടങ്ങി. ഇരുവരും കണ്ടുമുട്ടാന്‍ അവസരങ്ങളുണ്ടായപ്പോഴൊക്കെ അനിയന്‍കുട്ടി പല ന്യായങ്ങള്‍ പറഞ്ഞ് അത് മുടക്കി.

    ആയിടയ്ക്കാണ് വലിയ കുറുപ്പ് മകനൊരു കല്യാണാലോചനയുമായി വന്നത്. യാദൃച്ഛികമെന്നു പറയട്ടെ കൊച്ചുകുറുപ്പിനു വേണ്ടി വലിയകുറുപ്പ് കണ്ടെത്തിയത് പത്മജയെ തന്നെയായിരുന്നു. എന്നാല്‍ മുമ്പ് കാണാത്തതു കൊണ്ട് ഇരുവര്‍ക്കും പരസ്പരം മനസ്സിലായില്ല. കല്യാണം എങ്ങനെയെങ്കിലും മുടക്കണമെന്ന് കൊച്ചുകുറുപ്പ് അനിയന്‍ കുട്ടിയോട് അഭ്യര്‍ത്ഥിച്ചു.

    ഉര്‍വശീ ശാപം ഉപകാരം എന്ന് കണ്ടറിഞ്ഞ അനിയന്‍കുട്ടി കൊച്ചുകുറുപ്പിനെ സഹായിക്കാമെന്ന് ഉറപ്പു കൊടുത്തു. കല്യാണത്തിന്റെ അന്ന് കൊച്ചു കുറുപ്പിനോട് ബാംഗ്ലൂരിലേക്ക് മുങ്ങിക്കോളാനായിരുന്നു അനിയന്‍കുട്ടിയുടെ ഉപദേശം. വിവാഹപ്പന്തലില്‍ വരനെത്താതെ വിഷമിക്കുന്ന പെണ്‍കുട്ടിക്ക് ഒരു ജീവിതം നല്‍കാനായി താന്‍ അവളുടെ കഴുത്തില്‍ മിന്നു കെട്ടാമെന്നും അനിയന്‍കുട്ടി ഉറപ്പു നല്‍കി. പക്ഷെ താനിഷ്ടപ്പെടുന്ന പത്മജയെ ചതിയില്‍ കൂടി സ്വന്തമാക്കാനുള്ള ശ്രമമാണ് അനിയന്‍കുട്ടിയുടേത് എന്ന് കൊച്ചു കുറുപ്പ് അറിഞ്ഞില്ല.

    അതിനിടെ കൊച്ചുകുറുപ്പ് പത്മജയുമായി ഫോണില്‍ ബന്ധപ്പെട്ടു. കല്യാണദിവസം രാവിലെ റെയില്‍വേസ്റേഷനിലെത്താമെന്ന് വാക്കുകൊടുക്കുകയും ചെയ്തു. ഇക്കാര്യം അനിയന്‍കുട്ടിയെ അറിയിച്ചപ്പോള്‍ അയാളുടെ കുടിലബുദ്ധി വീണ്ടും ഉണര്‍ന്നു. മകളുമായി കല്യാണം നടത്താന്‍ കൊച്ചുകുറുപ്പിനെ തേടി നടക്കുന്നു ഉണ്ണിത്താന്റെ മുന്നിലേക്ക് കൊച്ചു കുറുപ്പിനെ എറിഞ്ഞുകൊടുക്കാന്‍ അവന്‍ സന്നദ്ധനായി. എന്നിട്ട് റെയില്‍വേ സ്റേഷനില്‍ ചെന്ന് താനാണ് ഫോണില്‍ സംസാരിക്കുന്ന ആളെന്ന് പറഞ്ഞ് അവളെ സ്വന്തമാക്കാനായിരുന്നു അവന്റെ പരിപാടി.

    എന്നാല്‍ ഒളിച്ചോട്ടം നേരത്തെ അറിഞ്ഞ പത്മജയുടെ ബന്ധുക്കള്‍ അനിയന്‍കുട്ടിയെ അടിച്ചു ശരിയാക്കുന്നു. സമയമായിട്ടും കാമുകന്‍ വരാത്തതിനെത്തുടര്‍ന്ന് തീവണ്ടിക്ക് തലവെക്കാന്‍ പത്മജ തയ്യാറായി. അപ്പോള്‍ തന്നെ ഉണ്ണിത്താനെ കാര്യം പറഞ്ഞ് മനസ്സിലാക്കി കൊച്ചുകുറുപ്പും റെയില്‍വെ സ്റേഷനിലെത്തി. അടികിട്ടിയതിനു ശേഷം തെറ്റു മനസ്സിലാക്കിയ അനിയന്‍കുട്ടി റെയില്‍വെ ട്രാക്കിലൂടെ തീവണ്ടിക്കു മുന്നിലേക്ക് നടക്കുന്ന പത്മജയെയാണ് കണ്ടത്. ഓടിച്ചെന്ന് അവളെ രക്ഷപ്പെടുത്തി അവളുടെ കാമുകന്‍ കൊച്ചുകുറുപ്പാണെന്ന് ചൂണ്ടിക്കാണിക്കുന്നതോടെ ചിത്രത്തിന് തിരശ്ശീല വീഴുന്നു.

    ആള്‍മാറാട്ടത്തിന്റെ തട്ടിപ്പുകളുടെയും ഒരു ശൃംഖലയാണ് ചിത്രം. ഒരു സന്ദേശമോ പുതുമയോ ഒന്നും മുന്നോട്ടുവെക്കാന്‍ ഈ ചിത്രത്തിന്റെ ശില്പികള്‍ക്ക് സാധിച്ചിട്ടില്ല.

    കോമഡി ചിത്രങ്ങളില്‍ തനിക്കുള്ള മികവ് ദിലീപ് ഒരിക്കല്‍കൂടി തെളിയിച്ചു. കൂടെ തല്ലുകൊള്ളിയെന്ന സ്ഥിരം വേഷവും. പക്ഷെ ചിത്രത്തിലെ നെഗറ്റീവായ വേഷം ഒരു പുതുമ തന്നെ. വിനീതിന്റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കുന്ന വേഷമാണ് കൊച്ചുകുറുപ്പ്. ചിത്രത്തിലെ നര്‍മ്മത്തെ ദിലീപിനും ജഗതിക്കും വിട്ടുകൊടുത്ത് വിനീതിന് അര്‍ഹമായ വേഷം നല്‍കിയത് സംവിധായകന്റെ തിരിച്ചറിവ്. കാവ്യമാധവനെ സംബന്ധിച്ചിടത്തോളം ഒന്നാം നിരയിലേക്കുള്ള ഒരു ഏണിപ്പടി തന്നെയായിരിക്കും ഈ ചിത്രം.

    ഔസേപ്പച്ചന്‍ ഒരുക്കിയ പശ്ചാത്തല സംഗീതം മുഴുനീളം ഡിടിഎസ്സിലാണ് പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത് അരോചകമായി. ഡിടിഎസ് എന്ന ശബ്ദവിസ്മയത്തെ ഇനിയും ഭംഗിയായി ഉപയോഗിക്കാന്‍ മലയാളി സംഗീതജ്ഞര്‍ പഠിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X