For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേറിട്ടൊരു ചലച്ചിത്രക്കാഴ്ച

  By Staff
  |

  വേറിട്ടൊരു ചലച്ചിത്രക്കാഴ്ച

  കെ.അരവിന്ദന്‍

  മുഖ്യധാര സിനിമയുടെയും സമാന്തര സിനിമയുടെയും മധ്യത്തിലുള്ള ഇടം മലയാളിക്ക് ആദ്യമായി കാട്ടിത്തന്ന സംവിധായകന്‍ പത്മരാജനാണ്. പത്മരാജനു ശേഷം ആ ഇടം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ മലയാളത്തില്‍ അത്രത്തോളം പ്രതിഭയുള്ള സംവിധായരുണ്ടായില്ല. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പത്മരാജന്റെ ശിഷ്യനായ ബ്ലെസ്സി മുഖ്യധാരാ, സമാന്തര സിനിമകളുടെ പതിവുരീതികള്‍ കൈവെടിഞ്ഞ് തന്റെ പ്രതിഭയുടെ അടയാളങ്ങള്‍ പതിപ്പിക്കുമ്പോള്‍ അത് സമകാലീന മലയാള സിനിമയുടെ പരിചയങ്ങള്‍ക്കും പതിവുകള്‍ക്കും നിരക്കാത്ത കാഴ്ചയാണ്.

  സിനിമയെന്ന മാധ്യമത്തിന്റെ സാധ്യതകളെന്തെന്ന ഉള്‍ക്കാഴ്ചയുള്ള ഒരു സംവിധായകനെയാണ് കാഴ്ചയില്‍ കണ്ടത്. കാഴ്ചയില്‍ നിന്നും തന്മാത്രയിലെത്തുമ്പോള്‍ ബ്ലെസ്സി പിന്നെയും ഏറെ മുന്നോട്ടുപോയിരിക്കുന്നു. പ്രതിഭയുടെ കാന്തസ്പര്‍ശം നിറയുന്ന ദൃശ്യങ്ങളിലൂടെ, സിനിമക്കു മാത്രം സാധ്യമായ ഭാഷ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കാട്ടിത്തരുന്ന പരിചരണരീതിയിലൂടെ തന്മാത്ര എന്ന ചിത്രം അസാധാരണമായ അനുഭവമാക്കി മാറ്റാന്‍ ബ്ലെസ്സിക്കു കഴിഞ്ഞിട്ടുണ്ട്.

  മുഖ്യധാരാ സിനിമയുടെ പതിവുരീതികളില്‍ നിന്നും ഏറെ അകന്നുനില്‍ക്കുന്നതാണ് ബ്ലെസ്സി ചിത്രത്തിന്റെ ഘടന. ഒരു പക്ഷേ മുഖ്യധാരാ സിനിമയേക്കാള്‍ സമാന്തര സിനിമയോടാണ് തന്മാത്രയുടെ ക്രാഫ്റ്റിംഗിന് അടുപ്പം. അതേ സമയം സാധാരണ പ്രേക്ഷകന്റെ കാഴ്ചയില്‍ നിറവുള്ളൊരു അനുഭവമാകാനും ഈ സിനിമക്ക് സാധിക്കുന്നു.

  സിനിമയുടെ ഭാഷ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ ഗുരുവിനേക്കാള്‍ മുന്നിലാണ് ശിഷ്യനെന്നു പറയണം. സിനിമയുടെ സാമ്പ്രദായിക രീതികള്‍ക്ക് ചേരുന്ന വിധം അതിനാടകീയമായ ട്വിസ്റുകളോ അതിഭാവുകത്വമോ ഒട്ടുമില്ലാത്ത പ്രമേയത്തെ ക്രാഫ്റ്റിന്റെ മേന്മ ഒന്നു കൊണ്ടു മാത്രമാണ്് ബ്ലെസ്സിക്ക് ഒരു മികച്ച സിനിമയായി വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിരിക്കുന്നത്. സിനിമയെ നോവലോ നീണ്ട കഥയോ ആക്കി മാറ്റുന്ന മുഖ്യധാരാ സിനിമയുടെ പതിവില്‍ നിന്നും വ്യത്യസ്തമായി ജീവിത മുഹൂര്‍ത്തങ്ങളുടെ നിറവുള്ള ദൃശ്യങ്ങള്‍ ചേര്‍ത്തുവച്ച് ഈടുറ്റൊരു ചലച്ചിത്രാനുഭവം പകരുകയാണ് ബ്ലെസ്സി.

  രമേശന്‍നായര്‍ എന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്റെയും അയാളുടെ കുടുംബത്തിന്റെയും സ്നേഹസമൃദ്ധിയുടെ ദൃശ്യങ്ങളില്‍ നിന്ന് തുടങ്ങുന്ന സിനിമ പലപ്പോഴും കുടുംബജീവിതത്തെ കുറിച്ച് ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ സ്നേഹസമൃദ്ധിയുടെ സന്ദേശം തന്നെയാണ് തന്മാത്ര എന്ന ചിത്രം. ജീവിതത്തെ ഏതു ദുരന്തത്തിലും സ്നേഹത്തിന്റെ ഇഴയടുപ്പത്താല്‍ പ്രസാദാത്മകമാക്കാമെന്ന ഉള്‍ക്കാഴ്ച ഈ സിനിമയിലെ ദൃശ്യങ്ങളുടെ അന്തര്‍ധാരയാണ്.

  ഏറെ കാലത്തിനു ശേഷം മലയാളത്തിന് പ്രതിഭാധനനായൊരു സംവിധായകനെ ലഭിച്ചിരിക്കുന്നുവെന്ന് കാഴ്ചയ്ക്കു ശേഷം തന്മാത്രയിലൂടെ ഒന്നു കൂടി മിഴിവോടെ വെളിപ്പെടുത്തുന്ന ബ്ലെസ്സി മോഹന്‍ലാല്‍ എന്ന നടനെ തന്റെ അപാരമായ അഭിനയശേഷിയുടെ സുവര്‍ണ മുഹൂര്‍ത്തങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും രമേശനെന്ന ബ്ലെസ്സിയുടെ നിരീക്ഷണം എല്ലാ അര്‍ത്ഥത്തിലും ശരിയാണെന്ന് തന്മാത്രയുടെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്.

  പ്രായത്തിനൊപ്പം പക്വമായ അഭിനയശേഷി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ മോഹന്‍ലാലിന് ഏറെ കാലമായി ലഭിച്ചിരുന്നില്ല. എന്നാല്‍ ടൈപ്പ് വേഷങ്ങളുടെ ചട്ടക്കൂടുകളില്‍ ഒതുക്കപ്പെട്ട ലാലിന്റെ അഭിനയസിദ്ധി പരമാവധി ചൂഷണം ചെയ്യാനും ലാലിന് കരിയറിലെ ഏറ്റവും മികച്ച വേഷം നല്‍കാനും ബ്ലെസ്സിക്ക് സാധിച്ചിരിക്കുന്നു.

  തന്മാത്രയിലെ രമേശനെ അവതരിപ്പിക്കാന്‍ ലാലിനല്ലാതെ ഇന്ത്യന്‍ സിനിമയിലെ മറ്റൊരു നടന് കഴിയുമോയെന്ന് സംശയിക്കണം. അല്‍ഷിമേഴ്സ് രോഗം ബാധിച്ച് പത്തുവയസുകാരനായിരുന്നപ്പോഴത്തെ ഓര്‍മകള്‍ മാത്രം മനസിലുള്ള രമേശനെ മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത് അതിഗംഭീരമായാണ്. മനസുകൊണ്ടു കുട്ടിയായി മാറിക്കഴിഞ്ഞ രമേശനിലെ മാറ്റങ്ങളെ വളരെ സൂക്ഷ്മമായ ഭാവപ്രകടനങ്ങള്‍ കൊണ്ടും ശരീരഭാഷയില്‍ തന്നെ വരുത്തുന്ന മാറ്റങ്ങളിലൂടെയുമാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രത്തെ തീര്‍ത്തും പൂര്‍ണതയിലെത്തിക്കാന്‍ ലാലിന്റെ അഭിനയശേഷിക്ക് സാധിച്ചിട്ടുണ്ട്. കുടുംബത്തിലും സമൂഹത്തിലും സജീവ സാന്നിധ്യമായ രമേശനായി ജീവിക്കുന്ന മോഹന്‍ലാല്‍ മറവി രോഗം പിടിപെടുന്ന കഥാപാത്രമായി മാറുമ്പോള്‍ നേരിയ ചലനങ്ങളില്‍ പോലും സൂക്ഷ്മത പാലിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

  തന്മാത്ര മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച സിനിമകളിലൊന്നാണെന്നതു പോലെ മോഹന്‍ലാലിന്റെ രമേശന്‍ മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭാവാഭിനയ മുഹൂര്‍ത്തങ്ങള്‍ പകരുന്ന കഥാപാത്രവുമാണ്.

  അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിലും അസാധാരണമായ സൂക്ഷ്മതയാണ് ബ്ലെസ്സി പുലര്‍ത്തിയിരിക്കുന്നത്. ഒരു ഹിന്ദി സിനിമയിലും ചില പരസ്യങ്ങളിലും മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള മീര വാസുദേവിനെ രമേശന്റെ ഭാര്യയായ ലേഖയുടെ വേഷം ചെയ്യാനായി ബ്ലെസ്സി കണ്ടെത്തിയത് തികഞ്ഞ കൃത്യതയോടെയാണ്. ചിത്രത്തിലെ പ്രസന്നമായ കുടുബാന്തരീക്ഷത്തിന്റെ മുഹൂര്‍ത്തങ്ങള്‍ക്ക് മോഹന്‍ലാല്‍-മീര ജോഡിയുടെ രസതന്ത്രം മിഴിവ് പകരുന്നുണ്ട്.

  മൂന്ന് തലമുറകള്‍ തമ്മിലുള്ള സ്നേഹവിനിമയങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ രമേശന്റെ മകന്‍ മനുവായി അഭിനയിക്കുന്ന അര്‍ജുനും ബ്ലെസ്സിയുടെ താരനിര്‍ണയത്തിന്റെ മറ്റൊരു മികച്ച കണ്ടെത്തലാണ്. നല്ലൊരു നടനുള്ള സാധ്യതകള്‍ ഈ കൗമാരപ്രായക്കാരനില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.

  ചിത്രത്തിലെ ഗാനങ്ങള്‍ക്കും ഗാനരംഗങ്ങള്‍ക്കും അതീവചാരുതയുണ്ട്. ചിത്രത്തിന്റെ മൂഡ് പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതാണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന മോഹന്‍ സിതാരയുടെ സംഗീതം. ഗാനരംഗങ്ങളെ വേറിട്ടുനില്‍ക്കുന്ന കെട്ടുകാഴ്ചയാക്കുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായി കഥ പറയുന്നതിന്റെ താളവുമായി ഇഴുകിച്ചേര്‍ക്കാന്‍ ബ്ലെസ്സിക്ക് സാധിച്ചിരിക്കുന്നു. ജീവിതത്തോട് വല്ലാതെ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന ഈ ചിത്രത്തിനു വേണ്ട ഫ്രെയ്മുകള്‍ ഏകാഗ്രതയോടെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സേതുശ്രീറാമിന്റെ ക്യാമറയുടെ ടോണും ലൈറ്റിംഗും ജീവനുള്ള ഫ്രെയ്മുകളാണ് ഒരുക്കുന്നത്.

  തന്മാത്ര മലയാള സിനിമക്ക് വേറിട്ടൊരു വഴിവെട്ടലാണ്. തന്റെ വഴി വിട്ടുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്ന ഒരു സംവിധായകനെ തന്മാത്രയില്‍ കാണാം.

  വാല്‍ക്കഷ്ണം: സിനിമകളെടുക്കുന്നത് കുറെ കൂടി നല്ല രീതിയിലും ശ്രദ്ധിച്ചുമാവണമെന്ന സന്ദേശമാണ് തന്മാത്ര തനിക്കു നല്‍കിയതെന്ന് പ്രിയദര്‍ശന്‍. ഈ സന്ദേശം ഉള്‍ക്കൊള്ളാന്‍ സംവിധായര്‍ മനസുവച്ചാല്‍ രക്ഷപ്പെടുന്നത് ഇപ്പോള്‍ വെറും കെട്ടുക്കാഴ്ചകള്‍ മാത്രമായി മാറിയിരിക്കുന്ന സമകാലീന മലയാള സിനിമയായിരിക്കും.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X