twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദശാവതാരത്തില്‍ ഇതൊക്കെ മതിയോ?

    By Staff
    |

    Kamal Hassan in Dasavatharamഒരു താരത്തിന്റെ ഇമേജ് നിലനിര്‍ത്താന്‍ കഥയും കഥാപാത്രങ്ങളുമൊരുക്കി അതിനു മീതെ കോടികള്‍ വാരിയെറിഞ്ഞാല്‍‍ എന്തു സംഭവിക്കുമോ, അതു തന്നെ ദശാവതാരത്തിനും സംഭവിച്ചു. വാനോളമുയര്‍ന്ന പ്രതീക്ഷകളുമായി തീയേറ്ററിലെത്തിയവര്‍ക്ക് നിരാശ മാത്രം.

    സാങ്കേതിക വിദ്യയും വസ്ത്രാലങ്കാരവും ആക്ഷനും ഛായാഗ്രഹണവും കമലിന്റെ അഭിനയവും 'സുപ്പര്‍ബ്' എന്ന് വാഴ്ത്തുമ്പോഴും കഥയും തിരക്കഥയും ശരാശരിയ്ക്കും താഴെ.

    കഥയോ സാഹചര്യമോ ഒന്നും കമലിന്റെ പത്തു കഥാപാത്രങ്ങളെ ന്യായീകരിക്കുന്നില്ല. ചരിത്രം സൃഷ്ടിക്കുക എന്നത് ആദ്യ അജണ്ട, പിന്നെ അതിനൊപ്പിച്ച കഥയും കഥാപാത്രങ്ങളും. ആര്‍ക്കും പ്രവചിക്കാവുന്ന കഥാസന്ദര്‍ഭങ്ങള്‍. കോടികളുടെ പളപളപ്പും പുതച്ച് ഇവ സ്ക്രീനിലെത്തുമ്പോള്‍ ആരും ഒന്നു വാപൊളിച്ചു പോകും. അതിനപ്പുറം ദശാവതാരം എന്താണ് കാണികള്‍ക്ക് നല്‍കുന്നത്? കമലിന്റെ ഏറ്റവും കടുത്ത ആരാധകര്‍ പോലും ഒട്ടൊന്ന് ആലോചിച്ചേ ഉത്തരം പറയൂ.

    പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചോളസാമ്രാജ്യാധിപന്‍ കുലോത്തുംഗ ചോളന്‍, മഹാവിഷ്ണുവിന്റെ പ്രതിമ നീക്കം ചെയ്യാനൊരുങ്ങുമ്പോള്‍ അതിനെ തടയുന്ന രംഗരാജന്‍ നമ്പിയിലൂടെയാണ് കഥ ആരംഭിക്കുന്നത്. കുലോത്തുംഗ ചോളന്‍ കടുത്ത വിഷ്ണു ഭക്തന്‍. നമ്പിയാകട്ടെ വിഷ്ണു ഭക്തനും.

    രാജാധികാരത്തെ വെല്ലുവിളിച്ച നമ്പിയെ ചോളരാജന്‍ ജീവനോടെ കടലിലെറിയുന്നു. ഭര്‍ത്താവിന്റെ ദേഹവിയോഗത്തില്‍ മനം നൊന്ത് ഭാര്യ കോതൈ സ്വയം ജീവനൊടുക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിന്നൊരു ജംപ് കട്ടാണ് പിന്നീട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിന്ന് കാമറ ആരോടും ചോദിക്കാതെ നടപ്പു വര്‍ഷത്തില്‍ നേരെ അമേരിക്കയിലേയ്ക്ക് തിരിയുന്നു. (നമ്പി കമലഹാസനും കോതൈ അസിനുമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ).

    തുടര്‍ന്ന് നാം മൂന്ന് അമേരിക്കന്‍ കമലഹാസന്‍ കഥാപാത്രങ്ങളെ പരിചയപ്പെടുന്നു. ഡോ, ഗോവിന്ദ്, പ്രസിഡന്റ് ജോര്‍ജ് ബുഷ്, സിഐഎ ഏജന്റ് കീത്ത് ഫ്ലെച്ചര്‍ എന്നിവര്‍. ‍

    ശാസ്ത്രജ്ഞന്‍ മാരകമായ വൈറസ് കണ്ടുപിടിക്കുന്നതും അദ്ദേഹത്തിനൊപ്പമുളളവര്‍ അത് ശത്രുക്കള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതും പിന്നെ നടക്കുന്ന കൂട്ടപ്പൊരിച്ചിലും എത്രയോ സിനിമകളില്‍ നാം കണ്ടിട്ടുണ്ട്, എത്രയോ നോവലുകളില്‍ വായിച്ചിട്ടുണ്ട്. വൈറസ് ചിലപ്പോള്‍ മാരകമായ ആയുധമാകാം, വിലപിടിപ്പുളള മറ്റേതെങ്കിലും കണ്ടുപിടിത്തമാകാം.

    ജെയിംസ് ഹാഡ്‍ലി ചേസു മുതല്‍ ബാറ്റണ്‍ബോസു വരെ എടുത്തു പെരുമാറിയ അതേ കഥ. ഇവിടെ ശാസ്ത്രജ്ഞനായ ഡോ. ഗോവിന്ദ് കണ്ടുപിടിച്ചത് അത്യുഗ്രമാരകഭീകരമായ വൈറസിനെ. ഗോവിന്ദിനെ നേരിട്ട് അഭിനന്ദിക്കാന്‍ പ്രസിഡന്റ് ബുഷ് എത്തുന്നു. (പത്ത് അവതാരം തികയ്ക്കാനുളള ഓരോ ബുദ്ധിമുട്ടുകള്‍!)

    സംഗതിയെല്ലാം കൂടി തമിഴ് നാട്ടില്‍ എങ്ങനെയെങ്കിലും എത്തിക്കണമല്ലോ. സിഐഎ ചാരന്‍ കീത്ത് ഫ്ലെച്ചര്‍ മിഷണറി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തമിഴ്‍നാട്ടിലാണ്. തമിഴ് ഭാഷയില്‍ ആതുര സേവനം നടത്താന്‍ ഫ്ലെച്ചറെ സഹായിക്കാന്‍ സഹായിയുടെ വേഷത്തില്‍ മല്ലികാ ഷെരാവത്തുണ്ട്. (വെളുക്കുവോളം സേവിക്കാം, വെളുത്താലും സേവിക്കാം).

    ഫ്ലെച്ചറോടുളള പ്രതികാരം തീര്‍ക്കാന്‍ ചൈനീസ് ആയോധന കലയുടെ ആചാര്യനും തമിഴ് നാട്ടിലെത്തുന്നു. സംഗതിയുടെ കിടപ്പുവശമറിഞ്ഞാല്‍ റോയുടെ മേധാവി തെലുങ്കന്‍ ബെല്‍റാം നായി‍ഡ‍ുവിനും തമിഴ് നാട്ടിലെത്താതെ വയ്യ. വിമാനം പിടിച്ച് ജോര്‍ജ് ബുഷ് തമിഴ് നാട്ടില്‍ എത്തിയില്ലെന്നൊരാശ്വാസമുണ്ട് കാണികള്‍ക്ക്. കമലല്ലേ, എന്താണ് ചെയ്യുന്നതെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാവുമോ?

    തമിഴ്‍നാട്ടിലാണെങ്കില്‍ ദളിത് ആക്ടിവിസ്റ്റ് വിന്‍സന്റ് പൂവഴകനുണ്ട്, പഞ്ചാബി പോപ് ഗായകന്‍ അവതാര്‍ സിംഗുണ്ട്, കൃഷ്ണവേണി പാട്ടിയും ഖലിഫുളള ഖാനുമുണ്ട്. ഇവരെല്ലാം സ്വന്തം നിലയില്‍ കമല ഹാസന്‍മാരാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇതിനിടയില്‍ സ്വയം അറിയാതെ വന്നു പെട്ടുപോയ ആണ്ടാള്‍ എന്ന ബ്രാഹ്മണ പെണ്‍കൊടിയും.

    ക്ലൈമാക്സില്‍ അരങ്ങേറുന്ന സുനാമിയോടെ സംഗതി ആര്‍ക്കും പ്രവചിക്കാവുന്ന തരത്തില്‍ അവസാനിക്കുന്നു. പ്രതീക്ഷകള്‍ മുഴുവന്‍ സുനാമി കവര്‍ന്ന ഇച്ഛാഭംഗത്തോടെ പ്രേക്ഷകന്‍ സീറ്റില്‍ നിന്നെഴുനേറ്റ് തീയേറ്ററില്‍ നിന്ന് പുറത്തു വരുന്നു. അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദന കാമരാജന്‍ തുടങ്ങിയ ബഹുകമല്‍ ചിത്രങ്ങളെക്കുറിച്ചുളള മധുര സ്മരണകള്‍ അതേ നടന്‍ തന്നെ പത്തുവേഷത്തില്‍ പ്രത്യക്ഷപ്പെട്ട് ചവിട്ടി മെതിച്ചു കളഞ്ഞല്ലോ എന്ന സങ്കടം ആ മുഖത്ത് നിന്ന് നമുക്ക് വായിച്ചെടുക്കാം.

    എന്തിന് പത്ത് കമല്‍ കഥാപാത്രങ്ങള്‍ എന്ന് ചോദിക്കുന്നിടത്ത് ഈ ചിത്രത്തിന്റെ സകല പരാജയ കാരണങ്ങളും നമുക്ക് കണ്ടെത്താം. മൂന്നു മണിക്കൂറിലേറെ നീളുന്ന ചിത്രത്തില്‍ അവതാരങ്ങളുടെ എണ്ണം തികയ്ക്കാന്‍ വേണ്ടി മാത്രം പ്രത്യക്ഷപ്പെടുന്ന കമലഹാസന്‍, യഥാര്‍ത്ഥത്തില്‍ പ്രേക്ഷകരുടെ സിനിമാ സങ്കല്‍പനങ്ങള്‍ക്കു മീതെ ഭീമന്‍ സുനാമിയായി പതിക്കുകയാണെന്ന് പറയാതെ വയ്യ.

    എന്നാല്‍ വേഷങ്ങളോട് കമല്‍ നീതി പുലര്‍ത്തിയെന്ന് തന്നെ പറയണം. അത്ഭുതകരമായ അഭിനയശേഷി അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രവിവര്‍മ്മന്റെ കാമറയും ഹോളിവുഡ് സാങ്കേതിക വിദഗ്ധനായ ബ്രെയിന്‍ ജെന്നിംഗ്സിന്റെ സ്പെഷ്യല്‍ ഇഫക്ടുകളും ഒന്നാന്തരം.

    പത്തവതാരങ്ങളില്‍ ഒന്നിനെപ്പോലും മനസില്‍ വെച്ച് താലോലിക്കാന്‍ പോന്ന കഥാമുഹൂര്‍ത്തങ്ങളൊന്നുമില്ലെങ്കിലും ഇതൊക്കെ ഓര്‍ത്ത് സമാധാനിക്കാം. അല്ലെങ്കില്‍ തന്നെ കഥയുടെ കാര്യമൊക്കെ ഓര്‍ത്ത് ഒരു കഥയുമില്ലാത്തവരല്ലേ ഇപ്പോള്‍ സിനിമയ്ക്ക് പോകുന്നത്.

    കാണാനും ആസ്വദിക്കാനും ദശാവതാരത്തില്‍ ചിലതൊക്കെയില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നു തന്നെയാണുത്തരം. ദശാവതാരമാകുമ്പോള്‍ അതു മതിയോ എന്നത് ഉത്തരം കിട്ടാത്ത ചോദ്യവും.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X