For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേ, അങ്ങോട്ട് നോക്കരുത്.......!

  By Staff
  |

  ബാലചന്ദ്ര മേനോന്റെ ടെലിവിഷന്‍ അഭിമുഖങ്ങള്‍ കണ്ടിട്ടുളളവര്‍ക്ക് അദ്ദേഹത്തെ നന്നായി മനസിലാകും. ഞാന്‍ മേനോന്‍ എന്നൊരു പേരാണ് അദ്ദേഹത്തിന് തികച്ചും യോജിക്കുക എന്നും പലപ്പോഴും തോന്നിയിട്ടുണ്ട്. തിരക്കഥയും സംവിധാനവും മുതല്‍ സംഗീത സംവിധാനവും ആലാപനവും വരെ വഴങ്ങുന്ന ഒരു മഹാ പ്രതിഭാശാലിയാണ് സാക്ഷാല്‍ ബാലചന്ദ്രമേനോന്‍.

  കാര്യം നിസാരം, പ്രശ്നം ഗുരുതരം, ശേഷം കാഴ്ചയില്‍, ആരാന്റെ മുല്ല കൊച്ചു മുല്ല തുടങ്ങിയ മനോഹരമായ സിനിമാ പേരുകളും കുടുംബ കഥകളുമായി വന്ന് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം അദ്ദേഹം ഉറപ്പിച്ചിട്ടുമുണ്ട്. ഉത്രാടരാത്രിയെന്ന ആദ്യ ചിത്രത്തില്‍ നിന്നും ഒറ്റക്കുതിപ്പാണ് ബാലചന്ദ്രമേനോന്‍ മലയാള സിനിമയില്‍ നടത്തിയത്.

  ആ പ്രതീക്ഷയുമായി "ദേ ഇങ്ങോട്ട് നോക്കിയേ" എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം കാണാന്‍ പോയവര്‍ ഏകകണ്ഠമായി പറയുന്ന അഭിപ്രായമാണ് ഈ ചിത്രനിരൂപണത്തിന് നല്‍കിയ തലക്കെട്ട്. "ദേ, അങ്ങോട്ട് നോക്കരുത്'', "ദേ അങ്ങോട്ട് പോകരുത്" എന്നൊക്കെയുളള ആ പാരഡികളിലുണ്ട് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ വിധി.

  ഒരു രാഷ്ട്രീയ സിനിമയാണത്രേ ബാലചന്ദ്രമേനോന്‍ കാട്ടിക്കൂട്ടി വെച്ചിരിക്കുന്നത്. മലയാളികള്‍ക്ക് പരിചിതമുളള രണ്ടു തരം കമേഴ്സ്യല്‍ രാഷ്ട്രീയ ചിത്രങ്ങളുണ്ട്. ടി ദാമോദരന്‍ - ഐ വി ശശി കൂട്ടുകെട്ടിലൂടെ വികസിച്ച് രഞ്ജി - പണിക്കര്‍, ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ - ജോഷി ടീമുകളില്‍ പൂര്‍ണപ്രഭ ചൊരിഞ്ഞ തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍. സമകാലിക രാഷ്ട്രീയ സംഭവങ്ങളും നേതാക്കളുടെ കാരിക്കേച്ചര്‍ രൂപങ്ങളും ചേര്‍ന്നു തീയേറ്റര്‍ ഭരിച്ച ആ ചിത്രങ്ങളില്‍ പലതും എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളുമായിട്ടുണ്ട്.

  ശ്രീനിവാസന്റെ രാഷ്ട്രീയ വിമര്‍ശന ശൈലിയാണ് മറ്റൊന്ന്. സന്ദേശത്തില്‍ കൂടി ശ്രീനി വിജയകരമായി പരീക്ഷിച്ച, തുളഞ്ഞു കയറുന്ന ആക്ഷേപത്തിന്റെ ശക്തി ഒന്നു വേറെ തന്നെയാണ്.

  എന്നാല്‍ ഈ ഗണത്തിലൊന്നും പെടുന്നതല്ല മേനോന്റെ പരീക്ഷണം. ആക്ഷേപ ഹാസ്യമെന്നൊക്കെ പറഞ്ഞ് അദ്ദേഹം ഈ സിനിമയില്‍ ചിത്രീകരിക്കുന്ന രംഗങ്ങളും പറയുന്ന സംഭവങ്ങളും മലയാളിയുടെ രാഷ്ട്രീയ ബോധത്തെയും സിനിമാ പാരമ്പര്യത്തെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണ് ചെയ്യുന്നത്.

  മൂന്നു തവണ കേരള മുഖ്യമന്ത്രിയായി അമ്മാവന്‍ വെട്ടിക്കാട് ‍ സദാശിവനെ (ജഗതി) രാഷ്ട്രീയ മാതൃകയായി സ്വീകരിച്ച ചെറുപ്പക്കാരനാണ് വെട്ടിക്കാട് ശിവന്‍ (ജയസൂര്യ). പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്ത ഇയാള്‍ക്ക് വേറെയുമുണ്ട് ഒരമ്മാവന്‍. ആ അമ്മാവന് ഒരു മകളുമുണ്ട്. പിന്നെ പ്രേമിക്കാതെ തരമില്ലല്ലോ. ഇരുവരും കൊണ്ടുപിടിച്ച പ്രേമം.

  ഇവരുടെ പ്രേമത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ഇലക്ഷന്‍ കമ്മിഷന്‍ ആ പണി പറ്റിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അമ്മാവനെ പ്രചരണത്തില്‍ സഹായിക്കാന്‍ മരുമകന്‍ തലസ്ഥാനത്തേയ്ക്ക് വണ്ടി കയറുന്നു. ചെന്നപ്പോഴല്ലേ അറിയുന്നത്, താന്‍ മാതൃകയാക്കി മനസില്‍ പ്രതിഷ്ഠിച്ച്, പ്രേമത്തിന്റെ ഇടവേളകളില്‍ മനസില്‍ ചന്ദനത്തിരി കത്തിച്ച് പൂജിച്ച അമ്മാവനല്ലത്രേ ഈ അമ്മാവന്.

  അധികാരം തലയ്ക്കു പിടിച്ച അമ്മാവന്റെ "യഥാര്‍ത്ഥ രൂപം" കണ്ട് മരുമകന് കലിയിളകി, പിരിയിളകി.

  അങ്ങനെ അമ്മാവനെതിരെ മരുമഹന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്നു. പിന്നെ പത്ര സമ്മേളനങ്ങളായി. തരികിട തന്ത്രങ്ങളായി, ആകെ പുകിലായി. കാര്യങ്ങളങ്ങനെ മുന്നേറവേ, ഒരു പത്രവാര്‍ത്ത മരുമകന്‍ കാണുന്നു. ആ വാര്‍ത്തയില്‍ പണ്ടെന്നോ നാടു വിട്ട വേറൊരമ്മാവനായ വെട്ടിക്കാട് സാംബശിവന്റെ ഫോട്ടവും.

  ആ അമ്മാവനാണോ ഈയമ്മാവന്‍. പിന്നെയീമ്മാവന്‍ ഏതമ്മാവന്‍ എന്നൊക്കെയുളള ആശയക്കുഴപ്പത്തിനിടയില്‍ മരുമഹന്‍ പയ്യന്‍സ് ആ സത്യം കണ്ടുപിടിക്കുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന ആ മഹാ സത്യം. ഹോ. എന്തൊരു സത്യം. "കാട്ടിലെ തടി, തേവരുടെ ആന" എന്ന പഴയൊരു ചിത്രത്തിലും ജഗതി ഏതാണ്ടിങ്ങനെയൊരു വേഷത്തിലാണ് വരുന്നതെന്നു മാത്രം തല്‍ക്കാലം പറയാം.

  ഒരു കാര്യം ഉറപ്പാണ്. ആസനത്തില്‍ തഴമ്പു പറ്റിയ നമ്മുടെ പഴയ സംവിധായകത്താപ്പാനകള്‍ ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളല്ലാതെ വേറൊന്നും കാണുന്നില്ല. പുതിയ ലോകമോ പുതിയ കാഴ്ചകളോ അവര്‍ക്ക് അന്യമാണ്. അറുബോറന്‍ ടിവി സീരിയലുകള്‍ കഥകളിലെ അതിവൈകാരികതയും തിരക്കഥാതന്ത്രങ്ങളും അതുപോലെ വലിയ സ്ക്രീനില്‍ പയറ്റുകയാണ് സിനിമയെന്ന പേരില്‍. സിനിമയില്ലാതിരുന്ന കാലത്ത് സീരിയലുകളില്‍ അഭിനയിച്ചതിന്റെ അനിവാര്യമായ പതനം.

  "ദേ ഇങ്ങോട്ടൊന്നു നോക്കിയേ" എന്ന് ഇനിയെത്ര തവണ ബാലചന്ദ്രമേനോന്‍ മലയാളികളോട് കെഞ്ചിയാലും രക്ഷയുണ്ടെന്ന് തോന്നുന്നില്ല. അത്രയ്ക്ക് ദുസഹമാണ് അദ്ദേഹത്തിന്റെ പുതിയ സിനിമ കണ്ടു തീര്‍ക്കുക എന്ന അനുഭവം.

  ദേ ഇങ്ങോട്ടു നോക്കിയേ ഫോട്ടോ ഗ്യാലറി

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X