ജയറാം ഇക്കുറിയും പതിവുപോലെ
ഒരു തിരിച്ചുവരവ് മോഹിച്ചാണ് ജയറാം വര്‍ഷാരംഭത്തില്‍ നോവല്‍ എന്ന ചിത്രവുമായെത്തിയത്. ജയറാം ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തവുമാണ് ഈ ചിത്രത്തിലെ കഥാപാത്രം. പക്ഷേ അതുകൊണ്ടൊന്നും നോവലിന് പ്രേക്ഷകരെ ആകര്‍ഷിക്കാനാവുന്നില്ല.
ഒരു എഴുത്തുകാരനായാണ് ജയറാം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അവിടെ തീരുന്നു ചിത്രത്തിലെ പുതുമ. ഒരു ഹ്രസ്വചിത്രത്തിലൂടെ പറയാവുന്ന കഥയാണ് രണ്ടര മണിക്കൂര്‍ വലിച്ചു നീട്ടിയിരിക്കുന്നത്. സംവിധാന രംഗത്തു ആദ്യമായി പരീക്ഷണം നടത്തുന്ന ഈസ്റ്റ് കോസ്റ്റ് വിജയന് പ്രേക്ഷകരെ ആകര്‍ഷിക്കും വിധം ചിത്രം ഒരുക്കാനായിട്ടില്ല.
സേതുനാഥ് (ജയറാം) എന്ന എഴുത്തുകാരന്റെ കഥയാണ് വിജയന്‍ ഈസ്റ്റ് കോസ്റ്റ് ഈ ചിത്രത്തില്‍ പറയുന്നത്. തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ അയാള്‍ ഹൃദയം തുറക്കുമ്പോള്‍ അയാളുടെ ജീവിതകഥ വെളിപ്പെടുന്നു. സേതു പ്രണയിച്ച ഗായികയാണ് പ്രിയനന്ദിനി. സേതുവിന് പ്രിയ ഒരു പ്രചോദനമായിരുന്നു. പക്ഷേ നേരത്തെ വിവാഹിതയായ പ്രിയക്ക് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ലഭിക്കുന്നില്ല. അവരുടെ പ്രണയം തകര്‍ക്കാന്‍ പ്രിയയുടെ ഭര്‍ത്താവ് ഒടുവില്‍ പ്രത്യക്ഷപ്പെടുന്നു. പ്രവചനീയമായ ക്ലൈമാക്സില്‍ ചിത്രം അവസാനിക്കുന്നു.
വളരെ പതുക്കെയാണ് കഥയുടെ ഒഴുക്ക്. വേഗമാണ് സിനിമയുടെ ആത്മാവ് എന്ന് വിശ്വസിക്കുന്ന വാണിജ്യസിനിമയുടെ ഇപ്പോഴത്തെ പന്ഥാവിനോട് ചേര്‍ന്നുനില്‍ക്കുന്നില്ല നോവല്‍. അതുകൊണ്ടു തന്നെ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കാനാവാതെ തികഞ്ഞ പരാജയമായി തീരുന്നു.
ഒരു എഴുത്തുകാരനായി ജയറാം അഭിനയിക്കുന്നത് ആദ്യമായാണെങ്കിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്തുവെന്ന് ജയറാമിന് അവകാശപ്പെടാനാവില്ല. അതേ സമയം മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന സദക്ക് തന്റെ റോള്‍ പരമാവധി ഭംഗിയായി അവതരിപ്പിക്കാന്‍ സാധിച്ചു.
ഹിറ്റായ ആല്‍ബങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുള്ള ഈസ്റ്റ് കോസ്റ്റ് വിജയന്‍ രചിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഇമ്പമാര്‍ന്നതാണ്.


Click it and Unblock the Notifications











