For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിരക്കഥ - ഓണച്ചിത്രങ്ങളില്‍ ഒന്നാമത്

  By Super
  |

  ഇതാ ഒരു വ്യത്യസ്ത സിനിമയെന്ന് തന്റെ സൃഷ്ടിയെ ചൂണ്ടി എന്നും എല്ലാ സംവിധായകരും തിരക്കഥാകൃത്തുക്കളും ആര്‍ത്തുവിളിച്ചിട്ടുണ്ട്. ചെന്നു കാണുമ്പോഴറിയാം, പറയത്തക്ക വ്യത്യസ്തകളൊന്നുമില്ലെന്ന്. അടപ്പോ ആകൃതിയോ പോലും മാറ്റാത്ത കുപ്പികളില്‍ പഴയ വീഞ്ഞിന്റെ മടുപ്പിക്കുന്ന അരുചി അനുഭവിച്ച് പ്രാകിയും ശപിച്ചും തീയേറ്റര്‍ വിടേണ്ട ഗതികേടാവും കാണികള്‍ക്ക്.

  ആ പതിവ് തെറ്റിക്കുകയാണ് രഞ്ജിത്ത്. ശില്‍പ വൈദഗ്ധ്യത്തോടെ എഴുതിയൊരുക്കിയ തിരക്കഥ. കെട്ടുറപ്പാര്‍ന്ന ദൃശ്യങ്ങളിലൂടെ അത് തിരശീലയിലെത്തിച്ച സംവിധായക മിടുക്ക്. സ്വയം മറന്ന് തങ്ങളുടെ വേഷങ്ങള്‍ ഭദ്രമാക്കിയ അഭിനേതാക്കളുടെ ആരോഗ്യകരമായ മത്സരം.

  ഓണച്ചിത്രങ്ങളില്‍ എന്തുകൊണ്ടും സുന്ദരമായ ഒരു സിനിമാക്കാഴ്ചയാണ് തിരക്കഥ. മനുഷ്യബന്ധങ്ങളില്‍ നിന്ന് നഷ്ടപ്പെടുന്ന മൂല്യങ്ങളും മാനവികതയില്‍ നിന്ന് അകന്നുപോകുന്ന മനുഷ്യരെയുമാണ് ഈ ചിത്രം വരച്ചിടുന്നത്.

  അക്‍ബര്‍ അഹമ്മദ് എന്ന ചെറുപ്പക്കാരനായ സംവിധായകന്‍, വ്യത്യസ്തമായ ഒരു സിനിമയ്ക്കുളള കഥാപശ്ചാത്തലം തേടി അജയചന്ദ്രന്‍ എന്ന സൂപ്പര്‍താരത്തിന്റെയും നടി മാളവികയുടെയും ജീവിതത്തിലൂടെ നടത്തുന്ന യാത്രയാണ് തിരക്കഥ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ഈ യാത്രയിലൂടെ, ഒരു സിനിമയ്ക്കു വേണ്ടി എങ്ങനെയാണ് തിരക്കഥ രൂപപ്പെടുന്നത് എന്ന് അതിസുന്ദരമായി രഞ്ജിത്ത് പ്രേക്ഷകരെ പഠിപ്പിക്കുന്നു. കഥയ്ക്കു വേണ്ടിയുളള അലച്ചിലും തിരക്കഥാ സൃഷ്ടിയുടെ പ്രസവവേദനയും പ്രേക്ഷകരും തൊട്ടറിയുന്നുണ്ട്.

  കാസാബ്ലാങ്കയെന്നൊരു റെസ്റ്റോറന്റ് നടത്തുന്നുണ്ട് സംവിധായകന്‍ അക്‍ബര്‍ അഹമ്മദ്. വെറുമൊരു ചായക്കടയല്ല അത്. അക്‍ബറിനും അടുത്ത സുഹൃത്തുക്കള്‍ക്കും സിനിമയെക്കുറിച്ച് ആവേശത്തോടെ ആശയങ്ങള്‍ പങ്കുവെയ്ക്കാനുളള വേദിയാണ്. അക്‍ബറിന്റെ പ്രാണേശ്വരിയായ ദേവയാനിയുമുണ്ട് കാസാബ്ലാങ്കയില്‍.

  പ്രതിഭാസ്പര്‍ശമുളള സൗഹൃദത്തിന്റെ ആഴങ്ങള്‍ അതേപടി വരച്ചിട്ടിട്ടുണ്ട് രഞ്ജിത്ത് കാസബ്ലാങ്കയിലൂടെ.

  നടന്‍ അജയ ചന്ദ്രനും നടി മാളവികയുമായുളള പ്രണയത്തിന്റെ ഗതിവിഗതികള്‍ രഞ്ജിത്ത് വരച്ചിടുന്നത് അപൂര്‍വമായ കലാഭംഗിയോടെയാണ്.

  ഒരപകടത്തില്‍ കൊല്ലപ്പെട്ട എബി കുരുവിളയെന്ന സംവിധായകന്റെ കത്തുകളും ഡയറിക്കുറിപ്പുകളുമാണ് അക്‍ബറിനെ മാളവികയിലേയ്ക്ക് എത്തിക്കുന്നത്. മാളവിക, അജയചന്ദ്രന്‍ എന്നിവരുടെ ഉറ്റ സുഹൃത്തായിരുന്നു എബി. രഞ്ജിത്ത് തന്നെയാണ് എബി കുരുവിളയെ അവതരിപ്പിക്കുന്നത്. കരുത്തുറ്റ നടന്റെ മിന്നല്‍പിണരുകള്‍ രഞ്ജിത്തിലുണ്ടെന്ന് ഈ വേഷം വിളിച്ചു പറയുന്നു.

  ആകാംക്ഷാഭരിതമായി കഥ പറയാന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ. രഞ്ജിത്തെഴുതിയ ഏറ്റവും മികച്ച തിരക്കഥയാണ് ഇതെന്ന് നിസംശയം പറയാം. അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും മികച്ച ചിത്രമെന്നും.

  അക്‍ബര്‍ അഹമ്മദായി വേഷമിട്ട പ്രിഥ്വിരാജ്, അജയചന്ദ്രനായി അനൂപ് മേനോന്‍, മാളവികയായി പ്രിയാമണി, ദേവയാനിയായി സംവൃത എന്നിങ്ങനെ ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെല്ലാം നമുക്കൊപ്പം ഏറെ നേരമുണ്ടാകും, സിനിമ തീര്‍ന്നാലും.

  ഒരിടവേളയ്ക്കു ശേഷം മലയാള സിനിമാ സംഗീതത്തിലേയ്ക്ക് തിരിച്ചെത്തിയ ശരത്തിന്റെ ഗാനങ്ങള്‍ പക്ഷേ, പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. മാത്രമല്ല ചില പാട്ടുകള്‍ ആസ്വാദനത്തില്‍ കല്ലുകടിയായി അനുഭവപ്പെടുകയും ചെയ്തു.

  ഏതായാലും ഓണച്ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം തിരക്കഥ നേടും എന്നതില്‍ തെല്ലുമില്ല സംശയം.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X