twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പായും പുലി - മണിപ്രേമികള്‍ക്ക് നിരാശയില്ല

    By Staff
    |

    കലാഭവന്‍ മണിയുടെ കടുത്ത ആരാധകനാണോ നിങ്ങള്‍? ആണെങ്കില്‍ ധൈര്യമായി പായും പുലി കാണാം. മണിച്ചിത്രങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്തോ അത് ഒട്ടും കുറയാതെ ഈ ചിത്രം തരും.

    കലാഭവന്‍ മണി നായകനാകുന്ന ചിത്രങ്ങളുടെ സ്ഥിരം ചേരുവകള്‍ തന്നെയാണ് പായും പുലിയിലും. കിടിലം സംഘട്ടനങ്ങള്‍, വശ്യമനോഹരമായ മാദക നൃത്തങ്ങള്‍, സാധാരണക്കാരന്റെ ഹീറോയിസം, അല്‍പം തമാശ, ഇത്തിരി സെന്റിമെന്റ്സ്.

    ഈ ഫോര്‍മുലയുടെ ചൂടും ചൂരും ചോരാതെ തിരക്കഥയെഴുതിയിരിക്കുന്നത് ബിജു ദേവസ്യയാണ്.

    സിസി പിടിത്തക്കാരന്‍ ശരവണനാണ് നായകന്‍. ലോണെടുത്ത് മുങ്ങി നടക്കുന്നവരെ ശരവണന്‍ ഏതു മാര്‍ഗം ഉപയോഗിച്ചും കണ്ടെത്തി പണം വീണ്ടെടുക്കും. അതിനു വേണ്ട കായിക ശേഷിയും മനക്കരുത്തും അയാള്‍ക്കുണ്ട്.

    നഗരത്തില്‍ അയാള്‍ എത്തുന്നതും അത്തരമൊരു നിയോഗം ഏറ്റെടുത്തു കൊണ്ടാണ്. പൊളിഞ്ഞ നൈനാന്‍ ആന്റ് കമ്പനിയുടെ കിട്ടാക്കടം പിരിച്ചെടുക്കുക. വന്‍കച്ചവടക്കാരനായ ജോസേട്ടനാണ് കുടിശിക വരുത്തിയവരില്‍ പ്രമുഖന്‍.

    ജോസേട്ടന്റെ വണ്ടികള്‍ പിടിച്ചെടുക്കാനുളള തന്റേടം ശരവണന്‍ കാണിക്കുന്നതോടെ അയാള്‍ പ്രകോപിതനാകുന്നു.

    ഇതിനിടെ ശരവണന്‍ താമസിക്കാനെത്തുന്നത് ഗോകുലം തറവാടില്‍. അതിന്റെ ഒരു ഭാഗം വാടകയ്ക്കെടുത്ത് ശരവണന്‍ താമസം ആരംഭിക്കുന്നു.

    മല്ലികയും സഹോദരിയും അവരുടെ വൃദ്ധരായ രക്ഷിതാക്കളുമാണ് ഗോകുലം തറവാടില്‍ ഉളളത്. മല്ലികയുടെ അച്ഛന്റെ ആദ്യഭാര്യയിലെ മകനാണ് രവിശങ്കര്‍.

    മല്ലികയ്ക്ക് ശരവണന്റെ താമസം ഇഷ്ടമാകുന്നില്ല. ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നു. ശരവണനെ എങ്ങനെയും വീട്ടില്‍ നിന്നും പുറത്താക്കാനുളള പല തന്ത്രങ്ങളും അവള്‍ പയറ്റുന്നുണ്ട്.

    വഗരത്തിന്റെ കണ്ണായ സ്ഥലത്തുളള ഗോകുലം തറവാടില്‍ നിന്നും മല്ലികയെയും മറ്റുളളവരെയും ഇറക്കി വിട്ട് അവിടെ വന്‍ഹോട്ടല്‍ പണിയാനുളള തീരുമാനത്തിലാണ് രവിശങ്കര്‍. മല്ലികയെയും മറ്റും ഇറക്കി വിടാന്‍ രവി ശങ്കര്‍ നിയോഗിക്കുന്ന ഗുണ്ടകളെ ശരവണന്‍ കൈകാര്യം ചെയ്യുന്നു.

    ഇതോടെ ശരവണന്റെ ശത്രുക്കളുടെ എണ്ണം കൂടുന്നു. ഈ സംഘത്തിലേയ്ക്ക് പുതിയ സിറ്റി പൊലീസ് കമ്മിഷണര്‍ കൂടി അണി ചേരുന്നു.

    റോക്കി രാജേഷും അനല്‍ അരശും മാഫിയാ ശശിയും ചേര്‍ന്നാണ് സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്തത്. ഈ മേഖലയിലെ മൂന്നു പ്രഗത്ഭര്‍ ഒന്നിച്ചതു കൊണ്ടാവാം, സംഘട്ടന രംഗങ്ങള്‍ ചടുലവും ഗംഭീരവുമായത്.

    ശരവണന്‍ കലാഭവന്‍ മണിയുടെ കൈയില്‍ ഭദ്രമാണ്. മല്ലികയുടെ വേഷം രംഭയെ ഏല്‍പ്പിക്കുമ്പോള്‍ സംവിധായകന്‍ മനസില്‍ കണ്ടതിനപ്പുറം ഭംഗിയായിട്ടുണ്ട് ചിത്രത്തില്‍. രംഭയുടെ ഗാനരംഗങ്ങളും അവയുടെ ചിത്രീകരണവും ചില പ്രേക്ഷകരെ വീണ്ടും തീയേറ്ററിലെത്തിക്കും.

    ജോസിനെ അവതരിപ്പിക്കുന്നത് സായി കുമാറാണ്. ചെറുതെന്നോ വലുതെന്നോ നോക്കാതെ ചെയ്യുന്ന വേഷം ഗംഭീരമാക്കുന്ന പതിവ് സായികുമാര്‍ ഈ ചിത്രത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്.

    ജഗതിയും സലിം കുമാറുമാണ് നായകന്റെ സില്‍ബന്ധികള്‍. പുതുമയൊന്നും ഇല്ലെങ്കിലും ഇരുവരും നന്നായിട്ടുണ്ട്.

    ഫാമിലി സെന്റിമെന്റ്സു കൂടി കലര്‍ത്താനുളള സംവിധായകന്‍ മോഹന്‍ കുപ്ലേരിയുടെ ശ്രമം പാളിപ്പോയെന്നു പറയണം. ഗാന ചിത്രീകരണം മികച്ചു നില്‍ക്കുന്നെങ്കിലും മോഹന്‍ സിത്താരയുടെ സംഗീതം സാധാരണ നിലവാരത്തിലൊതുങ്ങുന്നു.

    എന്നാലും കലാഭവന്‍ മണിയുടെ സ്വന്തം ആരാധകരെ ഈ ചിത്രം നന്നായി തൃപ്തിപ്പെടുത്തുന്നുണ്ടെന്ന് തീയേറ്ററുകളിലെ ആരവവും കയ്യടിയും തെളിയിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X