twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നര്‍മ്മമധുരമായ വിനോദയാത്ര.

    By Staff
    |

    സത്യന്‍ അന്തിക്കാടിന് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഒരു പേരുണ്ട്. അദ്ദേഹം സിനിമയെടുക്കുന്നു എന്നു കേള്‍ക്കുന്നയുടനെ, അതൊന്നു പോയി കാണണം എന്നു തീരുമാനിക്കുന്നവര്‍ ഏറെയുണ്ട്.

    വിനോദയാത്രയും ആള്‍ക്കാര്‍ അങ്ങനെ കാണാന്‍ തീരുമാനിച്ച ചിത്രമാണ്. കാരണം ഈ ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്.

    ദിലീപും മുകേഷും ആദ്യമായി ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രചാരണം. (ലോഹിതദാസ് തിരക്കഥയെഴുതിയ തൂവല്‍ക്കൊട്ടാരം എന്ന സത്യന്‍ ചിത്രത്തില്‍ ജയറാമിന്റെ അനുജനായി ദിലീപ് അഭിനയിച്ചിരുന്നു). സംവിധായകന്‍ സ്വന്തമായി എഴുതിയ തിരക്കഥ, ഇളയരാജയുടെ സംഗീതം ഇങ്ങനെ ബഹുമതികള്‍ പലതുണ്ട് വിനോദയാത്രയ്ക്ക്.

    പേര് സൂചിപ്പിക്കും പോലെ ഒരു വിനോദ ചിത്രമാണിത്. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വയ്യാതെ, തീരെച്ചെറിയ കാരണങ്ങള്‍ പറഞ്ഞ് കിട്ടുന്ന ജോലികള്‍ ഉപേക്ഷിക്കുന്ന വിനോദ് എന്ന ചെറുപ്പക്കാരനെയാണ് സത്യന്‍ ഈ ചിത്രത്തില്‍ നായകനാക്കുന്നത്.

    വിനോദിന്റെ പെങ്ങളാണ് വിമല. വിമലയെ വിവാഹം ചെയ്തത് ജലസേചന വകുപ്പില്‍ ചീഫ് എഞ്ചിനീയറായി ജോലി നോക്കുന്ന ഷാജി രാഘവനാണ്.

    ഒരു വിധത്തിലും നന്നാവാത്ത വിനോദിനെ അവസാന കൈയായി അളിയന്റെ അടുത്ത് മര്യാദ പഠിപ്പിക്കാന്‍ അയയ്ക്കുന്നു. അളിയന്റെ പെങ്ങള്‍ രശ്മിയും ഇവര്‍ക്കൊപ്പമാണ് താമസം.

    വിനോദിന്റെ സ്വഭാവം നന്നായി അറിയാമായിരുന്ന ഷാജി പെങ്ങളെച്ചൊല്ലി ധര്‍മ്മ സങ്കടത്തിലാകുന്നു. വിനോദെങ്ങാനും രശ്മിയെ പ്രണയിച്ചു കളയുമോ എന്നാണ് അയാളുടെ പേടി.

    ഷാജിയുടെ ജീവിതം അടുത്തു നിന്നു പഠിക്കാന്‍ വിനോദ് നടത്തുന്ന ശ്രമവും ഷാജിയുടെ വിഷമങ്ങളുമൊക്കെ ചേര്‍ന്ന് അത്യാവശ്യം തമാശയുമായി ഒന്നാം പകുതി ബോറടിയില്ലാതെ മുന്നോട്ടു പോകുന്നു.

    റെയില്‍വേ സ്റേഷനില്‍ വച്ചുണ്ടാകുന്ന ഒരപകടത്തില്‍ നിന്നും സാഹസികമായി വിനോദ് അനുപമയെ രക്ഷിക്കുന്നതോടെ അയാള്‍ വീണ്ടും കുഴപ്പത്തിലാകുന്നു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന അനുപമ പഠനം ഉപേക്ഷിച്ചിരിക്കുകയാണ്. പൊലീസ് കോണ്‍സ്റബിളായിരുന്ന അവളുടെ അച്ഛന്‍ ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് അവശനിലയിലാണ്.

    കുടുംബഭാരം തലയിലേറ്റുന്നതിനായി അനുപമ പഠനം ഉപേക്ഷിക്കുന്നു. തന്റേടത്തോടെ ജീവിതത്തെ നേരിടുന്ന അനുപമ വിനോദില്‍ അത്ഭുതം വളര്‍ത്തുന്നു. അത് അനുരാഗമായി വളരുന്നു.

    സമകാലിക വിഷയങ്ങളെ ഒന്നു തഴുകിവിടാനും തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സന്ദര്‍ഭമൊരുക്കിയിട്ടുണ്ട്. ടിവി അവതാരകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമൊക്ക താങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത്രയ്ക്കങ്ങോട്ട് ഏശുന്നില്ല.

    സത്യന്റെ ചിത്രങ്ങളിലൂടെ ശ്രീനിവാസന്‍ നടത്തിയ സാമൂഹിക വിമര്‍ശനം ഓര്‍മ്മയുളളവര്‍ക്ക് ഏച്ചു കെട്ടിയ ഇത്തരം രംഗങ്ങള്‍ സഹതാപമേ ഉണ്ടാക്കൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി മുതല്‍ വ്യാജസിഡി വരെ പ്രമേയത്തിന്റെ ഭാഗമായി സൂചിപ്പിക്കപ്പെടുന്നുണ്ട്.

    എന്നാല്‍ ചിത്രം കണ്ട് തീയേറ്ററിനു വെളിയിലിറങ്ങിയാല്‍ ഇവയൊന്നും മനസില്‍ നില്‍ക്കുന്നില്ല.

    മുകേഷും ദിലീപും മാമുക്കോയയും ഇന്നസെന്റും ചേര്‍ന്നൊരുക്കുന്ന നര്‍മ്മമുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ജീവന്‍. മീരാ ജാസ്മിന്‍ അവതരിപ്പിക്കുന്ന അനുപമ, ലോഹിതദാസിന്റെ കസ്തൂരിമാനിലെ ഹാങ്ങ് ഓവറിലാണ്.

    വിനോദത്തിന്റെ നനുത്ത നിമിഷങ്ങള്‍ തരുന്നതില്‍ ചിത്രം വിജയിച്ചെന്നു പറയണം. കോമഡിയില്‍ ദിലീപിനെക്കാള്‍ കയ്യടി മുകേഷ് നേടുന്നുണ്ട്. അയത്നലളിതവും സൂക്ഷ്മവുമായ ഭാവങ്ങളോടെ കോമഡി രംഗങ്ങളില്‍ സ്കോര്‍ ചെയ്യുന്ന മുകേഷിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും ഷാജി രാഘവന്‍.

    ദിലീപിന് ഈ ചിത്രത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഇതേവരെ ചെയ്ത കോമഡി ചിത്രങ്ങളുടെ ജനുസില്‍പ്പെട്ട ഒരു വേഷം.

    ഒരു ഭേദപ്പെട്ട ചിത്രമെന്ന വിശേഷണം തന്നെയാണ് ചിത്രത്തിന് ഇണങ്ങുക. ഇളയരാജയുടെ നല്ല ഈണങ്ങളെ മഞ്ജരി പാടി നശിപ്പിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. എസ് കുമാറിന്റെ കാമറ, ദൃശ്യങ്ങളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു.

    എങ്കിലും ഒരു കാര്യം പറഞ്ഞേ തീരൂ. തിരക്കഥയെഴുത്ത് സത്യന്‍ അന്തിക്കാടിന് വഴങ്ങുന്ന പണിയല്ല. അതിന്റെ കുറവ് മാറ്റി നിര്‍ത്തിയാല്‍ ഭേദപ്പെട്ട ചിത്രമാണ് വിനോദയാത്ര.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X