twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിന് വ്യത്യസ്തമായ ഒരു ആക്ഷന്‍ ത്രില്ലര്‍

    By Staff
    |

    രാംഗോപാല്‍ വര്‍മയുടെ ചില ചിത്രങ്ങള്‍ക്കും മലയാള ചിത്രം ബ്ലാക്കിനും ഛായാഗ്രഹണം നിര്‍വഹിച്ച അമല്‍ നീരദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മമ്മൂട്ടിയുടെ ആരാധകരെ ലക്ഷ്യമിട്ട് ഇത്തവണ വിഷുവിന് തിയേറ്ററുകളിലെത്തിയത്. ഒരു കച്ചവട മസാലക്ക് വേണ്ട എല്ലാ ചേരുവകളുമായി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രം തന്നെയാണ് അമല്‍ നീരദ് ഒരുക്കിയിരിക്കുന്നത്.

    സാങ്കേതിക തികവും വ്യത്യസ്തമായ പരിചരണരീതിയുമാണ് ബിഗ് ബിയുടെ സവിശേഷതകള്‍. വ്യത്യസ്ത ശൈലിയിലുള്ള ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ ബിഗ് ബി പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. ഉത്സവകാല ചിത്രത്തിനു വേണ്ട ചേരുവകളടങ്ങിയ ബിഗ് ബിക്ക് അതുകൊണ്ടു തന്നെ വന്‍വിജയം ഉറപ്പാക്കാം.

    തീര്‍ത്തും വ്യത്യസ്തമായ രൂപഭാവങ്ങളോടെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുംബൈയില്‍ വിഐപികളുടെ ബോഡിഗാര്‍ഡായ ബിഗ് ബി എന്ന ബിഗ് ബിലാലിന്റെ വേഷം മമ്മൂട്ടി ഗംഭീരമാക്കിയിട്ടുണ്ട്.

    ഫോര്‍ട്ട് കൊച്ചിയില്‍ ഒരു അനാഥാലയം നടത്തുന്ന മേരി ടീച്ചറുടെ (നഫീസ അലി) കൊലപാതകത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മേരി ടീച്ചര്‍ സ്വന്തം മക്കളായി ദത്തെടുത്ത നാല് പേരുണ്ട്- ബിലാല്‍ (മമ്മൂട്ടി), എഡ്ഢി( മനോജ് കെ.ജയന്‍), മുരുകന്‍ (ബാല), ബിജോയ് (സുമിത് നാവല്‍).

    മേരി ടീച്ചറുടെ കൊലപാതകം നടക്കുമ്പോള്‍ ഇവര്‍ നാല് പേരും നാലിടത്ത് വ്യത്യസ്ത മേഖലകളിലായി പ്രവര്‍ത്തിക്കുകയാണ്. മേരി ടീച്ചറുടെ മരണം അവരെ വീണ്ടും ഒന്നിപ്പിക്കുന്നു.

    അസിസ്റന്റ് പൊലീസ് കമ്മിഷണര്‍ ബാലാജി ശക്തിവേലാണ് കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നത്. കൊല ചെയ്തതാരെന്നതിനെ കുറിച്ച് അദ്ദേഹത്തിന് തെളിവുകളൊന്നും ലഭിക്കുന്നില്ല. പൊലീസ് അന്വേഷണം വൃഥാവിലാവുന്നതോടെ ബിലാലും മറ്റ് മൂന്ന് സഹോദരങ്ങളും സ്വന്തം നിലയില്‍ അന്വേഷണം നടത്തുന്നു.

    വളരെ ആസൂത്രിതമായി ചെയ്ത കൊലപാതകമാണിതെന്ന് ബിലാലും കൂട്ടരും കണ്ടെത്തുന്നു. കൊച്ചിയില്‍ നിന്നും കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നതിനെ മേരി ടീച്ചര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മേയറും (രമേശ് വര്‍മ) അധോലോക നായകന്‍ ടോണിയും (ഷെര്‍വീര്‍ വക്കീല്‍) ചേര്‍ന്ന് ആസൂത്രിതമായി മേരി ടീച്ചറെ കൊല ചെയ്യുകയായിരുന്നു. അത് വ്യക്തമായതോടെ കൊലപാതകികളോടുള്ള പ്രതികാരം ആരംഭിക്കുകയാണ് ബിലാലും കൂട്ടരും.

    സംഘട്ടനങ്ങളും വെടിവയ്പുകളും കാറോട്ടങ്ങളും ദൃശ്യവത്കരിച്ചിരിക്കുന്നത് സാങ്കേതികമായ പൂര്‍ണതയോടെയാണ്. സാങ്കേതിക ഘടകത്തില്‍ ഊന്നല്‍ നല്‍കി അമല്‍ നീരദ് ഒരുക്കിയ ചിത്രമാണിത്.

    ആക്ഷന്‍ ത്രില്ലറുകളെന്നാല്‍ നായകന് തട്ടിവിടാന്‍ നീണ്ട ഡയലോഗുകള്‍ കുത്തിനിറച്ചൊരുക്കുന്ന ചിത്രങ്ങളാണെന്ന ധാരണ പുലര്‍ത്തുന്ന സംവിധായകരുടെ കൂട്ടത്തിലല്ല അമല്‍ നീരദ്. നായകനായ മമ്മൂട്ടിയുടെ വായില്‍ നെടുങ്കന്‍ ഡയലോഗുകള്‍ കുത്തിനിറയ്ക്കാന്‍ സംവിധായകന്‍ ശ്രമപ്പെട്ടിട്ടില്ല. മേരി ടീച്ചറുടെ കൊല നടത്തിയവരോടുള്ള പ്രതികാരം നിര്‍വഹിക്കുന്ന ബിലാലിനെ തീര്‍ത്തും വ്യത്യസ്തമായ ശൈലിയിലാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

    മലയാള സിനിമക്ക് ഒരു മികച്ച സംവിധായകനെ ബിഗ് ബി സമ്മാനിച്ചിരിക്കുന്നുവെന്ന് നിസംശയം പറയാം. മലയാളത്തിലെ സിനിമാശൈലിയേക്കാളേറെ ബോളിവുഡ് ത്രില്ലറുകളോടാണ് ഈ ചിത്രത്തിന് കൂടുതല്‍ അടുപ്പം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X