For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമയം വിലപ്പെട്ടതാണ് സാര്‍, പ്രേക്ഷകന്റെയും

By Staff
|

വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്നതു പോലെ കലികാലത്തിന്റെ മറ്റൊരു ഫലിതമാണ് പേനയെടുക്കുന്നവരെല്ലാം തിരക്കഥാകൃത്തുക്കളാകുന്നതും. അച്ചുവിന്റേതല്ലാത്ത അമ്മയെ അച്ചുവിന്റെ അമ്മയാക്കിയപ്പോഴുണ്ടായ അബദ്ധവിജയത്തിന്റെ ബലത്തില്‍ രാജേഷ് ജയരാമന്‍ തിരക്കഥയെഴുതിയ ടൈം എന്ന ചിത്രവും കലികാലത്തിന്റെ ഫലിതമാണ്. സമയവും കാശും പോയ പ്രേക്ഷകനില്‍ ഇച്ഛാഭംഗത്തിന്റെ നെടുവീര്‍പ്പുകള്‍ അവശേഷിപ്പിച്ച ഒരു വളഷന്‍ ചിത്രം.

ഷാജി കൈലാസിന്റെ ചിത്രങ്ങള്‍ കാണാന്‍ തീയേറ്റുകളില്‍ ഇരച്ചു കയറുന്നവര്‍ക്ക് ചില മിനിമം പ്രതീക്ഷകളുണ്ട്. നല്ലൊരു ഫ്രെയിം. ഇടിവെട്ടു പോലെ വന്നു പതിക്കുന്ന ഷോട്ടുകള്‍. കഥാഗതിയുടെ അമ്പരപ്പിക്കുന്ന വേഗത. ഷാജിയുടെ സാങ്കേതിക വൈഭവത്തിനൊപ്പിച്ച് രഞ്ജിപണിക്കരും പിന്നെ രഞ്ജിത്തും പേന ചലിപ്പിച്ചപ്പോഴൊക്കെ തിയേറ്ററുകള്‍ ഇളകി മറിഞ്ഞിട്ടുണ്ട്. പുതിയ തിരക്കഥാകാരന്മാര്‍ക്ക് ഷാജി കൈലാസിന്റെ മനസറിയാന്‍ കഴിയുന്നില്ലെന്ന് ടൈം വിളിച്ചു പറയുന്നു.

പ്രത്യേക സാമ്പത്തിക മേഖല സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെക്കുറിച്ച് പ്രേക്ഷകനെ ബോധവത്കരിക്കുക എന്ന ഭാരിച്ച ദൗത്യമാണ് ഇത്തവണ രാജേഷ് ജയരാമന്‍ ഏറ്റെടുത്തിരിക്കുന്നത്. തിരിച്ചറിവും പ്രായവുമായ ഒരു കുഞ്ഞ് അമ്മയല്ലാത്ത സ്ത്രീയെ അമ്മയായി തെറ്റിദ്ധരിച്ച് വളരുന്നതു പോലുളള സീരിയല്‍ നമ്പരുകള്‍ പോലെയല്ലല്ലോ ഇതുപോലൊരു പ്രമേയം കൈകാര്യം ചെയ്യുന്നത്.

മുന്‍ മന്ത്രി കൃഷ്ണന്‍ നമ്പ്യാര്‍ കൊല്ലപ്പെടുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. അന്വേഷണത്തിന് പുതുതായി നിയോഗിക്കപ്പെടുന്നതാകട്ടെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ എംഡി ഡോ അപ്പന്‍ മേനോന്‍ ഐപിഎസും. കമ്മീഷണര്‍ അലക്സാണ്ടര്‍ മേക്കാടനില്‍ നിന്നും അപ്പന്‍ മേനോന്‍ അന്വേഷണച്ചുമതലയേറ്റെടുക്കുന്നതിനിടെ മറ്റു രണ്ടു കൊലപാതകങ്ങള്‍ കൂടി.

വ്യാജ സിഡി റെയിഡിന്റെ പശ്ചാത്തലത്തില്‍ അച്യുതാനന്ദനും രമണ്‍ ശ്രീവാസ്തവയും തമ്മില്‍ നടന്ന ഉടക്കിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു രംഗമുണ്ട് ഇതില്‍. ഒരു ശരാശരി മിമിക്രി നിലവാരം പോലുമില്ലാതെ കൊല്ലം തുളസി അച്യുതാനന്ദനെ അനുകരിക്കുമ്പോഴുണ്ടാകുന്ന ചളിപ്പും അതിനേക്കാള്‍ നിലവാരം കുറഞ്ഞ സംഭാഷണങ്ങളും ഒരു കാര്യം വ്യക്തമാക്കുന്നു. രഞ്ജി പണിക്കരാകാന്‍ രാജേഷ് ജയരാമന്‍ ജന്മങ്ങള്‍ ഇനിയും താണ്ടണം.

വഴിക്കു പറയട്ടെ, ഷാജി കൈലാസിന്റെ ചിത്രങ്ങള്‍ സവര്‍ണ ഹൈന്ദവതയുടെ വെളിച്ചപ്പെടലാണെന്ന് നിരൂപണമെഴുതുന്ന മാധ്യമം വാരികയ്ക്കെതിരെ സംവിധായകന്‍ ആഞ്ഞടിക്കുന്നുണ്ട്. തെറിക്കുത്തരം മുറിപ്പത്തല്‍. പെട്രോഡോളര്‍ ഫണ്ടു പറ്റുന്ന ഉദ്യമം വാരികയ്ക്കെതിരെ നായകന്‍ ആഞ്ഞടിക്കുന്ന രംഗത്തിന് കയ്യടി കൂടിയേ തീരൂ. വീരസവര്‍ക്കറിനെപ്പോലുളളവരും നാടിന് വേണമെന്ന് നായകന്‍ പറയുമ്പോള്‍ ഷാജി കൈലാസ് പിന്നോട്ടില്ലെന്ന് സാരം. ഇനി മാധ്യമത്തിന്റെ ഊഴമാണ്. നമുക്ക് കാത്തിരിക്കാം.

വിചിത്ര സ്വഭാവിയാണത്രേ അപ്പന്‍ മേനോന്‍. കൃത്യനിഷ്ഠയെക്കുറിച്ച് സഹപ്രവര്‍ത്തകരോട് ഗിരിപ്രഭാഷണം നടത്തി ഓഫീസിലേയ്ക്ക് പ്രവേശിക്കുന്നതു മുതല്‍ സര്‍ക്കാര്‍ ഫോണില്‍ ഭാര്യയോട് മണിക്കൂറുകള്‍ സൊളളുന്നതും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഓഫീസില്‍ ഉച്ചയുറക്കം നിര്‍ബന്ധിതമാക്കുന്നതും കാണിച്ച് കഥാപാത്രത്തിന്റെ വിചിത്ര സ്വഭാവ ചിത്രീകരണം നടത്തുന്നത് ഓ‍ക്കാനത്തോടെയേ കണ്ടു തീര്‍ക്കാനാവൂ.

തമിഴ് നാട്ടിലെ ശിവഗംഗയാണ് പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കപ്പെടുന്ന ഗ്രാമം. പ്രത്യേക സാമ്പത്തിക മേഖല വന്നാല്‍ പിന്നെ രാഷ്ട്രീയമുതലാളിമാരും പൊലീസും ചേര്‍ന്ന് സാധാരണക്കാരെ വെടിവെച്ചു കൊല്ലാതെ നിവൃത്തിയില്ല. ഇവിടെ പക്ഷേ പൊലീസല്ല, രാഷ്ട്രീയ ഗുണ്ടകളാണ് 16 പേരെ വെട്ടിക്കൊല്ലുന്നത്.

അപ്പന്‍ മേനോന്‍ ഐപിഎസ് കേസ് അന്വേഷിക്കുമ്പോള്‍ പ്രതികളെ പിടിച്ചേ തീരു. ഒന്നൊഴിയാതെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ എല്ലാവരെയും മേനോന്‍ അറസ്റ്റു ചെയ്യുന്നു.

ഇവിടെയാണ് തിരക്കഥാകൃത്ത് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. മൂന്ന് വയസു കഴിഞ്ഞ പെണ്‍കുഞ്ഞ് നെയ്ത്തുശാലയില്‍ കാണുന്ന സ്ത്രീയെ അമ്മയായി തെറ്റിദ്ധരിച്ച് വളര്‍ന്നു എന്ന് നമ്മോടു പറഞ്ഞ അതേ തിരക്കഥാകൃത്ത്, അതേ മാനസികാവസ്ഥയില്‍ മറ്റൊരു രംഗം എഴുതിച്ചേര്‍ക്കുന്നു.

അതിങ്ങനെ. തമിഴ് നാട്ടിലെ അക്രമങ്ങള്‍ക്ക് അറസ്റ്റിലായ അവിടുത്തെ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാന്‍ ഭീഷണി ശിപാര്‍ശയുമായി എത്തുന്നത് കേരളത്തിലെ മന്ത്രിയും നേതാക്കളും. മുല്ലപ്പെരിയാറിന്റെ പേരില്‍ പരസ്പരം ശത്രുക്കളാണെങ്കിലും പ്രത്യേക സാമ്പത്തിക മേഖല വരുമ്പോള്‍ എല്ലാവരും ഒന്നാണെന്ന ന്യായം കീരിക്കാടന്‍ ജോസിന്റെ വായില്‍ കയറിയിരുന്ന് രാജേഷ് ജയരാമന്‍ പറയുന്നു.

പ്രസ്തുത ഭീഷണിയ്ക്കു ശേഷം കുറേ തമിഴ് നാട് ഗുണ്ടകള്‍ അപ്പന്‍ മേനോന്റെ വീട് ആക്രമിക്കുന്നു. അപ്പന്‍ മേനോനെ കെട്ടിയിട്ട് അടിക്കുന്നു. ഗര്‍ഭിണിയായ ഭാര്യ വൈഗയെ കൊല്ലുന്നു. ഗര്‍ഭിണിയായ ഭാര്യയെ കണ്‍മുന്നിലിട്ട് വെട്ടിക്കൊന്നാല്‍ ഹരിശ്രീ അശോകനായാലും പകരം ചോദിച്ചു പോകും. പിന്നെയാണോ സുരേഷ് ഗോപി.

ആ പ്രതികാരങ്ങളാണ് കേരളത്തില്‍ നടക്കുന്ന കൊലപാതക പരമ്പരകള്‍. കൊലയാളിയെ കൊല്ലുന്നത് പാപമല്ല എന്ന ന്യായത്തില്‍ അന്വേഷണച്ചുമതലയുളള പൊലീസ് ഉദ്യോഗസ്ഥന്‍ ശത്രുക്കളെ മുഴുവന്‍ കൊന്നു തളളുന്നു. അവസാനം കൊടും വില്ലനെ കൊന്ന് പ്രത്യേക സാമ്പത്തിക മേഖലയെന്നെഴുതി വേലികെട്ടിത്തിരിച്ചിരിക്കുന്ന കടല്‍ത്തീരം കുറേ പിളേളര്‍ ചേര്‍ന്ന് മോചിപ്പിക്കുന്നതോടെ നായകന്റെ സാമൂഹിക ദൗത്യം തീര്‍ന്നതായി തിരക്കഥാകൃത്ത് പ്രഖ്യാപിക്കുന്നു.

ചുരുക്കം പറഞ്ഞാല്‍ ഭാര്യയുടെ കൊലപാതകികളെ ഐപിഎസ് ഭര്‍ത്താവ് പകരത്തിനു പകരം കാച്ചുന്ന ചിത്രമാണ് ടൈം. ഇതേ പ്രമേയം സ്മാര്‍ട്ട് സിറ്റിയുടെ പേരിലും ചിത്രമാക്കാം. ഭാര്യയ്ക്കു പകരം അനിയത്തിയായാല്‍ മതി. മൂന്നാറിലെ കയ്യേറ്റങ്ങളുടെ പശ്ചാത്തലത്തിലും ഈ പ്രമേയം കൈകാര്യം ചെയ്യാം. അനിയത്തിയ്ക്കു പകരം അമ്മയെ കൊന്നവരോട് പകരം ചോദിക്കാം. കായല്‍ കയ്യേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ജീവനു തുല്യം സ്നേഹിക്കുന്ന അമ്മൂമ്മയുടെ ഘാതകരെ കൊന്നൊടുക്കാം. ആനുകാലിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരക്കഥാകൃത്തെന്ന പേരു നേടാന്‍ വഴികള്‍ പലതുണ്ട് മലയാളത്തില്‍.

കുറ്റാന്വേഷണ ചിത്രങ്ങളില്‍ അവശ്യം വേണ്ട ഒരു ഘടകമാണ് സാമാന്യബുദ്ധിയ്ക്കു നിരക്കുന്ന സംഭവ പരമ്പരകള്‍. പ്രേക്ഷകന്റെ ബുദ്ധിയുമായി ഏറ്റുമുട്ടുമ്പോഴും അവനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന അത്തരം രംഗങ്ങളാണ് ഈ ചിത്രങ്ങളുടെ വിജയം നിശ്ചയിക്കുന്നത്. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പഴയ എസ്.എന്‍ സ്വാമി ചിത്രമെങ്കിലും നേരെ ചൊവ്വേ കണ്ടിരുന്നെങ്കില്‍ രാജേഷ് ജയരാമന്‍ ഈ സാഹസത്തിന് ഒരുങ്ങില്ലായിരുന്നു.

കൊല്ലപ്പെട്ട ഭാര്യയോട് അപ്പന്‍ മേനോന്‍ കാണിക്കുന്ന സാങ്കല്പിക പ്രണയത്തില്‍ കമ്പം കയറിയ സൂസന്‍ മേരി തോമസ് അയാളുടെ പേഴ്സണല്‍ ഡയറി സ്വന്തമാക്കുന്നു. സ്വന്തം ഭൂതകാലം മുഴുവന്‍ ഡയറിയിലെഴുതിയിടുന്നവനാണ് അപ്പന്‍ മേനോന്‍. ഡയറിയിലൂടെ സൂസന്‍ ഒരു മനശാസ്ത്രജ്ഞന്റെ വീട്ടിലെത്തുന്നു. വന്നുകയറിയ ഉടനെ അപരിചിതയായ സൂസനോട് ഡോക്ടര്‍ പറയുന്നു, സര്‍വ കൊലപാതകങ്ങളും നടത്തിയത് അപ്പന്‍ മേനോനാണെന്ന്.

ഇതൊക്കെ വിശ്വസിക്കാന്‍ എല്ലാവരും വെറും സുരേഷ് ഗോപിമാരാണെന്നാണ് രാജേഷ് ജയരാമന്‍ കരുതുന്നത്. അങ്ങനെയല്ലെന്ന് ഈ ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്താതിരിക്കില്ല.

കിട്ടിയ വാര്‍ത്ത സൂസന്‍ പൊലീസിനെ അറിയിക്കുന്നു. പൊലീസ് അപ്പന്റെ പിറകെ. അപ്പന്‍ അവശേഷിക്കുന്ന രണ്ടു കൊലയാളികളുടെ പുറകെ. അപ്പന്‍ മേനോനില്ലാത്ത കേരള പൊലീസ് വെറും വട്ടപ്പൂജ്യം. അതുകൊണ്ട് എതിരാളികളെ കൊല്ലുന്നതു വരെ അപ്പന്‍ മേനോനെ പിടിക്കാന്‍ പൊലീസിന് കഴിയുന്നില്ല.

പ്രത്യേക സാമ്പത്തിക മേഖലയുടെ ഉസ്താദും വന്‍കിട മുതലാളിയുമായ കോശി എബ്രഹാം കോശിയെ അയാളുടെ അപ്പന്റെ ചാവുദിനത്തില്‍ കടല്‍ക്കരയിലിട്ട് അപ്പന്‍ മേനോന്‍ കൊല്ലുന്നതോടെ ചിത്രം പൂര്‍ത്തിയാകുന്നു. അപ്പന്‍ മേനോനില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് അതുവരെ ഗാന്ധി മാര്‍ഗത്തില്‍ ചലിച്ചിരുന്ന സൂസന്‍ മേരി തോമസും സംഘവും കൊലപാതകങ്ങളിലേയ്ക്ക് തിരിയുന്നതോടെ ചിത്രം തീരുന്നു.

ഭാര്യ കൊല്ലപ്പെട്ടതിലുളള വേദന വളര്‍ന്ന് പകയും പ്രതികാരവും രോഷവും ക്രൂരമായ കൊലപാതകവാഞ്ചയുമായി നടക്കുന്ന അപ്പന്‍ മേനോനെ ക്ലീന്‍ ഷേവിലും വിലയേറിയ കൂളിംഗ് ഗ്ലാസിലും പ്രതിഷ്ഠിച്ച് ഷാജി കൈലാസ് കഥാപാത്രത്തിനെ അടിപൊളിയാക്കിയിട്ടുണ്ട്. (ഭാര്യ മരിച്ചെന്നു കരുതി ഭര്‍ത്താവിന് കൂളിംഗ് ഗ്ലാസ് ഉപേക്ഷിക്കാനാവുമോ? ഷേവ് ചെയ്യാതിരിക്കാനാകുമോ? എന്താ ഹേ ഈ പറയുന്നത്?).

ചുരുക്കം രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മനോജ് കെ ജയനും സായി കുമാറുമാണ് കയ്യടി നേടുന്നത്. മനോജ് കെ ജയന്റെ പ്രകടനം അസാധാരണം എന്നു വിശേഷിപ്പിക്കാം.

കൊലപാതകം, സംഘട്ടനം, ഉശിരന്‍ വാചകങ്ങള്‍, മലവെളളപ്പാച്ചില്‍ പോലെ ഒഴുകിയിറങ്ങുന്ന രംഗങ്ങള്‍, സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ എന്നിവയിലൊക്കെയാണ് ഷാജി കൈലാസ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. അങ്ങനെയല്ലാത്ത രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അദ്ദേഹത്തിലെ സംവിധായകന്‍ പതറുന്നുണ്ടെന്ന് ടൈം സാക്ഷ്യപ്പെടുത്തുന്നു.

വല്ലാതെ ബോറടിപ്പിക്കുന്നവയാണ് ടൈമിലെ പല രംഗങ്ങളും. അതാകട്ടെ ഷാജി കൈലാസ് എന്ന സംവിധായകനെക്കുറിച്ചുളള പ്രതീക്ഷകളില്‍ കരിപുരട്ടുന്നവയും. ഇനിയിങ്ങനെയൊരു ചിത്രം ഷാജിയെടുക്കാതിരിക്കട്ടെ. പി ജി വിശ്വംഭരന്റെ ഈ ശബ്ദം ഇന്നത്തെ ശബ്ദം, ജി എസ് വിജയന്റെ കവര്‍സ്റ്റോറി എന്നീ ചിത്രങ്ങള്‍ തീയേറ്ററിലിരുന്ന് പ്രേക്ഷകന്‍ ഓര്‍ത്തു പോകുന്നുണ്ട്. തിരക്കഥാകൃത്ത് ക്ഷമിക്കുമല്ലോ?

എല്ലാവര്‍ക്കും സമയം വിലപ്പെട്ടതാണ്. പ്രേക്ഷകനും. ഇത്തരം ചിത്രങ്ങള്‍ കണ്ട് നഷ്ടപ്പെടുത്താനുളളതല്ല അവന്റെ ടൈം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more