For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരാശരിയിലൊരു ഗോള്‍

  By Staff
  |

  നമ്മള്‍, നിറം, സ്വപ്നക്കൂട് തുടങ്ങിയ ചിത്രങ്ങളില്‍ യുവത്വത്തിന്റെ കഥ പറയുന്ന സംവിധായകനായിരുന്നു കമല്‍. ഒരിക്കല്‍കൂടി പ്രണയവും സംഗീതവും ഉത്സവാന്തരീക്ഷവുമായി കമല്‍ അത്തരമൊരു ചിത്രമൊരുക്കിയിരിക്കുകയാണ്.

  ഇത്തവണ ഊട്ടിയിലെ ഒരു ബോര്‍ഡിംഗ് സ്കൂളിന്റെ പശ്ചാത്തലത്തിലാണ് കമല്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു കൗമാരപ്രായക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ പുതുമക്കായി പശ്ചാത്തലങ്ങളിലെ മാറ്റവും അതിവേഗത്തിലുള്ള സംഗീതവും ഉപയോഗപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ കഥയിലോ കഥ പറയുന്ന രീതിയിലോ വലിയ പുതുമയൊന്നും ഈ ചിത്രത്തില്‍ പ്രേക്ഷകന് കണ്ടെത്താനാവുന്നില്ല.

  അതിസമ്പന്നര്‍ മാത്രം പಠിക്കുന്ന ഗുഡ് ഷെപ്പേഡ് സ്കൂളിലെ കാന്റീനില്‍ സഹായിയായും സ്കൂള്‍ സ്റ്റേഡിയത്തില്‍ ഗ്രൗണ്ട് ബോയ് ആയും ജോലി നോക്കുന്ന പയ്യനാണ് സാം (രഞ്ജിത്ത് മേനോന്‍). സാമിന്റെ അച്ഛന്‍ ഐസക് (മുകേഷ്) പഴയ ഒരു ഫുട്ബോള്‍ താരമായിരുന്നു. ജീവിതത്തിലെ ചില ദുരന്തങ്ങള്‍ നിമിത്തം മാനസികനില തെറ്റിപ്പോയ അയാളെ കുറെ വര്‍ഷങ്ങളായി കാണാനില്ല. ഐസകിന്റെ സുഹൃത്ത് ജോണ്‍ (കുഞ്ചന്‍) ആണ് അവനെ വളര്‍ത്തിയത്. അവനോടൊപ്പം കുട്ടിക്കാലം മുതല്‍ കളിച്ചുവളര്‍ന്ന മരിയ (മുക്ത) ഇപ്പോള്‍ ആ സ്കൂളിലെ കാന്റീനില്‍ ജോലിക്കാരിയാണ്.

  സ്കൂളിലെ ഫുട്ബോള്‍ ടീം കോച്ചാണ്‌ വിജയ്‌ (റഹ്മാന്‍). .സ്കൂള്‍ ടീമിന്‍റെ പ്രധാനകളിക്കാരന്‍ ഫെലിക്സ്‌ ജോസഫിനെ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ സ്കൂളില്‍ നിന്ന് പുറത്താക്കി. ഫുട്ബോള്‍ മത്സരങ്ങളില്‍ ഗുഡ് ഷെപ്പേഡ് സ്കൂളിന്റെ പ്രധാന എതിരാളിയായ സെന്റ് സേവിയേഴ്സ് സ്കൂളില്‍ ഫെലിക്സ് ചേര്‍ന്നു. സെന്റ് സേവിയേഴ്സ് ടീമിനോട് കളിക്കുമ്പോഴൊക്കെ വിജയം വരിക്കാന്‍ കഴിയാത്ത ഗുഡ് ഷെപ്പേഡ് ടീമില്‍ അതോടെ നല്ലൊരു കളിക്കാരനില്ലാതായി.

  ഇതിനിടെ സാമിന്റെ ഫുട്ബോള്‍ കളിക്കാനുള്ള മികവ് മനസിലാക്കിയ വിജയ് അവന് സ്കൂളില്‍ പ്രവേശനം നല്‍കാനും അതുവഴി ഫുട്ബോള്‍ ടീമില്‍ അംഗമാക്കാനും മാനേജ് മെന്റിനോട് ആവശ്യപ്പെട്ടു. മാനേജ് മെന്റ് ഈ ആവശ്യം അംഗീകരിച്ചതോടെ സാം സ്കൂള്‍ ടീമിന്റെ ഭാഗമായി. എന്നാല്‍ ടീമിലെ മറ്റു കുട്ടികള്‍ അവനോട് സഹകരിച്ചില്ല. അവര്‍ക്ക് എങ്ങനെയും സാമിനെ ടീമില്‍ നിന്നും പുറത്താക്കണമെന്ന ലക്ഷ്യമാണുണ്ടായിരുന്നത്. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ടുപോയ സാം ഒടുവില്‍ ഒരു ഫുട്ബോള്‍ പ്രതിഭയായി അംഗീകരിക്കപ്പെടുന്നു.

  ഫുട്ബോളും സംഗീതവും പ്രണയവുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഗോള്‍ പക്ഷേ ശരാശരിക്കപ്പുറം പോകുന്നതാക്കി മാറ്റാന്‍ കമലിനായിട്ടില്ല. സിനിമയുടെ അന്തരീക്ഷം പലപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ ദൂരെയാണ്. കലവൂര്‍ രവികുമാറിന്റെ തിരക്കഥ കഥാഗതിയുടെ ഒഴുക്ക് നിലനിര്‍ത്തുന്നതില്‍ ചിലപ്പോഴൊക്കെ പരാജയപ്പെടുന്നുമുണ്ട്.

  അതിസമ്പന്‍മാര്‍ മാത്രം പಠിക്കുന്ന ഊട്ടിയിലെ ഗുഡ്‌ ഷെപ്പേഡ്‌ ഇന്‍റര്‍നാഷണല്‍ സ്കൂളിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്നതിനാലാവും ആഡംബരത്തിന്റെയും ഉത്സവത്തിന്റെയും അന്തരീക്ഷമാണ് കമല്‍ ഒരുക്കിയിരിക്കുന്നത്. പ്രത്യേകിച്ച് ഗാനങ്ങളുടെ കാര്യത്തില്‍. മിനുട്ടുകള്‍ക്കുള്ളില്‍ മിന്നിമായുന്ന ഷോട്ടുകളും ഫാസ്റ്റ് നമ്പരുകളുമായാണ് ഗാനരംഗങ്ങള്‍ ഒരരുക്കിയിരിക്കുന്നത്. പക്ഷേ മനസിലെവിടെയുമൊന്ന് തൊടുക പോലും ചെയ്യാത്ത ഗാനങ്ങളാണ് സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഒരുക്കിയരിക്കുന്നത്. പി.സുകുമാറിന്റെ ക്യാമറ വര്‍ണാഭമായ ഷോട്ടുകള്‍ നിറഞ്ഞൊരു ചിത്രമൊരുക്കാന്‍ കമലിനെ ഏറെ സഹായിക്കുന്നുണ്ട്.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X