twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകന് സഹതപിക്കാന്‍ ഒരു ചിത്രം

    By Staff
    |

    കണ്ണിനും കണ്ണാടിക്കും, കുടമാറ്റം തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനെന്ന നിലയില്‍ തന്റെ സാന്നിദ്ധ്യം ഇപ്പോഴും മലയാളത്തിലുണ്ടെന്ന് അറിയിക്കാന്‍ പാടുപെടുന്ന സംവിധായകനാണ് സുന്ദര്‍ദാസ്. സല്ലാപത്തിനു ശേഷം അതുപോലൊരു മികച്ച ചിത്രം ചെയ്യാന്‍ കഴിയാതെ പോയ സുന്ദര്‍ദാസ് പ്രേക്ഷകരുടെ സഹതാപം മാത്രം അര്‍ഹിക്കും വിധം നടത്തിയിരിക്കുന്ന മറ്റൊരു സാഹസമാണ് ആകാശം.

    ഹരിശ്രീ അശോകന്‍ താടിയില്ലാതെ ആദ്യമായി അഭിനയിക്കുന്നുവെന്നതാണ് ആകാശത്തെ വാര്‍ത്തകളിലെത്തിച്ചത്. അവിടം കൊണ്ടുതീരുന്നു ആകാശത്തിലെ കൗതുകമെന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് ബോധ്യമാവുന്നു. സങ്കീര്‍ണമായ പ്രമേയങ്ങള്‍ എങ്ങനെയവതരിപ്പിക്കണമെന്ന അന്വേഷണമോ പ്രേക്ഷകരെ കുറിച്ചുള്ള വിചാരമോയില്ലാതെ സംവിധായകന്‍ സുന്ദര്‍ദാസും തിരക്കഥാകൃത്ത് ടി.എ.റസാഖും ചേര്‍ന്ന് പടച്ചുവിട്ട ചിത്രമാണ് ആകാശം.

    എന്തിനാണ് ധനശേഷിയും മനുഷ്യശേഷിയും പാഴാക്കി ഇത്തരം ചിത്രങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ചില ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നും. ആകാശവും അക്കുട്ടത്തില്‍ പെടുന്നുവെന്ന് പറയുമ്പോള്‍ സംവിധായകനും തിരക്കഥാകൃത്തും പരിഭവിച്ചിട്ട് കാര്യമില്ല. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പോന്ന വിനോദഘടകങ്ങളില്ലാത്തതും കലാമൂല്യങ്ങളുടെ പേരില്‍ മികച്ചതെന്ന് പറയാനാവാത്തതുമായ ഇത്തരം ചിത്രങ്ങള്‍ ഏതു തരം പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്?

    മനോഹരന്‍ (ഹരിശ്രീ അശോകന്‍) എന്ന മെക്കാനിക്കിന്റെ കഥയാണ് ആകാശം പറയുന്നത്. ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന മനോഹരന്റെ സ്വപ്നം സ്വന്തമായി ഒരു വീട് വയ്ക്കുകയെന്നതാണ്. ഇതിനായി ചാവക്കാട്ടെ ഒരു കോയയില്‍ നിന്നും പണം പലിശക്കു വാങ്ങി മടങ്ങുന്നതിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി തൊഴുന്നു. പിറ്റേ ദിവസം പത്രങ്ങളില്‍ വന്ന പ്രധാന തലക്കെട്ട് ഗുരുവായൂരില്‍ ബോംബ് സ്ഫോടനം എന്നതായിരുന്നു. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും പത്രങ്ങളില്‍ കൊടുത്തിരുന്നു. രേഖാചിത്രത്തിന് മനോഹരനുമായി ഏറെ സാമ്യമുണ്ട്! ഇതോടെ അയാളെ കടുത്ത ഭയം പിടികൂടുന്നു.

    കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ മനോഹരന്‍ ചെയ്തുകൂട്ടുന്നതൊക്കെ ദുരൂഹമായ കാര്യങ്ങളാണെന്ന് സുഹൃത്തുക്കള്‍ക്ക് തോന്നി. ഇതിനിടെ മനോഹരന്റെ മാനസിക നില തന്നെ തകരുകയായിരുന്നു. പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അയാള്‍ ഒളിച്ചോടുന്നു. നാട്ടുകാരില്‍ നിന്നും പൊലീസില്‍ നിന്നും ഓടിയൊളിക്കാനുള്ള ശ്രമത്തില്‍ അയാളെത്തിപ്പെടുന്നത് തന്റെ അമ്മായിയുടെ അടുക്കലാണ്. മാനസികനില തകര്‍ന്ന മനോഹരന്‍ ഒടുവില്‍ ജീവിതത്തില്‍ നിന്നു തന്നെ ഓടിയൊളിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.

    പത്രത്തില്‍ കണ്ട രേഖാചിത്രത്തിന് തന്റെ മുഖവുമായി സാമ്യമുണ്ടെന്നതിന്റെ പേരില്‍ മാത്രം മനോഹരന്‍ മാനസിക വിഭ്രാന്തിയിലേക്കെത്തിപ്പെടുന്നത് വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. മനോഹരനെ മാനസിക രോഗിയാക്കിയേ തീരൂവെന്നൊരു വാശിയോടെ തിരക്കഥാകൃത്ത് രംഗങ്ങള്‍ കൃത്രിമമായി ചേര്‍ത്തുവച്ചിരിക്കുകയാണെന്ന തോന്നലാണ് പ്രേക്ഷകരിലുണ്ടാകുന്നത്.

    ഇരുട്ടിന്റെ ആത്മാവ്, തനിയാവര്‍ത്തനം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളില്‍ മാനസിക വിഭ്രമങ്ങളുടെ ലോകം പ്രേക്ഷകരുടെ മനസില്‍ തൊടുവിധം ആവിഷ്കരിച്ചിട്ടുണ്ട്. ആ ചിത്രങ്ങളുടെ നിലവാരത്തിന് അടുത്തെങ്ങുമെത്താന്‍ ആകാശത്തിനായിട്ടില്ല. കഥ പറയുന്നതിലുപരി ചില ആശയങ്ങള്‍ പ്രേക്ഷകരുടെ തലമണ്ടയിലടിച്ചു കയറ്റണമെന്ന വാശിയോടെ സംഭാഷണങ്ങള്‍ എഴുതിപ്പിടിപ്പിച്ച തിരക്കഥാകൃത്തിന് പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരു രംഗം പോലും ഒരുക്കാനായിട്ടില്ല.

    അതിഭാവുകത്വത്തോടെ കഥ പറയുക എന്നതാണ് ടി.എ റസാഖിന്റെ രീതി. ബസ് കണ്ടക്ടര്‍, വേഷം, രാപ്പകല്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ അത് കണ്ടതാണ്. ആ രീതി ആകാശത്തിലെത്തുമ്പോള്‍ പ്രേക്ഷകനെ അങ്ങേയറ്റം ചെടിപ്പിക്കും വിധം തിരക്കഥാകൃത്തിന്റെ തൂലിക കൊണ്ടുള്ള മേയലായി മാറുകയാണ്. തനിക്ക് പ്രസംഗിക്കാനുള്ളതൊക്കെ സിനിമയില്‍ കൂടി പറയാമെന്ന തോന്നല്‍ തിരക്കഥാകൃത്തിനുണ്ടാവുമ്പോള്‍ ആകാശം പോലുള്ള സിനിമകള്‍ ജനിക്കും.

    ആദ്യമായി ഗൗരവമുള്ള വേഷത്തിലേക്ക് കൂടുമാറിയ ഹരിശ്രീ അശോകന്‍ തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ജ്യോതിര്‍മയി, കെ.പി.എ.സി ലളിത തുടങ്ങിയ അഭിനേതാക്കള്‍ക്കൊക്കെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ശക്തിയില്ലാത്ത വേഷങ്ങളാണ് കിട്ടിയിരിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X