നന്മ നിറഞ്ഞ ചിത്രം

By Staff

തമാശ വേഷങ്ങളില്‍ നിന്ന് ആക്ഷന്‍ ഹീറോയിലേക്ക് വളര്‍ന്ന നടനാണ് കലാഭവന്‍ മണി. മണിയുടെ ഇമേജില്‍ വന്ന ഈയൊരു മാറ്റം സമാനതകളില്ലാത്തതാണ്. ആക്ഷന്‍ ഹീറോയായി വിലസുമ്പോഴും ജീവിതഗന്ധമുള്ള കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും മണിക്ക് കഴിയുന്നു.

മലയാളി മാമന് വണക്കം എന്ന ചിത്രത്തിലെ പെരുമാള്‍ എന്ന കഥാപാത്രം ഒരു നടനെന്ന നിലയില്‍ മണിയുടെ റേയ്ഞ്ചിന്റെ ഒന്നാന്തരം ഉദാഹരണമായിരുന്നു. ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്ത നന്മയില്‍ ഒരു ഇടവേളക്കു ശേഷം അഭിനയസാധ്യതയുള്ള അത്തരമൊരു കഥാപാത്രമാണ് മണിക്ക് ലഭിച്ചിരിക്കുന്നത്. മൂന്ന് മക്കളുടെ അച്ഛനായ മുത്തു ചെട്ടിയാര്‍ എന്ന വൃദ്ധനായി മണി ജീവിക്കുകയാണ് ഈ ചിത്രത്തില്‍.

ഏത് ചെളിക്കുണ്ടില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തേക്കെടുക്കാന്‍ മുങ്ങിത്തപ്പുന്നയാളാണ് ചെട്ടിയാര്‍. അയാളുടെ മനസിലെ നന്മയുടെ പ്രതിഫലനമെന്ന നിലയിലാണ് ഫയര്‍ ഫോഴ്സ് പോലും ഇറങ്ങാന്‍ മടിക്കുന്ന ചെളിക്കുണ്ടുകളിലും ആഴമേറിയ കുളങ്ങളിലും മുങ്ങിത്തപ്പി മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ചെട്ടിയാര്‍ ഒരുമ്പെടുന്നത്. ഈ കഥാപാത്രത്തെ മണി തനിക്ക് കഴിയാവുന്നിടത്തോളെ അനായാസമായും സ്വാഭാവികമായും അവതരിപ്പിച്ചിട്ടുണ്ട്. മൊട്ടത്തലയും കൊമ്പന്‍ മീശയുമായി പ്രത്യക്ഷപ്പെടുന്ന മുത്തു ചെട്ടിയാര്‍ മണിയുടെ അഭിനയജീവിതത്തില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.

മുത്തുചെട്ടിയാര്‍ ഇത്തരമൊരു ജോലി ചെയ്യുന്നത് മകന്‍ നകുലന് (റഹ് മാന്‍) ഇഷ്ടമല്ല. സിനിമ തുടങ്ങുന്നത് നകുലന്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിക്കായി ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക്കുകയും അച്ഛന്‍ ഇത്തരമൊരു ജോലി ചെയ്യുന്നയാളാണെന്ന പേരില്‍ ജോലി നിഷേധിക്കപ്പെടുകയും ചെയ്യുന്ന രംഗത്തോടെയാണ്. ജോലി നിഷേധിക്കപ്പെട്ടത് നകുലനില്‍ വല്ലാത്ത നിരാശയുണ്ടാക്കി. ഒരു കൊട്ടേഷന്‍ സംഘത്തില്‍ ചേര്‍ന്ന നകുലന്‍ പണം പലിശക്കു കൊടുക്കുന്ന ഒരു പ്രമാണിയുടെ പ്രധാന ഗുണ്ടയായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല.

അച്ഛന്റെ ജോലിയെ വെറുക്കുന്ന നകുലന്‍ ആ ജോലി നിര്‍ത്താന്‍ പലവട്ടം ചെട്ടിയാരോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. മകന്‍ ഗുണ്ടാപ്പണി നിര്‍ത്തണമെന്നും നല്ലവനായി കഴിയണമെന്നുമാണ് ചെട്ടിയാരുടെ ആഗ്രഹമെങ്കിലും നകുലന്‍ തന്റെ കൊട്ടേഷന്‍ ജോലി തുടര്‍ന്നു. വീട്ടില്‍ വച്ച് അവര്‍ തമ്മില്‍ വഴക്കുകൂടുന്നത് പതിവായി. നകുലന്‍ ഗുണ്ടയാണെന്നതിന്റെ പേരില്‍ ഇളയ സഹോദരിയുടെ വിവാഹം മുടങ്ങി.

നകുലന്‍ ജോലി ചെയ്യുന്ന പണമിടപാട് സ്ഥാപനത്തിന്റെ ഉടമയായ തമിഴനായ പരമശിവം ആ നാട്ടിലെത്തുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. തന്റെ ജീവിതത്തിലെ ദുരന്തങ്ങള്‍ക്ക് കാരണക്കാരനായ പഴയ ശത്രുവാണ് പരമശിവമെന്ന് ചെട്ടിയാര്‍ തിരിച്ചറിയുന്നതോടെ അയാളില്‍ പ്രതികാരദാഹമുണര്‍ന്നു. മകനെ ഗുണ്ടാപ്പണിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീരുമാനിച്ച ചെട്ടിയാര്‍ വര്‍ഷങ്ങളായി മനസില്‍ നീറിനിന്ന പ്രതികാരം തീര്‍ക്കുന്നു.

അച്ഛനും മകനും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന നന്മക്ക് മികച്ച തിരക്കഥയൊരുക്കാന്‍ സംവിധായകന്‍ കൂടിയായ ശരത്ചന്ദ്രന്‍ വയനാടിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ചെട്ടിയാര്‍ എന്ന കഥാപാത്രത്തിന്റെ ആഴങ്ങളിലേക്ക് പോകാന്‍ തിരക്കഥാകൃത്ത് ശ്രമിച്ചിട്ടില്ല. അതിവൈകാരികതയും മെലോഡ്രാമയും കുത്തിനിറയ്ക്കാന്‍ പലപ്പോഴും തിരക്കഥാകൃത്ത് പ്രത്യേക താത്പര്യം കാട്ടുന്നുമുണ്ട്.

പലയിടത്തും സിനിമയുടെ വേഗം വല്ലാതെ കുറയുന്നതായി പ്രേക്ഷകന് തോന്നുന്നുണ്ട്. അതേ സമയം രണ്ടാം പകുതിയില്‍ സംവിധായകന്‍ കഥ പറയാനുള്ള കഴിവ് പ്രകടിപ്പിക്കുന്നുണ്ട്. സിനിമയുടെ തുടക്കത്തില്‍ ഐറ്റം നമ്പര്‍ പോലുള്ള രംഗങ്ങള്‍ സിനിമയുടെ മൊത്തം മൂഡിന് ചേരുന്നതല്ല.

ചെട്ടിയാരായി മികച്ച അഭി നയം കാഴ്ച വച്ച മണിയോടൊപ്പം നകുലനായി റഹ്മാനും തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. സാമ്പത്തിക വിജയമായില്ലെങ്കിലും സംവിധായകനെന്ന നിലയില്‍ ഒരിക്കല്‍ക്കൂടി മികവ് കാണിക്കാന്‍ ശരത്ചന്ദ്രന്‍ വയനാടിന് കഴിഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X